Image

കുവൈത്ത് അവിദഗ്ധ തൊഴിലാളികളെ പിരിച്ചുവിടാന്‍ തയാറെടുക്കുന്നതായി സൂചന

Published on 19 May, 2020
 കുവൈത്ത് അവിദഗ്ധ തൊഴിലാളികളെ പിരിച്ചുവിടാന്‍ തയാറെടുക്കുന്നതായി സൂചന


കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴില്‍ മേഖലയില്‍ സമൂലമായ മാറ്റം വരുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. രാജ്യത്ത് തത്രപധാനമല്ലാത്ത മേഖലയില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷം അവിദഗ്ധ വിദേശി തൊഴിലാളികളെ ഘട്ടം ഘട്ടമായി പിരിച്ചുവിടുവാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍ പൊതു മേഖലയില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദേശികളെ പിരിച്ചു വിടുന്നത്. കഴിഞ്ഞ ദിവസം ഇതോടുനുബന്ധിച്ച് മുന്‍സിപ്പാലിറ്റിയില്‍ വിദേശികളെ നിയമിക്കുന്നത് നിര്‍ത്തിവയ്ക്കാനും വിദേശ തൊഴിലാളികളുമായുള്ള കരാര്‍ നിര്‍ത്തലാക്കാനും മുനിസിപ്പല്‍ കാര്യ മന്ത്രി വാലിദ് അല്‍ ജാസിം നിര്‍ദ്ദേശം നല്കിയിരുന്നു. അതോടപ്പം ജനസംഖ്യാനുപാതികമായി ഓരോ രാജ്യക്കാരുടെ എണ്ണവും 20% ത്തില്‍ കവിയാത്തവിധം ക്വാട്ട സമ്പ്രദായം നടപ്പിലാക്കാനും സര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നതായി പ്രാദേശിക പത്രം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനു പിന്നാലെ വിദേശി തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം . നിലവിലെ സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ കുറക്കാന്‍ സ്വകാര്യ കമ്പിനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് . അതോടൊപ്പം കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ശമ്പളം കുറയ്ക്കാനും അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാനും ആ കാലയളവ് അവധിയായി പരിഗണിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാങ്കേതികേതര മേഖലയിലെ അവിദഗ്ധ വിദേശ തൊഴിലാളികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പിരിച്ചു വിടാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു, കുവൈത്തികളെ ലഭ്യമില്ലാത്ത വിദഗ്ധ തൊഴില്‍ മേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കും.ജോലി സാധ്യതയുള്ള മേഖലകളില്‍ കുവൈറ്റ് യുവാക്കളെ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു .

അതേസമയം രാജ്യത്തെ വിദേശി സമൂഹത്തേ ഒരു ലക്ഷത്തിനുള്ളില്‍ കവിയാന്‍ അനുവദിക്കരുതെന്നും ജനസംഖ്യയുടെ 30 ശതമാനത്തില്‍ താഴെയാണ് കുവൈത്തികള്‍ എന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലന്നും പാര്‍ലമെന്റ് അംഗം സഫ അല്‍ ഹാഷം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക