Image

അഞ്ജനയ്‌ക്കെതിരെ ബലാത്സംഗ ശ്രമം നടന്നതായി പരാതി ലഭിച്ചില്ലെന്നു പോലീസ്

Published on 25 May, 2020
അഞ്ജനയ്‌ക്കെതിരെ ബലാത്സംഗ ശ്രമം നടന്നതായി പരാതി ലഭിച്ചില്ലെന്നു പോലീസ്
തിരുവനന്തപുരംന്മ കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന കെ. ഹരീഷ് (21) എന്ന യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍. ഏതെങ്കിലും തരത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അഞ്ജനയെ കാണാനില്ലെന്ന് മുന്‍പ് അമ്മയില്‍നിന്നു പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അവരെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഗാര്‍ഗി എന്നയാള്‍ക്കൊപ്പം പോകാനാണ് അഞ്ജനയ്ക്ക് കോടതി അനുമതി നല്‍കിയത്. അതിനു ശേഷമാണ് അഞ്ജനയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. കേസ് അന്വേഷിക്കുന്നത് ഗോവ പൊലീസാണ്. കേരളത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അവരില്‍നിന്നു റിപ്പോര്‍ട്ട് തേടാനാവില്ല.’’ ഡിവൈഎസ്പി പറഞ്ഞു.

അഞ്ജനയെ ഈ മാസം 13 നാണു ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയതായിരുന്നു. മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. താന്‍ ഈ വിവരം അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഗാര്‍ഗി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമമുണ്ടായെന്ന വിവരം കൂടി പുറത്തുവരുന്നതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. എന്തുകൊണ്ടാണ് ഇതുവരെ ആരും ഇക്കാര്യം പൊലീസില്‍ അറിയിക്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അഞ്ജനയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി അഞ്ജനയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ് സംരക്ഷണചുമതല ഏല്‍പ്പിച്ച് അവരെ ഗാര്‍ഗിക്കൊപ്പം വിട്ടത്.

ഇതിനു ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചു. താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഗോവയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അഞ്ജന വിളിച്ചിരുന്നുവെന്ന് അമ്മ മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ അവള്‍ക്കു തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അമ്മ പറഞ്ഞു.

മരിക്കുന്നതിനു തലേദിവസം അഞ്ജന വിളിച്ചതായും അമ്മ പറഞ്ഞു. ''അമ്മേ, കാഞ്ഞങ്ങാടേക്ക് വണ്ടിയുമായി വരണം. ഞാന്‍ അങ്ങോട്ടുവരുന്നുണ്ട്. അമ്മയേയും അനിയത്തിയേയും കാണണം, നിങ്ങളുടെ കൂടെ ജീവിക്കണം. വളരെ സന്തോഷത്തിലായിരുന്നു അവള്‍. അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല....'' മിനി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക