Image

വിശ്വാസം (ദീപ ബിബീഷ് നായർ)

Published on 25 May, 2020
വിശ്വാസം (ദീപ ബിബീഷ് നായർ)
വിശ്വാസമാണെനിക്കെല്ലാമീയൂഴിയിൽ
വിശ്വാസമാകണം സ്വന്തബന്ധങ്ങളിൽ
ഒരുവേള നീയതു നഷ്ടപ്പെടുത്തുകിൽ
ഒരകലം സുനിശ്ചിതം ഓർമ്മ വേണം

വിശ്വാസമൊരുവേള പടിയിറങ്ങീടുകിൽ
സംശയഛായകൾ കുടിയേറും മനമതിൽ
വിട്ടു പോകണമാ സൗഹൃദത്തെ
നഷ്ടപ്പെടുമ്പോഴാ വിശ്വാസത്തെ

വേദനയേറുമാ നൊമ്പരക്കാറ്റിന്
ഒറ്റയ്ക്കാകുമാ നാലാൾക്കൂട്ടത്തിലും
മറവിയെന്നനുഗ്രഹമില്ലായിരുന്നെങ്കിൽ
മൺമറഞ്ഞകന്നേനെയാ സൗഹൃദങ്ങളും

വേണ്ടിന്നെനിക്കിനി നിൻ്റെയീ സൗഹൃദം
നീയർഹയല്ല എൻ സൗഹൃദത്തിന്
വാക്കുകൾ ആഴത്തിലാഴ്ന്നിറങ്ങുന്നു നീ
മൊഴിഞ്ഞൊരാ കപടനാടകക്കളരിയിൽ

സ്നേഹമുണ്ടെങ്കിലുദിക്കും വിശ്വാസവും
ഹൃദയമുണ്ടെങ്കിലുദിക്കും സ്നേഹവും
നേടിയെടുക്കൊനൊരായിരം നാളുകൾ
തകർത്തെറിയുവാനൊരു നിമിഷം മതി

അകലമാവശ്യമിന്ന് ബന്ധങ്ങളിൽ
അകന്നുനിൽക്കാമൊരുകാതമകലെയായ്
അളന്നു വേണമിന്നോരോ ചുവടും
അറ്റുപോകാതെ വേരുകൾ കാക്കുവാൻ

മിത്രമല്ലവൻ ആ ജന്മശത്രു
ആട്ടിൻ തോലണിഞ്ഞൊരാ ചെന്നായ
കുടിക്കുന്നു രുധിരമാഹ്ലാദിച്ചവൻ
അടുത്തതന്ത്യമവനാണെങ്കിലോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക