Image

മേരാ നാം ജോക്കർ :എ.വി റുബീന (സന റബ്സ്)

Published on 03 May, 2020
മേരാ നാം ജോക്കർ :എ.വി  റുബീന (സന റബ്സ്)

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറുമായി
 അവിചാരിതമായുണ്ടായ കണ്ടുമുട്ടലിനെയും സൗഹൃദത്തെയും കുറിച്ച്
 എഴുത്തുകാരി സന റബ്സ് '

മൈസൂർ പാലസ് കാണാൻ കഴിഞ്ഞത് 1999 ൽ ഡിഗ്രി രണ്ടാം വർഷം ഗുരുവായൂർ
 ശ്രീകൃഷ്ണാ കോളേജിൽനിന്നും സ്റ്റഡിടൂർ പോയപ്പോഴാണ്.  അത്ഭുതം നിറഞ്ഞ
 കണ്ണുകളോടെ കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ നടന്നപ്പോൾ, ഒരുകാലത്ത്
 കൊട്ടാരം നർത്തകികൾ ആടിത്തിമിർത്ത വലിയ ദർബാർ ഹാളുകളുടെ ചുമരുകൾ   ഹൃദയത്തോടു  മൂളി. 
.....ബൻജാരെ.... മേരി ബൻ..... ജാ....രേ......
ഇവിടെ ഞാൻ മുൻപേ വന്നിട്ടുണ്ട് എന്നൊരു തോന്നലിൽ മുന്നോട്ട് മുന്നോട്ടു 
ഓടിക്കൊണ്ടിരുന്നു. ടിപ്പുവിന്റെ കൊട്ടാരത്തിലെ ഓരോ കാഴ്ചയും മനസ്സിനെ
 പട്ടം പോലെ ഉയർത്തിവിട്ടു. 
"നീയെന്താ ഇങ്ങനെ ഓടുന്നേ.. നമ്മുടെ കൂട്ടുകാർ വളരെ ദൂരെയാണ്. നിൽക്ക്..
." ഒപ്പമുള്ള രണ്ട് കൂട്ടുകാർ ഓടിവന്നു കൈത്തണ്ടയിൽ പിടിച്ചു നിറുത്തി. 
 
" അതല്ല... ഞാനിവിടെ വന്നിട്ടുണ്ട്. അങ്ങനെ എനിക്ക് തോന്നുന്നു."
 
"ഓ... കഴിഞ്ഞ ജന്മത്തിൽ ആയിരിക്കും. ടിപ്പുവിനെ പ്രേമിച്ചു  അവസാനം 
ടിപ്പു മരിച്ചപ്പോൾ ഇവൾ ദാ ഈ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തിരിക്കും..."   
അവർ കളിയാക്കി. "ഇങ്ങോട്ട് വരുന്നുണ്ടോ സ്വപ്നജീവീ...." 

"അല്ല... പക്ഷെ... ഞാൻ ഇതെല്ലാം കണ്ടിട്ടുണ്ട്. ഇവിടെ മുൻപേ  വന്നിട്ടുള്ളപോലെ..
" ഞാൻ  ചമ്മലോടെ കൈ വിടുവിച്ചു. 
 
എന്റെ തോന്നലായിരുന്നിരിക്കാം... പക്ഷേ ആ തോന്നലിനും  അല്പം
അടിസ്ഥാനമുണ്ടായിരുന്നു. മനസ്സിൽ പതിഞ്ഞ പഴയ ഹിന്ദി സിനിമകൾ. 
 ഇഷ്ടത്തോടെ  കണ്ട ദേവാനന്ദിന്റെയും അമിതാഭിന്റെയും 
 ഋഷികപൂറിന്റെയും നടന ചാതുരികൾ !!
വലിയ ക്യാൻവാസിലെ ചായക്കൂട്ടുകൾ.. 
രാജാവിന്റെ.... നാട്ടുപ്രമാണിമാരുടെ.. അധോലോകനായകരുടെ....കൊട്ടാരങ്ങളും
 നൃത്തവും യുദ്ധവും പ്രണയവും... 
കേരളത്തിലെ വളരെ ചെറിയൊരു ഗ്രാമത്തിലെ ഒരു കൊച്ചുകുട്ടിയുടെ 
മനസ്സിലേക്ക് വർണ്ണങ്ങൾ വാരി വിതറിയ ഹോളിയായിരുന്നു ആഴ്ചയിൽ
 ഒരിക്കൽ ടെലിവിഷനിൽ വരുമായിരുന്ന ഹിന്ദി സിനിമകൾ. 
 
ഋഷി കപൂർ എന്ന നടന്റെ സിനിമ ആദ്യമായി കാണുന്നത് ഒമ്പതാം വയസ്സിൽ
ആണെന്ന് തോന്നുന്നു. 
വെള്ളിയാഴ്ച രാത്രികളിൽ ഹിന്ദി  സിനിമകൾ   കാണാം എന്നത് മൂന്നാല് പടങ്ങൾ
തുടർച്ചയായി കണ്ടപ്പോഴാണ് മനസ്സിലായത്. 
'ഋഷികപൂർ ആൻഡ്‌ ശ്രീദേവി'എന്ന്‌ സ്ക്രീനിൽ കാണുമ്പോൾ നുരയുന്ന
പാൽപോലെ മനസ്സ് തൂവി. മറ്റുള്ള നടൻമാരുടെ സിനിമയെക്കാൾ ഒരു പൊടി 
തൂക്കം ഋഷിയുടെ  പടങ്ങൾ നൽകി. 
 
സൗമ്യമായ തിരിനാളം പോലെ ചിരിക്കുന്ന മുഖം! കണ്ണുകളിൽ അലിയുന്ന 
കരുണയോ അനുരാഗമോ അതോ നായികയെ നോക്കുമ്പോഴുള്ള 
പ്രണയം നിറഞ്ഞ  മിഴികളോ എന്താണ് ആ സോഫ്റ്റ്‌ ഫീലിംഗ് എന്ന്‌ 
ഇപ്പോഴും മനസ്സിലായിട്ടില്ല. 

വളരെ വർഷങ്ങൾ കഴിഞ്ഞു ചാന്ദിനി എന്ന പടം കണ്ടു. അതൊരു വിസ്മയനിമിഷം
തന്നെയായിരുന്നു. 
'ചാന്ദിനി' എന്ന സിനിമയിൽ ഋഷി അഭിനയിക്കുകയായിരുന്നില്ല. ദേവപ്രഭ പോലെ
സുന്ദരിയായ ശ്രീദേവി.... അവരുടെ പ്രണയം പൂത്ത കാശ്മീർ 
താഴ് വരകൾ...മഞ്ഞിന്റെ തണുപ്പ് പ്രേക്ഷകരിലും നിറച്ചുകൊണ്ട് ആ ജോഡികൾ 
അഭ്രപാളിയിൽ ആടിപ്പാടി.
'ചാന്ദിനീ...'എന്ന്‌ ഋഷി ശ്രീദേവിയെ വിളിക്കുമ്പോൾ ഏത് പെണ്ണിനാണ്
നെഞ്ചിടിപ്പേറാത്തത്?  ചാന്ദിനീ എന്ന വിളിയിലെ സ്നേഹവും ആർദ്രതയും
അലിവും കേട്ട്  തന്നെ സ്നേഹിക്കുന്ന പുരുഷനും  ഭർത്താവും തന്റെ പേര് 
അത്രയും മൃദുവായി കത്തുന്ന പ്രേമത്തോടെ വിളിക്കണമെന്ന് ഭൂമിയിലെ 
എല്ലാ പെണ്ണുങ്ങളും മോഹിച്ചുപോയിരുന്നു!!
 
ഋഷി അങ്ങനെയായിരുന്നു. തനിക്കു കിട്ടിയ വേഷത്തിന്റെ കുറവുകൾ
മനസ്സിലായാൽപോലും സംവിധായകാരെ  മുഷിപ്പിക്കുംവിധം എന്തെങ്കിലും
മാറ്റി എഴുതിക്കാനോ തിരുത്തിക്കാനോ അദ്ദേഹം മെനെക്കെട്ടിട്ടില്ല എന്ന്‌ 
പലയിടത്തും വായിച്ചിട്ടുണ്ട്. കിട്ടിയ വേഷത്തിലേക്ക് കൂടു വിട്ടു കൂട് മാറും.
അത് ഉജ്ജ്വലമായി അഭിനയിക്കും. 
 
ചോക്ലേറ്റ് നായകന്റെ ഭാവത്തിൽ അഭിനയിച്ച "ബോബി' വൻ ഹിറ്റായി മാറിയ 
ശേഷം സ്ഥിരം വേഷങ്ങൾ അദ്ദേഹത്തെ തേടി വന്നു. എനിക്കിഷ്ടം ഋഷിയുടെ
അല്പം കൂടി ഇരുത്തം വന്ന കഥാപാത്രങ്ങളെയായിരുന്നു. ബൻജാരെ, ചാന്ദിനി,
കോൻ സച്ചാ കോൻ ജൂട്ട്,, ദീവാനാ,  നാഗിനാ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ
അദ്ദേഹവും അന്നത്തെ നായികമാരും നിറഞ്ഞു നിന്നു. 

പൗർണമിയും അമാവാസിയുംപോലെ ഋഷിയുടെ കരിയർ വെളുത്തും കറുത്തും
മാറിമറിഞ്ഞു. അമിതാബച്ചന്റെ താരപ്പൊലിമ നിലനിൽക്കെത്തന്നെ സ്വന്തം
സിംഹാസനത്തിൽ തൂവലുകൾ ചാർത്തി ഋഷി ചിരിച്ചു. "എന്റെ പോരായ്മകളിൽ
ഞാൻ പലപ്പോഴും  പരിഭ്രമിച്ചിരുന്നു" എന്ന്‌ തുറന്നു പറയാൻ ഒരു മടിയും
അദ്ദേഹം കാണിച്ചില്ല. 

വലിയൊരു ഇതിഹാസതാരത്തിന്റെ മകനായി പിറന്ന പ്രിവിലേജിൽ
എന്തെല്ലാം ചെയ്യാമായിരുന്നിട്ടും കഥാപാത്രത്തിനു വേണ്ടി കഷ്ടപ്പെടാൻ ഋഷി
എപ്പോഴും ജാഗരൂഗനായി. 
എപ്പോഴെങ്കിലും അദ്ദേഹത്തെ കാണണം എന്ന്‌ ഓരോ സിനിമയും ഓർമ്മിപ്പിച്ചു. 
കേരളത്തിലെ നാട്ടിൻപുറത്തെ കുട്ടിക്ക് അപ്രാപ്യമായ  മോഹമായിരുന്നു 
ഋഷികപൂർ എന്ന ബോളിവുഡ് പ്രേമനായകൻ!  
 
വർഷങ്ങൾ കഴിഞ്ഞുപോയി. തമിഴ്നാട് ഈറോഡിൽ  ജോലിയുള്ള കാലം. 
വീണ്ടും ഒരിക്കൽക്കൂടി മൈസൂരിലെത്തി.  കാലുകൾ ദർബാർ ഹാളിൽ
കുത്തിയ നിമിഷം എന്തോ ഒരു പിരുപിരുപ്പ് തള്ളി വന്നു മനസ്സും ശരീരവും
തകിലടിച്ചു! അവിടെ  നൃത്തമണ്ഡപത്തിൽ ആരും കയറാതിരിക്കാൻ 
കയർ കെട്ടിയിരുന്നു. സെക്യൂരിറ്റി ഉണ്ട്.   മണ്ഡപത്തിനു പുറത്തുള്ള
ചെറിയ സ്റ്റേജിൽ കയറി നിന്നു ഹാളിലേക്ക് നോക്കി. അറിയാതെ കാലുകൾ
ഉപ്പൂറ്റിയിൽ ഉയർന്നുനിന്നു. ധരിച്ച വെള്ള ചുരിദാർ പൂപോലെ വിടരും വിധം
ഇളക്കി കൈമുദ്രയിൽ ദേഹം ഉലച്ചുകൊണ്ട് വെറുതെ ചുവടുകൾ വെച്ചു.  ഏതോ ഗാനം മനസ്സിൽ ഉണ്ട്. ആരോ പാടിയത്....
മൂന്നാം പാദത്തിൽ കിതച്ചുകൊണ്ട് വട്ടം ചുറ്റി  കൈകൾ മുന്നോട്ടു വെച്ച് 
നെറ്റി മുട്ടിച്ചു സ്റ്റേജിൽ വെറുതെ കിടന്നു. 
ആരോ കാണുന്നുണ്ടോ.... 
"നാം ക്യാ ഹേ തുമാരാ....."
ഞെട്ടി മുഖമുയർത്തി. കിതപ്പ് അപ്പോഴും മാറിയിരുന്നില്ല. 
ചുവന്ന ടിഷർട്ടും ബ്ലൂ ജീനും നീലത്തൊപ്പിയും വെച്ചൊരാൾ മുന്നിൽ. 
 മുഖം മുക്കാലും തൊപ്പിയിൽ മറഞ്ഞിരുന്നു. "നാം ക്യാ ഹേ...? "
മുട്ടിൽ കൈകൾ ചേർത്തു എഴുന്നേറ്റിരുന്നു. ദൈവമേ.... ഒരിക്കലും മറക്കാത്ത
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഈ മുഖം... 
സ്തംഭിച്ചു പോയതിനാൽ അനങ്ങാൻ കഴിഞ്ഞില്ല!!
അറ്റാക്ക് വന്നു മരിച്ച ഞാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള മമ്മിയെപോലെ അയാളെ
ഇമയനങ്ങാതെ നോക്കിയിരിക്കാം. 
ഋഷി കപൂർ തൊട്ടുമുന്നിൽ!!!
"... ഋഷി ജീ...?" സംശയത്തോടെ എന്റെ വാക്കുകൾ വിക്കി. 
" അതേ.... " 
ഞാൻ പണിപ്പെട്ടു എഴുന്നേറ്റു.  ആ മനുഷ്യൻ മുന്നോട്ടു കൈ നീട്ടി. ആ 
കൈകളിൽ പിടിച്ചു എണീറ്റ  ഞാൻ  ആ വിരലുകൾ വിടാൻ മറന്നു
അന്തം വിട്ടു നിന്നു. 
വളരെ വർഷങ്ങളായി ഞാൻ കാണാൻ ആഗ്രഹിച്ച ആളാണെന്നു എങ്ങനെ പറയും? 
ഇപ്പോഴും ഈ നിമിഷത്തിലും ആ ഹിന്ദി സിനിമകളാണ് കാലിൽ വന്നു
കേൾക്കാത്ത നാദമായി ആടിച്ചതെന്ന് എങ്ങനെ പറയും? 
എന്റെ ഭാഷാ പരിജ്ഞാനം  എന്നെ തോൽപ്പിച്ച നിമിഷങ്ങളായിരുന്നു അത്. 
 
എന്നാൽ അത് കാലം എനിക്കായി കാത്തു വെച്ച സുന്ദരമായ മുഹൂർത്തമായിരുന്നു. 
അതിസുന്ദരമായൊരു ആത്മബന്ധത്തിന്റെ... 

ഒരു പടത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു ആ പരിസരങ്ങളിൽ.  ഇടവേള 
കിട്ടിയപ്പോള്‍ അദ്ദേഹം കൊട്ടാരം കാണാൻ ഇറങ്ങിയതാണ്. പലവട്ടം കണ്ടതാണ്
എങ്കിലും അദ്ദേഹത്തിനു ഒരുപാട് ഇഷ്ടമാണെന്ന് മൈസൂർ പാലസ്!
അദ്ദേഹത്തിന്റെ സെക്രട്ടറിയും സെക്യൂരിറ്റിയും അല്പം അകലെ എന്നെത്തന്നെ
വീക്ഷിക്കുന്നു. 
ഞാൻ എന്തൊക്കെയോ പറഞ്ഞു. 
ഇപ്പോൾ സമയം തീർന്നു പോകും എന്ന്‌ ഭയമുള്ളത് പോലെ എല്ലാം പറഞ്ഞു
തീർക്കാൻ വെമ്പിക്കൊണ്ട് !
അദ്ദേഹം കൗതുകപൂർവ്വം കേട്ടു. ചിരിച്ചു. സംസാരിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും
മലയാളത്തിലും എന്റെ അങ്കലാപ്പും പരിഭ്രമവും കണ്ട് നനുത്ത ചിരിയോടെ 
അദ്ദേഹം പറഞ്ഞു. 
"മലയാളം എനിക്ക് മനസ്സിലാവും. സാവധാനം പറഞ്ഞാൽ...."
തിരക്കില്ല നമുക്ക് നടക്കാം എന്ന്‌ പറഞ്ഞു ആ വലിയ മനുഷ്യൻ കൂടെ നടന്നു.
അത് എന്നിലെ ആരാധികയുടെ വിഭ്രമം ഒതുക്കാൻ വേണ്ടിയാണെന്ന് 
ഒരു സംശയവും ഇല്ലാതെ മനസ്സിലായി. 
ഞാൻ നോക്കുകയായിരുന്നു. വളരെ വലിയൊരു നടൻ. വി ഐ പി. സൂപ്പർ സ്റ്റാർ
സ്റ്റാറ്റസ് !!
പക്ഷേ  അതിസാധാരണയാളെ പോലെ സംസാരിച്ചു തന്റെയൊരു ആരാധികയോട്  അതും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളോട് വളരെ ശ്രദ്ധയോടെ
വാത്സല്യത്തോടെ അടുപ്പത്തോടെ  ഇടപഴകുന്നു.
എങ്ങനെയാണ് ഇത്  സാധിക്കുക. 
അൽപനു അർത്ഥം കിട്ടിയാൽ നട്ടുച്ചയ്ക്കും പാതിരായ്ക്കും കുടക്കമ്പനി
തന്നെ തുടങ്ങിക്കളയുന്ന ഈ നാട്ടിൽ.... 
വാ തോരാതെ സംസാരിച്ച എന്നോട് ഒട്ടും അക്ഷമ കാണിക്കാതെ ഞാൻ 
ഉച്ചരിക്കുന്ന ഋഷി എന്ന പേരിലെ 'ഋ' കേട്ടു അദ്ദേഹം പറഞ്ഞു. 
"മലയാളത്തിൽ ചുരുക്കം ഫ്രണ്ട്‌സ് ഉള്ളൂ. പക്ഷേ അതിൽ ഒരാൾ ഇതുപോലെ 
ഋ എന്നാണ് പറയുക. റിഷി എന്ന്‌ കേൾക്കുന്നതിലും സുഖമുണ്ട് ഇങ്ങനെ 
കേൾക്കാൻ.. ഒന്നൂടെ വിളിക്ക്..കേൾക്കട്ടെ"
ഒടുവിൽ അദ്ദേഹം പോകാൻ ഇറങ്ങി.  കുറേ കാറുകൾ വന്നു അരികിൽ നിന്നു. 
"ആദ്യം ഞാൻ ചോദിച്ചിരുന്നു. എന്താണ് കുട്ടിയുടെ  പേര്? "
ഋഷിസാറിന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു. 
"മേരാ നാം ജോക്കർ..."
അദ്ദേഹം പൊട്ടിച്ചിരിച്ചു.  
ശേഷം കൂടെയുള്ള ഒരാളെ അരികിൽ വിളിച്ചു എന്തോ പറഞ്ഞു. 
അയാൾ  എന്റെ അഡ്രസ് എഴുതിയെടുത്തു മാറിപ്പോയി. കാറുകൾ അല്പം
അകലേക്ക്‌ നീങ്ങി. 
"ശരി ജോക്കർ... നമുക്കൊരു കാപ്പി കുടിക്കാം?" ഒറ്റ പുരികം മാത്രം ഉയർത്തി
ഒറ്റ ചോദ്യം. 
ഞാൻ ഫെയറിയുടെ മുന്നിൽ അന്തിച്ചു നിൽക്കുന്ന സിൻഡ്രല്ലയായിരുന്നല്ലോ... !
ഒരു ചെറിയ ചായക്കടയിൽ തൊട്ടടുത്തിരുന്നു ഓരോ കപ്പ് കാപ്പി.... സ്വപ്നമാണ്...
എല്ലാം സ്വപ്നമാണ്... മനസ്സ് വിശ്വസിക്കുന്നില്ല.
 
പോകാൻ നേരം ആ ഫോൺ നമ്പർ എനിക്ക് നീട്ടി അദ്ദേഹം പറഞ്ഞു. 
"ഇതെന്റെ വീട്ടിലെ നമ്പരാണ്. വീട്ടിൽ ഞാൻ ഉണ്ടെങ്കിൽ ഫോൺ എടുക്കും. 
ക്യാൻ യു കാൾ മി? "
ഞാൻ അപ്പോഴും ഈജിപിറ്റിലെ മമ്മിപിരമിഡ്പോലെ ആ മനുഷ്യനെ തുറിച്ചു
നോക്കി അതേ നിൽപ് നിന്നു. 
കൈ വീശി അകന്നു പോയത് സ്വപ്നം തന്നെയായിരുന്നോ അതോ ഭ്രമമോ
എന്നൊന്നും കുറേ നേരത്തേക്ക് മനസ്സിലായേ ഇല്ല. 
 
പിന്നീട്  ദിവസങ്ങൾ  കഴിഞ്ഞ് ഒരു ടെലിഫോൺ ബൂത്തിൽ നിന്നാണ് വീണ്ടും
ആ നമ്പർ ഞാൻ ഡയൽ ചെയ്യുന്നത്. 
 
അപ്പുറത്ത് നിന്നും  മുഴങ്ങുന്ന സ്വരം വന്നു.
 
"ആരാണ്? ഋഷികപൂർ സ്പീക്കിങ്.... ഹെലോ... "
'ഹലോ... "
"യെസ്...? "
"ഹലോ... മേരാ നാം ജോക്കർ.... "
 
ഒരു നിമിഷം ! ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു. 
ഞാൻ വിളിക്കുമ്പോൾ വീട്ടിൽ ഉണ്ടെങ്കിൽ അദ്ദേഹം എപ്പോഴും  വാചാലനായി.
അഞ്ചാറു മാസം കൂടുമ്പോഴാണ് വിളിക്കുകയെങ്കിലും അര മണിക്കൂറോ 
അതിൽ കൂടുതലോ ഞങ്ങൾ സംസാരിച്ചു. 
ആ വർഷത്തെ ഹോളിക്ക് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു കാർഡ് വന്നു. 
"To My Dearest Jocker....  (എന്റെ പ്രിയപ്പെട്ട ജോക്കറിന്.... )
 
From Your Dearest Jocker.... ( നിന്റെ പ്രിയപ്പെട്ട ജോക്കർ... )
 
അത്ഭുതത്തോടെ ആ കാർഡിൽ നോക്കി നോക്കിയിരുന്നു. 
വലിയൊരു മനസ്സില്ലാതെ ഇങ്ങനെയൊരു സമയം കണ്ടെത്താൻ ഇത്രയും
 തിരക്കുള്ള ഒരാൾ മുതിരുമോ...
ഈഗോ എന്ന പദത്തിന്റെ അർത്ഥം പോലും ഒരിക്കലും ഞങ്ങളുടെ 
സംഭാഷണത്തിൽ കടന്നു വന്നില്ല. 
എല്ലാ വർഷവും അദ്ദേഹം മുടങ്ങാതെ കാർഡ് അയച്ചു. വർഷത്തിൽ ഞാൻ
 രണ്ട് കാർഡ് അയയ്ക്കുമായിരുന്നു.  

ഞങ്ങൾ പിന്നീട് ഒരിക്കലും കണ്ടില്ല. കണ്ടില്ലെന്നു ഒരിക്കലും തോന്നിയും ഇല്ല.
ഒരിക്കൽ മാത്രം കണ്ട സ്നേഹം!

മൈസൂർ കൊട്ടാരത്തിന്റെ ഗാംഭീര്യം പോലെ തന്നെ തലയെടുപ്പുള്ള സ്നേഹം !

പതിനാല് വർഷമായി മുടങ്ങാതെ ആ സ്നേഹസ്പർശം കാർഡിൽ  എന്നെ തേടി
പറന്നുവന്നു. 
മാലിയിൽ ജോലി ചെയ്യുമ്പോൾ വിളിക്കുമായിരുന്നു.  "ഞാൻ വരാം.. ഇപ്പോൾ
തിരക്കാണ്. നീ ജോലിയിൽ അല്ലേ. ഉടനെ മടങ്ങുകയില്ലല്ലോ.. ഒരു  ടൂർ
മാലിയിലേക്ക് പ്ലാൻ ചെയ്യുന്നുണ്ട്. " ഒരിക്കൽ അദ്ദേഹം പറഞ്ഞു. 
വളരെ അപൂർവമായി  റുബീന എന്ന പേര് മുഴുവൻ അദ്ദേഹം ഉച്ചരിച്ചു.
 അതും റൂബിനാ എന്ന്‌ നീട്ടി... 
റൂബിനാ എന്ന്‌ നീട്ടി ഉച്ചരിച്ചാൽ എന്നെ വഴക്ക് പറയാൻ ആണെന്ന് വ്യകതം.
വല്ലാതെ ഡിപ്രസീവ് ആവുന്നൊരു വ്യക്തിയാണ് ഞാൻ. അപ്പോഴൊക്കെ
ഋഷിജീയോട്  സംസാരിക്കുന്ന സമയത്ത് ഞാൻ പറയും. ഋഷി ജീ... അടുത്ത
വർഷം ഈ നേരം ഞാൻ ഉണ്ടാവില്ല. നമ്മളിനി ഒരിക്കലും കാണില്ല. 
ഞാൻ മരിച്ചാലോ... 
വല്ലാത്ത ഗൗരവം അപ്പുറത്ത് ഉണ്ടായി.
ഒരു നിമിഷം കഴിഞ്ഞു ചോദ്യം വന്നു. 
"ഒന്ന് ഹോൾഡ് ചെയ്യാമോ ഫോൺ? "
"എന്തേ...? "
" അല്ല... മരിച്ചാൽ ഞാൻ കാണാൻ വരണ്ടേ?  അല്ലേൽ ഞാൻ എന്തൊരു ഫ്രണ്ട് ആണ്?  ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ? താൻ  ഇപ്പോൾ മരിക്കുമോ...?  എന്റെ ടിക്കറ്റ് വേസ്റ്റ് ആക്കരുത്."
മിണ്ടാതെ പിണങ്ങി നിൽക്കുമായിരുന്നു ഒരു കുട്ടിയുടെ അച്ഛനാവുമായിരുന്നു
 ആ മനുഷ്യൻ പലപ്പോഴും... 
സാന്ത്വനിപ്പിക്കുന്ന ഒരു സുഹൃത്താവും അടുത്ത നിമിഷം... 
കഥകൾ കേൾക്കാനും പറയാനും വെമ്പുന്ന ഒരു കുട്ടിയാവും ചിലപ്പോൾ... 
തല്ലുന്ന ഗുരുനാഥനാകാനും മടിയില്ല.
അദ്ദേഹം സാഗരം പോലെ ആയിരുന്നു. 
നമുക്ക് എത്ര വേണമെങ്കിലും തൊടാം. കാൽ നനയ്ക്കാം.. തിരയിൽ തല്ലി വീഴാം..
വള്ളത്തിലോ കപ്പലിലോ കയറി പുറംകടലിൽ പോയി ആടി തിമിർക്കാം. 
നീന്തി തുടിക്കാം... എത്ര എടുത്താലും തീരാത്ത നന്മകൾ ഉള്ളൊരു മനുഷ്യൻ!
 
വളരെ വളരെ വർഷങ്ങൾക്ക് മുൻപ് ഒരു യാത്രയിൽ കണ്ട പെൺകുട്ടിയുടെ 
മനസ്സ് മനസ്സിലാക്കി  ആദ്യമായും അവസാനമായും ഒരിക്കൽ മാത്രം കണ്ട
ഓർമ്മയിൽ ഒരു ഹൃദയബന്ധം ഉണ്ടാക്കാൻ ആർക്കാണ് ഈ ലോകത്ത്
അദ്ദേഹത്തിനല്ലാതെ സാധിച്ചിരിക്കുക? 
പലപ്പോഴും കാണാൻ ആഗ്രഹിച്ചിരുന്നു. നിരന്തരമായി യാത്ര ചെയ്യുന്ന 
അദ്ദേഹത്തിനും നാട്ടിൽ നിന്നും പഠനത്തിനും ജോലിക്കുമായി 
രണ്ടായിരത്തി രണ്ടിൽ  നാടുവിട്ട എനിക്കും  പലപ്പോഴും ഒരുമിച്ചുള്ള
ഫ്രീ ടൈം ഒത്തുവന്നില്ല.  എനിക്ക് മുംബൈ വരെ ഫ്ലൈറ്റ് കയറാൻ
പ്രയാസം ഉണ്ടായിരുന്നില്ല.  അദ്ദേഹത്തിന്റെ യാത്രകൾ സൂപ്പർ സോണിക് 
വേഗത്തിൽ ആയിരുന്നു. ദൂരം വളരെ അടുത്തായ ഈ കാലഘട്ടത്തിൽ 
എന്തുകൊണ്ടോ  ഞങ്ങൾ മാത്രം പിന്നീട് കണ്ടേയില്ല....!
 
രണ്ട് വർഷം മുൻപ് ഒരുനാൾ വിളിച്ചപ്പോൾ അസുഖം ആണെന്ന് പറഞ്ഞിരുന്നു. 
എവിടെയും പോയി ചികിത്സ ചെയ്യാൻ കഴിവുള്ള ആളല്ലേ വേഗം സുഖമാവും
എന്ന്‌ ഞാൻ ആശിച്ചു.
 "മാറുമല്ലോ അല്ലേ..? "
"അതേ.. മാറും... രോഗം ഇല്ലാത്ത ഋഷിയെ അല്ലേ നീ കണ്ടത്?  ഇതെല്ലാം മാറട്ടെ...
 നമുക്ക് കാണണം..."
ഒരിക്കൽ അമേരിക്കയിൽനിന്നും വിളിച്ചു.  വല്ലാതെ അസുഖം അലട്ടുന്നു
 എന്ന്‌ പറഞ്ഞു. 
ഒരിക്കൽ പോലും മുംബൈയിലേക്ക് പോയി ഞാൻ കണ്ടില്ലല്ലോ എന്ന്‌ മനസ്സ് വിങ്ങി.
ഞാൻ ആണെങ്കിൽ ഒന്നര വർഷത്തോളമായി നടക്കാനോ യാത്രകൾ ചെയ്യാനോ
കഴിയാത്ത അവസ്ഥയിലും.

"നീ വരേണ്ട. ഞാൻ വരാം.... നമുക്ക് മൈസൂർ പാലസിൽ വെച്ച് തന്നെ കാണാം.  
കാലിന്റെ പ്രശ്നങ്ങൾ മാറട്ടെ... അവിടെ ദർബാർ ഹാളിൽ കയറി ഡാൻസ്
ചെയ്യാനുള്ള പെർമിഷൻ നമുക്ക് നേടണം. ഗെറ്റ് വെൽ സൂൺ മൈ ചൈൽഡ്..."


"ഇനിയും ഈ കാല് വെച്ചൊരു ഡാൻസ്.... നടക്കില്ല ഋഷിജീ.... "


"നടക്കും... നിനക്ക് അസാധ്യമായത് എന്തുണ്ട്? വി വിൽ മീറ്റ് സൂൺ...."


ചിലതുണ്ട്.  സംഭവിക്കും എന്ന പ്രതീക്ഷ നൽകുന്ന വേവ് ലെങ്ത് മതി ജീവിതം
ആക്സിലേറ്ററിൽ ഓടാൻ. 

അവസാന  നേരങ്ങളിൽ ആ മനസ്സിൽ എന്തായിരുന്നു എന്നോർക്കാൻ ആവുന്നില്ല. 


കാലമാക്കിളിവാതി--

ലടച്ചു കളഞ്ഞല്ലോ, 

കാലമെൻ കണ്ണാടിച്ചി--

ല്ലുടച്ചു കളഞ്ഞല്ലോ....

....ഒന്നടർത്തിയെടുത്തോട്ടേ, 

നിൻ ചിതാഗ്നിയിൽനിന്നെൻ

ചന്ദനത്തിരിക്കൊരു 

പൊൻമുത്തുക്കിരീടം ഞാൻ..... "


പ്രിയപ്പെട്ട ഋഷിജീ.....


..... ഇനിയൊരു നൂറ്റാണ്ടിൽ ഇനിയൊരു  രാജകൊട്ടാരത്തിൽ ഇനിയൊരു ഇരുണ്ട
 ദർബാർ ഹാളിൽ  നാം  വീണ്ടും കണ്ടുമുട്ടട്ടെ... 

അന്ന് ആകാശഗോളങ്ങളിലെ സമയ കല്പനയിലെ എല്ലാ  നിമിഷങ്ങങ്ങളും 
 ശുഭമുഹൂർത്തങ്ങൾ.... 


എന്ന്‌ 

സസ്നേഹം 

 എന്റെ പ്രിയപ്പെട്ട ജോക്കറിന്.... 

 അങ്ങയുടെ പ്രിയപ്പെട്ട ജോക്കർ..... 

 സന റബ്സ്  ph 91 7510256742

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക