Image

തന്റെ വെളിപ്പെടുത്തലുകളെ ചിലര്‍ ഭയപ്പെടുന്നു; ഷമ്മി തിലകന്‍

Published on 28 May, 2020
    തന്റെ വെളിപ്പെടുത്തലുകളെ ചിലര്‍ ഭയപ്പെടുന്നു; ഷമ്മി തിലകന്‍



തന്റെ വെളിപ്പെടുത്തലുകളെ ചിലരെങ്കിലും ഭയപ്പെടുന്നുണ്ടെന്നും അവര്‍ തനിക്കെതിരേ കരുക്കള്‍ നീക്കാന്‍ ആരംഭിച്ചെന്നും ആരോപിച്ചു നടന്‍ ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച പോസ്റ്റിലാണ്‌ താരം ഇക്കാര്യം എഴുതിയത്‌. കുറ്റബോധം കൊണ്ട്‌ ഇവര്‍ ചെയ്യുന്നതെന്താണെന്ന്‌ ഇവര്‍ അറിയുന്നില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു. 

താരത്തിന്റെ പോസ്റ്റ്‌ വായിക്കാം.
കുത്തിപ്പൊക്കല്‍ പരമ്പരയ്‌ക്ക്‌ കത്രികപ്പൂട്ടോ?
കൊറോണ വൈറസ്‌ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ക്‌ഡൗണ്‍ കാലഘട്ടത്തില്‍ മുമ്പ്‌ അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണിയില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ച്‌ എന്റെ ഫേസ്‌ബുക്ക്‌ പേജില്‍ ഞാന്‍ എഴുതിയ കാര്യങ്ങള്‍ തടയിടാനുള്ള കരുനീക്കളുമായി അജ്‌#ാത മാഫിയാ സംഘം. 

25ല്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന പൂപ്പല്‍ പിടിച്ച ഓര്‍മ്മകളും അനുഭവിച്ച പഴങ്കഥകളും നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക്‌ പങ്കു വയ്‌ക്കുന്നതിനായി എന്റെ ഫേസ്‌ബുക്ക്‌ പേജിലും യൂട്യൂബ്‌ ചാനലിലും മറ്റുമായി അപ്ലോഡ്‌ ചെയ്‌ത്‌ വീഡിയോകള്‍ കോപ്പിറൈറ്റ്‌ ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച്‌ നീക്കം ചെയ്‌ത്‌ എന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.
തേപ്പു കഥകള്‍ തുറന്നെഴുതുന്നതും അത്‌ വായിക്കുന്നവര്‍ എനിക്ക്‌ നല്‍കുന്ന പിന്തുണയും ചില തേപ്പുമുതലാളിമാരെ ചൊടിപ്പിക്കുന്നുണ്ടെന്നതാണ്‌ വാസ്‌തവം. മേല്‍പ്പടിയാന്‍മാര്‍ എനിക്കിട്ടു നല്‍കിയ തേപ്പുപണികള്‍ കുത്തിപ്പൊക്കിയാല്‍ അവര്‍ക്ക്‌ നേരിടാന്‍ സാധ്യതയുളള മാനഹാനി ഭയന്നാണ്‌ ഇത്തരം നെറികെട്ട നീക്കവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

എനിക്കൊരുപാട്‌ ജനസമ്മതി നേടിത്തന്ന പ്രജ സിനിമയിലെ ബലരാമന്റെയും കസ്‌തൂരിമാനിലെ പോലീസുകാരന്റെയും വീഡിയോകളാണ്‌ ഇതില്‍ പ്രമുഖമായിട്ടുളളവ. എന്നാല്‍ ഞാന്‍ അവതരിപ്പിച്ച ബലരാമന്‍ എന്ന കഥാപാത്രത്തെ കളിയാക്കി കൊണ്ടുള്ള ടിക്‌ടോക്ക്‌ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല എന്നതില്‍ നിന്നും ഇവരുടെ ഉദ്ദേശശുദ്ധി എന്താണെന്ന്‌ മനസിലാക്കാവുന്നതേയുള്ളൂ.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. എന്നെ, എന്റെ തുറന്നു പറച്ചിലുകളെ ചിലരെങ്കിലും ഭയക്കുന്നു. കുറ്റബോധം കൊണ്ട്‌ ഇവര്‍ ചെയ്യുന്നതെന്താണെന്ന്‌ ഇവര്‍ക്കു തന്നെ അറിയാന്‍ കഴിയുന്നില്ല. അഭിപ്രായം പറഞ്ഞാല്‍ ഉടനേ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഈ മാഫിയാകളോട്‌ എനിക്കു പറയാനുള്ളത്‌ മുമ്പൊരു തേപ്പു കഥയില്‍ ഞാന്‍ പറഞ്ഞു വച്ച, കായംകുളം കൊച്ചുണ്ണി എന്ന വീരനായകനു വേണ്ടി പണ്ട്‌ ഞാന്‍ തന്നെ പറഞ്ഞ അതേ ഡയലോഗാണ്‌.
`` കൊലക്കയര്‍ കാണിച്ച്‌ കൊച്ചുണ്ണിയെ വീഴ്‌ത്താന്‍ വന്നിരിക്കുന്നു.ത്‌ഫൂ..''
ഇനിയെങ്കിലും നീയൊക്കെ ഒരു കാര്യം മനസിലാക്കൂ. ആണ്‍പിറപ്പുകള്‍ക്ക്‌ ഒരു മരണമേയുള്ളൂ.
പടച്ചോന്‍ കല്‍പ്പിക്കുന്ന ആ മരണം ഞമ്മള്‍ എന്നേ കിനാക്കണ്ടതാ, നീ ചെല്ല്‌.
പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്‌,
ഞമ്മള്‌ ഇവിടെ തന്നെയുണ്ട്‌.
തന്റെ മേലാളന്‍മാര്‍ കെട്ടിപ്പടുത്ത ഈ ഠാണാവിനകത്ത്‌.''   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക