Image

അമ്മയുടെ ചൂട് (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ)

Published on 09 May, 2020
അമ്മയുടെ ചൂട് (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ)
ഒരിക്കൽ അർബുദ രോഗ ചികിത്സയിലൂടെ കടന്നുപോകുന്ന ഏതാനും കുട്ടികളുടെ സ്വകാര്യ സംഭാഷണം കേൾക്കാനിടയായി. അവരുടെ അമ്മമാരെക്കുറിച്ചായിരുന്നു സംഭാഷണം. അതിനിടയിൽ ഒരു കുട്ടി പറഞ്ഞ വാക്കുകൾ എൻ്റെ മനസിൽ ഇപ്പോഴും ഉണ്ട്.

"എൻ്റെ അസുഖം കൂടി വരികയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എൻ്റെ അമ്മ അതെങ്ങനെ സഹിക്കും എന്നാണ് എൻ്റെ ചിന്ത ... "
ജോലിയിൽ നിന്ന് എഫ് എം എൽ എ  എടുത്ത് തൻ്റെ ഓമന മകനൊപ്പം കഴിയുന്ന ആ അമ്മയുടെ മകൻ മരണപ്പെട്ടാൽ ,സ്നേഹത്തിൻ്റെ ആൾരൂപമായ ഒരു അമ്മയും ആ വിയോഗം സഹിക്കില്ല.

ഞാൻ എപ്പോഴും ഓർമ്മിക്കുന്ന ഒരു തണുപ്പുണ്ട്. രണ്ട് അമ്മമാരുടെ (എൻ്റെയും ഭർത്താവിൻ്റേയും) നെറ്റിത്തടത്തിൽ അന്ത്യ ചുംബനം നൽകിയപ്പോൾ അനുഭവപ്പെട്ട, വേദനിപ്പിക്കുന്ന ഒരു തണുപ്പ്.
ഒരു കുടുംബത്തിനും, അതിനപ്പുറവുമുള്ള ഒരു പാട് പേർക്ക് ചൂടു പകർന്ന് നൽകിയ കൈകൾ.....

ഒരു നേഴ്സിംഗ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച  എൻ്റെ അമ്മ ഒരു ഇഞ്ചക്ഷനോ മരുന്നോ നൽകാത്ത വ്യക്തികൾ ഞങ്ങളുടെ നാട്ടിൽ വിരളമായിരുന്നു. ഒരു അമ്മയുടെ കരുതൽപോലെ ആയിരുന്നു അത് എന്ന് എനിക്ക് പല തവണ തോന്നിയിട്ടുണ്ട്.

കൽക്കട്ടയിലെ തെരുവുകളിൽ തൻ്റെ ആത്മവിശ്വാസമല്ലാതെ യാതൊരു പി.പി.ഇയും ഇല്ലാതെ ആയിരങ്ങളെ സ്വന്തം മക്കളെപ്പോലെ പരിചരിച്ച വിശുദ്ധ മദർ തേരസയുടെ "ഇമ്മ്യൂണിറ്റി "മനസ്സിൽ നമിക്കാത്ത പ്രഭാതങ്ങൾ ഇല്ല നമ്മുടെ നാട്ടിൽ.

ഇന്ന് ലോക് ഡൗൺ മൂലം ട്രാഫിക് ഇല്ലാത്ത റോഡിലൂടെ യാത്ര ചെയ്ത് തള്ളലില്ലാത്ത പാർക്കിംഗ് ഗാരേജിൽ പാർക്ക് ചെയ്ത് "യുവർ ടെമ്പറേച്ചർ ഈസ് 96.8 "എന്ന് കേട്ട് ഡസ്കിൽ ഒരു സൂപ്പർ ക്ലീനിംഗ് ഒക്കെ നടത്തി സൈൻ ഇൻ ചെയ്ത് ആദ്യം ഓടിപ്പോയി കാണുന്ന ഒരു മുഖമുണ്ട്.

രണ്ടാം  മാസത്തിൽ തന്നെ അർബുദ രോഗം ബാധിച്ച് മാസങ്ങളോളം ഞങ്ങളോടൊപ്പം കഴിയുന്ന ഒരു സുന്ദരിക്കുട്ടി. അവളോട് ഗുഡ് മോർണിംഗ് പറഞ്ഞ്, അവളുടെ മോണകാട്ടിയുള്ള ചിരിയും കൺകോണിലെ കുസൃതിയും ഒരു നിർവൃതിയായി മനസിൽ അലിയുന്ന ഒരു സുവർണ്ണ നിമിഷം. അത് കാണുമ്പോൾ ഒരു അമ്മയുടെ നിർവൃതി തന്നെയാണെന്ന് തിരിച്ചറിയുന്നു.

മാതൃത്വം നിറത്തിനും പ്രായത്തിനും ദേശീയതയ്ക്കും അതീതമായ ,അതി മനോഹരമായ ഒരു വികാരമാണ്. വിവാഹം വേണ്ട,മക്കൾ വേണ്ട എന്നൊക്കെ പറയുന്ന ഈ നാട്ടുകാരായ ചെറുപ്പക്കാരികളായ സുഹൃത്തുക്കളോടു പോലും പറഞ്ഞ് മനസിലാക്കുവാൻ ശ്രമിക്കും.

 " തലമുറകളായി നമ്മിലുള്ള മാതൃത്വം ലോകത്തിന് കൈമാറാതെ പോകുന്നത് വലിയ നഷ്ടമല്ലെ എന്ന് " മാതൃത്വം ഒരു ലാഭമാണ്. പെണ്ണിന് മാത്രം ലഭിക്കുന്ന ലാഭം. അവിടെ നഷ്ടക്കണക്കുകൾ ഉള്ളതായി ഒരു അമ്മയും മനസിൽ തട്ടി പറയില്ല.

കോവിഡ് -19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ട ആയിരക്കണക്കിന് അമ്മമാർ തങ്ങളുടെ മക്കളേയും, കൊച്ചു മക്കളേയും ഒരു നോക്ക് കാണാതെ വിടപറഞ്ഞ നിമിഷം ഓർമ്മിക്കൂ. നമ്മുടെ ബന്ധുക്കളും , സുഹൃത്തുക്കളും കൂടി അക്കൂട്ടത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ആ വിഷമം ഇരട്ടിക്കുകയാണ്. ആ അമ്മമാരുടെ നെറുകയിൽ മരണത്തിന് മുമ്പ് ഒരു ചുംബനം  നൽകുവാനോ ,തണുത്ത ആ ശരീരത്തിൽ തങ്ങളുടെ മക്കളുടേയും കൊച്ചുമക്കളുടേയും അന്ത്യചുംബനം നൽകി യാത്രയാക്കുവാൻ പോലും അനുവദിക്കാത്ത ഒരു ദുരവസ്ഥ.ഇത്തരമൊരു ജീവിത സാഹചര്യം  ഒരു പക്ഷെ നമ്മുടെ ജീവിതത്തിൽ ഇത് ആദ്യമാണല്ലോ .

ഇത് നമ്മൾ സഹിച്ചു എന്ന് വരില്ല. ഒരു പക്ഷെ ഇത് ,ഇത്തരം നിമിഷങ്ങൾ നമ്മുടെ മനസിൽ നിന്ന് ഇല്ലാതാവണമെങ്കിൽ നിരവധി മാതൃദിനങ്ങൾ താങ്ങേണ്ടിവരും.

നമുക്കിപ്പോൾ നമ്മോടൊപ്പമുള്ള അമ്മമാരെ കരുതാം. അവരോടൊപ്പം ലോകത്തിൻ്റെ നന്മയ്ക്കും ശക്തിക്കുമായി പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനയും അനുഗ്രഹവും വരും തലമുറയ്ക്ക് മാതൃത്വത്തിൻ്റെ സത്യം മനസിലാക്കുവാൻ സഹായിക്കട്ടെ. അമ്മയുടെ ചൂടും തണുപ്പുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്ന് ലോകം തിരിച്ചറിയട്ടെ. അമ്മമാരെ ഓർമ്മിച്ച് ,കോവിഡ് മഹാമാരിയെ പ്രധിരോധിക്കുവാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന എല്ലാ അമ്മമാരെയും  ചേർത്ത് പിടിച്ച് നമുക്ക് മാതൃദിനത്തിൽ ലോകത്തിലുള്ള എല്ലാ അമ്മമാരുടേയും സുഖത്തിനായി പ്രാർത്ഥിക്കാം .
അമ്മയുടെ ചൂട് (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ)
Join WhatsApp News
Pushpamma Chandy 2020-05-09 22:28:21
Well narrated..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക