Image

മലയാളികൾ ഭേദപ്പെട്ട സ്ഥിതിയിലാണെന്നത് തെറ്റിദ്ധാരണ: ജിബി തോമസ്

Published on 13 May, 2020
മലയാളികൾ ഭേദപ്പെട്ട സ്ഥിതിയിലാണെന്നത് തെറ്റിദ്ധാരണ: ജിബി തോമസ്
കോവിഡ് കഴിയുമ്പോള്‍ ലോകം ഏറെ മാറിപ്പോകും. ബിഫോര്‍ കോവിഡ് എന്നും ആഫ്ടര്‍ കോവിഡ് എന്നും ചരിത്രത്തെ വേര്‍തിരിക്കേണ്ട അവസ്ഥ-- ഫോമയുടെ കൊറോണ ടാക്സ് ഫോഴ്സ് കോര്‍ഡിനേറ്റര്‍ ജിബി തോമസ് പറയുന്നു

കൊറോണ ദുരിതം എന്നു തീരുമെന്നു ആര്‍ക്കും നിശ്ചയമില്ല. ഒട്ടേറെ പേര്‍ ഇപ്പോഴും ആശുപത്രികളിലുണ്ട്. അവരില്‍ നിരവധി മലയാളികളുമുണ്ട്. അതിനിടിയിലാണ് കുട്ടികള്‍ക്കും ഇത് ബാധിക്കുമെന്നും, അത് അപകടകരമാകുമെന്നുമുള്ള സ്ഥിതി. അതു കൂടുതല്‍ ഭീതി വിതയ്ക്കുന്നു.

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുമായി ചേര്‍ന്നാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനം.

ഇപ്പോഴും കോവിഡ് ബാധ പുറത്തുപറയാന്‍ നമ്മുടെ ആളുകള്‍ മടിക്കുന്നു. അതു ശരിയോ എന്നു ചിന്തിക്കണം. ഇത് ലോകവ്യാപകമായ ഒന്നാണ്. നമ്മെ മാത്രം ബാധിക്കുന്നതല്ല. അതിനാല്‍ ഒളിച്ചു വെയ്ക്കേണ്ട ഒരു കാര്യവുമില്ല. മറ്റുള്ളവര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ആര്‍ക്കൊക്കെ രോഗം ഉണ്ടെന്നു അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഈ മഹാ വിപത്തില്‍ മലയാളി സമൂഹം പൊതുവെ ഭേദപ്പെട്ട നിലയിലാണെന്നാണ് നമുക്ക് പുറമെ തോന്നുന്നത്. അതു മുഴുവന്‍ ശരിയല്ല. അത്യന്തം വിഷമതയില്‍ കഴിയുന്നവരുമുണ്ട്. അവര്‍ നിരന്തരം ഫോമ ടാസ്‌ക് ഫോഴ്സുമായും നോര്‍ക്ക ഹെല്പ് ലൈനുമായും ബന്ധപ്പെടുന്നു. ഒട്ടേറെപ്പേര്‍ക്ക് സഹായമെത്തിക്കാന്‍ ഫോമയ്ക്കായി. 12 റീജനുകളില്‍ ആര്‍.വി.പിമാരുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റികളും വോളണ്ടിയര്‍മാരും സദാ സന്നദ്ധരായി പ്രവര്‍ത്തിക്കുന്നു.

വിസിറ്റേഴ്സ് ആയി വന്നവര്‍, എച്ച് -1 ബി വിസ, എച്ച്-4 വിസ തുടങ്ങിയവയില്‍ ജോലി പോയവര്‍, വിസിറ്റിംഗ് വിസയില്‍ വന്ന മാതാപിതാക്കള്‍ തുടങ്ങിയവരൊക്കെയാണ് വിഷമത അനുഭവിക്കുന്നത്. പ്രായമുള്ളവര്‍ക്ക് മരുന്നു ലഭിക്കുന്നത് വലിയ പ്രശ്നം തന്നെ. നാട്ടില്‍ നിന്നു ഡി.എച്ച്.എല്ലില്‍ മരുന്ന് എത്താന്‍ 8-10 ദിവസമെടുക്കും. ഫോമയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍ നിന്നു പ്രിസ്‌ക്രിപ്ഷന്‍ വാങ്ങി ഡിസ്‌കൗണ്ട് റേറ്റില്‍ മരുന്നു ലഭ്യമാക്കുന്നുണ്ട്.

എച്ച് -1 വിസയുള്ളവര്‍ സോഷ്യല്‍ സെക്യൂരിറ്റി തുക അടയ്ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് എംപ്ലോയ്മെന്റ് ഇന്‍ഷ്വറന്‍സ് പോലുള്ള ഒന്നും ലഭിക്കുന്നില്ല. ജോലി പോയവര്‍ക്ക് വേറെ ജോലി വൈകാതെ കിട്ടാത്തപക്ഷം തിരികെ പോകണമെന്നതാണ് സ്ഥിതി. അതുപോലെ ഇന്ത്യയില്‍ നിന്നു ഈ വര്‍ഷം എച്ച്-1 വിസക്കാര്‍ എത്തുമോ എന്നും സംശയിക്കണം.

വിസിറ്റേഴ്സ് ആയി വന്നിട്ടുള്ളവരില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ വന്നവര്‍, പള്ളികളുമായി ബന്ധപ്പെട്ടു വന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ താമസം പോലും വിഷമാവസ്ഥയിലാണ്. തിരിച്ചു പോകാന്‍ ടിക്കറ്റ് എടുക്കാന്‍ പണമില്ല. മക്കളുടെ അടുത്ത് വന്നിരിക്കുന്ന മാതാപിതാക്കളാകട്ടെ പലരും പുറത്തു പോലും ഇറങ്ങാതെ ഡിപ്രഷനിലേക്കു നീങ്ങുന്നു. അവരില്‍ തന്നെ മക്കള്‍ക്ക് ജോലി പോയവരുണ്ട്. മാതാപിതാക്കള്‍ക്ക് ടിക്കറ്റ് എടുത്തു കൊടുത്ത് തിരിച്ചയ്ക്കാന്‍ വിഷമിക്കുന്നവരും പലരുണ്ട്. വിസ, എക്സ്റ്റന്‍ഡ് ചെയ്തുകിട്ടാന്‍ അപേക്ഷിക്കണമെങ്കില്‍ അതിനും 350 ഡോളറോളം വേണം. അതിനു പോലും പലര്‍ക്കും കഴിയുന്നില്ല.

നേരത്തെ എടുത്ത വിമാന ടിക്കറ്റ് ഇനി ഉപയോഗിക്കാനാവുമോ എന്നു വ്യക്തമല്ല. എയര്‍ലൈനുകളെയൊന്നും വിളിച്ചാല്‍ കിട്ടില്ല.

നാട്ടില്‍ ജോലിയുള്ള ചിലര്‍ക്ക് അനിശ്ചിതമായി ഇവിടെ തുടരുന്നത് ജോലിയെയും ബാധിക്കും. വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ (മെയ് 16 -23) കേരളത്തിലേക്കും ഫ്ളൈറ്റ് ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. കേരളത്തിലാണെങ്കില്‍ ക്വാറന്റൈന്‍ സൗജന്യമാണ്.

വിദൂരത്ത് മലയാളികള്‍ കുറവുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ നോര്‍ക്ക ഹെല്പ് ലൈന്‍ കൂടുതലായി ഉപയോഗിക്കുന്നു. ലോക കേരള സഭാംഗങ്ങള്‍, ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവയെല്ലാം നോര്‍ക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ധാരാളം കോളുകള്‍ കിട്ടുന്നു. ഒന്നും അറ്റന്‍ഡ് ചെയ്യാതെ വിടില്ല.

ഫോമയുടെ നേതൃത്വത്തില്‍ പ്ലാസ്മ രജിസ്ട്രേഷന്‍ നടക്കുന്നു. സേവ എന്ന സംഘടനയുമായി ബന്ധപ്പെട്ടാണിത്. നാം ആവശ്യപ്പെടുന്നവര്‍ക്ക് പ്ലാസ്മ കൊടുക്കാന്‍ ഈ സംഘടന വഴി കഴിയുമെന്നതാണ് മെച്ചം. റെഡ്ക്രോസിലും മറ്റും ഈ സംവിധാനമില്ല.

വിദഗ്ധരുമായി നടത്തിയ ടെലി കോണ്‍ഫറന്‍സുകളും ഏറെ ഫലപ്രദമായി. ആയുര്‍വേദം, ഹോമിയോപ്പതി, പ്ലാസ്മ എന്നിവ സംബന്ധിച്ചുള്ള ടെലികോണ്‍ഫറന്‍സുകള്‍ അടക്കം 8 ടെലികോണ്‍ഫറന്‍സുകള്‍ നടന്നു. ബോളിവുഡ് ഡാന്‍സ്, മ്യൂസിക്കല്‍ ഹീലിംഗ്, ക്രുഷിപാഠ്ഹം തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ നേത്രുത്വത്തില്‍ നടക്കുന്നു.

പ്രായമായവരെ ബന്ധപ്പെടാന്‍ ഫോമ പ്രത്യേകം ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് മക്കള്‍ മറ്റു സ്റ്റേറ്റുകളിലും മറ്റമായി ജീവിക്കുന്നവര്‍. യുവജനതയ്ക്കും കൂടുതല്‍ അവബോധം വന്നിട്ടുണ്ട്. രോഗത്തെ നിസാരമായി കണ്ട അവരാണ് പലപ്പോഴും വീട്ടിലുള്ളവര്‍ക്ക് രോഗം കൊണ്ടുവന്നു കൊടുത്തത്.

കേന്ദ്രമന്ത്രി മുരളീധരനുമായി ഈ ശനിയാഴ്ച നടത്തുന്ന കോണ്‍ഫറന്‍സ് കോള്‍ ഏറെ ഉപകാരപ്രദമാകുമെന്നു കരുതുന്നു.

സഹായിക്കാന്‍ സന്മനസ്സുള്ള ബിസിനസുകാരും ഇപ്പോള്‍ വിഷമാവസ്ഥയിലാണെന്നതാണ് സങ്കടകരം. മുന്നോട്ടുപോകുമ്പോള്‍ സ്ഥിതി ഒട്ടേറെയൊന്നും മെച്ചപ്പെടാനുള്ള ഒരു സാധ്യതയും കാണുന്നില്ല. 
Join WhatsApp News
Saji Varghese 2020-05-13 14:11:59
I agree with, a lot of Malaya lees tested positive on covid 19, instead of quarantine, they running their grocery store and spreading the virus to others, Most of the people are also working in healthcare. They think it’s shame to tell others they had corona virus, Nothing to shame
Surendran Nair 2020-05-13 14:56:03
മഹാമാരിയുടെ വേദന പേറുന്ന അമേരിക്കൻ മലയാളി സമൂഹത്തിനു അല്പമെങ്കിലും ആശ്വാസവും സുരക്ഷിതത്വവും പകരാൻ ഫോമാ ചെയ്യുന്ന പ്രവർത്തനങ്ങൾക്കും അതിൽ സജീവമായ പങ്കുവഹിക്കുന്ന ജിബി ക്കും ആശംസകൾ, ഇനിയുമേറെ കാര്യങ്ങൾ ചെയ്യാൻ മലയാളി സംഘടനകൾക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക