Image

ഫോമാ ഇലക്ഷന്‍ പ്രചാരണം സജീവം; 3 പേര്‍ക്ക്‌ എതിരില്ല

Published on 25 May, 2012
ഫോമാ ഇലക്ഷന്‍ പ്രചാരണം സജീവം; 3 പേര്‍ക്ക്‌ എതിരില്ല
ന്യൂയോര്‍ക്ക്‌: കണ്‍വെന്‍ഷന്‍ കാലം അടുത്തതോടെ ഫോമാ ഇലക്ഷന്‍ പ്രചാരണവും തകൃതിയായി. സൗഹൃദപരമാണെങ്കിലും മത്സരം മത്സരം തന്നെയാണല്ലോ.

നിലവിലുള്ള ആറു ഭാരവാഹികളും മത്സരിക്കുന്നില്ലെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. അധികാര കസേര വിട്ടൊഴിയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ ഇതൊരു നല്ല നീക്കം തന്നെ. കണ്‍വെന്‍ഷന്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്‌ സെക്രട്ടറി ബിനോയി തോമസ്‌ പറയുന്നു.

അടുത്ത പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവാണോ, രാജു വര്‍ഗീസാണോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളുവെങ്കിലും കണ്‍വെന്‍ഷന്‍ വേദി ഫിലാഡല്‍ഫിയയിലായിരിക്കുമെന്ന്‌ മാത്രം ഉറപ്പായി. 1986-നുശേഷം കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലേക്ക്‌ തിരിച്ചെത്തുകയാണ്‌.

പത്രിക സമര്‍പ്പിക്കാന്‍ ജൂണ്‍ 15 വരെ സമയമുണ്ട്‌. പിന്‍വലിക്കാന്‍ July 25 വരെയും. ഓരോ സ്ഥാനത്തിനും പത്രിക സമര്‍പ്പിക്കാന്‍ നിശ്ചിത സംഖ്യ കെട്ടിവെയ്‌ക്കണം. പ്രസിഡന്റ്‌ സ്ഥാനത്തില്‍ 500 ഡോളര്‍. പത്രിക പിന്‍വലിക്കുകയോ തള്ളിക്കളയുകയോ ചെയ്‌താല്‍ അത്‌ തിരിച്ചുകിട്ടും. ഒരു സ്ഥാനത്തേയ്‌ക്ക്‌ മാത്രമേ പത്രിക പാടുള്ളൂ എന്ന ചട്ടമുണ്ട്‌. ജോര്‍ജ്‌ പാര്‍ണേല്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണറും, യോഹന്നാന്‍ ശങ്കരത്തില്‍, ബെന്നി വാച്ചാച്ചിറ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളുമായിട്ടുള്ള സമിതിയാണ്‌ ഇലക്ഷന്‍ നടത്തുന്നത്‌.

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്‌ വൈസ്‌ പ്രസിഡന്റ്‌, ജോയിന്റ്‌ സെക്രട്ടറി, ജോ. ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരം ഉണ്ടാവാനിടയില്ല. ഫ്‌ളോറിഡയില്‍ നിന്നുള്ള സി.കെ. ജോര്‍ജാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി. നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്ന ജോസ്‌ ചുമ്മാര്‍ (ന്യൂയോര്‍ക്ക്‌) മത്സരിക്കാനില്ലെന്നു പറഞ്ഞ്‌ പിന്മാറി. ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ റെന്നി പൗലോസ്‌, ജോ. ട്രഷറര്‍ സ്ഥാനത്തേക്ക്‌ സജീവ്‌ വേലായുധന്‍ (ഇരുവരും കാലിഫോര്‍ണിയ) എന്നിവരാണ്‌ രംഗത്തുള്ളത്‌.

തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ 2-നോ 5-നോ ആയിരിക്കും. സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും കപ്പലില്‍ തന്നെ ആയതിനാല്‍ ഇലക്ഷന്‍ എളുപ്പം. മത്സരം സൗഹൃദത്തിനപ്പുറം പോകാത്തതിനാല്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ സംതൃപ്‌തരാണ്‌. വാശികൂടി തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴാണ്‌ പ്രശ്‌നങ്ങളും ഉണ്ടായത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന രാജു വര്‍ഗീസും ജോര്‍ജ്‌ മാത്യുവും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകളില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ രാജു വര്‍ഗീസ്‌ പറഞ്ഞു. സംഘടനയിലെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനാണ്‌ താന്‍. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മത്സരരംഗത്തുനിന്നും പിന്‍മാറുകയായിരുന്നു. പ്രസിഡന്റായാല്‍ പല നൂതന പരിപാടികളും ആവിഷ്‌കരിക്കും. സംഘടന ഇല്ലാത്ത സ്ഥലങ്ങളില്‍ സംഘടനയ്‌ക്ക്‌ രൂപം നല്‍കും. യുവജനങ്ങള്‍ക്കായും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഫിലാഡല്‍ഫിയയില്‍ നിന്നും 15 മൈല്‍ അകലെ താമസിക്കുന്ന താന്‍ ഫിലാഡല്‍ഫിയയില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ അര്‍ഹനല്ലാതാകുന്നില്ല.

പ്രയാണം അനിശ്ചിതത്വത്തിലായി നിന്ന ഫൊക്കാനയ്‌ക്ക്‌ പുതുജീവന്‍ നല്‍കിയത്‌ 1986-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന കണ്‍വെന്‍ഷനാണെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. അവിടെ വീണ്ടും കണ്‍വെന്‍ഷന്‍ വേണമെന്ന ജനകീയ താത്‌പര്യത്തിന്റെ പ്രതിഫലനമാണ്‌ കല, മാപ്പ്‌ തുടങ്ങിയ സംഘടനകള്‍ തനിക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌. മറ്റ്‌ സ്ഥലങ്ങളിലെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്‌.

ജോര്‍ജ്‌ മാത്യു രണ്ടു തവണ ഫൊക്കാന ജനറല്‍ സെക്രട്ടറിയായിരുന്നു. അധികാരത്തോടോ, പബ്ലിസിറ്റിയോടെ തനിക്ക്‌ പ്രത്യേക താത്‌പര്യങ്ങളൊന്നുമില്ലെന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (ചിക്കാഗോ), ഗോപിനാഥ കുറുപ്പ്‌ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ തങ്ങളുടെ കര്‍മ്മ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചവരാണ്‌.

പാലാ സെന്റ്‌ തോമസ്‌ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്‌.യുവില്‍ പ്രവര്‍ത്തിച്ച ഗോപിനാഥ കുറുപ്പ്‌ പാലക്കാട്‌ ഇന്‍സ്‌ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ.എന്‍.ടി.യു.സി വൈസ്‌ പ്രസിഡന്റായിരുന്നു. ഇപ്പോഴത്തെ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനായിരുന്നു പ്രസിഡന്റ്‌. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഇന്‍ഡോ-അമേരിക്കന്‍ ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌, നായര്‍ ബനവന്റ്‌ അസോസിയേഷന്‍ പ്രസിഡന്റായി രണ്ടു തവണ, ഫോമാ അഡൈ്വസറി കൗണ്‍സില്‍ മുന്‍ വൈസ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ മത്സരിക്കുന്നു.

ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഇല്ലിനോയി മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രിസിങ്ങ്‌റ്റ്‌ കമ്മിറ്റിമാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. പെര്‍വ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്ന്‌ മാസ്റ്റേഴ്‌സ്‌ ബിരുദവും, എം.ബി.എയും നേടിയതിനുശേഷം വെസ്റ്റിംഗ്‌ഹൗസ്‌ എമ്പയര്‍ ബ്രെക്‌സ്‌ കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ ഡയറക്‌ടറായി ജോലി ചെയ്യുന്നു.

ഫോമയുടെ പുതിയ സംരംഭമായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' -ന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വിവിധ പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ച്‌ അണിനിരത്തി നടത്തിയ `പ്രൊഫഷണല്‍ സമ്മിറ്റ്‌' വന്‍ വിജയമാക്കിത്തീര്‍ത്ത സമ്മേളനത്തിന്റെ കോ- ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആയിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ ചുരുങ്ങിയകാലംകൊണ്ട്‌ സ്ഥാനം ഉറപ്പിച്ചു ഫോമയെ മലായളികള്‍ക്ക്‌ പ്രയോജനകരമായ കൂടുതല്‍ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും സംഘടനയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുകയാണ്‌ തന്റെ മുഖ്യലക്ഷ്യമെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിക്കുകയുണ്ടായി. അതിനുവേണ്ടി നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകതളുടേയും സഹകരണവും അനുഗ്രഹങ്ങളും ഗ്ലാഡ്‌സണണ്‍ അഭ്യര്‍ത്ഥിച്ചു.


ട്രഷറര്‍ സ്ഥാനാര്‍ത്ഥികളായ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോ. ജേക്കബ്‌ തോമസ്‌, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവരും സജീവമായി രംഗത്തുണ്ട്‌.

സി.കെ. ജോര്‍ജ്‌
വടക്കേ അമേരിക്കയിലെ പ്രവാസി മലയാളികളുടെ വിവിധ ദേശീയ സംഘടനകളില്‍ കഴിഞ്ഞ മൂന്ന്‌ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയും ഔദ്യോഗിക സ്ഥാനങ്ങള്‍ ഉത്തരവാദിത്വത്തോടെ വഹിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടേയും എല്ലാവരുടേയും മനസില്‍ നിറസാനിധ്യമായി നില്‍ക്കുന്ന സി.കെ. ജോര്‍ജ്‌ ഫോമയുടെ 2012- 14 കമ്മിറ്റിയില്‍ വൈസ്‌ പ്രസിഡന്റായി കടന്നുവരുന്നു.

ഫോമ എന്ന സംഘടന വിശാല വീക്ഷണത്തോടെ എല്ലാ റീജിയണുകള്‍ക്കും പ്രാധാന്യം നല്‍കണം എന്നു വിശ്വസിക്കുന്ന സി.കെ.ജി.ഫ്‌ലോറിഡാ റീജിയണെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ വൈസ്‌ പ്രസഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌. 2008ല്‍ ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായും 200810 കാലഘട്ടങ്ങളില്‍ അഡ്വൈസര്‍ കൗണ്‍സില്‍ ജോയന്റ്‌ സെക്രട്ടറിയായും പിന്നീട്‌ 201012 കാലഘട്ടങ്ങളില്‍ വൈസ്‌ ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന സി.കെ.ജി.കേരളാ സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ലോറിഡയുടെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.ഫോമയുടെ വിവിധ അംഗ സംഘടനകളില്‍ നിന്നുള്ള നിരവധി ഭാരവാഹികളുടെ നിര്‍ബന്ധമാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കടന്നുവരാന്‍ സി.കെ.ജോര്‍ജിനെ പ്രേരിപ്പിച്ചത്‌.

ഡോ. ജേക്കബ്ബ്‌ തോമസ്‌

മികച്ച സംഘാടകന്‍, നേതാവ്‌ എന്നീ നിലകളില്‍ ന്യൂയോര്‍ക്കില്‍ ഏറെ അറിയപ്പെടുന്ന ഡോ. ജേക്കബ്ബ്‌ തോമസ്‌ അടുത്തുവരുന്ന ഫോമ തിരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

കേരള സമാജം ഓഫ്‌ ഗ്രെയ്‌റ്റര്‍ ന്യൂയോര്‍ക്കിന്റെ ട്രഷറര്‍, സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം, മലയാളി സമാജം ഓഫ്‌ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റു കൂടിയാണ്‌. ഇപ്പോള്‍ പ്രസ്‌തുത സംഘടനയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനാണ്‌.

ഫോമ രൂപീകരണത്തിനുശേഷം ആദ്യത്തെ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അമേരിക്കയിലുടനീളമുള്ള മലയാളികളെ പരിചയപ്പെടുവാനും, സംഘടനാപരമായി തന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുവാനും കഴിഞ്ഞതുകൊണ്ട്‌ ഫോമയുടെ ട്രഷറര്‍ പദവി സുതാര്യമാക്കാന്‍ തനിക്കു കഴിയുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ടെന്ന്‌ ജേക്കബ്ബ്‌ തോമസ്‌ പ്രസ്‌താവിച്ചു.

ന്യൂയോര്‍ക്ക്‌ ട്രാന്‍സിറ്റ്‌ അഥോറിറ്റിയിലെ സ്റ്റേഷന്‍ ഓപ്പറേഷനില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ മാനേജരായി സേവനമനുഷ്ടിക്കുന്ന ഡോ. ജേക്കബ്ബ്‌ തോമസ്‌ കൊല്ലം സ്വദേശിയാണ്‌. കൊല്ലത്തെ ബീച്ച്‌ റിട്രീറ്റ്‌ ഹോട്ടല്‍ ഉടമ കൂടിയാണ്‌ അദ്ദേഹം.

റെനി പൗലോസ്‌

ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനശൈലിയാണ്‌ റെനി പൗലോസിന്റേത്‌. കഴിഞ്ഞ ഫോമാ കണ്‍വെന്‍ഷനിലെ `മലയാളി മങ്ക' മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍അപ്പാണ്‌ റെനി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ (മങ്ക) യുടെ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റെനി, നിരവധി ലോക്കല്‍ ഓര്‍ഗനൈസേഷനുകളിലും നാഷണല്‍ ഓര്‍ഗനൈസേഷനുകളിലും പ്രവര്‍ത്തിക്കുന്നു. മങ്കയും നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മറ്റ്‌ സംഘടകളും റെനിക്ക്‌ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

പാട്ടിലും, നൃത്തത്തിലും, പ്രസംഗത്തിലും, അവതാരകയായും, ഉപദേഷ്‌ടാവിയും പ്രവര്‍ത്തിക്കുന്ന റെനിയെ സ്‌നേഹിതര്‍ `ഓള്‍ റൗണ്ടര്‍' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

1987-ല്‍ കാനഡയിലേക്ക്‌ കുടിയേറി. കോളജ്‌ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കിയശേഷം മെഡിക്കല്‍ രംഗത്തെ പല മേഖലകളിലും സേവനം അനുഷ്‌ഠിച്ചു. 1999-ല്‍ യു.എസ്‌.എയിലേക്ക്‌ താമസം മാറിയ റെനി `ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്‌ടീഷണറായും', കെയര്‍ മാനേജരായും ഓക്‌ലാന്‍ഡില്‍ ഹൈലാന്‍ഡ്‌ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ `ബാര്‍ട്ടി'ല്‍ ജോലി ചെയ്യുന്ന ബേബി പൗലോസ്‌ (ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍) ആണ്‌ റെനിയുടെ ഭര്‍ത്താവ്‌.


ഫോമാ ഇലക്ഷന്‍ പ്രചാരണം സജീവം; 3 പേര്‍ക്ക്‌ എതിരില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക