Image

പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യകൊറന്റൈന്‍ തുടര്‍ന്നും നല്‍കുക : നവയുഗം

Published on 27 May, 2020
 പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യകൊറന്റൈന്‍ തുടര്‍ന്നും നല്‍കുക : നവയുഗം
ദമ്മാം: നാട്ടിലേയ്ക്ക് മടങ്ങുന്ന എല്ലാ പ്രവാസികളില്‍ നിന്നും കൊറന്റൈന് ഫീസ് ഈടാക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും, ജോലിയും വരുമാനവും നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങുന്ന സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട പ്രവാസികള്‍ക്ക്, മുന്‍പ് നല്‍കിയ പോലെത്തന്നെ സൗജന്യകൊറന്റൈന്‍ തുടര്‍ന്നും നല്‍കണമെന്നും നവയുഗം സാംസ്‌ക്കാരികവേദി ആവശ്യപ്പെട്ടു.

വന്ദേഭാരത് മിഷന്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടിലേയ്ക്ക് മടങ്ങുന്ന ഓരോ പ്രവാസിയും കൊറന്റൈന്‍ ചിലവ് സ്വയം വഹിയ്ക്കാന്‍ തയ്യാറാണ് എന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ മടങ്ങാന്‍ അനുവദിയ്ക്കൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.  കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കൊറന്റൈന് ഫീസ് ഈടാക്കിയപ്പോള്‍, ഇന്ന് വരെ മലയാളി പ്രവാസികള്‍ക്ക് കൊറന്റൈന്‍ സൗജന്യമായി നല്‍കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്.

കൊറോണ കാരണം നികുതി വരുമാനം അടക്കമുള്ളവ പത്തിലൊന്നായി കുറയുകയും, ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് ടെസ്റ്റും, ചികിത്സയും, റേഷനും, കിറ്റും, സഹായധനവും ഒക്കെ നല്‍കിയതിനാല്‍ ചിലവുകള്‍ പത്തുമടങ്ങു കൂടുകയും ചെയ്തതോടെ, കേരളസര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ദുരിതാശ്വാസനിധിയ്‌ക്കെതിരെ കോണ്‍ഗ്രസ്സും, മുസ്ലിംലീഗും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ വ്യാപകമായി നടത്തിയ നുണപ്രചാരണം കാരണം ആ വകയിലുള്ള വരുമാനവും കുറവാണ്. അതിനാലാണ് പ്രവാസികളില്‍ നിന്നും ഏഴു ദിവസത്തെ ഇന്‌സ്ടിട്യൂഷണല്‍ കൊറന്റൈന് ചെറിയൊരു ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് മനസിലാക്കുന്നു.

പക്ഷെ മടങ്ങി വരുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ജോലി നഷ്ടമായവരും, കഴിഞ്ഞ രണ്ടു മാസമായി ഒരു വരുമാനവും ഇല്ലാതെ വീട്ടില്‍ ഇരുന്നവരുമാണ്.  ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടിയ പലരും നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെയും, പ്രവാസി സംഘടനകളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. അത്തരക്കാര്‍ മടങ്ങി വരുമ്പോള്‍ അവരില്‍ നിന്നും കൊറന്റൈന് ഫീസ് ഈടാക്കുന്നത് ഒരുതരത്തിലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. മനുഷ്യത്വപരമായ നിലപാട് ഇക്കാര്യത്തില്‍  കേരളസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

അതോടൊപ്പം ഇന്ത്യന്‍ എംബസ്സികളില്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്ന രീതിയില്‍ പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ ഉപയോഗിച്ച് എല്ലാ പ്രവാസികള്‍ക്കും സൗജന്യമായി വിമാനടിക്കറ്റ് നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

സാമ്പത്തിക ബുദ്ധിമുട്ടിലായ പ്രവാസികളെ, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായത്തോടെ കണ്ടെത്തി, അവര്‍ക്ക് സൗജന്യമായി കൊറന്റൈന്‍ നല്‍കുന്ന പ്രവര്‍ത്തനരീതി കേരളസര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക