Image

നേഴ്‌സിങ്: പുതിയതായി 20000 ഗ്രീന്‍കാര്‍ഡുകള്‍? (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 02 May, 2020
നേഴ്‌സിങ്: പുതിയതായി 20000 ഗ്രീന്‍കാര്‍ഡുകള്‍?  (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി:  ആയിരക്കണക്കിന് അമേരിക്കന്‍ മലയാളികളാണ് ആശുപത്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ കാലത്ത് അരയും തലയും  മുറുക്കി ഇവര്‍ മുന്നണി പോരാളികളായി മുന്നില്‍ നിന്നു. ഇവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വിധത്തില്‍ പുതിയ നിയമഭേദഗതി വരുന്നു. അമേരിക്കയിലെ രജിസ്റ്റേഡ് നേഴ്‌സ് സേഫ് സ്റ്റാഫിങ്ങ് ആക്ട് 2015 ആണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്. ഓറിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റര്‍ ജെഫ് മെര്‍ക്കിലി ആണ് ഇതു സംബന്ധിച്ച ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ പെടുന്ന ഓരോ മെഡികെയര്‍ ആശുപത്രിയിലും നഴ്‌സിംഗ് സേവനങ്ങള്‍ക്കായി വ്യാപകമായ സ്റ്റാഫിംഗ് പ്ലാന്‍ നടപ്പിലാക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതോടെ, കൂടുതല്‍ മലയാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നേഴ്‌സുമാരുടെ സേവനം മികച്ചതാക്കുന്നതൊപ്പം അവരെയും മികച്ച വിധത്തില്‍ പരിഗണിക്കുമെന്നതാണ് പ്രയോജനം.

പ്രധാന നിര്‍ദ്ദേശങ്ങള്‍ ഏതാണ്ട് ഇപ്രകാരമാണ്. സ്റ്റാഫിംഗ് ലെവലുകള്‍ ഉറപ്പാക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ ഓരോ യൂണിറ്റിലും ഉണ്ടാവണം. ആശുപത്രിയിലെ ഓരോ ഷിഫ്റ്റിലും ഇത്തരത്തില്‍ നേരിട്ട് രോഗി പരിചരണം നല്‍കണം. കൂടാതെ, രോഗികളുടെയും ആശുപത്രി യൂണിറ്റുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ക്ക് അനുസൃതമായി സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പരിചരണം ഉറപ്പാക്കാനും പുതിയ ഭേദഗതി ആവശ്യപ്പെടുന്നു. രോഗികളോ ആശുപത്രിയിലെ ജീവനക്കാരോ അവരുടെ ആവലാതികള്‍, പരാതികള്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകളോ പറഞ്ഞാല്‍ ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിവേചനമോ പ്രതികാരമോ ഉണ്ടാവരുതെന്നും പുതിയ നിയമം ഉറപ്പാക്കുന്നു. ഈ ബില്‍ പാസാകണമെങ്കില്‍ പുതുതായി ഇരുപതിനായിരം ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടി വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ഓരോ ആശുപത്രിയിലും ഒരു ആശുപത്രി നഴ്‌സ് സ്റ്റാഫിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഇവരാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. ഈ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ വലിയ തുക ഫൈനും മറ്റ് പിഴകളും ഉണ്ടായിരിക്കും. നേഴ്‌സിങ്ങ് ദിനം വരാനിരിക്കുന്നതേയുള്ളുവെങ്കിലും ആതുരസേവനത്തിലെ ഫ്രണ്ട് ലൈനേഴ്‌സായ ഇവര്‍ക്ക് ഇതൊരു മികച്ച അവാര്‍ഡാണ് എന്നു പറയാം. മലയാളി നേഴ്‌സുമാര്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ഈ കോവിഡ് കാലത്ത്. എല്ലാവര്‍ക്കും ആശംസകളും, അഭിനന്ദനങ്ങളും.

നേഴ്‌സിങ്: പുതിയതായി 20000 ഗ്രീന്‍കാര്‍ഡുകള്‍?  (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക