Image

കുവൈത്തില്‍ മേയ് 10 മുതല്‍ 30 വരെ സന്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Published on 09 May, 2020
കുവൈത്തില്‍ മേയ് 10 മുതല്‍ 30 വരെ സന്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം മേയ് 10 (ഞായര്‍) മുതല്‍ 30 വരെ രാജ്യത്ത് സന്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണു തീരുമാനം. നിലവില്‍ വൈകുന്നേരം 4 മുതല്‍ രാവിലെ 8 വരെയാണു കര്‍ഫ്യൂ സമയം. ഇത് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ മേയ് 30 വരെ സമ്പൂര്‍ണ ലോക്ക് ഡൗണായി തുടരും.

മന്ത്രിസഭയുടെ ലോക്ക് ഡൗണ്‍ തീരുമാനങ്ങള്‍ ചുവടെ:

* മേയ് 10 (ഞായര്‍) വൈകുന്നേരം 4 മുതല്‍ 30 (ശനി) രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

* ഹോം ഡെലിവെറി സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

* എക്‌സിറ്റ് പെര്‍മിറ്റുകള്‍ അത്യാവശ്യ വകുപ്പുകളിലെ ജോലിക്കാര്‍ക്കായി മാത്രമായി പരിമതപ്പെടുത്തും.

* ആറ് ഗവര്‍ണറേറ്റുകളിലായി എമര്‍ജന്‍സി മെഡിക്കല്‍ ടീമുകളെ സജ്ജരാക്കും.

* വൈകുന്നേരം 4:30 മുതല്‍ 6:30 വരെ പൗരന്‍മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കാല്‍നടയായി യാത്രകള്‍ അനുവദിക്കും. വാഹനങ്ങളും ട്രാന്‍സ്‌പോര്‍ട്ടേഷനും അനുവദിക്കില്ല. കാല്‍നട യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുകയും ഫേസ് മാസ്‌കും ധരിക്കുകയും വേണം.

* സര്‍ക്കാര്‍ തലത്തിലെ ജോലികള്‍ പരിമതപ്പെടുത്തുകയോ റിമോട്ട് ആയി ജോലി ചെയ്യുന്ന സംവിധാനമോ ഏര്‍പ്പെടുത്തും.

* ആവശ്യ സര്‍വീസുകളായ എയര്‍ കണ്ടീഷനിംഗ് , മെയിന്റനന്‍സ് കമ്പനികള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

* സ്വകാര്യ മേഖല പരിപൂര്‍ണ്ണമായി അടക്കും. കോവിഡ് പ്രതിരോധവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകമായ അനുമതി നല്കും.

* പ്രിന്റ് പേപ്പറുകളും മാസികകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

*കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലും പാചക ഗ്യാസ് വിതരണ കേന്ദ്രങ്ങളിലേക്കും പ്രീ-ബുക്കിംഗ് അപ്പോയിന്റ്‌മെന്റുകള്‍ വഴി സാധനങ്ങള്‍ ബുക്കു ചെയ്യാനുള്ള സൗകര്യം ഒരുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക