Image

അഞ്ജനയുടെ മരണത്തില്‍ ദുരൂഹത, മാതാവിന്റെ മൊഴിയെടുത്തു

Published on 27 May, 2020
അഞ്ജനയുടെ മരണത്തില്‍ ദുരൂഹത, മാതാവിന്റെ മൊഴിയെടുത്തു
കാസര്‍കോട്: ഗോവയിലെ റിസോര്‍ട്ടില്‍ നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന കെ ഹരീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള പൊലീസിന്റെ അന്വേഷണം. 

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ അഞ്ജനയുടെ വീട്ടിലെത്തി മാതാവ് മിനിയുടെ മൊഴിയെടുത്തു. യുവതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ജനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹത വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

 അഞ്ജനയുടെ മരണം സംബന്ധിച്ച്‌ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയിരുന്നു. ഗോവ,കേരള മുഖ്യമന്ത്രിമാര്‍ ദേശീയ, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. 


മകള്‍ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.


ഗോവ കലങ്കൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബര്‍ഡോസ് റിസോര്‍ട്ടിലാണ് മേയ് 13 ന് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ മകളോട് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 


മരണത്തിനു പിന്നില്‍ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകള്‍ ഉണ്ടെന്നും സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

മുന്‍ നക്സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗി, അഞ്ജനയക്ക് ഒപ്പം ഗോവയില്‍ എത്തിയ നസീമ, ആതിര, ശബരി എന്നിവരുള്‍പ്പെടെ 13 പേരുടെ പേരുവിവരങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. 


താന്‍ ഉള്‍പ്പെടെ ഒട്ടേറെ അമ്മമാരുടെ കണ്ണീരിന് ശമനമുണ്ടാകണമെന്നും രാജ്യവിരുദ്ധരുടെ വലയില്‍ ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവിതം ഹോമിക്കപ്പെടാതെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അഞജനയുടെ അമ്മ പരാതിയില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക