Image

മരണസംഖ്യ കുത്തനെ താഴുന്നു; മെയ് മാസത്തിൽ വസന്തം വിരിയുമോ?

ഫ്രാൻസിസ് തടത്തിൽ  Published on 04 May, 2020
മരണസംഖ്യ കുത്തനെ താഴുന്നു; മെയ് മാസത്തിൽ വസന്തം വിരിയുമോ?

 
ന്യൂജേഴ്‌സി: ഏപ്രിലിന്റെ വസന്തത്തിൽ വിരിഞ്ഞ പൂക്കളുടെ നിറം കറുപ്പായിരുന്നു. വർണ വിസ്‌മയം തീർക്കുന്ന പൂക്കളുടെ വസന്തം വിരിയുക മെയ് മാസത്തിലാകുമോ? ശുഭദിനങ്ങൾ തെളിയുന്ന സൂചനകൾ  നൽകിക്കൊണ്ടാണ്  മെയ് മാസത്തിലെ മൂന്ന് ഇരവു പകലുകൾ  കടന്നുപോയത്.  കൊറോണവൈറസ് എന്ന മഹാഹമാരിയുടെ ആളിക്കത്തലിനു അയവു വരുന്ന സൂചനകളാണ് ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും ഉറപ്പുപറയാറായിട്ടില്ല. അടുത്ത രണ്ടു മൂന്ന് ദിവസങ്ങളിൽ എന്ത് സംഭവിക്കുന്നുമെന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന നാളുകൾ വസന്തകാലമാണോ എന്ന തീർപ്പിനുള്ള ആധാരമാകുക.   
 
കൊറോണ വൈറസ് എന്ന ഈ പിടികിട്ടാ അത്ഭുത ജീവിയുടെ പ്രത്യേകതയാണോ അതോ കൊറോണ രോഗബാധിതരുടെയും മരണനിരക്കുകൾ സംബന്ധിച്ച കണക്കുകൾ  തയ്യാറാക്കുന്നതുമായുള്ള പൊരുത്തക്കേടാണോ ഏതെന്ന് കൃത്യമായി പറയാനാകില്ല, കോവിഡ് കാലത്തെ വാരാന്ത്യങ്ങളിൽ മരണനിരക്കും രോഗം ബാധിച്ചവരുടെ എണ്ണവും ഗണ്യമായി കുറയുന്നത് പതിവ് കാഴ്ച്ചയാണ്. വാരാന്ത്യങ്ങളിൽ പൂർണമായ കണക്കുകൾ എല്ലായിടത്തുനിന്നും ലഭിക്കാൻ പറ്റാത്തത് കൊണ്ട് അതിനനുസരിച്ചുള്ള മാറ്റങ്ങൾ വച്ച് ടാബുലേറ്റ് ചെയ്യുമ്പോൾ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം കൂടി വരുന്നതും കാണാറുണ്ട്. പതിവുപോലെ  ഈ  വെളളി, ശനി, ഞായർ ദിവസങ്ങളിലും  രോഗികളുടെ എണ്ണവും  മരണസംഖ്യയും ഗണ്യമായി കുറഞ്ഞു വരുന്ന സ്ഥിതി വിശേഷമാണ് കണ്ടുവരുന്നത്.  

വ്യാഴാച്ചവരെ വരെ 2000 മുകളിൽ ഉണ്ടായിരുന്ന മരണസംഖ്യ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഗണ്യമായി കുറഞ്ഞു വരികയാണ്. വ്യാഴാച്ച 2,201 പേര് മരിക്കുകയും 30,829 പേർ രോഗബാധിതരാകുകയും ചെയ്ത സ്ഥാനത്ത് മെയ് ഒന്നിന് വെള്ളിയാഴ്ച മരണം1,897 ആയി കുറഞ്ഞു. ശനിയാഴ്ച വീണ്ടും മരണം1,691 ആയി കുറഞ്ഞു. ഇന്നലെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിളിൽ ഉണ്ടായ ഏറ്റവും വലിയ കുറവാണു മരണനിരനിരക്കിലുണ്ടായത്. ഇന്നലെ 1,154 പേരാണ് മരിച്ചത്. മരണനിരക്കിൽ ഇങ്ങനെ ഒരു കുറവ് വന്നത് വരാനിരിക്കുന്ന നല്ല വാർത്തകളുടെ സൂചനയായി മാത്രം ഇപ്പോൾ കരുതാം. ഈ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. മെയ് ഒന്നിന് 36,007 ആയിരുന്നു ആകെയുണ്ടായ പുതിയ രോഗികൾ. മെയ് രണ്ടിന് അത് 29,74 ആയി. ഇന്നലെ വീണ്ടും കുറഞ്ഞുകൊണ്ട് 27,348 ആയി.

ന്യൂയോർക്കിൽ പതിവുപോലെ 300 കളിൽ ആണ് വാരാന്ത്യത്തിൽ മരണമുണ്ടായത്. അതേസമയം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ന്യൂയോർക്കിനെക്കാൾ കൂടുതൽ മരണസംഖ്യയുണ്ടായിരുന്ന ന്യൂജേഴ്‌സിയിൽ ഇന്നലെ മരണസംഖ്യ  200 ൽ താഴെഎത്തി. മസാച്യുസെസിൽ മരണനിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ന്യൂയോർക്കിൽ 280 പേരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി മുന്നൂറുകളിലായിരുന്നു ന്യൂയോർക്കിലെ മരണസംഖ്യ. അതെ സമയം ന്യൂജേഴ്‌സിയിൽ മരണനിരക്കിൽ പെട്ടെന്നുണ്ടായ കുതിപ്പിൽ ഏവരും ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. 

ഏറെ ദിവസങ്ങളായി ന്യൂയോർക്കിനു പിന്നിലായിരുന്ന ന്യൂജേഴ്‌സി പെട്ടെന്ന് 300കടക്കുകയും അതിനടുത്ത ദിവസം 400ഉം  പിന്നെ 456എന്നിങ്ങനെ തുടർന്നപ്പോൾ ന്യൂജേഴ്‌സിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നുവരെ തോന്നിച്ചിരുന്നു. എന്നാൽ ഇന്നലെ മസാച്യുസെസിന് പിറകിൽ 148 മരണവുമായി മൂന്നാം സ്ഥാനത്തായിരുന്നു ന്യൂജേഴ്‌സി. മസ്സാച്ചുസെസിൽ ഇന്നലെ 156 പേരാണ് മരിച്ചത്. പ്രധാന ഹോട്ട് സ്പോട്ടുകളായ പെൻസിൽവാനിയ, വിർജീനിയ, ഇല്ലിനോയിസ് ,  കണക്റ്റിക്കറ്റ് തുടങ്ങിയായ സ്റ്റേറ്റുകളിൽ കഷ്ടിച്ച് 50നു  മുകളിൽ മാത്രമായിരുന്നു മരണം. അതേസമയം മിഷിഗൺ,  കാലിഫോർണിയ, ഫ്ലോറിഡ, ലൂയിസിയാന, മെരിലാൻഡ് , ഒഹായോ തുടങ്ങിയ സ്റ്റേറ്റുകളിൽ 20 നും 30 നും ഇടയിൽ ആയിരുന്നു മരണം. രാജ്യവ്യാപകമായി ഇങ്ങനെ ഒരു കുറവ് അനുഭവപ്പെടുന്നത് ഇതാദ്യമാണ്. മിഷിഗണിനു പിന്നാലെ മസാച്യുസസും ഇന്നലെ ആകെ മരണസംഖ്യയിൽ 4,000 കടന്നു. ലൂയിസിയാനയിൽ ഇന്നലെ 19 മരണം കൂടിയായപ്പോൾ ആകെ മരണം 2000 കടന്നു. രാജ്യത്തെ 50 സ്റ്റേറ്റുകളിൽ 14 സ്റ്റേറ്റുകളിൽ മരണ സംഖ്യ നാലക്കം കടന്നു.

ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 35. 66 ലക്ഷവും മരണസംഖ്യ 2.48 ലക്ഷവുമായി. 11.55 ലക്ഷം പേരാണ് രോഗമുക്തരായത്.35.66 ലക്ഷം പേരിൽ മരണമടഞ്ഞവരും രോഗമുക്തരായവരുടെ എണ്ണവും കിഴിച്ചാൽ 21.66 ലക്ഷം രോഗികളാണ് നിലവിൽ രോഗബാധിതരായി കഴിയുന്നവർ. ഇതിൽ  രണ്ടു ശതമാനം വരുന്ന 50,046 പേരുടെ മാത്രം നില ഗുരുതരമാണ്. ബാക്കിയുള്ള  98 ശതമാനം വരുന്ന 21.14 ലക്ഷം പേരുടെ സ്ഥിതി ഗൗരവതരമല്ല.അമേരിക്കയിൽ 16,366 രോഗികൾ ഗുരുതരാവസ്ഥയിൽ ഉണ്ട്. ബ്രസീലിൽ ആണ് പിന്നെ ഏറ്റവും കൂടുതൽ രോഗികൾ ഗുരുതരാവസ്ഥയിലാണ് ഉള്ളത്.അവിടെ ആകെയുള്ള ഒരു ലക്ഷം വരുന്ന രോഗികളിൽ  8,318 പേരുടെ നില ഗുരുതരമാണ്.
 
ന്യൂയോർക്കിൽ ഇന്നലെ ആകെ 4680 പുതിയ രോഗികൾ മാത്രമാണുണ്ടായത്. ദിവസേന 7,000 -10,000 ഇടയിൽ പുതിയ രോഗികളുണ്ടായിരുന്ന ന്യൂയോർക്കിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്. അവിടെ അകെ 3.24 ലക്ഷം രോഗികളുണ്ട്. അതേസമയം ന്യൂജേഴ്‌സിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും കാണുന്നില്ല. അവിടെ ഇന്നലെ 3,727 പുതിയ രോഗികൾ ഉണ്ടായിരുന്നു. അകെ  രോഗികളുടെ എണ്ണം 1.27 ലക്ഷമാണ്.
 
ലോകത്ത് 10 ലക്ഷം പേരിൽ 458 പേർക്ക് കൊറോണ രോഗബാധയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ പത്തു ലക്ഷമാളുകളിൽ 32 പേർ വീതം മരിക്കുന്നു. അതേസമയം അമേരിക്കയിൽ ഓരോ 10 ലക്ഷം ആളുകളിൽ 3,548 പേർ കൊറോണ ബാധിതരാണ്. 210 പേർ വീതം മരിക്കുകയും ചെയ്യുന്നു.അതേസമയം സ്പെയിനിൽ ഓരോ 10  ലക്ഷം ആളുകളിൽ 5,242  പേര് രോഗ ബാധിതരും 540 പേര് മരിക്കുകയും ചെയ്യുന്നുണ്ട്. , ഇറ്റലിയിൽ 478 പേരും, ഫ്രാൻസിൽ 381 പേരും യു .കെ.യിൽ 418 പേരും  ഓരോ 10 ലക്ഷം ജനസംഖ്യയിൽ നിന്ന് മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

 ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് നടക്കുന്നത്. അമേരിക്കയിൽ 79 ലക്ഷം ആളുകളിൽ കൊറോണവൈറസ് ടെസ്റ്റിംഗ് നടത്തിയപ്പോൾ ഇറ്റലിയിൽ 22 ലക്ഷവും സ്പെയിനിൽ 19 ലക്ഷവും യു.കെ. യിൽ 12 ലക്ഷവും പേരിലാണ് ടെസ്റ്റിംഗ് നടത്തിയത്. റഷ്യയിലാണ് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരിൽ കോവിഡ്-19 ടെസ്റ്റിംഗ് നടത്തിയത്. അവിടെ ആകെ 41 ലക്ഷം പേരിലാണ് ടെസ്റ്റിംഗ് നടത്തിയത്. ജർമ്മനിയാണ് മൂന്നാമത്. അവിടെ 25.50 ലക്ഷം ആളുകളിൽ പരിശോധന നടത്തി. കൂടുതൽ ആളുകളിൽ ടെസ്റ്റിംഗ് നടത്തിലായതിനാലാകാം ജർമ്മനി, റഷ്യ, എന്നിവിടങ്ങളിൽ മരണ സംഖ്യ കുറഞ്ഞുവരുന്നത്. ജർമ്മനിയിൽ ഇന്നലെ രോഗികളുടെ എണ്ണവും മരണനിരക്കിനൊപ്പം കുത്തനെ കുറഞ്ഞിരുന്നു. അവിടെ പുതിയ രോഗികളുടെ എണ്ണം വെറും 788 മാത്രമാണുണ്ടായിരുന്നത്. അതേസമയം റഷ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നതായും കാണുന്നു. 
 
ലോകം മുഴുവൻ ഇന്നലെ മരണ സംഖ്യയിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ ആകെ 3481 പേരാണ് ലോകം മുഴുവനുമായി കൊറോണവൈറസ് ബാധിച്ച് മരിച്ചത്.യു.കെ. ഉൾപ്പെടെ എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഇന്നലെ മരണനിരക്ക് കുറവായിരുന്നു. അമേരിക്കയിൽ ആകെ മരണസംഖ്യ 68,598 ആയി. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്.  സ്പെയിനിനെ മറികടന്ന് മൂനാം സ്ഥാനത്ത് എത്തിയ യു.കെ.യിൽ ആകെ മരണം 28,446 ആയി. സ്പെയിനിൽ 25,264 മരണമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഫ്രാൻസിൽ 24,894 ഏഴ് മരിച്ചു. രണ്ടാം സ്ഥാനത്തിലേക്ക്  ഉ.കെ.യും മൂന്നാം  സ്ഥാനത്തിലേക്ക്  ഫ്രാൻസും ഏതാനും നമ്പറുകളുടെ വ്യത്യാസത്തിൽ എത്തിനിൽക്കുകയാണ്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, എന്നീരാജ്യങ്ങളിൽ ഇന്നലെയാണ് 200 ഇത് താഴെ മരണമുണ്ടാകുന്നത്. ഇറ്റലിയിൽ 174, സ്പെയിനിൽ 164, ഫ്രാൻസ് 155 എന്നിങ്ങനെയായിരുന്നു മരണസംഖ്യ. ജർമ്മനിയിലും ബെൽജിയത്തും  മരണസംഖ്യ 100 ൽ താഴെ പോയതും ആദ്യമായാണ്. ജർമ്മനിയിൽ  ഇന്നലെ 54 പേരും ബെൽജിയത്ത് 74 പേരുമാണ് മരിച്ചത്. അതെ സാമ്യം ഇന്ത്യയിൽ ഇന്നലെ 68 പേര് മരിച്ചു. നിങ്ങളിൽ 380 പേര് മരിച്ചു. അതേസമയം 10,000 ൽ അധികം രോഗികളുണ്ടായ റഷ്യയിൽ അകെ മരണം 54 ആയിരുന്നു. യു.കെ. ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും 1000 അധികം പുതിയ രോഗികളാണുണ്ടായത്. യു.കെ.യിൽ 5,121 പുതിയ രോഗികളുണ്ടായി. 

  കൊറോണ വൈറസിന് കടിഞ്ഞാണിടാൻ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വരും ദിനങ്ങളിൽ മരണ സംഖ്യയിൽ മാറ്റം വരാതിരിക്കുകയോ കുറയുകയോ ചെയ്‌താൽ മെയ് മാസത്തിൽ അമേരിക്കയിൽ വസന്തകാലം ഉണ്ടാകുകതന്നെ ചെയ്യും.
മരണസംഖ്യ കുത്തനെ താഴുന്നു; മെയ് മാസത്തിൽ വസന്തം വിരിയുമോ?മരണസംഖ്യ കുത്തനെ താഴുന്നു; മെയ് മാസത്തിൽ വസന്തം വിരിയുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക