Image

കൊറോണക്കാലത്ത് വിശ്വാസം ഓണ്‍ലൈനാകുമ്പോള്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 04 May, 2020
കൊറോണക്കാലത്ത് വിശ്വാസം ഓണ്‍ലൈനാകുമ്പോള്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: ഇന്നലെ പുതിയ തൊഴില്‍ സംസ്‌ക്കാരത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. മലയാളി ആരാധനാലയങ്ങളിലെ പുതിയ സംസ്‌ക്കാരത്തെപ്പറ്റി ഇന്ന് എഴുതാമെന്നു കരുതുന്നു. കിഴക്കോട്ട് നോക്കി അള്‍ത്താര (മദ്ബഹാ)യുടെ പിന്നിലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പു ക്രിസ്തുവിന്റെ ചിത്രത്തെ പശ്ചാത്തലമാക്കി കുരിശും മറ്റു മധ്യസ്ഥന്മാരുടെയും ചിത്രങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരാധന- നവീന ചിന്താധാരകളുള്ള ചില വിശ്വാസ സമൂഹങ്ങളൊഴിച്ച്- നടത്തി വന്നിരുന്നത്. (ഒരു വിവാദത്തിനു വേണ്ടിയല്ല ഇങ്ങനെ പറയുന്നത്. അറിയാവുന്ന കാര്യം പറഞ്ഞുവെന്നേയുള്ളു. ഇതിന്റെ പേരില്‍ ആരും തര്‍ക്കത്തിനൊന്നും വന്നേക്കരുത്, അതല്ല എന്റെ ഉദ്ദേശം)
കോവിഡിന് ശേഷമുള്ള ഞായറാഴ്ചകളില്‍ കമ്പ്യൂട്ടറിനും സ്മാര്‍ട്ട് ഫോണിനും മുന്നില്‍ പുരോഹിതരും വിശ്വാസികളും ഒന്നിക്കുന്ന അത്യപൂര്‍വ്വമായ ഒരു പ്രതിഭാസമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്നതൊന്നുമല്ല പ്രശ്‌നം. അത് ഈ ലേഖകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പെടുന്നുമില്ല. 

ആരാധനാലയങ്ങള്‍ എപ്പോഴും വിശ്വാസികള്‍ക്ക് ആശ്വാസകേന്ദ്രങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും, ദുരിതങ്ങള്‍ ഉണ്ടാവുമ്പോള്‍. എന്നാല്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച വലിയ പ്രതിസന്ധിയില്‍ ആരാധനാലയങ്ങള്‍ അവര്‍ക്ക് അന്യമായി. ഓണ്‍ലൈനിലേക്കുള്ള മാറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. യുഎസിലെ എല്ലാ ആരാധനാലയങ്ങളും ഓണ്‍ലൈനായി മാറി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓണ്‍ലൈനിലേക്ക് നിര്‍ബന്ധമായും മാറേണ്ടി വന്നത്. 

അതിന് പള്ളിയെന്നോ, മോസ്‌ക്ക് എന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. അമേരിക്കയില്‍ 350,000 ത്തിലധികം ആരാധനാലയങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. അവയില്‍ അമ്പത് ശതമാനത്തോളം പേര്‍ മാത്രമാണ് ആരാധനയ്‌ക്കെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഡിജിറ്റല്‍ ആരാധനയില്‍ വിശ്വാസികള്‍ എത്രമാത്രം തൃപ്തരാണെന്ന് അറിയില്ല. മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ സൂം അടക്കമുള്ള വെബിനാറുകളിലൂടെ ആരാധനയില്‍ പങ്കെടുക്കുന്നുവെന്നു മാത്രം. ശാരീരികമായി അകന്നാണെങ്കിലും ആത്മീയമായി ഒരുമിച്ചു നില്‍ക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. 

ഈ ക്വാറന്റയിന്‍ കാലത്ത് മനുഷ്യ മനസുകളിലേക്ക് കടന്നു വരാന്‍ സാധ്യതയുള്ളതായ ചില ആശങ്കകളും ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ യേശു ക്രിസ്തു നല്‍കിയിട്ടുള്ള ചില വചനങ്ങളും വിശ്വാസികള്‍ എടുത്തു പറയുന്നു. 

ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് (മത്തായി 18:20) എന്ന വചനം ശ്രദ്ധേയമാവുന്നു. എല്ലാവര്‍ക്കും ഒരുമിച്ചു വന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, അറയില്‍ കടന്ന് വാതിലടച്ചു രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക (മത്തായി 6:6) എന്ന വചനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. 

മുന്‍പിലേക്ക് പോകുവാന്‍ ഇനി ഒരു വഴിയും കാണുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, 'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു' (യോഹന്നാന്‍ 14:6) എന്ന് ഓര്‍മ്മിപ്പിക്കുന്നു. 

പ്രാര്‍ത്ഥിച്ച് സൗഖ്യം നേടിയിരുന്നവര്‍ ഓടിയൊളിച്ചു എന്നു പറഞ്ഞ് അപമാനിതരാക്കപ്പെടുന്നവരോട്, നിങ്ങളെക്കുറിച്ച് എല്ലാ തിന്മയും കളവായി പറയുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിക്കുവിന്‍ (മത്തായി 5:11,12) എന്നു പറയുന്നു. 

ജീവിതത്തിലെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരകനായി യേശു കൂടെയുണ്ട്. അത് ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈനായാലും അങ്ങനെ തന്നെയെന്നവര്‍ ആവര്‍ത്തിച്ചു പറയുന്നു.

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ പുതിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ വിശ്വാസികള്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കുന്നുവെന്ന് വികാരി ഫാ. ഷിബു ഡാനിയല്‍ പറഞ്ഞു. കൊറോണ വിളയാട്ടം തുടങ്ങിക്കഴിഞ്ഞാണ് അമ്പത്ദിന വലിയ നോമ്പ് തുടങ്ങിയത്. വീടുകളില്‍ നടത്തി വന്നിരുന്ന വെള്ളിയാഴ് പ്രാര്‍ത്ഥനകളാണ് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളായി മാറിയത്. ആദ്യം കൗതുകകരമായി വിശ്വാസികള്‍ കണ്ടെങ്കിലും അത് ശീലമായി മാറുകയായിരുന്നു. പിന്നീട്, ഞായറാഴ്ചകളിലെ നീണ്ട ആരാധനകളില്‍ പള്ളിയില്‍ പോകുന്ന അതേ ഒരുക്കത്തോടെ വിശ്വാസികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ആരാധനയ്ക്ക് ശേഷം ഫെല്ലോഷിപ്പിനും അവര്‍ സൂമിലൂടെ സമയം കണ്ടെത്തി. സണ്‍ഡേ സ്‌കൂളും, മാര്‍ത്തമറിയം വനിതാസമാജം മീറ്റിംഗുകളും ഒക്കെ സുഗമമായി നടന്നു വരുന്നു. മാസവരിയും ഞായറാഴ്ച നേര്‍ച്ചയും പള്ളിക്ക് കൊടുക്കാനുള്ള മറ്റിനങ്ങളിലുള്ള പണവും ഒക്കെ ട്രസ്റ്റിയുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യം, എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴു മണിക്ക് നമസ്‌ക്കാര ശുശ്രൂഷകള്‍ നടന്നുവരുന്നുവെന്നതാണ്. തിരക്കാര്‍ന്ന ജീവിതചര്യകള്‍ക്കിടയില്‍ പലപ്പോഴും വിട്ടുപോകുന്ന കുടുംബാരാധനകള്‍ കൂടുതല്‍ തീക്ഷ്ണതയോടെ നടക്കുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ വിശ്വാസികളെല്ലാം പങ്കെടുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറിയാണ് ഓരോ ദിവസവും പ്രാര്‍ത്ഥനകള്‍. ലീഡ് ചെയ്യുന്നത്, നേരത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോരുത്തരും.

വിശ്വാസികള്‍ക്ക് ആത്മീയസൗഖ്യം നല്‍കാന്‍ സാങ്കേതികമായി നടത്തുന്ന ഈ ശ്രമങ്ങള്‍ കൊറോണ കാലത്ത് താത്ക്കാലികമാണെങ്കിലും തുടര്‍ന്നും അതു നിലനിര്‍ത്തണമെന്ന് ആരെങ്കിലും വാദിച്ചാല്‍ എന്തുചെയ്യും? വിശ്വാസത്തിനോട് വിവേചനം പാടില്ലെന്ന നിലപാടിനെ ഏതു വിധത്തില്‍ നീതികരിക്കാനാവും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ശാരീരികമായി അകന്നാണെങ്കിലും വിശ്വാസപരമായി ആത്മീയതയില്‍ ഒന്നാണ് എന്ന മഹത്തായ സന്ദേശം കുറച്ചൊന്നുമല്ല ഈ കൊറോണകാലത്ത് സാന്ത്വനമാകുന്നത്.

ശുഭാപ്തി വിശ്വാസിയാവൂ, കൂടുതല്‍ കാലം ജീവിക്കാം

കൊറോണ വൈറസ് അങ്ങനെ പീലി വിടര്‍ത്തിയാടുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ അത്യാസക്തരായിരിക്കുന്ന ചിലരുണ്ട്. ആവശ്യമില്ലാത്തതും ഔചിത്യബോധമില്ലാത്തതുമായ പോസ്റ്റിങ്ങുകള്‍ ഇട്ട് സായൂജ്യമടയുന്നവര്‍. ശുഭാപ്തി വിശ്വാസിയായിരിക്കുക എന്നത് പ്രചരിപ്പിക്കുന്നതിനു പകരം പകയും വിദ്വേഷവും ഭയവും ജീവിതത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇവരെ ഒഴിവാക്കുക മാത്രമാണ് ഏക മാര്‍ഗം. സന്തുഷ്ടരായ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശുഭാപ്തി വിശ്വാസമുള്ളവര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ഉത്തേജനം ലഭിക്കുന്നുവെന്നും ഇത് അവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരവും സന്തുഷ്ടമാക്കുന്നുവെന്നുമാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ ഏരിയയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി 11 മുതല്‍ 15 ശതമാനം വരെ കൂടുതല്‍ കാലം ജീവിക്കുന്നു എന്നാണ്.

ശുഭാപ്തിവിശ്വാസികളായ സ്ത്രീകളും കുറഞ്ഞത് 85 വയസ്സ് വരെ ജീവിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്, അതേസമയം പുരുഷ ശുഭാപ്തിവിശ്വാസികള്‍ 70 ശതമാനം കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രധാന ഗവേഷകനും സൈക്യാട്രി പ്രൊഫസറുമായ ലെവിന ലീ പറഞ്ഞു. ശുഭാപ്തിവിശ്വാസികള്‍ പൊതുവെ ഭാവിയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രധാനപ്പെട്ട ഫലങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൊറോണ ഇന്നല്ലെങ്കില്‍ നാളെ കെട്ടുകെട്ടും. പക്ഷേ, അതുണ്ടാക്കുന്ന ഭയത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും അസന്തുഷ്ടിയുടെയും ഭാണ്ഡക്കെട്ട് കൊറോണയുടെ തോളില്‍വച്ച് പറഞ്ഞുവിടുന്നതായിരിക്കും ഒരു ശുഭാപ്തി വിശ്വാസിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക