Image

മുറിവേറ്റ മനസ് (കവിത- ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 18 April, 2020
 മുറിവേറ്റ മനസ് (കവിത-  ദീപ ബിബീഷ് നായര്‍)
മനസൊരു കടലായിരമ്പുന്നുള്ളില്‍
അലകളൊളിച്ചേതോ ആഴങ്ങളില്‍
മടങ്ങി വരാനൊരു തിരയായ് ഞാനും
ഇനിയെനിക്കുണ്ടോ ഒരു വസന്തം

ഒരു കൊടുങ്കാറ്റായ് അലയടിക്കുന്നെന്‍
ഹൃദയമിടിപ്പിന്റെ താള വേഗം
ഉയരും തേങ്ങലോ വഴിയടക്കുന്നെന്‍
ഉണരാന്‍ വെമ്പുമാ പ്രിയമാമോര്‍മ്മകള്‍

പണിയാമൊരു മുഖപടത്തിന്‍ ചാരുത
പതിവായെനിക്കിനിയണിയാമെന്നും
മുറിഞ്ഞൊരാ കനവിന്‍ വാതിലിലെങ്ങോ
മറഞ്ഞിരിപ്പൂ വിധിതന്‍ കണങ്ങള്‍

ഉദിക്കാന്‍ വൈകിയതാരകമായ് ഞാന്‍
ഉദിച്ചതെന്തിനീയന്ധകാരത്തിലായ്
ഭീതിതമാകുമീ രജനിയിലുണരുമോ
പൂനിലാചന്ദ്രിക ഇനിയെന്‍ വീഥിയില്‍?

തളരാന്‍ തുടങ്ങുമീ തരളിത കുസുമമായ്
തവചരണങ്ങളിലഭയം തേടുന്നു ഞാന്‍
മുന്നിലും പിന്നിലുമപരര്‍ മാത്രമിന്നിവള്‍ -
ക്കിന്നൊരു തുണയായരികില്‍ വരണേ....

 മുറിവേറ്റ മനസ് (കവിത-  ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക