Image

വിനാശം വിതച്ചുവെങ്കിലും....... (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 09 May, 2020
വിനാശം വിതച്ചുവെങ്കിലും....... (ഡോ. നന്ദകുമാര്‍ ചാണയില്‍)
കൊറോണയുടെ ആരംഭം മുതല്‍ മാധ്യമങ്ങളിലെല്ലാം തല്‍സംബന്ധിയായുള്ള ലേഖനങ്ങളും, കവിതകളും, കഥകളുമായി, ഒരുവിധത്തില്‍ പറഞ്ഞാല്‍  ഒരു മത്സരമെന്നു തോന്നുമാറുള്ള എഴുത്തുകാരുടെ കുത്തൊഴുക്കുതന്നെ. കൊറോണമൂലമുള്ള കെടുതികള്‍, ദുരന്തങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, സ്വജീവിതം ബലികൊടുത്തു

ത്യാഗമനസ്ഥിതിയോടെ ആതുരസേവാരംഗത്തു അഹോരാത്രം പോരാടിക്കൊണ്ടിരിക്കുന്നവര്‍, ആ പോരാട്ടത്തിന്നിടക്ക് മരണത്തിനു വിധേയരായവര്‍, അങ്ങിനെ പോകുന്നു എഴുത്തുകാരുടെ കാലികപ്രസക്തിയുള്ള കലാസൃഷ്ടികള്‍. അഭിനന്ദനീയംതന്നെ. അങ്ങിനെ വിവിധവ്യഥകള്‍ എരിപിരികൊണ്ടിരിക്കുമ്പോള്‍, എന്റെ ചിന്തയിലുദിക്കുന്നതു മാനവരാശിക്ക് ഈ ദുരന്തം കൊണ്ട് നേടിയ നേട്ടങ്ങളെപ്പറ്റിയാണ്. ഇനി നേട്ടങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാര്‍ എന്തോ ഒരു പന്തികേടുള്ളതായി തെറ്റിദ്ധരിച്ചേക്കാം.
     
അന്തരീക്ഷ മാലിന്യത്തില്‍ കുറവ് വന്നതാണ് ഒരു സുപ്രധാന നേട്ടം. ആകാശത്തിലും, ഭൂമിയിലും, ജലാശയങ്ങളിലും മനുഷ്യര്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ക്കു കുറച്ചു ശമനം വന്നിട്ടുണ്ട്. നിരത്തിലും,ആകാശത്തിലും, ജലത്തിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാല്‍ അന്തരീക്ഷദുഷിപ്പ് സാധാരണഗതിയില്‍ ലഘൂകരിക്കാവുന്നതിലുമധികം കുറക്കാറായി. ഇതൊരു നിസ്സാര കാര്യമല്ല. പ്രത്യേകിച്ച് ഭാരതപ്പുഴയും, പെരിയാറും, പമ്പയാറുമൊക്കെ ഒഴുകുന്ന, എന്നാല്‍ മാലിന്യകൂമ്പാരങ്ങള്‍ക്കു കേളികേട്ട സസ്യശ്യാമള കേരളത്തില്‍.
     
ആഡംബരങ്ങളുടെയും അത്യാവശ്യമല്ലാത്ത ആഘോഷങ്ങളുടെയും അഭാവമാണ് മറ്റൊരു നേട്ടം. അങ്ങിനെ പാഴ്ചിലവുകളും കുപ്പത്തൊട്ടികളിലേക്കു വലിച്ചെറിയപ്പെടുമായിരുന്ന ഭക്ഷ്യവിഭവങ്ങളുടെ ധൂര്‍ത്തും ഒഴിവാക്കാനായിട്ടുണ്ട്. ഇതെല്ലാം നാം അറിയാതെ സംഭവിച്ചുപോയതാണെങ്കിലും, നമുക്കും വരാന്‍ പോകുന്ന  തലമുറക്കും അനുകരണീയമായ മാത്യുകയാക്കി തുടര്‍ന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
     
ഈ വിപത്തു മാനവരാശിയില്‍ സഹജീവിസ്‌നേഹം, അനുകമ്പ, കാരുണ്യം എന്നീ മൂല്യങ്ങള്‍ പതിവിലധികം പുറത്തുകൊണ്ടുവരുന്നതില്‍ വളരെ സഹായകമായിട്ടുണ്ട്.  നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ വില്പന ഗണ്യമായി കൂടിയതായി ടിവിയില്‍ കണ്ടു. അയല്‍പക്കക്കാരിലും, ബന്ധുമിത്രാദികളിലും, അപരിചിതരില്‍പ്പോലും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള സന്നാഹത്തിനു ആക്കം കൂട്ടിയിട്ടുണ്ടെന്നുള്ളതും സ്തുത്യര്‍ഹമാണ്. ഇതുമൂലം തമ്മില്‍ തമ്മില്‍ അഭൂതപൂര്‍വമായ ഒരു മനസികൈക്യവും മൊത്തത്തില്‍ സംജാതമായിട്ടുണ്ട്.

നമ്മുടെ മുന്‍ഗാമികളും, നമ്മുടെ തലമുറയും ഭൂകമ്പം, പ്രളയം, എന്നീ പ്രകൃതി ക്ഷോഭങ്ങളെയും,യുദ്ധക്കെടുതികളെയും, മഹാമാരികളെയും അതിജീവിച്ചാണല്ലോ കരകേറിയിരിക്കുന്നതു. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ആല്‍മധൈര്യവും ഭാവി തലമുറയ്ക്ക് കാലാകാലത്തോളം ഉത്തേജനകമാക്കാനുള്ള ശുഭാപ്തിവിശ്വാസവും കൈമാറാന്‍ ഈവിപത്ത് നമ്മെ സജ്ജമാക്കും.
     
ധാരാളം ഒഴിവുസമയം ലഭ്യമായതിനാല്‍, ആളുകള്‍ക്ക്  തങ്ങളുടെ കലാവാസനകള്‍ പൊടി  തട്ടിയെടുത്തു പരിപോഷിപ്പിക്കാനും അവസരം ഒരുങ്ങി. അതേപോലെ തീന്‍മേശക്കുചുറ്റും വ്യത്യസ്ത സമയങ്ങളിലല്ലാതെ ഒത്തുകൂടാനും ആശയവിനിമയം നടത്താനും ഉള്ള അവസരവും കിട്ടി. കൂടാതെ, സൈബര്‍മോഷണം ഒഴിച്ച്, മറ്റെല്ലാ മോഷണങ്ങളടക്കുള്ള കുറ്റകൃത്യങ്ങള്‍ക്കും വളരെ കുറവ് വന്നിട്ടുള്ളതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നതും അഭിലഷണീയം തന്നെ. സാധാരണഗതിയില്‍, ദൈനംദിന ജീവിതത്തിനുള്ള പരക്കംപാച്ചിലിനിടയില്‍, ‘സാമീപ്യ സമ്പര്‍ക്കമലഭ്യമായി’  എന്ന രീതിക്കു അയവു വന്നതും ശുഭോദര്‍ക്കമല്ലെ!
     
കേവലം ദേവാലയങ്ങളും, ആള്‍ദൈവങ്ങളും, കൂട്ടപ്രാര്‍ത്ഥനകളും കൊണ്ടുമാത്രം രോഗശമനത്തിനോ, മരണനിവാരണത്തിനോ ഉതകില്ലെന്നും ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളാണ് പ്രതിവിധി കണ്ടെത്തുന്നതിനും രോഗനിര്‍മ്മാര്‍ജ്ജനത്തിനും തുണക്കു എന്നും വെളിവായല്ലോ. അല്ലെങ്കിലും ആള്‍ദൈവങ്ങള്‍ ആളുകളില്‍ വിശ്വാസം അടിച്ചേല്‍പ്പിക്കാനും, മാനുഷിക ബാലഹീനതകളെ ചൂഷണം ചെയ്യുവാനും മാത്രമുള്ളതല്ലെ! കറകളഞ്ഞ സ്‌നേഹവും,ആല്‍മസമര്‍പ്പണവും, സേവനസന്നദ്ധതയുമാണ് എപ്പോഴും ഉപകാരപ്രദമാവുക.

Join WhatsApp News
Vayanakaaran 2020-05-10 14:59:59
https://www.emalayalee.com/varthaFull.php?newsId=209642 കൊറോണ ചെയ്യുന്ന നന്മകളെ കുറിച്ച് ശ്രീ ഗിരീഷ് നായർ തുടങ്ങിവച്ചവിഷയം (മേലെ കൊടുത്ത ലിങ്ക് വായിക്കുക) ഇപ്പോൾ ഡോക്ടർ ചാണയിലിന്റെ ലേഖനത്തിലും കാണുന്നു. കൊറോണയുടെ ഭീകരത വിട്ട് എഴുത്തുകാർ കൊറോണ ചെയ്യുന്ന നന്മകളെ കുറിച്ച് എഴുതുക. ശ്രീ ഗിരീഷ് നായർ താങ്കൾക്ക് അഭിനന്ദനം,.
Dr. Nandakumar 2020-05-10 18:29:05
Thanks for the comments.
girish nair 2020-05-10 22:19:30
മരണം വേദനാജനകം ആണ്. നമ്മുടെ ഉടയവർ നമ്മെ വിട്ടുപോകുബോൾ നമുക്ക് സഹിക്കാൻ ആവില്ല. ലോകം മുഴുവൻ സംസാരിക്കുന്നത് മഹാഭീകരനായ ചെറിയ വൈറസിനെ കുറിച്ചാണ്. സമൂഹത്തിൽ വല്ലാത്തൊരു ഭീതി നിറഞ്ഞിരിക്കുന്നു. പൊസിറ്റിവിയി ചിന്തിക്കുകയാണങ്കിൾ ഈ മാറാവ്യാധി നമ്മെ പഠിപ്പിച്ച ഒരുപാട് നല്ല പാഠങ്ങൾ ഉണ്ട്. പ്രധാനമായി സ്വയം പര്യാപ്തത നേടണം എന്നും, എല്ലാവരും തുല്യർ, പൈതൃകത്തെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു അതായത് ഭാരതീയ സംസ്കാരമായ നമസ്തേക്ക് പ്രാധാന്യമുളവാക്കുന്നു. പരസ്പരം കെട്ടിപിടിക്കാനും ഹസ്തദാനം ചെയ്യാനും മടിക്കുന്നു. അന്ധവിശ്വാസം, ആൾ ദൈവങ്ങൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവരെ കാണാനെയില്ല, ചരട് ജെപിച്ചുകെട്ടിയതുകൊണ്ട്‌ ഒന്നിനെയും തടയാനാവില്ല എന്ന തിരിച്ചറിവ്ഉണ്ടായിരിക്കുന്നു, ഒരു ആർഭാടവും ഇല്ല. ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമായി. ആഘോഷങ്ങൾ ഇല്ല. വ്യക്തിശുചിത്യം പാലിക്കുന്നു. അവനവനോടുള്ള ഉത്തരവാദിത്വം, ശാസ്ത്രബോധം, ഭക്ഷ്യസുരക്ഷാ, സന്നദ്ധ സേവനം, പ്രവാസികളുടെ ജീവിതം, മാറേണ്ട വിദ്യാഭ്യാസ/തൊഴിൽ രീതികൾ, ഇങ്ങനെ എത്രയെത്ര നല്ല ഗുണപാഠങ്ങൾ നമ്മെ പഠിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക