Image

റാം ഉപേക്ഷിച്ചിട്ടില്ല, സാഹചര്യങ്ങള്‍ കാരണം മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്: ജീത്തു ജോസഫ്

Published on 19 May, 2020
റാം ഉപേക്ഷിച്ചിട്ടില്ല, സാഹചര്യങ്ങള്‍ കാരണം മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്: ജീത്തു ജോസഫ്


മോഹന്‍ലാലുമൊത്തുള്ള റാം എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്. ലോക്ഡൗണും കോവിഡ് ഭീഷണിയും മാറിക്കഴിഞ്ഞാല്‍ വിദേശത്ത് വച്ച് നടക്കേണ്ട സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും ജീത്തു വ്യക്തമാക്കി.

'കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിറയെ ഫോണ്‍കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. മോഹന്‍ലാലിനൊത്തുള്ള റാം സിനിമ ഉപേക്ഷിച്ച് പുതിയ സിനിമയ്ക്ക് പദ്ധതിയൊരുക്കുകയാണോ എന്നാണ് ഇവര്‍ക്ക് അറിയേണ്ടത്. കോവിഡ് പ്രതിസന്ധിമൂലം റാമിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍  ലോക്ഡൗണും കോവിഡ് ഭീഷണിയും മാറിക്കഴിഞ്ഞാല്‍ യുകെ, ഉസ്‌ബെക്കിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം ഉണ്ടാകും.

'ലോകത്തു തന്നെ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെയാകും ഷൂട്ട് ആദ്യം തുടങ്ങാനാകുക. ആ സാഹചര്യം മനസ്സിലാക്കി ഞാനിപ്പോള്‍ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അത് പൂര്‍ണമായും കേരളത്തില്‍ തന്നെ ചിത്രീകരിക്കുന്ന സിനിമയാണ്. എന്നാല്‍ ഈ കാരണം കൊണ്ട് റാം സിനിമ ഉപേക്ഷിച്ചു എന്ന് വിചാരിക്കരുത്. സാഹചര്യങ്ങള്‍കൊണ്ട് താല്‍ക്കാലികമായി കുറച്ച് താമസം വന്നു എന്നു പറയുന്നതാകും ശരി.'-ജീത്തു പറഞ്ഞു.
ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണ് റാം. റാമിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ ഏകദേശം പൂര്‍ത്തിയായിരുന്നു. തൃഷയാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങള്‍







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക