Image

പെൺമരങ്ങൾ (കവിത: ഡോ.എസ്.രമ )

Published on 25 May, 2020
പെൺമരങ്ങൾ  (കവിത: ഡോ.എസ്.രമ )

പെൺമരതൈകളെ പൂച്ചട്ടികളിൽ
പാകി വളർത്തണം.
പ്രതികൂലകാലാവസ്ഥകളിൽ
പതറാതെയതിജീവനം  
പരിശീലിപ്പിക്കണം.
മാറ്റി നടാനുള്ള തൈകളാണെന്ന്
മറക്കരുത്.

വിലപേശിയുറപ്പിക്കുന്ന
കച്ചവടത്തിലവ വിറ്റുപോകേണ്ടതുണ്ട്
വിൽക്കുന്നവനു  നഷ്ടവും
വാങ്ങുന്നവനു ലാഭവും
സമ്മാനിക്കുന്ന വിചിത്രമായൊരു
കച്ചവടമാണത്.

പുതുമണ്ണിൽ പാടുപെട്ടവ
വേരുറപ്പിക്കും.
കരുതലിൽ
കിട്ടുമിത്തിരി  വെള്ളവും വളവും
കൊണ്ടവ സമ്മാനിക്കും.
മധുരഫലങ്ങൾ

ചില്ലകൾ വെട്ടി മുറിപ്പെടുത്തിയാലും
തണൽ തരും.
കാലാന്തരത്തിൽ കുറയും
കരുതലിലും ഫലങ്ങൾക്ക്
മധുരം കുറയില്ല.

വേരുറപ്പിച്ച മണ്ണിലതു
 ജീവിച്ചു മരിച്ചോട്ടെ.
മെച്ചപ്പെട്ട മറ്റൊന്നിനു
വേണ്ടിയൊരു മഴുകൊണ്ടതിനെ
കൊല്ലാതിരു ന്നാൽ മാത്രം മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക