Image

ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)

ഡോ. സ്വപ്ന. സി. കോമ്പാത്ത് Published on 23 May, 2020
ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)
The most complicated thing in this world is human mind  
Asif Imotius Prome

മനുഷ്യ മനസ്സ് പോലെ സങ്കീര്‍ണ്ണമായ മറ്റെന്തുണ്ട്? ചന്ദ്രനില്‍ പോവാനും, ഹിമാലയത്തിന്റെ നെറുകയില്‍ കയറാനും ,ആഴക്കടലിന്റെ അഗാധതയില്‍ ഗവേഷണം നടത്താനും, എന്തിന് ഹൃദയം മാറ്റി വെക്കാന്‍ വരെ നിഷ്പ്രയാസം  സാധിക്കുന്ന മനുഷ്യന് ഇന്നുവരെ സ്വന്തം മനസ്സെവിടെയാണെന്നോ മറ്റുള്ളവരുടെ മനസ്സു കണ്ടുപിടിക്കാനോ പറ്റിയിട്ടുണ്ടോ? മുഖം മനസ്സിന്റെ കണ്ണാടിയെന്ന പഴമൊഴിയില്‍ പതിരുണ്ടെന്ന് പലപ്പോഴും നമുക്കു തന്നെ തോന്നാറുണ്ട്. കാരണം ,അലകളൊടുങ്ങാത്ത സമുദ്രം പോലെ ഇളകിമറിയുന്ന മനസ്സൊളിപ്പിച്ചു കൊണ്ട് നിര്‍വികാരതയുടെ മുഖം മൂടി ധരിച്ച് നടക്കുന്ന എത്രയോ പേരെ നമുക്കറിയാം? മറ്റു ചിലരാകട്ടെ ചിരിച്ചു കൊണ്ട് നമ്മളോട് സംസാരിക്കുമ്പോള്‍ പോലും  ഉള്ളിനുള്ളില്‍ നമ്മെ കുരുക്കാനുള്ള ചിലന്തിവല നെയ്യുന്നവര്‍.

എഴുത്തുകാരോട് നമുക്ക് മതിപ്പ് തോന്നുന്നത് മനസ്സിന്റെ കാര്യത്തിലാണ്. അവര്‍ പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് മനസ്സ് സൃഷ്ടിച്ചു നല്‍കും. കൂടാതെ പല കഥാപാത്രങ്ങളേയും നമ്മളറിയാതെ തന്നെ നമ്മുടെ മനസ്സിനുള്ളില്‍  പ്രതിഷ്ഠിക്കുകയും ചെയ്യും. ജീവിതത്തില്‍ നമ്മള്‍ പരിചയിച്ച  ,ഇടപഴകിയ സന്ദര്‍ഭങ്ങളുമായും, അനുഭവിച്ചു തീര്‍ത്ത വേദനകളുമായും അവര്‍ കൊത്തിവെച്ച വാക്കുകള്‍ താദാത്മ്യം പ്രാപിക്കുന്നതു കണ്ട് നമ്മള്‍ തന്നെ അമ്പരന്നു പോകാറുമുണ്ട്. ഡി സി ബുക്‌സ് 2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പി.എഫ് മാത്യൂസിന്റെ ചില പ്രാചീന വികാരങ്ങള്‍ എന്ന കഥാസമാഹാരം മനുഷ്യ മനസ്സിന്റെ അതിനിഗൂഢസ്ഥലികളിലേക്കുള്ള ഒരു സാഹസികയാത്രയാണ്.

പലപ്പോഴും ഞെട്ടിയും ഭയന്നും നമ്മള്‍ തരിച്ചുനില്‍ക്കുകയും എന്നാല്‍ പുറകോട്ടിനിയില്ല എന്നു തീര്‍ച്ചപ്പെടുത്തിക്കൊണ്ട് മുന്നേറുകയും ചെയ്യുന്ന ഒരു യാത്ര. 'ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത അപരലോകങ്ങള്‍ എന്ന പേരില്‍ വി.എം ഗിരിജ ഈ കഥാസമാഹാരത്തിനെഴുതിയ  അവതാരികയില്‍ ' പി.എഫ് മാത്യൂസിന്റെ ഭാവന പോലും സത്യത്തിന്റെ നഗ്‌നരൂപം തിരയുകയാണ് ' എന്നവകാശപ്പെടുന്നുണ്ട്. ഭാവന എന്ന വാക്ക് സൂചിപ്പിക്കുന്ന അര്‍ത്ഥം പോലും സത്യവിരുദ്ധമായ ഒന്നാണെന്നിരിക്കെ, അവതാരികാകാരിയുടെ വാക്കുകള്‍  നമ്മളില്‍ ഒരു ആശയക്കുഴപ്പമുണ്ടാക്കും .പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകാത്ത ഭാവനയില്‍ നിന്നാണല്ലോ ഇതിവൃത്തം രൂപപ്പെടുന്നത്. പക്ഷേ ഈ സമാഹാരം വായിച്ചു പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ഇതിനേക്കാള്‍ സുന്ദരമായി ഈ  ആഖ്യാനതന്ത്രത്തെ വിശേഷിപ്പിക്കാനാവുമോ എന്ന് നമ്മള്‍ തന്നെ ചോദിച്ചു പോകും.  

'കൊച്ചിക്കാരനെന്ന നിലയില്‍ ദൈവത്തിന്റെ ജീവിതം'  എന്ന കഥയിലെ ഇമ്മാനുവേല്‍,  'കാഴ്ചയുടെ കോണ്‍ മാറുമ്പോള്‍ , കാണുന്ന വസ്തു നമ്മുടെ ഉള്ളിലുണ്ടാക്കുന്ന വികാരം തന്നെ മാറിപ്പോകും. കോണ്‍ മാറുമ്പോള്‍ പുഴു ദൈവമാകും ദൈവം പുഴുവുമാകും ' എന്ന്  സമര്‍ത്ഥിച്ചത്  പോലെ ,നമ്മളിത് വരെ ശ്രദ്ധിച്ചിട്ടില്ലാത്ത  ഒരു വീക്ഷണകോണില്‍ നിന്ന് ഭൂമിയെയും ആകാശത്തെയും മനുഷ്യനെയും വീക്ഷിക്കുവാനാണ് പി.എഫ് മാത്യൂസ് അവസരമൊരുക്കുന്നത്.

' ചില പ്രാചീനവികാരങ്ങള്‍ '  എന്ന പേര് വിരല്‍ചൂണ്ടുന്നത് പോലെ, വാര്‍ധക്യം കൂടുകൂട്ടാന്‍ തുടങ്ങിയ മനസ്സുകളുടെ ഉള്ളറകളിലേക്കാണ് ഭൂരിഭാഗം കഥകളും വായനക്കാരെ  കൊണ്ടു പോകുന്നത്.  നമ്മള്‍ വായിച്ച ജീവിതത്തെ നമ്മളെക്കൊണ്ട് തന്നെ വായിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാന തന്ത്രമാണ് ബുദ്ധിപൂര്‍വ്വം എഴുത്തുകാരന്‍ ഈ കഥകളില്‍ പരീക്ഷിച്ചിട്ടുള്ളത്.സമൂഹത്തോടുള്ള കലഹമല്ല, സമൂഹത്തെ നേര്‍വഴിക്ക് നടത്താനുള്ള ഒറ്റയാള്‍പട്ടാളത്തിന്റെ വൃഥാശ്രമമല്ല, ആള്‍ക്കൂട്ടമെന്ന മഹാസമുദ്രത്തില്‍ തന്റെ ഇടം കണ്ടെത്തി, കുഞ്ഞുവാല്‍ കൊണ്ട് തുഴഞ്ഞു മുന്നേറുന്ന പരല്‍ മീനുകളുടെ ഉള്ളറകളിലെ നിശ്ശബ്ദ വിപ്ലവത്തിലേക്കാണ്  പി.എഫ് മാത്യൂസ് വായനക്കാരനെ കണ്ണിചേര്‍ക്കുന്നത്.
കഥയ്ക്കുള്ളിലെ കഥയും, എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന കഥയിലെ കഥാപാത്രങ്ങളും രചയിതാവും തമ്മിലുള്ള സംഭാഷണങ്ങളുമൊക്കെയായി നമ്മുടെ കഥാസാഹിത്യത്തിലെ തന്നെ  വ്യത്യസ്തമായൊരനുഭവമായി സൈക്കിളോട്ടക്കാരന്‍ എന്ന കഥ മാറുന്നുണ്ട്.  

നമ്മുടെ കണ്ണില്‍ ഒരു കൗതുകവുമവശേഷിപ്പിക്കാതെ കടന്നുപോകുന്നവരുടെ ജീവിതമാണ് പി.എഫ് മാത്യൂസ് തന്റെ  കഥകളിലൂടെ ആവിഷ്‌കരിക്കുന്നത്. ഭ്രാന്തരും ,കൊലപാതകികളും, സ്വവര്‍ഗാനുരാഗികളും, വ്യഭിചാരികളും, പരേതാത്മാക്കളും, പ്രണയികളും, കൊലപാതകികളും ആയിപ്പോകുന്നവരുടെ  അപരലോകത്തിന്റെ വ്യത്യസ്തതകളാണ് ഓരോ കഥയും അനുഭവിപ്പിക്കുന്നുത് .ഒപ്പം മരണമെന്ന നിതാന്തസത്യത്തിന്റെ അദൃശ്യസാന്നിധ്യവും .

ഒരിക്കല്‍ കൂടി നോക്കാമായിരുന്നു എന്ന് നമുക്കൊരിക്കലും തോന്നാനിടയില്ലാത്ത അപരിചിതരുടെ , ഒരിക്കലും ശ്രദ്ധിക്കേണ്ടതില്ല എന്നു നമ്മള്‍ കൊട്ടിയടച്ച അവ്യക്തമായ കേള്‍വികളിലേക്ക് ,പണ്ടത്തെ നാടോടിക്കഥയിലെ കുഴലൂത്തുകാരന്റെ പ്രാഗത്ഭ്യത്തോടെ പി.എഫ് മാത്യൂസ് നമ്മെ ആകര്‍ഷിക്കുന്നു. വായനക്കാര്‍ക്ക് കൂടി നിറം ചേര്‍ക്കാവുന്ന വിശാലമായൊരു ക്യാന്‍വാസാണ് 'പ്രാചീന വികാരങ്ങള്‍ '. ദിക്കറിയാതെ ഉഴലുന്ന വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഏറ്റവും ഉചിതമായ ബിംബത്തെ ചേര്‍ത്തുവെച്ച മുഖചിത്രവും മനോഹരം.

ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)ദിനസരി-8: നുരഞ്ഞുപൊന്തുന്ന കഥയിടങ്ങള്‍( ഡോ. സ്വപ്ന. സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക