Image

മലയാളിയോടാ മക്ഡൊണാൾഡ്സിന്റെ കളി (ജോര്‍ജ് തുമ്പയില്‍)

Published on 06 May, 2020
മലയാളിയോടാ  മക്ഡൊണാൾഡ്സിന്റെ കളി (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: റേ ക്രോക്ക് തുടങ്ങിവെച്ച മക്‌ഡോണള്‍സിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ മക്കളും കൊച്ചുമക്കളും ഇനിയൊരിക്കലും ഇത്തരത്തിലുള്ളൊരു ചാരിറ്റിപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. മലയാളിയോടല്ലേ കളി!

രണ്ടാഴ്ചകള്‍ക്കു മുന്‍പാണ് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മക്‌ഡോണള്‍സ് സൗജന്യ സാന്‍ഡ്‌വിച്ച് മീലുകള്‍ നല്‍കുമെന്ന് അറിയിച്ചത്. ഇതാദ്യം മലയാളികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തതുമാണ്. ഏതു സമയത്തെ മീലും കിട്ടുമെന്ന് അറിയിപ്പുണ്ടായിരുന്നു. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്, ഉച്ചയ്ക്ക് ലഞ്ച്, വൈകുന്നേരം ഡിന്നര്‍. ഏതു വേണമെങ്കിലും വന്നോ, വാങ്ങിച്ചോ, കഴിച്ചോ എന്നതായിരുന്നു അവരുടെ വാഗ്ദാനം. മീല്‍ എന്ന് പറയുമ്പോള്‍ സാന്‍ഡ്‌വിച്ചും ഫ്രൈസും, ഏതു സൈസിലുമുള്ള ഒരു ഡ്രിങ്കും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന ആത്മഗതത്തോടെ ഒന്നാം ദിവസം രാവിലെ തന്നെ ജോലിക്കു പോകുന്ന വഴി ഈസ്റ്റ് ഹാനോവറിലെ മക്‌ഡോണള്‍സില്‍ കയറി. ഡ്രൈവ് ത്രൂവിലെ ആദ്യ മനുഷ്യരഹിത കൗണ്ടറില്‍ കയറി ഓര്‍ഡര്‍ ചെയ്ത് മുന്നോട്ടു നീങ്ങി. രണ്ടാം കൗണ്ടറില്‍ ഐഡി കാര്‍ഡ് ഉത്സാഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചപ്പോള്‍ തമ്പ്‌സ് അപ്പ് നല്‍കി മൂന്നാം കൗണ്ടറിലേക്ക് ആനയിച്ചു. മൂന്നാം കൗണ്ടറില്‍ ഭക്ഷണ പാക്കറ്റ് റെഡി. അപ്പോള്‍ മനസിലൂടെ പോയത് സിസിടിവിയിലൂടെ അവര്‍ കാറിന്റെ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ നോട്ട് ചെയ്തു കാണുമെന്നായിരുന്നു. അതു കൊണ്ടു തന്നെ അന്ന് ഉച്ചയ്ക്കും വൈകുന്നേരവും മക്‌ഡോണള്‍സ് സന്ദര്‍ശിച്ചില്ല. ഔദാര്യം കിട്ടുന്നിടത്ത് ഔചിത്യം കാണിക്കണമല്ലോ.

രണ്ടാം ദിവസവും ബ്രേക്ക്ഫാസ്റ്റ് സന്ദര്‍ശനം നടന്നു. ഐഡി കാര്‍ഡിലേക്ക് പ്രത്യേക നോട്ടമില്ലെന്നു മനസിലായി. ഒന്ന് മിന്നായം പോലെ പൊക്കി കാണിച്ചാല്‍ മതി. എന്നാല്‍പ്പിന്നെ സൂപ്പര്‍വൈസേഴ്‌സിനോടു പറഞ്ഞ് ഉച്ചയ്‌ക്കൊരു ഇണ്ടന്‍ വിസിറ്റ് മക്‌ഡോണള്‍സിലേക്ക് നടത്തിയാലോ എന്നൊരു ചിന്ത മനസ്സില്‍ മൊട്ടിട്ടു. ഉച്ചയ്‌ക്കൊരു ഡബിള്‍ ചീസ് ബര്‍ഗര്‍ കഴിച്ചാലെന്താ കയ്ക്കുമോ? വെച്ചു പിടിച്ചു- ആശുപത്രിക്കടുത്തുള്ള മക്‌ഡോണള്‍സിലേക്ക്. പതിവു പോലെ ഐഡി കാര്‍ഡ് പൊക്കിപിടിച്ചു കൊണ്ട്, തംപ്‌സ് അപ്പ് അഭിവാദ്യം സ്വീകരിച്ചു കൊണ്ടു ഡെലിവറി കൗണ്ടറിലേക്ക്. വലിയ ചെക്കിങോ, കര്‍ശന നിബന്ധനകളോ എന്നൊന്നില്ലെന്നത് ഏറെക്കുറെ മനസ്സിലായി. സിസിടിവിക്ക് ഇവിടെ പറയത്തക്ക റോളും ഇല്ലെന്നുള്ളതും ഉറപ്പാക്കി.
രണ്ടു ദിവസങ്ങളില്‍ കിട്ടിയ സ്വീകരണവും പ്രശ്‌നമില്ലായ്മയും മൂന്നാമത്തെ ദിവസം വല്ലാത്തൊരു ആശ്വാസമായി. വളരെ കൂളായി, മൂന്നു നേരവും കയറിയിറങ്ങി. പൊതുജനം എന്തു കൊണ്ടാണ് ഇവിടുത്തെ സാന്‍ഡ് വിച്ചിനെയും ഫ്രൈസിനെയും ജംക്  ഫുഡ് എന്നു വിളിക്കുന്നതെന്ന് ഇതുവരെയും മനസിലായില്ല.

നാലാം ദിവസമായപ്പോഴേയ്ക്കും ഇതു കൊള്ളാമല്ലോയെന്ന് മനസിന് അകത്തിരുന്ന് ആരോ മന്ത്രിക്കുന്നതായി തോന്നി. കൗണ്ടറില്‍ ഇരുന്ന സെയില്‍സ് ഗേളിന് മുഖപരിയം ആയി തുടങ്ങി. ആക്കിച്ചിരിച്ചതാണോ അതോ ആദരവ് കാണിച്ച് ചിരിച്ചതാണോ എന്നു തിരിച്ചറിയാന്‍ പാടില്ലാത്തൊരു തരം ചിരി ആ മുഖത്ത് കണ്ടു. ഈ സൗജന്യകൃഷി കൊള്ളാമല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടും അടുത്ത ദിവസത്തെക്കുറിച്ച് പ്ലാന്‍ ചെയ്തു കൊണ്ടും വണ്ടിവിട്ടു.
അഞ്ചാം ദിവസം, കുറച്ച് സാഹസികമായിക്കോട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വൈകുന്നേരം ജോലിയില്‍ നിന്നിറങ്ങിയത്. കംപല്‍സീവ് ഇംപള്‍സ് കാര്യമായി പ്രവര്‍ത്തിച്ചു തുടങ്ങി. ആശുപത്രി സ്ഥിതി ചെയ്യുന്ന ന്യൂവാര്‍ക്കില്‍ നിന്നും ഈസ്റ്റ് ഹാനോവറിലെ വീട്ടിലെത്തണമെങ്കില്‍ യൂണിയന്‍, സ്പ്രിങ്ഫീല്‍ഡ്, സമ്മിറ്റ്, ചാത്തം, ഫ്‌ളോറംപാര്‍ക്ക് എന്നീ ടൗണ്‍ഷിപ്പുകളിലൂടെ വണ്ടിയോടിക്കണം. ന്യൂവാര്‍ക്കും ഈസ്റ്റ് ഹാനോവറും ഉള്‍പ്പെടെ ഏഴു ടൗണ്‍ഷിപ്പുകളിലൂടെ യാത്ര. ഈ ടൗണ്‍ഷിപ്പുകൡലൊക്കെ ഒന്നില്‍ കൂടുതല്‍ മക്‌ഡോണള്‍സുകളുണ്ട്. ഓരോ സ്‌റ്റോറും സ്വതന്ത്രമാണ്. 

ഫ്രാഞ്ചൈസികളാണ്. അതു കൊണ്ട് ഈ സ്റ്റോറുകള്‍ തമ്മില്‍ യാതൊരു സമ്പര്‍ക്കവും ഇല്ലെന്നും മനസ്സിലാക്കി.പാര്‍ക്ക് വേയുടെ അരികത്തുള്ള യൂണിയനിലെ മക്‌ഡോണള്‍സില്‍ തുടക്കം. ഐറ്റംസ്- ഡബിള്‍ ചീസ് ബര്‍ഗര്‍, ഫ്രൈസ്, ലാര്‍ജ് ഡയറ്റ് കോക്ക്. സ്പ്രിങ്ഫീല്‍ഡില്‍ നിന്നും ചിക്കന്‍ നഗ്ഗറ്റ്‌സും, ഫ്രൈസും, ലാര്‍ജ് സ്‌പ്രൈറ്റും. സമ്മിറ്റില്‍ നിന്ന് ഫിഷ് ബര്‍ഗറും ഫ്രൈസും ലാര്‍ജ് കാപ്പിയും. ഇനിയിപ്പോള്‍ ഡ്രിങ്ക് കപ്പുകള്‍ വെക്കാന്‍ ഇടയില്ല. ഉണ്ടായിരുന്ന മൂന്ന് കപ്പ് ഹോള്‍ഡറുകളും നിറഞ്ഞിരിക്കുന്നു. ചാത്തത്തില്‍ എത്തിയപ്പോള്‍ വീണ്ടും ഐറ്റം ഒന്നിലേക്ക് ഡബിള്‍ ചീസ് ബര്‍ഗര്‍ (ഈ മൂന്ന് ഐറ്റങ്ങള്‍ മാത്രമേ സൗജന്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുള്ളു.) പിന്നെ ഫ്രൈസും പതിവ് ലാര്‍ജ് ഡ്രിങ്കും. 

ഇത് താഴെ പോകാതെ സൂക്ഷിക്കാന്‍ നാലു കപ്പുകള്‍ വെക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ വാങ്ങി വണ്ടിയുടെ തറയില്‍ വച്ചു. ഫ്‌ളോറംപാര്‍ക്കിലും ഈ അഭ്യാസം തുടര്‍ന്നു. ലാസ്റ്റ് സ്റ്റോപ്പായ സ്വന്തം തട്ടകമായ ഈസ്റ്റ് ഹാനോവറില്‍ എത്തി കൈയുയര്‍ത്തി കണ്ണ് കൊണ്ട് കുശലപ്രശ്‌നം നടത്തി. ചിക്കന്‍ നഗ്ഗറ്റ്‌സും ഫ്രൈസും മാത്രം മതിയെന്ന ഔദാര്യം അവരോടു കാണിച്ചു കൊണ്ട് വണ്ടി നിറയെ മക്‌ഡൊണാള്‍സ് നല്‍കിയ ഔദാര്യവുമായി മൂക്കിന്റെ പാലം തകര്‍ത്തു കൊണ്ട് ഇരച്ചുകയറിയ ഫ്രൈസിന്റെ മണവുമായി വീട്ടിലേക്ക് വെച്ചുപിടിച്ചു. ഇതിനിടയില്‍, വീട്ടിലെത്തേണ്ട സമയം അതിക്രമിച്ചതു കൊണ്ട് വീട്ടില്‍ നിന്നും വിളിയും വന്നിരുന്നു. വണ്ടിയിലെ ഫ്രൈസ് മണം മാറണമെങ്കില്‍ ഇനി മുപ്പതു ഡോളര്‍ കൊടുത്ത് സാനിറ്റൈസ് ചെയ്‌തെടുക്കണമെന്നു തോന്നുന്നു. ഡ്രൈവ് വേയില്‍ വണ്ടി നിര്‍ത്തി ഏഴു പാക്കറ്റുകളും ആറ് ഡ്രിങ്കുകളും ഡൈനിങ് ടേബിളില്‍ എത്തിക്കാന്‍ കുറെ പാടുപെട്ടു.

മക്‌ഡോണള്‍സിനു പണികൊടുത്ത്, നാടായ നാടൊക്കെ വണ്ടിയോടിച്ച് എവറസ്റ്റ് കയറിയ പര്‍വ്വതാരോഹകനെ പോലെ ഭാര്യയുടെ ആഹ്ലാദാരവങ്ങള്‍ ഏറ്റുവാങ്ങാന്‍ റെഡിയായി നിന്നു. മുകളില്‍ നിന്നിറങ്ങി വന്ന ഭാര്യയുടെ മുഖത്തെ ഭാവഭേദങ്ങള്‍ ജഗതി ശ്രീകുമാറിന്റെ നവരസങ്ങളെ തോല്‍പ്പിക്കുന്നതായിരുന്നു. പക്ഷേ, ഓര്‍ഡര്‍ ക്രമമായിരുന്നില്ലെന്നു മാത്രം.

ശൃംഗാരത്തില്‍ തുടങ്ങി- 'ആഹാ വന്നോ? എന്താ ലെയ്റ്റ് ആയത്?' ഒരു ലാസ്യഭാവം.

ഹാസ്യത്തിന് ഒരു അപഹാസ്യത്തിന്റെ മണമുണ്ടായിരുന്നോ എന്നൊരു സംശയം- 'കുറേ, തീറ്റി സാധനങ്ങള്‍ ഉണ്ടല്ലോ, എന്ത് ഭാവിച്ചാ?'

കരുണയിലേക്ക് കടന്നപ്പോള്‍ മുഖത്ത് ഒരു അരുണിമ പടര്‍ന്നിരുന്നോ എന്നൊരു തോന്നല്‍, 'നന്നായി, എനിക്കിനി ഒന്നും ഉണ്ടാക്കണ്ടല്ലോ?'

വീരം എടുത്തപ്പോള്‍ വീരശൂര പരാക്രമിയായ ഭര്‍ത്താവിന് അനുമോദനമാകുമെന്ന് കരുതിയത് തെറ്റി- 'എന്നാലും ഇത്രയും സാധനങ്ങള്‍, ഇതെങ്ങനെ തീര്‍ക്കും?'

രൗദ്രത്തിലേക്കുള്ള ഭാവമാറ്റം പെട്ടെന്നായിരുന്നു- 'മനുഷ്യാ, നെഞ്ചിനകത്ത് നാലു സ്റ്റെന്റ് ഉണ്ടെന്ന കാര്യം മറന്നു പോയോ? ഈ ജംഗ് ഫുഡ് എല്ലാം വലിച്ചു കയറ്റിയാല്‍ അഞ്ചാമത്തേതിന് അധിക താമസമൊന്നും വേണ്ടി വരില്ല.'

ഭയാനകം, അതിഭീകരമായിരുന്നു- 'പൊക്കി എടുത്തോണ്ട് വന്നിരിക്കുന്നു, തന്നെ തിന്നോ? കൂട്ടുകാരെ കൂടി വിളിച്ചോ?' 
ബീഭത്സ്യം കണ്ടെന്നു തോന്നുന്നില്ല. 

ഇതികര്‍ത്തവ്യമൂഢനായെന്നോ ഇടിവെട്ടിന്റെ ബാക്കിപത്രമായെന്നോ പിടികിട്ടിയില്ല. 
അത്ഭുതത്തിനും ശാന്തത്തിനും പ്രത്യേക റോളൊന്നുമില്ലാതിരുന്നതു കൊണ്ടാവാം മനസ്സ് ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ മുന്‍പിലൊരു വെളിച്ചപ്പാടത്തി ഉറഞ്ഞു തുള്ളുന്നതു മാത്രം, ഒരു മാത്ര കണ്ടു.

ദേഷ്യത്തിന്റെ പാരമ്യത അവസാനിച്ചപ്പോള്‍ പിന്നെ പറഞ്ഞതൊന്നും തലയിലേക്ക് കയറിയതേയില്ല. ബോധം വന്നപ്പോള്‍ ഡൈനിങ് ടേബിളിനോട് ചേര്‍ന്ന കസേരയിലാണ് ഇരിക്കുന്നതെന്നു മനസിലായി. ഫ്രണ്ട് ലൈന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മക്‌ഡോണള്‍സിന്റെ സൗജന്യ ബര്‍ഗര്‍പായ്ക്കറ്റുകള്‍ ട്രിഷ്‌കാനിലേക്ക് പോകുന്നത് കാണുന്നുണ്ടായിരുന്നു.

പത്തായത്തില്‍ നെല്ല് ഉണ്ടെങ്കില്‍ എലി പാലക്കാട്ട് നിന്നും വണ്ടി പിടിച്ചുവരുമെന്നു കേട്ടിട്ടുണ്ട്. മൊട്ടു സൂചി ആണെങ്കിലും ഫ്രീ ആണെങ്കില്‍ മലയാളി 25 ഡോളര്‍ ടോള്‍ കൊടുത്ത് 10 ഡോളറിന്റെ ഗ്യാസും അടിച്ച് പാലം കയറിയിറങ്ങി എത്തുമെന്നത് മക്‌ഡോണള്‍സുകാരെ ആരാണ് ഒന്നു പറഞ്ഞ് മനസ്സിലാക്കുക. മലയാളി, ഡാ!

പിന്‍കുറിപ്പ്: ഫ്രീ മീല്‍ ആഹ്വാനത്തില്‍ ആവേശം പൂണ്ട് ഇനിയാരും മക്‌ഡോണള്‍സില്‍ ലൈന്‍ നില്‍ക്കേണ്ട ആവശ്യമില്ല എന്നോര്‍മ്മിപ്പിക്കുന്നു. ഏപ്രില്‍ 22-ന് തുടങ്ങിയ സൗജന്യ ഓഫര്‍ ഇന്നലെ മേയ് 5-ന് അവസാനിച്ചു എന്ന വാര്‍ത്തയും എല്ലാ ജംഗ് ഫുഡ് പ്രേമികളെയും അറിയിക്കുന്നു.

മലയാളിയോടാ  മക്ഡൊണാൾഡ്സിന്റെ കളി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
പി പി ചെറിയാൻ ,ഡാളസ് 2020-05-06 12:09:25
അതി സരസമായ വിശകലനം!!! അതോടൊപ്പം മലയാളി മനസിന്റെ തുറന്നിട്ട വാതായനത്തിലേക്കു ഒരു എത്തിനോട്ടവും
എ.സി.ജോർജ് ഹ്യൂസ്റ്റൺ 2020-05-06 16:20:20
എൻ്റെ ജോർജ് തുമ്പ സാറേ: ഇവിടെ ഞാൻ അറിയുന്ന ഒരു ഹ്യൂസ്റ്റൺ മലയാളി നേഴ്സ് ഭാര്യയുടെ ഐഡിയും കുത്തി കുറച്ചു ദിവസമായി ഒരു 10 മാഗ്‌ടോണാൾസിൽ എങ്കിലും ഡ്രൈവ് ഇൻ വിൻഡോയിൽ പോയി കുറച്ചധികം വിവിധതരം നമ്പർ one ടു മീൽസ് എന്നൊക്കെ പറഞ്ഞു കോക്കുകൾ സഹിതം വണ്ടിയുടെ അകത്തും ഡിക്കിയിലും ഫുഡ് വാങ്ങി നിറച്ചു വീട്ടിൽ വരിക പതിവാക്കി. പുള്ളിയുടെ വീട്ടിലെ അടുപ്പെരിഞ്ഞിട്ടു കുറെ നാളുകളായി. കൊച്ചുപിച്ചടക്കം മക്‌ഡൊണാൾഡിലെ ഫ്രീ തീറ്റ. ഫ്രീ അല്ലേ? പറ്റുന്ന അത്ര ഇങ്ങു പോരട്ടേ? ഞങ്ങൾ ഞാനും ഭാര്യയും വയസ്സരും റിടൈരീസും ആയതിനാൽ ആ ഫ്രീയും പോയി. വീട്ടിൽ ജയിൽ വാസിയേപ്പോലെ നിങ്ങൾ ഒക്കെ എഴുതുന്നതും വായിച്ചു കുത്തിഇരിപ്പാ. മുകളിലിൽ പറഞ്ഞ മലയാളികൾ പുര കത്തുമ്പോൾ വാഴ വെട്ടോടു വെട്ട് . അവരു കുറച്ചധികം ഫ്രീ വാങ്ങി അവരുടെ ഫ്രീസറിലും കുത്തി നിറച്ചു. ബാക്കി വന്നതു കൊണ്ടു വന്നു എൻ്റെ ഫ്രീസറിലും കുത്തിക്കേറ്റി. എന്നാലും ഒന്നു താൻ എടുത്തോ എന്നു പറഞ്ഞില്ലാ. ഒരു പക്ഷേ ഒരു ബിഗ്‌മാക്കും ഫ്രഞ്ച് friyum നീട്ടിപിടിച്ചു എനിക്കു ദാനം ചെയ്‌യുന്ന ഫോട്ടോ എടുക്കാൻ വരുമായിരിക്കും. അതു പത്രത്തിൽ കൊടുത്തു പേരെടുക്കാൻ വരാൻ സാധ്യതയുണ്ട് . free വലിച്ചുകേറ്റി അതിസാരം പിടിച്ചിട്ടുണ്ടാകണം. അതാകും ഫോട്ടോ സെഷനും വാർത്തക്കും വരാൻ താമസിക്കുന്നതു. ഏതായാലും ഇതു നല്ല ഒരു കൊറോണാ കാല ഫലിതം ആയി കേട്ടോ തുമ്പ സാറേ?
George Thumpayil 2020-05-06 21:04:36
Thank you Cherian Sir and A C George Sir. Appreciate your positive comments.
George Thumpayil 2020-05-06 21:22:40
Also Sri Ponmelil Abraham, appreciate your comments. Truly inspiring. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക