Image

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; കരസേനാ മേധാവി യോഗം വിളിച്ചു

Published on 26 May, 2020
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; കരസേനാ മേധാവി യോഗം വിളിച്ചു
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കേ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന തുടരുന്ന പ്രകോപനവും നേപ്പാള്‍ ഉയര്‍ത്തുന്ന അവകാശവാദവും ചര്‍ച്ച ചെയ്യാന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ ഉയര്‍ന്ന സേനാ ഉദ്യോഗസ്ഥരുമായി നടത്തുന്ന ത്രിദിന കൂടിക്കാഴ്ച ബുധനാഴ്ച തുടങ്ങും. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാംഘട്ട യോഗം ജൂണ്‍ അവസാനം ചേരും. ഏപ്രില്‍ 13 മുതല്‍ 18 വരെ നിശ്ചയിച്ച യോഗം കോവിഡ് കാരണം മാറ്റുകയായിരുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ചേരുന്നത്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം പെരുകുകയാണ്. ചൈനയുടെ നീക്കങ്ങള്‍ക്ക് നേപ്പാള്‍ പിന്തുണ നല്‍കുന്നതായാണ് ഇന്ത്യയുടെ നിഗമനം. ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയത് ഇതിനെ തുടര്‍ന്നാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പാംഗോങ് തടാകം, ഗാല്‍വന്‍ താഴ്‌വര, ദംലോക്ക്, ദൗലത്ത് ബേഗ് ഓള്‍ഡി എന്നിവിടങ്ങളില്‍ ചൈന കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ ചൈന വന്‍വികസനപ്രവര്‍ത്തനവും തുടങ്ങി. അതിര്‍ത്തിയില്‍ ആക്രമിക്കാനടക്കം പറ്റുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യയും അയ്യായിരത്തോളം സൈനികരെ മേഖലയില്‍ പുതുതായി എത്തിച്ചു. കാല്‍നടയാത്രയും ദുഷ്കരമായ മേഖലയില്‍ പട്രോളിങ് സാധ്യമല്ലാത്തതിനാല്‍ ഇന്ത്യയും ആളില്ലാ വിമാനമാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക