Image

മദ്യനിരോധാനന്തരാൽ (നമത്)

Published on 04 May, 2020
മദ്യനിരോധാനന്തരാൽ (നമത്)
പറഞ്ഞു കേട്ടടത്തോളം കേരളത്തിലെ മദ്യശാലകൾ അടച്ചിട്ടു കുറേനാളായി. തുളളിയടിക്കുന്നവന് ഒരു ഗതീം പരഗതീമില്ലെന്ന വിലാപവും. ഇടയ്ക്കും തലയ്ക്കും കാണാറുളള വാർത്തകളിലും മദ്യപാനമില്ലാത്തതു കൊണ്ട് പ്രശ്നങ്ങളൊന്നും കണ്ടില്ല. മദ്യം നിരോധിച്ച സ്ഥലങ്ങളിലും ആളുകൾ ജീവിക്കാറുണ്ട്. ജീവിക്കുന്നുമുണ്ട്. ആകെ മദ്യത്തോട് പ്രശ്നമുളളത് മദ്യവിരോധികൾക്കു മാത്രമാണ്. പ്രശ്നം ഒന്നു സ്വയം നല്ലവനാവാനുളള എളുപ്പവഴി ഉപദേശിയാവുന്നതാണെന്നതാണ്. രണ്ടാമത്തേത് ഏതിലും എവിടെയുമെന്ന പോലെ സ്വത്വനിർമ്മിതി.

പക്ഷെ സങ്കല്പവും യാഥാർത്ഥ്യവും പോലെ കടുത്ത അന്തരമുളളത്. അതു പൂർണ്ണമദപൂർണ്ണമിദം എന്ന ശ്ലോകത്തിലു നല്ല ഭേഷായിട്ടു വിവരിച്ചിട്ടുണ്ട്. ഇപ്പോ ഒരുദാഹരണത്തിനു യഥാർത്ഥ ജീവിതത്തിലെ ഗുണ്ടയും അധോലോക നായനാകനുമൊക്കെ വരുമ്പോൾ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് കാണത്തില്ല. മിക്കവാറു ഗുണ്ടകളു, ശരിക്കും ഗുണ്ടാ പ്രതിഭയുളളവരിൽ നല്ലൊരു ശതമാനോം മെലിഞ്ഞു കൊഞ്ചു പോലിരിക്കും. കണ്ടാ ചിലപ്പോ കഞ്ഞി വാങ്ങിക്കൊടുക്കാൻ തോന്നും. ഗുണ്ട ഒരു മനോഭാവമാണ്. ഗുണ്ടത്തണലിലോസുന്ന എർത്തുകളാരേലും തടിമാടൻമാരു കണ്ടാലായി. വെടിക്കലയുളളവരും കണ്ണു ചുവന്നിരിക്കുന്നവരും കുറുമുറെ ശബ്ദമുളളവരും വില്ലന്മാരല്ല. മിക്കവാറും വില്ലന്മാരു നല്ല സുന്ദര കിലാഡികളാണ്. ഓമനത്തോം സംഭാഷണ ചതുരതയും വടിവും വെടുപ്പുമൊക്കെയുളളവര്.

പ്രശ്നം സങ്കല്പത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയുമാണ്. കുപ്പങ്ങളുടെ അടുത്തൊക്കെയുളള കളളുഷാപ്പുകളുണ്ട്. മിക്കവാറും അടിപൊട്ടുവേ കത്തിക്കുത്തു നടക്കുവേം ഒക്കെ ചെയ്യുന്ന സ്ഥലങ്ങൾ. കുറച്ചപ്പറുത്ത് ഇടത്തരം ജാഡത്തെണ്ടികളുടെ ബാറുകാണും. മിക്കവാറും മേശപ്പുറത്ത് ഒരേ മദ്യമാരിക്കും. അളവു പോലും ഏകദേശം സമമാരിക്കും. തമാശ പാവങ്ങളുടെ മേശപ്പുറത്താരിക്കും പ്രീമിയം ബ്രാൻഡുകള് ഓടി നടക്കുന്നത്. ഒരു സാധാരണ മനുഷ്യ ശരീരത്തിനു കൺസ്യൂം ചെയ്യാവുന്നതിനൊരു പരിധിയുണ്ട്, വിസ്തരിച്ചിരുന്ന കഥയൊക്കെ പറഞ്ഞാഘോഷിക്കാനും മാത്രം ആരുടേം നിത്യജീവിതം അത്ര ലക്ഷൂറിയസ്സൊന്നുമില്ല. രണ്ടു മേശകളിലെയും മദ്യം ഒന്നാണ്. എല്ലാ വെട്ടിരുമ്പും ഇന്ത്യൻ നിർമ്മിതവിദേശിയെന്ന മൊളോസ്സസ്സാണ്. രണ്ടിടത്തെയും വ്യത്യാസം മനോഭാവം മാത്രമാണ്.

അതു കുറെ വിദ്യാഭ്യാസത്തിൻ്റെയും ലോകപരിചയത്തിൻ്റെയും ഉപചാരമര്യാദകളുടെയും പ്രശ്നമാണ്. കളളുകുടിച്ചാലും ഇല്ലെങ്കിലും പെരുമാറ്റം ക്ലാസ്സിനനുസൃതമാണ്. എലീറ്റുവൈകൃത്തിൻ്റെയാണേലും മധ്യവർഗ്ഗജാഡത്തെണ്ടിയുടെയാണേലും ചേരിക്ലാസ്സിൻ്റെയാണേലും. കാലാകാലങ്ങളായി കണ്ടീഷൻ ചെയ്തു വെച്ചിരിക്കുന്ന ശീലങ്ങൾ, ചിന്താ പാറ്റേണുകൾ, റിഫ്ലക്സുകൾ. സ്വയം നിരന്തരം കഠിനമായി കാണുന്നവർക്കു മാത്രം തെളിയുന്ന കണ്ണാടിക്കാഴ്ചകൾ. അതൊരു കെണിയാണ്. നായ നായ്ക്കടിൽ പോയാലും നക്കിയേ കുടിക്കു പോലുളള സാമാന്യതത്വ ഉപദേശികളുടെ മൂലാധാരം ആ റിഫ്ലക്സ് പാറ്റേണും. കഠിനമായി ശ്രമിച്ചില്ലെങ്കിൽ എപ്പോഴും ബിലോങ്ങിങ്ങ് ആ പാറ്റേണിലാവും. വൈകുന്നേരം ടൈയും ഷൂവുമൂരിയെറിഞ്ഞേച്ച് ഒറ്റമുണ്ടിടുത്ത് ഗൂഡനിഗൂഡങ്ങളിൽ കാറ്റു കൊളളിക്കുമ്പോഴേ ലവൻ നോർമ്മലാവു. കട്ട അമേരിക്കൻ അക്സൻ്റിലു ഫോൺ മാനറിസ്സങ്ങളു കാണിച്ചേച്ച് ഗ്യാപ്പു കിട്ടുമ്പോൾ കട്ട തൃശൂരു സ്ലാങ്ങിലു ഗഡിയെ വിളിച്ചു തറ പറഞ്ഞാലേ ശ്വാസം കിട്ടത്തൊളള്. അതൊരു റിഫ്ലക്സിൻ്റെ റെസ്പോൺസിൻ്റെ പ്രശ്നമാണ്. ഒരിക്കലും മുക്തിയില്ലാത്ത കെണി. കടുംതണുത്ത രാജ്യങ്ങളിലു ചോറും സാമ്പാറും കഴിക്കുന്നത് ആ കെണിയുടെ ബിലോങ്ങിങ്ങു കൊണ്ടാണ്.

ശിഷ്ടം ക്ലാസ്സു കടന്നു കയറുന്നവരുണ്ട്. കുഗ്രാമക്കാരൊക്കെ കുലുക്കുഴിഞ്ഞു തുപ്പുന്നതു പോലെ അക്സൻ്റിടുന്നതും സോഷ്യൽ ലൈഫിലു കയറുന്നതും ക്ലാസ്സ് എന്ന സാമൂഹിക സത്യത്തിൻ്റെ വേലിചാടിക്കടക്കുന്നതുമെല്ലാം ആ ബിലോങ്ങിനെ തളളിപ്പറഞ്ഞും മോഡിഫൈ ചെയ്തുമാണ്. ബിലോങ്ങിങ്ങ് എന്ന സങ്കല്പ കുമിള പൊട്ടിച്ചാണ്. റിഫ്ലക്സും റെസ്പോൺസും ചിന്തയുടെ പാറ്റേണും മാറ്റിയാണ്. പളുപളുത്ത ജൂബ്ബയിട്ടാൽ കുലീനനും ആഡ്യനുമാവാത്തത് അതു കൊണ്ടാണ്. ചിന്ത എപ്പോഴും കൂതറയായിരിക്കുന്നതു കൊണ്ട്. മദ്യവും അങ്ങനെയൊന്നാണ്. പക്ഷെ സങ്കല്പോം അനുമാനോം എല്ലാം നടത്തുന്നത് ഉപദേശി സമൂഹമാണ്. പ്രശ്നം പല സമൂഹ കണ്ടീഷനിങ്ങുകളുടെയാണ്. ചേരിയിൽ താമസിക്കുന്നവൻ രണ്ടെണ്ണമടിച്ചാൽ കത്തിയെടുക്കണം കുത്തണം. ഉടുമുണ്ടുരിയണം. മധ്യവർഗ്ഗമദ്യവർഗ്ഗം കോണ്ടമിടുന്നതു പോലെ തലയിൽ മുണ്ടിട്ടേ വെളളമടിക്കാൻ പോകാവൊളള്. ഉപരിവർഗ്ഗത്തിൻ്റെ മേശപ്പുറത്ത് എപ്പോഴും വിലകൂടിയ മദ്യം കാണും. നേരത്തെ പറഞ്ഞ മെലിഞ്ഞു തൊലിഞ്ഞ നിത്യജീവിത വില്ലനെ അജാനബാഹുവും സിക്സ്പാക്കുമാക്കുന്ന സമൂഹരചന, കഥ തിരക്കഥ സംഭാഷണം.

മദ്യസങ്കീർണ്ണതിയിലേറ്റവും നികൃഷ്ടം ഈ സമൂഹമനോഭാവ റിഫ്ലക്സ് ആരോപണ നിർമ്മിതികളാണ്. മറ്റെന്തു പോലെയും മൂലാധാരങ്ങളു കാണും.. ശൈശവ പീഡനത്തിൻ്റെ ഇരകളു പൊതുവെ വാതിലോ ജനലോ തുറന്നിട്ടുറങ്ങില്ല, ഇടുങ്ങിയ മുറികളിലോ അപരിചിത സ്ഥലങ്ങളിലോ ഒറ്റയ്ക്കിരിക്കില്ല. ക്ലോസ്ട്രോഫോബിയേടെ ഉത്തുംഗമാരിക്കും. ഫാനിൻ്റടീം പോലും കിടക്കത്താത്തത്ര കടുത്ത ഭയാസക്തിയാരിക്കും. ക്ലിനിക്കൽ കേസ്സ് മൂർച്ഛിച്ചാലുമറിയില്ല. ഒന്നൂതിയാ സെല്ലിനകത്തു കിടക്കാനും മാത്രം എഡ്ജാരിക്കും മിക്ക കേസും. അതേ നിലപാടുതറകളിലും അടിസ്ഥാനങ്ങളിലുമാണ് മിക്കവാറും സമൂഹ മദ്യഫോബിയ. നേരത്തെ പറഞ്ഞ മെലിഞ്ഞു തൊലിഞ്ഞ വില്ലനെ പോലെ സമൂഹമെഴുതുന്ന കഥ തിരക്കഥ സംഭാഷണങ്ങളിൽ മദ്യം വില്ലനാവുന്നു. ഭയവും ഞെട്ടലുമുണ്ടാക്കുന്നു. മനോഭാവ റിഫ്ലക്സ് പ്രശ്നങ്ങൾ. സമീപന രീതികൾ.

അതുകൊണ്ടാണ് ബോംബെ റസ്റ്ററൻ്റുകളിൽ ഒറ്റയ്ക്കു മദ്യപിക്കുന്നവൻ്റെ എതിരിനു കുഞ്ഞുങ്ങളും കുടുംബവും വന്നിരുന്നു തിന്നേച്ചവരവരുടെ വഴിക്കു പോവുന്നതും കേരളത്തിനു പുറത്തെ ബസ്സുകളിലെ സീറ്റുകളിൽ സ്ത്രീപുരുഷഭേദമില്ലാത്തതും. മദ്യം, അതു കഴിക്കുന്നവനും കാണുന്നവനും സമീപനങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും ഫോബിയകളും മാനസിക രോഗങ്ങളുമുണ്ട്. നാട്ടിലടിച്ചു വാളുവെച്ചു റോഡിൽ കിടക്കുന്നവൻ ദുബായിയലോ സിംഗപ്പൂരോ അതു ചെയ്യാത്തതിൻ്റെ കാരണം നിയമവാഴ്ച മാത്രമല്ല. ആണും പെണ്ണുമൊരുമിച്ചിരുന്നു മദ്യപിക്കുന്ന സ്ഥലങ്ങളിലും നിയമത്തിനോ സദാചാരത്തിനോ കുറവൊന്നുമില്ല. അതു ജനം മദ്യപിക്കുന്നതു കൊണ്ടല്ല. മറിച്ച് സ്ത്രീപുരുഷ സമത്വവും വ്യക്തി സ്വാതന്ത്ര്യവുമുളളതു കൊണ്ടാണ്.

മദ്യത്തിൻ്റെ അവസാന സാമൂഹിക അടരിലേക്ക്. എല്ലാ അധിനിവേശങ്ങളിലും മദ്യം വിലക്കപ്പെട്ടിട്ടുണ്ട്. മദ്യം വികാരങ്ങളെ എലവേറ്റു ചെയ്യും. മിക്കവാറും ഈഗോകളെ അഭിമാനബോധങ്ങളെയെല്ലാം. സ്ഥിതപ്രജ്ഞരായ മദ്യപാനികൾ പലപ്പോഴും ഒഴിവുകഴിവായി ഉപയോഗിക്കുന്നത്ര സൂക്ഷ്മഭാവമാണ് ഈ എലിവേഷൻ. അതുകൊണ്ടാണ് മദ്യം വിലക്കപ്പെട്ടതും വിരുദ്ധവും അശുദ്ധനും ആയത്. മദ്യം നൈമിഷകമായി വിധേയരെ റെബലാക്കാനുളള സാധ്യതകളേറെയാണ്. ആ എലവേഷൻ്റെ ഗുണപരമായ ഉപയോഗമാണ് സൈനികമദ്യം. ആ എലവേഷൻ സംഭവിച്ചാൽ പട്ടേലരുടെ സെൻ്റിൻ്റെ മണം പറയുന്ന തൊമ്മി പിച്ചാത്തിപ്പിടി പട്ടേലരുടെ പളളയ്ക്കു കയറ്റും. അതുകൊണ്ടാണ് അധികാരഭാവങ്ങളിൽ മദ്യം നിഷിധമായത്. വേണമെങ്കിൽ രസമുളള ഒന്ന്. പൊതുവെ പബ്ബ് സംസ്കാരമുളള സ്ഥലങ്ങളിൽ സാധാരണക്കാരൻ്റെ നീതിബോധം കൂടുതലാണ്. മദ്യം വില്ലനാവേണ്ടത് പല വ്യവസ്ഥിതികളുടെയും ആവശ്യമാണ്.

സമ്പൂർണ്ണ സമത്വം സോഷ്യലിസ്സം എന്നൊക്കെ പറയുന്ന പോലൊരുട്ടോപ്യയാണ് മനുഷ്യ സമത്വം. മനുഷ്യൻ എന്ന പായ്ക്ക്ഡ് അനിമൽ ദുർബലർക്കു പ്രൊട്ടക്ടീവ് മെഷേഴ്സ് കൊടുക്കുന്നതാണ് സംസ്കാരം. അതില്ലെങ്കിലെന്തു പറ്റും. മറ്റു മൃഗങ്ങളിലെ പോലെ ഏറ്റവും ശക്തനു ചുറ്റും ജനമിടിക്കും. ഏറ്റവും നല്ല ബീജത്തിനു കടിപിടിയാവും. മാന്യന്മാരുടെ വംശം മാത്രമല്ല കച്ചിക്കു തൊടാൻ പറ്റാത്ത ദുർബലന്മാരുടെ വംശവും കുറ്റിയറ്റു പോവും. അതൊഴിവാക്കാനേതോ സൂത്രപ്പണിക്കാരൻ ഭീരുദുർബലൻ കണ്ടു പിടിച്ച വഴിയാണ് വ്യവസ്ഥിതി. മദ്യം ശരിക്കും ഭയപ്പെടുത്തുന്നത് അതു ഹാൻഡിലു ചെയ്യാനറിയാത്ത ദുർബലരെ മാത്രമാണ്.

അതുകൊണ്ടാണ് ഇത്രേം ദിവസം ലോക്കൌട്ട് കഴിഞ്ഞിട്ടും ഒരാകാശവും ഇടിഞ്ഞു വീഴാത്തത്. ഇനിയൊട്ടിടിഞ്ഞു വീഴത്തുമില്ല. പക്ഷെ ഇല്ലാതാവുന്നത് സാമാന്യ വിദ്യാഭ്യാസം നേടിയ സ്വാതന്ത്രമുളള വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം മദ്യപിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുളള അവകാശമാണ്. അതാണ് ഭയപ്പെടുത്തുന്ന നഷ്ടം. മദ്യപാനി, പ്രാഥമികമായി അയാളുടെ മാത്രം ഉത്തരവാദിത്വമാണ്. റോഡരികിൽ കിടന്നാൽ പോലീസുകാരുടെ, മദ്യാസക്തി വന്നാൽ ഡോക്ടറുടെ. അതല്ലാതെ വേറെയാർക്കും അതിലൊരു പങ്കുമില്ലാത്ത പെഴ്സണൽ ഡാറ്റയാണ് മദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക