Image

മിഴികൾ ( കഥ: നാരായണൻ രാമൻ)

Published on 17 May, 2020
മിഴികൾ ( കഥ: നാരായണൻ രാമൻ)
പത്താം ക്ളാസ് പരീക്ഷാ റിസൾറ്റ് വരുന്ന ദിവസം. അന്നൊക്കെ പത്രത്തിലാണ് ഫലം വരിക. തലേ ദിവസം രാത്രി ഉറങ്ങിയിട്ടില്ല. അത്താഴമിറങ്ങാത്ത ദൈന്യത കണ്ട് അമ്മ പറയുന്നു.
" അയിന് നീയിപ്പോ പഷ്ണി കെടന്നട്ടെന്താ കാര്യം? വരാനുള്ളത് വരും. അത്രന്നെ."
അമ്മയുടെ ജീവിതതത്വങ്ങൾ ലളിതമാണ്. കർമ്മഫലത്തിലൂന്നിയുള്ള പ്രമാണങ്ങൾ. പിന്നെ "ൻ്റെ പിള്ളേ തേവര് കൈവിടില്ലാ" എന്നുള്ള അചഞ്ചല വിശ്വാസം. പക്ഷെ ലോക പരിചയമുള്ള അച്ഛൻ്റെ മറുപടി ഉടനെത്തി.
" തോറ്റാ പിന്നെ എന്താ വേണ്ടേന്ന് ഞാൻ കണ്ടട്ട്ണ്ട് "
നേരം പുലർന്നു. ദുന്ദുഭി കൊട്ടുന്ന ഹൃദയവുമായി പത്രമെടുക്കുന്ന ഞാൻ . നക്ഷത്ര ചിഹ്നങ്ങൾ (First class) കഴിഞ്ഞ് താഴേക്ക് പിന്നിൽ ആകാംക്ഷ മുറ്റിയ പല മുഖങ്ങൾ. ഒരാവശ്യവുമില്ലാതെ, എന്നാൽ തനിക്കിതിലൊരു താത്പര്യവുമില്ലെന്ന് ഭാവത്തോടെ മുറ്റത്ത് പലകുറി നടക്കുന്ന അച്ഛൻ
ഇറയത്തിരുന്ന ഞാൻ പത്രത്തിലേക്കു് മുഖം താഴ്ത്തി. പടരുന്ന കണ്ണുനീർത്തുള്ളികളാൽ അവ്യക്തമാകുന്ന അക്ഷരങ്ങൾ .
ഒരു നെടുവീർപ്പോടെ ശിരസ്സിൽ തലോടി പറഞ്ഞു.
"സാരല്യാപ്പൂ, ൻ്റെ പിള്ളക്കിപ്പോ ഗ്രഹപ്പിഴക്കാലമാണ് "
" തോറ്റൂല്ലേ? ഗർജ്ജനം മിറ്റത്തു നിന്നായിരുന്നു. "ന്നാൽ ഇനി താമസിക്കണ്ട, ചാണകക്കൊട്ട യെടുക്കാം, ചാണകം വാരി ഒണക്കി വിറ്റാലും അരി മേടിക്കാം, പഠിക്കാൻ നടക്കണു.'' അച്ഛൻ പുറത്തേക്കിറങ്ങുന്നു.
" ഒന്നും കഴിക്കാണ്ടെങ്ങ് ടാ ഇപ്പോ? അമ്മ വിളിച്ചു ചോദിച്ചു.
" തൃപ്പുത്രൻ്റെ അമൃതേത്ത് നടക്കട്ടെ " അദ്ദേഹം നടന്നകന്നു.
വർഷങ്ങൾ ചിലത് കഴിഞ്ഞ് PSC യുടെ അപേക്ഷ അയയ്ക്കാറായപ്പോഴും പ്രതികരണം മോശമായില്ല.
"ഇനീപ്പോ അപേക്ഷ കൊടുക്കാഞ്ഞിട്ട് മൈസ്രേട്ടായില്ലെന്നു വേണ്ട ."
അവിടെ ഞാനൊരു തീരുമാനമെടുത്തു.ഈ മല കയറിയേ പറ്റൂ. അതിനു കഴിഞ്ഞില്ലെങ്കിൽ എത്തിയ ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യും. ' തുടർന്ന് നിരന്തരമായ പഠിത്തം. കൂട്ടുകാരുമായി വായനശാലയിൽ കംബൈൻഡു സ്റ്റഡി . അങ്ങനെ പരീക്ഷ കഴിഞ്ഞു. റിസൾട്ട് നോക്കാൻ പോകാൻ ധൈര്യമില്ലായിരുന്നു. കൂട്ടുകാരനാണ് പോയത്.
മകനു് ഒരു ജീവിതമാർഗ്ഗമാകുന്നില്ലല്ലോ എന്ന പുകയുന്ന ആശങ്കയും നിരാശയുമാണു് ഇക്കുറി ഏറെ പ്രതീക്ഷിച്ച അച്ഛന്റെ തളർന്ന ശബ്ദത്തിലുള്ള കുറ്റപ്പെടുത്തലുകളുടെ പിന്നിലെ യഥാർത്ഥ കാരണം.
എന്നെ കണ്ടയുടൻ അവന്റെ ശബ്ദം കർണ്ണ പീയൂഷമായെത്തി.
"എടാ പൊട്ടാ, നീ റാങ്ക് ലിസ്റ്റിലുണ്ട്. റാങ്ക്നമ്പർ 130.
പെട്ടെന്നു് തലയിൽ ആയിരം അമിട്ടുകൾ പൊട്ടി. കണ്ണഞ്ചിച്ച ആ വർണ്ണ പ്രപഞ്ചത്തിൽ ഞാൻ അപ്പൂപ്പൻ താടി പോലെ തറയിൽ നിന്നുയർന്നു് എവിടേയോ തങ്ങി നിന്നു. തൊട്ടു മുന്നിലെത്തി ഇരു കൈകളും നീട്ടി നിൽക്കുന്ന സ്നേഹ സതീർത്ഥ്യനെ ഗാഢമായ ആലിംഗനത്തിലൊതുക്കി.
അവന്റെ ചുമലുകൾക്ക് മുകളിലൂടെ ആയിരം സൂര്യനുദിച്ച കണ്ണുകളുമായി ചിരിച്ചു നിൽക്കുന്ന അച്ഛനെ അവ്യക്തമായി എനിക്കു കാണാം. അരികിൽ തന്നെ ചുമലിൽ ചാരി മിഴികൾ നിറഞ്ഞു തൂവുന്ന അമ്മയേയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക