Image

വന്ദേഭാരത് ദൗത്യം: ആയിരത്തിലേറെ പ്രവാസികള്‍ ഇന്ന് കേരളത്തിലെത്തും

Published on 26 May, 2020
വന്ദേഭാരത് ദൗത്യം: ആയിരത്തിലേറെ പ്രവാസികള്‍ ഇന്ന് കേരളത്തിലെത്തും
ദുബായ്: വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തില്‍ ബുധനാഴ്ച യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും. ദുബായില്‍നിന്നും അബുദാബിയില്‍നിന്നും മൂന്നുവീതം വിമാനങ്ങളാണുള്ളത്.

ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ. എക്‌സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50ന് പുറപ്പെടും. ദുബായ്കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1746 ഉച്ചയ്ക്ക് 12.50നാണ് യാത്ര തിരിക്കുക. ദുബായ്‌കോഴിക്കോട് ഐ.എക്‌സ് 1344 ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും. അബുദാബികോഴിക്കോട് ഐ.എക്‌സ് 1348 ഉച്ചയ്ക്ക് 12.20നും അബുദാബികൊച്ചി ഐ. എക്‌സ് 1452 ഉച്ചയ്ക്ക് 1.50നും അബുദാബിതിരുവനന്തപുരം ഐ. എക്‌സ് 1538 ഉച്ചതിരിഞ്ഞ് 3.20നും യാത്രതിരിക്കും. കൂടാതെ അബുദാബിയില്‍നിന്ന് രാവിലെ 11.25ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1116 വിമാനം അമൃത്‌സറിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തും.

വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ക്കനുസരിച്ച് സമയക്രമങ്ങളില്‍ നേരിയ വ്യത്യാസമുണ്ടാകാം. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്കാനിങും ഉണ്ടായിരിക്കും. യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. 27 ആഴ്ചയോ അതില്‍ കൂടുതലോ ആയ ഗര്‍ഭിണികള്‍ 72 മണിക്കൂര്‍ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് കരുതണം.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ നേരിട്ടെത്തി യാത്രക്കാര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. തൊഴില്‍നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കുതന്നെയാണ് ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ ഇത്തവണയും മടക്കയാത്രയില്‍ മുന്‍ഗണന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക