Image

ചന്ദ്രനില്‍ നിന്ന് ഭൂതത്തിലേക്കു (കെ.രാധാകൃഷ്ണന്‍, ഷിക്കാഗോ)

കെ.രാധാകൃഷ്ണന്‍, ഷിക്കാഗോ Published on 27 May, 2020
ചന്ദ്രനില്‍ നിന്ന് ഭൂതത്തിലേക്കു (കെ.രാധാകൃഷ്ണന്‍, ഷിക്കാഗോ)
കേരളീയരുടെ ആരാധനാപാത്രവും കേരളത്തിന്റെ രവീന്ദ്രനാഥ് ടാഗോര്‍
എന്നറിയപ്പെടുന്നതുമായ മഹാകവി വള്ളത്തോള്‍ പാടി,
'ലോകമേ തറവാട് തനിക്കിച്ചെടികളും പുല്‍ക്കളും,
പുഴുക്കളും കുടിതന്‍ കുടുംബക്കാര്‍....'

ജീവിതമാകുന്ന ഈ നിറഞ്ഞൊഴുകുന്ന പുഴയിലൂടെ പൂനിലാവുള്ള രാത്രിയില്‍ ആഘോഷത്തോടുകൂടി തിരകളുല്ലസിക്കുന്ന ആ മനോഹര കടലില്‍ എത്തുംവരെ നമ്മള്‍ തുഴയുകയാണ്. ഒരു നല്ല നാടകത്തിന്റെ അവസാനത്തെ രംഗം കഴിഞ്ഞു യവനിക താഴുമ്പോലും ആദ്യരംഗം ആ അവസാനരംഗത്തോളം തന്നെ നമ്മില്‍ വര്‍ത്തിക്കുകയാണ്. ജീവിതം മുഴുവന് ഉരുകിച്ചേരലാണ്, അതേസമയം ഒരു നിരന്തരപ്രവാഹവുമാണ്. ഈ പ്രവാഹത്തില്‍ നിന്ന് നാം കടഞ്ഞെടുക്കുന്ന തീര്‍ത്ഥം വരുംതലമുറയ്ക്ക് നല്‍കാം.

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ രാമചന്ദ്രന്‍ മഹാത്മാഗാന്ധിയോട് ഇങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചതായി കാണുന്നു: 'ഒരു സൂര്യാസ്മനത്തിലോ, താരകാവൃതമായ അമ്പിളിക്കലയിലോ സത്യമുണ്ടോ ബാപ്പുജീ...' തീര്‍ച്ചയായും' ഗാന്ധി മറുപടി പറഞ്ഞു. ഇവയുടെ പിന്നില്‍ നില്‍ക്കുന്ന ആ ജഗത്ക്കാരണനെ സ്മരിക്കാന്‍ ഇടയാക്കുന്നതുകൊണ്ട് ഈ സുന്ദരദൃശ്യങ്ങള്‍ സത്യംതന്നെ'

ഈ ജീവിതമാകുന്ന പ്രവാഹത്തില്‍ സ്വാര്‍ത്ഥികളായ മനുഷ്യന്‍ അണുക്കളും, മൃഗങ്ങളും അടക്കമുള്ള എല്ലാ ജിവജാലങ്ങളെയും അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഈ വസുന്ധരയിലെ വസുക്കള്‍ നിങ്ങള്‍ക്കുമാത്രമല്ല ഞങ്ങള്‍ക്കുകൂടിയുള്ളതാണ് എന്ന് അവര്‍ മനുഷ്യനെ പഠിപ്പിക്കുന്നു. അണുക്കളില്‍നിന്ന് അഥവാ ആയുര്‍വേദത്തില്‍ പറയുന്ന ഭൂതങ്ങളില്‍നിന്നു പകരുന്ന മഹാരോഗങ്ങള്‍ കാരണം നമ്മുടെ എത്രയേറെ മുന്‍ഗാമികള്‍ അതിനു കീഴടങ്ങി. പക്ഷേ, മനുഷ്യന്‍ ഞാനാണു വലുത് എന്ന അഹംഭാവത്തോടുകൂടി പടവെട്ടുകയാണ്. 1918 ല്‍ സ്പാനിഷ് ഫ്‌ളൂ കാരണം ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ ലോകത്തിനു നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 30000 ത്തില്‍പ്പരം ജനങ്ങള്‍ ഇതിനു ഇരയായി. കാലക്രമേണ മനുഷ്യര്‍ ഫ്‌ളൂ വൈറസ്സിനു എതിരായി വാക്‌സിനേഷന്‍ കണ്ടുപിടിച്ചു. വൈറസിനു എതിരായിട്ടുള്ള മരുന്ന് ഇന്നും നാം കണ്ടുപിടിച്ചിട്ടില്ല എന്നോര്‍ക്കേണ്ടതുണ്ട്. അതേ സമയം ഏറ്റവും പുരോഗമിച്ച ലോകത്തില്‍ ജീവിക്കുന്നവരാണെന്നു തന്നെത്താന്‍ അഭിമാനിക്കുന്നു. വാസ്തവത്തില്‍ നാം വളരെ പുരോഗതി പ്രാപിച്ച ഭൂമിയില്‍ത്തന്നെയാണോ ജീവിക്കുന്നത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. ഒന്നു ചിന്തിച്ചു നോക്കൂ, നമ്മെളെല്ലാവരും അനുഭവിക്കുന്ന ജലദോഷം അഥവാ Common Cold നു മരുന്ന് ഉണ്ടോ? ഇല്ല എന്നതാണ് പരമാര്‍ത്ഥം. അഞ്ചോ, ആറോ ദിവസം കഴിഞ്ഞാല്‍ സ്വാഭാവികമായി ആ വൈറസ് നമ്മെ വിട്ടുപോകുന്നു. വൈറസ് ശ്വാസകോശത്തിനു മുകള്‍ഭാഗത്ത് കൂടുതല്‍ വൃണങ്ങള്‍ ഉണ്ടാക്കിയാല്‍ ഡോക്ടര്‍ ആന്റി ബയോട്ടിക്‌സ് രോഗിക്കു നല്‍കുന്നു.

ഒരു ദിവസം സ്‌ക്കൂളില്‍നിന്ന് സഹപാഠികളോടൊത്ത് വീട്ടിലേയ്ക്കുള്ള യാത്രയില്‍ സന്ധ്യാസമയത്ത് കുറച്ചുദൂരെ ഞങ്ങള്‍ക്ക് എതിരായി കുറച്ചാളുകള്‍. അതില്‍ നാലുപേര്‍ കത്തിജ്വലിക്കുന്ന പന്തങ്ങള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ മഞ്ഞപ്പൊടി വിതറന്നു, മറ്റു ചിലര്‍ രണ്ടുകൈകളിലും വേപ്പിന്റെ ഇലകള്‍ പിടിച്ചു വീശിക്കൊണ്ട് മന്ത്രം ചൊല്ലുന്നു, ഇവര്‍ക്കു നടുവില്‍ ഒരു ശവമഞ്ചം. വസൂരി പിടിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പാണ്. ഭയപ്പെട്ടു ഞങ്ങള്‍ അടുത്തുള്ള കാട്ടിലേയ്‌ക്കോടി. അന്നും മഞ്ഞള്‍പ്പൊടിയുടേയും വേപ്പിലയുടേയും അണുക്കള്‍ക്കെതിരെ പോരാടാനുള്ള ശക്തി ഭാരതീയര്‍ക്ക് അറിയാമായിരുന്നു. അക്കാലവും ക്രൂരമായ അണുബാധയില്‍നിന്ന് രക്ഷപ്പെടാന്‍ ജനത്തെ വഴിമാറിനടക്കാന്‍ പ്രേരിപ്പിച്ചു. ഇന്നിപ്പോള്‍ ലോകമാകെ വഴിമാറിനടക്കാന്‍ പഠിക്കുകയാണ്. കാലക്രമത്തില്‍ വസൂരിക്ക് വാക്‌സിനേഷന്‍ കണ്ടുപിടിച്ചു. അത് ഇന്ന് ലോകത്തില്‍നിന്ന് ഉന്‍മൂലനം ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ആ ബീജം പല രാഷ്ട്രങ്ങളിലും ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്.

മനുഷ്യന്‍ പോരാട്ടം നടത്തിയ മറ്റൊരു മഹാരോഗമായിരുന്നു കോളറ. എത്രയോ സഹോദരങ്ങള്‍ ഈ ബാക്ടീരിയയ്ക്ക് മുമ്പില്‍ ജീവന്‍ അടിയറവച്ചു. എന്റെ വന്ദ്യമാതാവ് ജനിച്ചു പത്തുദിവസം തികയുന്നതിനുമുമ്പ് പതിനാറ് വയസ്സ് മാത്രം പ്രായമുള്ള അവരുടെ അമ്മ-എന്റെ മുത്തശ്ശി-അകാലമരണത്തില്‍പ്പെട്ട് യാത്രയായത്രേ! വളരെ ചെറുപ്പത്തില്‍ വള്ളുവനാട്ടിലെ പടനായര്‍സ്ഥാനം ഉണ്ടായിരുന്ന എന്റെ മുത്തശ്ശന്‍ പുനര്‍വിവാഹം കഴിച്ച് അഞ്ചു മക്കളുണ്ടായി. അതില്‍ മൂന്നുപേര്‍ ഒരു ദിവസം കോളറയ്ക്കു കീഴടങ്ങി. അന്ന് ചില ആയൂര്‍വേദ ചികിത്സയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തില്‍ ആ ബീജത്തെപ്പറ്റി മനുഷ്യന്‍ മനസ്സിലാക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത് എത്രയോ ജനങ്ങള്‍ അറിയപ്പെടാത്ത അണുക്കളാല്‍ (ഗ്രാം പോസീറ്റീവ് ബാക്ടീരിയ) മരിച്ചുപോയി, ആ സമയത്താണ് പെനിസിലിന്‍ എന്ന ആന്റിബയോടിക് കണ്ടുപിടിച്ചത്. 'Necessity is the mother of invention' ഫ്‌ളെമിംഗ് അന്നത് കണ്ടുപിടിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഈ ലോകത്തിന്റെ നില. മറ്റൊരു മഹാരോഗമായിരുന്നു നാം നേരിട്ട ക്ഷയം(Tuberculosis). വാഹനങ്ങള്‍ വേണ്ടുവോളം ഇല്ലാതിരുന്നൊരു കാലത്ത് രോഗികളെ മഞ്ചലുകളില്‍ കൊണ്ടുപോകുന്നതുകണ്ട് നാം ഭയപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞന്മാരുടെ കഠിനാദ്ധ്വാനം കൊണ്ടാണ് Streptomycin against(ഗ്രാം പോസിറ്റീവ് ആന്റ് ഗ്രം നഗറ്റീവ് ബാക്ടീരിയ) കണ്ടുപിടിച്ചത്. ആ സമയത്തു അതു കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ അന്നും ഇന്നുമായി കോടിക്കണക്കിനാളുകള്‍ നമുക്ക് നഷ്ടപ്പെടുമായിരുന്നു. അതിന്റെ ഫലമായാണ് കാലക്രമത്തില്‍ ബി.സി.ജി. വാക്‌സിനേഷന്‍ വന്നത്. ക്ഷയത്തിന്റെ ആന്റിബോഡി ഇന്നും ഭാരതീയരുടെ രക്തത്തില്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ന് ക്ഷയരോഗം ഒരു മഹാരോഗം അ്ല്ലാതായി. നമ്മുടെ കുടുംബക്കാരോ, നാട്ടുകാരോ ആയി എത്രയോ ജനങ്ങള്‍ കാന്‍സര്‍ രോഗം പിടിപെട്ട് നമ്മോട് വിടപറഞ്ഞു. ആ വൈറസ്സിനോട് ലോകം മുഴുവനും അനേകവര്‍ഷങ്ങളായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. തല്‍ക്കാലശാന്തിക്കുവേണ്ടി കീമോത്തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവ നടത്തിവരുന്നു. ഇതും നമുക്ക് ഭൂമിയില്‍ നിന്നും കിട്ടുന്ന മഹാരോഗങ്ങളുടെ മറ്റൊരു വൈറസ് ആണെന്ന കാര്യം മറക്കരുത്. അതുപോലെ മനുഷ്യന്‍ ഇന്നും യുദ്ധം ചെയ്യുന്ന മറ്റു വൈറസുകളാണ് ഹെപ്പറ്റൈറ്റസ് ബിയും സിയും, ഹെപ്പറ്റൈറ്റസ് എ യ്ക്കു വാക്‌സിനേഷന്‍ ഉണ്ടെന്നു നമുക്ക് സമാധാനിക്കാം. പക്ഷിപ്പനി, എച്ച് 1 എന്‍1, സാര്‍സ്, ഇബോള എന്നീ വൈറസ്സുകളില്‍നിന്ന് വാക്‌സിനേഷന്‍കൊണ്ടോ അല്ലാതെയോ മനുഷ്യന്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. എയ്ഡ്‌സ് വൈറസ്സിന് എതിരായി വാക്‌സിനേഷനോ ആ രോഗത്തില്‍നിന്ന് എന്നേയ്ക്കുമായി രക്ഷപ്പെടുവാനുള്ള മരുന്നോ നമുക്കില്ല. എച്ച്‌ഐവിക്ക് വളരെ വിലപ്പിടിച്ച മരുന്നുകള്‍ ഉള്ളതിനാല്‍ മനുഷ്യര്‍ക്ക് ജീവനെ നീട്ടാന്‍ കഴിഞ്ഞേക്കും. പക്ഷേ, എന്നേയ്ക്കുമായി മാറ്റാവുന്ന ഔഷധം ഇന്നുണ്ടോ എന്നത് സംശയമാണ്.

ഇപ്പോള്‍ എല്ലാം അടക്കിപ്പിടിച്ച മനുഷ്യന്‍ ഭൂഗോളത്തിന്റെ പടിപ്പുരയടച്ചു സൂര്യവെളിച്ചത്തിന്റെ ശക്തിക്കുവേണ്ടി(VitaminD) അന്വേഷിക്കുകയാണ്. ഫോണ്‍ എടുത്ത് മരുന്ന് വീട്ടിലെത്തിക്കാന്‍ ഫാര്‍മസിസ്റ്റിനോട് യുദ്ധം. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കില്‍ 10 വര്‍ഷത്തോളം ബറോഡയിലെ സാരാഭായ് കെമിക്കല്‍സിലും 38 കൊല്ലം അമേരിക്കയിലെ Abbot ലബോറട്ടറിയിലും Pharmaceutical, Diagnostics, Protein കെമിസ്ട്രി എന്നുള്ള ഗവേഷണ ഗ്രൂപ്പുകളില്‍ സീനിയര്‍ സയന്റിസ്റ്റ് ആയി പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതില്‍ കൃതാര്‍ത്ഥതയുണ്ട് ഇന്ത്യയില്‍ നിന്ന് Paracetamol റിസര്‍ച്ച് മുതല്‍, യുഎസ്എയിലെ അബോട്ട് ലബോറട്ടറീസിലെ എച്ച്‌ഐവി റിസേര്‍ച്ച് ഗ്രൂപ്പുകളില്‍ വരെ ഞാന്‍ ഒരു വലിയ സയന്റിസ്റ്റ് അല്ലെങ്കിലും പേരുകേട്ട സയന്റിസ്റ്റുമാരുടെ സാന്നിദ്ധ്യത്തില്‍ ഗവേഷണങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അവരില്‍ നിന്ന് വളരെ ശാസ്ത്രീയമായ അറിവുകള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു.

എവിടെനിന്നാണ് ഈ കോവിഡ് 19 എന്ന വൈറസിന്റെ ജനനം. ഈ വൈറസ് ചൈനയിലെ മാംസവ്യാപര കേന്ദ്രത്തില്‍ നിന്നോ അതോ അണുക്കളെ ഗവേഷണം നടത്തുന്ന ലാബില്‍ നിന്നോ എന്നത് രാഷ്ട്രീയപരമായ ചോദ്യം. കൂടാതെ ഈ വൈറസിനു ഗവേഷണശാലയില്‍നിന്ന് പുറത്തുവരാന്‍ സാധിച്ചത്, മഹാകവി ശ്രീ ശങ്കരക്കുറുപ്പ് 'പെരുന്തച്ചന്‍' കവിതയില്‍ പാടിയതുപോലെ 'അറിഞ്ഞോ അറിയാതെയോ?' ആ കവിതയുടെ അന്തരാര്‍്തഥത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് മനുഷ്യന് അസൂയ എന്നത് ജന്മസിദ്ധമാണ് എന്നുള്ളതാണ്. പേരുകേട്ട ശില്പിയായ അച്ഛന്‍, ്അച്ഛനെ വെല്ലുന്ന വൈഭവവുമായി മകന്‍. കൊട്ടാരത്തിലെ ഒരു വലിയ ആഘോഷത്തിനുവേണ്ടി ഭംഗിയായ ഒരു പന്തല്‍ കെട്ടാന്‍ രാജാവ് പെരുന്തച്ചനോടഭ്യര്‍ത്ഥിച്ചു. അതിനോടു ചേര്‍ത്തുപറഞ്ഞ രാജാവിന്റെ ഒരു വാചകം പെരുന്തച്ചനെ വേദനിപ്പിച്ചു.

'മകനോടാലിച്ചു ഭംഗിയാക്കണം പന്തല്‍' പന്തല്‍പ്പണിക്ക് അച്ഛന്‍ പന്തലിന്റെ മുകളിലും മകന്‍ താഴെയും പണിചെയ്യുന്ന സമയം അച്ചന്റെ കയ്യില്‍ നിന്ന് ഉളി താഴേയ്ക്ക് പതിച്ചു! വന്നുകൊണ്ടത് മകന്റെ കഴുത്തില്‍! കവി അവിടെ പാടി... 'അറിഞ്ഞോ, അറിയാതെയോ' ഈ സന്ദര്‍ഭത്തില്‍ കോവിഡ് 19 എന്ന ഭൂതത്തിന്റെ ആഗമനം ഗവേഷണ ശാലയില്‍ നിന്ന് അറിഞ്ഞോ, അറിയാതെയോ എന്ന് രാഷ്ട്രീയകക്ഷികളും നേതാക്കളും തീരുമാനിക്കട്ടെ. ഇവിടെ ഈ കോവിഡ് 19 നെ എങ്ങനെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും എന്നും, എന്ന് ഈ ഭൂഗോളത്തിന്റെ പടിപ്പുര മുഴുവന്‍ തുറക്കാന്‍ കഴിയും എന്നതാണ് ചിന്ത. ഇന്ന് നമ്മെ ആക്രമിക്കുന്ന കോവിഡ് 19 സാധാരണ ഫ്‌ളൂ വൈറസ്സിനേക്കാള്‍ ശ്കതിയാര്‍ജ്ജിച്ചതാണ്. സാധാരണ ഫ്‌ളൂ, നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ ശമനം വരും. ഈ കോവിഡ് വൈറസ് ശ്വാസകോശത്തിന്റെ ഉള്ളിലിറങ്ങി വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. അതുപോലെ ഹൃദയത്തേയും, കരളിനേയും ബാധിക്കുന്നു എന്നുള്ള വിവരവും നാമിപ്പോള്‍ വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കുന്നു. ഡയബറ്റിക്, ഹാര്‍ട്ട്, കരള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ ഉള്ള, പ്രായം കൂടിയ മനുഷ്യര്‍ക്ക് ഈ വൈറസ് കൂടുതല്‍ അപകടകാരിയായി മാറുന്നു. അവര്‍ക്ക് ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള ശക്തിയില്ല.

ഇതുപോലെ ഭൂഗോളമാകുന്ന ഈ തറവാടിന്റെ പടിപ്പുരയടച്ച ഒരു കാലം നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. അഹംഭാവിയായ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നു പ്രഖ്യാപിക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് 'ഹേ മനുഷ്യാ....നീ ഈഭൂഗോളത്തില്‍ അണുക്കളെ പേടിച്ചോടുന്നവനാണ്' ആദ്യം അവരില്‍ നിന്നു വിമുക്തനാകുവാന്‍ ശ്രമിക്കൂ. ഒരു വലിയ മരുമക്കത്തായ നായര്‍ തറവാട്ടിലെ ധനികനും അഹംഭാവിയുമായ കാരണവര്‍ പറയുകയുണ്ടായി. 'Atomic Bomb എനിക്കു നേരെ വന്നാല്‍ ഇടത്തെ കൈകൊണ്ട് തടുക്കും' എന്ന്. ഒരു ദിവസം ആ ധൈര്യവാനെ ഒരു സര്‍പ്പം ദംശിച്ചുവത്രെ. മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍  മരിക്കാന്‍പോകുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ അയാള്‍ സുഹൃത്തുക്കളോട് കരഞ്ഞു ചോദിച്ചു: 'എനിക്ക്, മക്കള്‍ക്കും മരുമക്കള്‍ക്കുമായി ഒരു ഒസ്യത്ത് എഴുതുവാന്‍ സമയംകിട്ടുമോ' എന്ന്. അതിനുള്ള സമയംപോലും കാരണവര്‍ക്കു കിട്ടിയില്ലത്രെ. അതാണ് മനുഷ്യജീവിതം. ഒരു സെക്കന്റുപോലും കൂട്ടിയെടുക്കാന്‍ കഴിയില്ല. നമുക്ക് നേരിട്ട് എതിരിടാന്‍ കഴിയാത്ത ആനയെ ചതിക്കുഴിയില്‍ വീഴ്ത്തി മനുഷ്യന്‍ കീഴടക്കുന്നു. പക്ഷേ ആനയ്ക്ക് ദേഷ്യം വന്നാല്‍, കൊണ്ടുനടക്കുന്ന പാപ്പാനെപ്പോലും വാരി നിലത്തിട്ടു ചവിട്ടിക്കൊല്ലുന്നു. മനുഷ്യന്‍ എല്ലാം അടക്കിപ്പിടിച്ചു വളരെയധികം പുരോഗമിച്ച ഒരു ലോകത്തിലാണ് വളരുന്നത് എന്ന് തന്നത്താന്‍ അഭിമാനിക്കുന്നു.

എന്താണ് പുരോഗമിച്ച ലോകം എന്നു മനുഷ്യനറിയില്ല. ഡോ.ലിവിങ്‌സ്റ്റണ്‍ പറയുകയുണ്ടായി 'Modernity is a question not of time, but of outlook' മനുഷ്യന്റെ മനസ്സിലാണ് പുരോഗമനം വരേണ്ടത്. എത്രയോ മനുഷ്യര്‍ ഈ സന്ദര്‍ഭത്തില്‍ സസ്യഭോജികളായി മാറുന്നു. മനുഷ്യന്‍ മനുഷ്യനോടും രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങളോടുമുള്ള വിദ്വേഷങ്ങള്‍ മറന്ന് ശ്രീകൃഷ്ണഭഗവാന്‍ ഭഗവത് ഗീതയില്‍ പറഞ്ഞതുപോലെ ആയിരം സൂര്യമണ്ഡലം ഒന്നിച്ചുയര്‍ത്താലുള്ള പ്രഭയോടുകൂടി നില്‍ക്കുന്ന ആ ശക്തിയില്‍ ലയിച്ചു ഗവേഷണങ്ങള്‍ നടത്തുക, തല്‍ക്കാല ആശ്വാസം മറ്റു വൈറസ്സുകള്‍ക്കു കിട്ടിയതുപോലെ ലഭിക്കും. അതാണ് ഇവിടെ വ്യക്തമാക്കുന്നത്. ഞാനാണ്, നീയാണ് മീതെ എന്നു വാദിക്കാതെ എല്ലാ ജീവജാലങ്ങളേയും സ്‌നേഹിക്കുന്ന ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക അഥവാ കെട്ടിപ്പടുക്കുക.
ഒരു മനോഹരവൃക്ഷത്തിന്റെ കൊമ്പില്‍ ഒരു ആണ്‍കിളിയും, പെണ്‍കിളിയും പ്രേമസല്ലാപം നടത്തുമ്പോള്‍ ഒരു വേടന്‍, ആണ്‍കിളിയെ അമ്പെയ്തു വീഴ്തുന്നു. ഭൂമിയില്‍ വീണ ആ കിളി മണ്ണില്‍ക്കിടന്നു പിടയുകയാണ്. കൊമ്പത്തിരിക്കുന്ന ആ പെണ്‍കിളി ഹൃദയം പൊട്ടി വിലപിക്കുന്നു. ഈ കാഴ്ച കണ്ടിട്ടാണേ്രത വാത്മീകി രാമായണം എഴുതുവാന്‍ ആരംഭിച്ചത്.

ആ ക്രൂരകൃത്യം ചിത്രീകരിച്ചു വയലാര്‍ പാടി: 'മാനിഷാദ-അരുത്'
സ്‌നേഹിക്കയില്ല ഞാന്‍ നോവു മാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും....
മനുഷ്യനുള്ള ഒരേയൊരു മാര്‍ഗ്ഗം ശുദ്ധമനസ്സോടുകൂടി ഉള്ളതില്‍നിന്ന് കഴിയുന്നത്ര ദാനധര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക. എല്ലാ അണുക്കളില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗം, എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കുക. ഈ കോവിഡ് 19 നമ്മെ ഇപ്പോള്‍ തല്‍ക്കാലം വീട്ടില്‍ പൂട്ടിക്കെട്ടിയെങ്കിലും, കേരളത്തിലെ പേരുകേട്ട സാഹിത്യകാരനായ സി.രാധാകൃഷ്ണന്‍ പറഞ്ഞതുപോലെ 'നാം ഇതും കടന്നുപോകും'
ഈ സമയത്തു നമ്മള്‍ കൈകൂപ്പി നമസ്‌കരിക്കേണ്ടത് നമ്മളോടൊപ്പം ധൈര്യത്തോടുകൂടി സ്വന്തം ജീവന്‍ പണയംവച്ച് ഈ ക്രൂര രോഗത്തില്‍നിന്നു രക്ഷപ്പെടുത്തുവാന്‍ ഈ ജീവിതപ്പുഴയില്‍ തുഴയുന്ന നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരായ നഴ്‌സുമാരേയും ഡോക്ടര്‍മാരെയും, മറ്റ് ആരോഗ്യപ്രവര്‍ത്തകരേയുമാണ്. അതുപോലെത്തന്നെ ഈ ഭൂതത്തിനു പ്രതിരോധമായി ഒരു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ വിശ്രമമില്ലാതെ ലോകമൊട്ടാകെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സയന്റിസ്റ്റുമാരോടുമാണ്.
ഈ ജീവിതപ്രവാഹത്തില്‍ മനുഷ്യന് ഇനിയും പല മഹാരോഗങ്ങളേയും നേരിടേണ്ടിവരും. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. അങ്ങനെ നമുക്ക് പലരോടും പല രോഗങ്ങള്‍ കാരണം വിടവാങ്ങേണ്ടിവരും. ഈ ഭൂമിയില്‍ മഹാകവി കുമാരനാശാന്‍ നമുക്ക് നല്‍കിയ ആ വേദാന്ത തീര്‍ത്ഥം സേവിച്ചു നമ്മളറിയാതെ യാദൃശ്ചികമായി ആക്രമിച്ച ഈ ഭൂതങ്ങളുടെ ക്രൂരമായ ആക്രമണത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സഹോദരങ്ങളെ ആശ്വസിപ്പിക്കാം.

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നെത്രനിന്‍ കരുണമായ കിടപ്പുകണ്ടും
'ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ
ഒന്നല്ലി കയിഹ രചിച്ചത് നമ്മയെല്ലാം'
ഈ കവിതയോടു കൂടി നമുക്ക് ഈ അറിയപ്പെടാത്ത ലോകത്തില്‍ കാണാന്‍ കഴിയാത്ത ആ ശക്തിയെ ആത്മാവില്‍ പ്രതിഷ്ഠിച്ചു മുന്നോട്ടുപോകാം. വിജയം ഉറപ്പാണ്.

ചന്ദ്രനില്‍ നിന്ന് ഭൂതത്തിലേക്കു (കെ.രാധാകൃഷ്ണന്‍, ഷിക്കാഗോ)
Join WhatsApp News
Sudhir Panikkaveetil 2020-05-27 18:33:23
Well written Sir. Interesting allusions enable the reader to gain better understanding of your point at the same time enlightening and entertaining. Kindly share with us your experiences as a scientist. Good wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക