Image

അമ്മേ നന്ദി (ജെ. മാത്യൂസ്)

ജെ. മാത്യൂസ് Published on 09 May, 2020
അമ്മേ നന്ദി (ജെ. മാത്യൂസ്)
അസ്തിത്വത്തിന്റെ ആരംഭം നീയാണ്.
എന്റെ ചൈതന്യചലനങ്ങള്‍ ആദ്യമായി അനുഭവിച്ച് ആനന്ദിച്ചവള്‍.
എന്റെ ശരീരപുഷ്ടിക്കാവശ്യമായ പോഷകങ്ങള്‍ സ്വന്തം രക്തത്തില്‍ നിന്ന് ദാനം ചെയ്തവള്‍....
സ്‌നേഹചുംബനങ്ങള്‍കൊണ്ടെന്നെ ആദ്യമായി ഇക്കിളിപ്പെടുത്തിയവള്‍-
എന്റെ നൊമ്പരങ്ങളില്‍ എന്നേക്കാള്‍ വേദനിച്ചവള്‍-
എന്റെ വീഴ്ചകളില്‍ എന്നെക്കാള്‍ താഴ്ന്നുപോയെന്നു വിലപിച്ചവള്‍....
എന്റെ ഉയര്‍ച്ചകളില്‍ എന്നെക്കാള്‍ അഭിമാനിച്ചവള്‍...
എന്റെ ദാഹത്തിനും വിശപ്പിനും ആദ്യമായി ശമനം വരു്ത്തിയവള്‍....

എന്റെ വളര്‍ച്ചകള്‍ അനുദിനം അളന്നറിഞ്ഞ് ആനന്ദിച്ചവള്‍....
എന്റെ വലിയ തെറ്റുകള്‍ക്കുപോലും ദയാഹര്‍ജി നോക്കാതെ മാപ്പു നല്‍കിയവള്‍....
അമ്മേ! അവളാണ് നീ!

കളിച്ച് കൈപൊക്കി ഞാന്‍ അടിച്ചത്, നിന്റെ കരണത്ത് പതിച്ചപ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞത് എന്റെ കരുത്തു കണ്ടുള്ള സന്തോഷംകൊണ്ടായിരുന്നു.

ഇക്കിളിക്കൊള്ളുന്ന കട്ടിയുള്ള മോണകള്‍ കൊണ്ട് ഞാന്‍ നിന്റെ മുലഞെട്ടില്‍ കടിച്ചപ്പോള്‍ നിനക്കുണ്ടായ നൊമ്പരം മാതൃത്വത്തിന്റെ മാധുര്യത്തില്‍ നീ ചവച്ചിറക്കി.
നിനക്ക് പ്രതിഫലം തരാനാണെന്റെ വ്യാമോഹം!

ഒരു തട്ടില്‍ നിന്റെ കണക്കില്ലാത്ത ത്യാഗങ്ങള്‍, മറുതട്ടില്‍ എനിക്കുള്ളതെല്ലാം.... ഒരു തുലാഭാരം!

എനിക്കുള്ളതെല്ലാം കൂട്ടി, ഗുണിച്ച് ഇരട്ടിയാക്കിയാലും നീ എനിക്കുവേണ്ടി പൊഴിച്ച ഒരു തുള്ളി കണ്ണീരിന്റെ പോലും മൂല്യമില്ലെന്നറിയുമ്പോള്‍ എന്റെ തല താഴ്ന്നു! നിന്റെ ത്യാഗങ്ങളുടെ തട്ട് മൂല്യഭാരം കൊണ്ട് താഴ്ന്നുനില്‍ക്കുമ്പോള്‍, എന്റെ നേട്ടങ്ങള്‍ പതിരുപോലെ പൊങ്ങിപ്പോകുന്നു.

അപ്പോള്‍ എനിക്ക് തിരിച്ചറിവുണ്ടാകുന്നു.

മാതൃത്വമേ, നിന്റെ മഹത്ത്വത്തിന് തുല്യമായി മറ്റൊന്നുമില്ല, മാതൃത്വം മാ്ത്രം!
അതിന് പ്രതിഫലം തരാമെന്ന് അഹങ്കരിച്ചത് എന്റെ അല്പത്വമാണ്.

കുറ്റബോധംകൊണ്ട് എന്റെ തല താഴുന്നു....

ഈ കുറ്റത്തിനും നീ മാപ്പു തരും; അത്രകണ്ട് ആഴമുള്ളതാണ് മാതൃത്വത്തിന്റെ കാരുണ്യം.

താഴ്ന്ന ശിരസ്സോടെ, കൂപ്പിയ കൈകളോടെ എന്റെ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അമ്മേ, നിനക്കുള്ള പ്രതിഫലം രണ്ടക്ഷരങ്ങളില്‍ ഞാന്‍ വികസിപ്പിക്കട്ടെ, 'നന്ദി'.

അമ്മേ നന്ദി (ജെ. മാത്യൂസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക