Image

ജര്‍മനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ചു വരെ തുടരുമെന്ന് മെര്‍ക്കല്‍

Published on 27 May, 2020
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ചു വരെ തുടരുമെന്ന് മെര്‍ക്കല്‍
ബര്‍ലിന്‍ : ജര്‍മനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 5 വരെ തുടരുമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ മാധ്യമങ്ങളെ അറിയിച്ചു. മാസ്ക്കുകള്‍ ധരിച്ച് പുറത്തിറങ്ങുക, ഒന്നര മീറ്റര്‍ അകലം പാലിക്കുക, പൊതുസ്ഥലങ്ങളില്‍ പത്തുപേരില്‍ കൂടുതല്‍ ഒത്ത് കൂടാതെയിരിക്കുക, വീടുകളില്‍ അറിയാവുന്ന രണ്ടു കുടുംബക്കാരെ മാത്രം അതിഥികളായി ക്ഷണിക്കുക എന്നിങ്ങനെ പോകുന്നു നിയന്ത്രണങ്ങള്‍.

ജര്‍മനിയില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും രണ്ടാം വരവ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നുണ്ട്. ഈ കാര്യത്തിലാണ് മെര്‍ക്കലിന് ആശങ്ക. കോവിഡ് വ്യാപനത്തിനെതിരെ മെര്‍ക്കല്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രശംസ നേടിയിരുന്നു. അതാതു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കു കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാമെന്ന് മെര്‍ക്കല്‍ നേരത്തെ  വ്യക്തമാക്കിയിരുന്നു.

ഇതു മുതലെടുത്ത് ജൂണ്‍ അഞ്ച് മുതല്‍ ഇടതുപക്ഷ പാര്‍ട്ടി ഭരിക്കുന്ന തുറിംഗന്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ അപ്പാടെ പിന്‍വലിക്കാന്‍ പോകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതില്‍ മെര്‍ക്കല്‍ പ്രേകോപിതയായി. ഇതിന് തടയിടാനാണ് അവര്‍ ജര്‍മനിയില്‍  ജൂലൈ 5 വരെ നിയന്ത്രണം തുടരും എന്ന് ഇന്നലെ വ്യക്തമാക്കിയത്.

ജര്‍മനിയില്‍ ഇന്ന് പുറത്ത് വന്ന കണക്ക് പ്രകാരം 8700 പേര്‍ക്കാണ് കോവിഡ് രോഗമുള്ളത്. 8400 പേര്‍ ഇവിടെ ഇതിനകം മരണത്തിന് കീഴടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക