രാജ്യത്തുടനീളമുള്ള മാംസ സംസ്കരണ കമ്പനികള്‍ കൊറോണ വൈറസിന്റെ ഭീതി നേരിടുകയാണ്. നോര്‍ത്ത് കരോലിനയിലെ ടൈസണ്‍ ഫുഡ്സ് എന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചു.പല ജീവനക്കാരും ക്വാറന്‍ടൈനില്‍ ആയതോടെ ജോലി ചെയ്യാന്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലാതെ കമ്പനി താത്കാലികമായി അടച്ചിടേണ്ടി വരുമെന്ന് അറിയിച്ചു. 2200 ജീവനക്കാരെ ടെസ്റ്റ് ചെയ്തതില്‍ 570 പേര് പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച ജീവനക്കാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് ടൈസണ്‍ ഫുഡ്സ് പറഞ്ഞു.
കമ്പനിയില്‍ നിരവധി പുതിയ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. വര്‍ക്ക് സ്റ്റേഷനുകള്‍ക്കിടയിലുള്ള പ്ലാസ്റ്റിക് ഡിവൈഡറുകള്‍, തെര്‍മല്‍ സ്കാനുകളിലൂടെയുള്ള ദൈനംദിന താപനില പരിശോധന, കൂടുതല്‍ ബ്രേക്ക് റൂം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സ്ഥലത്തിനായി ടെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നോര്‍ത്ത് കരോലിനയിലെ വില്‍കേസ് കൗണ്ടിയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് ടൈസണ്‍, ഓരോ വര്‍ഷവും പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ആണ് ഈ കമ്പനി കൊണ്ടുവരുന്നത്.