Image

വിഷ മനസ്സുകൾക്കിടയിൽ (അനിൽ പെണ്ണുക്കര)

Published on 25 May, 2020
വിഷ മനസ്സുകൾക്കിടയിൽ (അനിൽ പെണ്ണുക്കര)
ഒരിക്കൽ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വന്ന മകളോട് ഒരമ്മ ചോദിച്ചു.എന്തെങ്കിലും വഴക്കുണ്ടാക്കി വന്നതാണോ എന്ന്.

അല്ല എന്ന് മറുപടി.എന്നിട്ട് അവനെവിടെ എന്ന ചോദ്യം. വൈകിട്ട് വരുമെന്ന് മറുപടി.വളരെക്കാലമായി കാണാതിരുന്ന കൊച്ചു മക്കളെ കണ്ടപ്പോൾ കുടുംബത്തിൽ സന്തോഷം മകളുടെ വരവിൽ പന്തികേട് തോന്നിയ അമ്മ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.

"അമ്മയ്ക്ക് പറ്റുമെങ്കിൽ എൻ്റെ പുറത്ത് അല്പം കുഴമ്പിട്ട് തരാമോ.. "

അമ്മയും സഹോദരങ്ങളുമെല്ലാം ഞെട്ടി. മകളുടെ പുറത്ത് വിറകു കൊള്ളിക്ക് ഭർത്താവ് തല്ലിയ പാടുകൾ.
മകളുടെ പുറത്ത് കുഴമ്പിട്ട് തടവിയ അമ്മയുടെ കണ്ണിൽ നിന്നും രക്തമാണ് പുറത്തേക്ക് വന്നത്. നൊന്തു പ്രസവിച്ച അമ്മയല്ലേ...

"നിനക്കും കുട്ടികൾക്കും ഇങ്ങട്ട് വന്ന് നിൽക്കാൻ പറ്റില്ലേ. അവൻ പോകട്ടെ എന്ന് വയ്ക്കണം.ഇങ്ങനെ ദ്രോഹിക്കാൻ ആണെങ്കിൽ ... ഈ ബന്ധം നമുക്ക് വേണ്ട"

"ഇങ്ങോട്ട് വന്നാൽ എത്ര നാൾ അമ്മയും അച്ഛനും നോക്കും. സഹിച്ചായാലും നിൽക്കുക തന്നെ. കുട്ടികൾ ആയിപ്പോയില്ലേ.. "

ഞാൻ കൂടി ദൃക്സാക്ഷിയായ ഒരനുഭവമാണിത്. ഇപ്പോഴും ആ മകൾ ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കുന്നു. കാരണം ആ മകൾ കൂടി രണ്ട് മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വന്നാൽ ഉണ്ടാകാൻ ഉണ്ടാകാൻ പോകുന്ന പ്രതിസന്ധികൾ, പ്രശ്നങ്ങൾ ,സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ച് ആ മകളും അമ്മയും അച്ഛനുമൊക്കെ ചിന്തിച്ചിരിക്കണം.പ്രശ്നങ്ങളൊഴിവാക്കി ജീവിക്കുക എന്ന ഉപദ്ദേശം നൽകി വിടാനെ അവർക്ക് കഴിഞ്ഞുള്ളു.

ഇനി എനിക്കറിയാവുന്ന മറ്റൊരു സംഭവം കൂടി പറയാം. സാമ്പത്തികമായി വളരെ ഭദ്രതയുള്ള കുടുംബത്തിലേക്ക് വിവാഹം കഴിച്ച് കടന്നു വന്ന ഒരു പെൺകുട്ടി .സർക്കാർ സ്കൂൾ അദ്ധ്യാപിക.ഭർത്താവ് ബിസിനസുകാരൻ.ഒരു മകൻ. ഭർത്താവിൻ്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞ ടീച്ചർ ആദ്യം വിവരം സൂചിപ്പിച്ചത് ഭർത്താവിൻ്റെ അമ്മയോട് .അതൊന്നും അത്ര കാര്യമാക്കണ്ട എന്നായിരുന്നു അമ്മായി അമ്മയുടെ മറുപടി. സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയും പറഞ്ഞത് ഇനിയിത് ആരോടും പറഞ്ഞ് കൂടുതൽ വഷളാക്കണ്ട. നമുക്ക് അഭിമാനമാണ് വലുത് .ടീച്ചറിൻ്റെ കഴിവുകേടായി വ്യാഖ്യാനിക്കുമെന്ന് പറഞ്ഞ് വീട്ടുകാരും കയ്യൊഴിഞ്ഞു. അവസാനം പ്രശ്നങ്ങൾ സങ്കീർണ്ണമായി. പിന്നീട് ടീച്ചറും ഭർത്താവും രണ്ട് മുറികളിലായി താമസം.അതിപ്പോഴും തുടരുന്നു. ടീച്ചർ റിട്ടയർമെൻ്റിലേക്ക് അടുക്കുന്നു. ടീച്ചർ പറയുന്ന കാര്യങ്ങളിൽ ശരിയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.. സാമ്പത്തികം മാത്രം നോക്കി വിവാഹം കഴിച്ചതാണ് അയാൾ .ജീവിതം കൈവിട്ട് പോയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ വളരെ സുരക്ഷിതമായ ഒരു ജോലി ഉള്ളതുകൊണ്ട് ടീച്ചർ മുന്നോട്ട് പോകുന്നു. എങ്കിലും കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളിൽ അവർ അതീവ ദു:ഖിതയാണ്. ഒരു വീട്ടിൽ വർഷങ്ങളായി പരസ്പരം സംസാരിക്കാതെ രണ്ടു പേർ.ഇതിനിടയിൽ വീർപ്പുമുട്ടുന്ന മകൻ.വിവാഹം കഴിച്ച സമയത്തെ തിരിച്ചറിഞ്ഞ ഒരു പ്രശ്നം പരിഹരിക്കാൻ തറവാട് മഹിമയുടേയും അഭിമാനത്തിൻ്റെയും കയറിൽ കുരുക്കിയിട്ടു സ്വന്തം വീട്ടുകാർ.

ഈ രണ്ട് അനുഭവങ്ങളും എഴുതിയത് വ്യത്യസ്തമായ സാഹചര്യങ്ങളെ മനസിലാക്കാൻ വേണ്ടിയാണ്. രണ്ട് സംഭവങ്ങളിലും സ്ത്രീകൾക്ക് സമാധാനമില്ല .ആദ്യത്തേത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്തതിൻ്റെ പേരിൽ ഭർത്താവിൻ്റെ അടിയും ഇടിയും വാങ്ങി ഒരു ഭാര്യ ജീവിതം തള്ളി നീക്കുന്നു.

രണ്ടാമത്തെതിൽ വീട്ടുകാരുടെ അഭിമാന സംരക്ഷണത്തിനായി മറ്റൊരു സ്ത്രീ ബലിയാടായി ജീവിക്കുന്നു. പക്ഷെ ഒരു സർക്കാർ ജോലി ഉള്ളതുകൊണ്ട് മാത്രമാണ് ടീച്ചർ ജീവിച്ചു പോകുന്നത്. ആരെയും ആശ്രയിക്കാതെ.

വിവാഹത്തിന് മുൻപുള്ള പെണ്ണും, വിവാഹത്തിന് ശേഷമുള്ള പെണ്ണും പലപ്പോഴും കുടുംബങ്ങൾക്ക് ബാധ്യതയാണ് എന്ന വിചാരം കേരളീയ സമൂഹത്തിലുണ്ട്.ഇതിനെ നിഷേധിക്കാൻ ആർക്കും സാധിക്കില്ല. ഡൈവേഴ്സ് വാങ്ങി വന്ന ചേച്ചി, അനിയത്തി ,ഭർത്താവ് മരിച്ച ചേച്ചി ഒക്കെ കഥാപാത്രങ്ങളാണ് .ഇതൊന്നും പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ല. ഭാര്യ മരിച്ച ചേട്ടൻ, ഭാര്യ മരിച്ച അനുജൻ ഒരു വീടിനും ബാധ്യതയായതായി തോന്നിയിട്ടില്ല.നമ്മുടെ സമൂഹം അത്തരത്തിൽ പരുവപ്പെട്ടു എന്ന് പറയണം.ഭാര്യ മരിച്ചു പോയ പുരുഷൻ വിവാഹിതനാകാൻ അധിക നാൾ വേണ്ട. ഭർത്താവ് മരിച്ചു പോയ കുട്ടികൾ ഉള്ള സ്ത്രീയുടെ വിവാഹം ഒരു പരിധി വരെ ബാലികേറാമലയാണ്.

ഇവിടെയെല്ലാം ബലിയാടാവുന്നത് സ്ത്രീകളും.
പെൺമക്കളേയും ആൺമക്കളേയും ഒരു പോലെ കാണുന്ന പരിഷ്കൃത സമൂഹത്തിൻ്റെ അവസ്ഥയിലും വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ല എന്നു തന്നെയാണ് കാലം തെളിയിക്കുന്നത്.

ഞാൻ അദ്ധ്യാപകനായ കാലം മുതൽ എൻ്റെ പെൺകുഞ്ഞുങ്ങളോടും ആൺകുട്ടികളോടും പറയുന്ന ഒരു കാര്യമുണ്ട്.

എല്ലാത്തരം അവഗണനകളിൽ നിന്നും കരകയറാൻ മികച്ച വിദ്യാഭ്യാസം നേടുക എന്നതാണ്.കുടുംബം എന്ന ഒരു സ്പേസിലേക്ക് വരാൻ സ്വയം ബോധ്യമാകുന്ന സമയത്ത് വിവാഹം കഴിക്കാം. കുറഞ്ഞ പക്ഷം സ്വന്തം കാലിൽ നിൽക്കാൻ, സുരക്ഷിതയായി ജീവിക്കാൻ ഒരു ജോലി ലഭിച്ചതിന് ശേഷം കുടുംബത്തെ കുറിച്ച് ആലോചിക്കാം. എത്ര വലിയ പ്രതിസന്ധികൾ വന്നാലും ജോലി ഉപേക്ഷിക്കാതിരിക്കുക. സ്വയം ഒരാവശ്യത്തിന് ഭർത്താവാണങ്കിൽ പോലും കൈ നീട്ടുന്ന അവസ്ഥ ചില മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കും.

പക്ഷെ വിവാഹം കഴിച്ച് ഭംഗിയായി കുടുംബം നോക്കുന്ന നിരവധി വ്യക്തികളും നമ്മുടെ സമൂഹത്തിലുണ്ട്. ഭാര്യയ്ക്ക് ഒരു ജോലി ലഭിക്കാൻ രാപ്പകൽ ഭാര്യയ്ക്കൊപ്പം ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒപ്പം കൂടിയ ഒരാളെ എനിക്കറിയാം. തിരൂരിൽ പ്യൂൺ തസ്തികയിൽ ജോലിക്ക് കയറിയ ആ സ്ത്രീ ജോലി കിട്ടി ആദ്യം പറഞ്ഞ വാക്ക്..

"എൻ്റെ അച്ചാച്ചൻ ഇല്ലായിരുന്നെങ്കിൽ എനിക്കീ ജോലി കിട്ടില്ല എന്ന് " ....

ഇങ്ങനേയും നന്മ മനസുകൾ നമ്മുടെയിടയിൽ ഇഷ്ടം പോലെ..

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നവനെക്കാൾ വിഷമുള്ള പുരുഷന്മാർ നമ്മുടെയിടയിൽ ഉണ്ട്. ഭാര്യമാരെ ഏതെല്ലാം തരത്തിൽ ദ്രോഹിക്കാമോ അങ്ങനെയെല്ലാം അവർ ദ്രോഹിക്കുന്നു. നമ്മളാരും അത് അറിയുന്നില്ല എന്ന് മാത്രം. കടിച്ച മൂർഖനെക്കാൾ ഉഗ്രവിഷമുള്ളത് കൂട്ടിലിരിക്കുന്നത് ..
അവരോടാണ്...

ഭാര്യ..
നിങ്ങൾടെ കൂടെ കിടന്നവളാണ്.
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം കൂടിയവളാണ്..
നിങ്ങൾടെ മക്കളെ പ്രസവിച്ചവളാണ്....
ആപത്ത് വന്നപ്പോൾ താലിമാല വരെ പറിച്ചു തന്നവളാണ്..
പരിഗണന...
സ്നേഹം..
അത് മാത്രമാണ്
അവൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
അത് നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ്.
അല്ലാത്തവൻ ഭർത്താവാകാൻ
അച്ഛനാകാൻ
അർഹനല്ല ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക