Image

"ബെവ് ക്യൂ' ആപ്പ് വഴിയുള്ള ആദ്യത്തെ മദ്യവിതരണ ദിവസം ആളുകള്‍ "ആപ്പി'ലായി (ശ്രീനി)

Published on 28 May, 2020
"ബെവ് ക്യൂ' ആപ്പ് വഴിയുള്ള ആദ്യത്തെ മദ്യവിതരണ ദിവസം ആളുകള്‍ "ആപ്പി'ലായി (ശ്രീനി)
അക്ഷമയോടെയുള്ള ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ മദ്യപ്രിയരെ സന്തോഷിപ്പിച്ചു കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയതാണ് "ബെവ് ക്യൂ' എന്ന പേരിലുള്ള ആപ്പ്. ഓണ്‍ ലൈന്‍ മദ്യവില്പനയ്ക്കുള്ള ഈ ആപ്പ് ബുക്കിങ്ങുമായി ഇന്ന് രാവിലെ ഇറങ്ങിത്തിരിച്ചവര്‍ ശരിക്കും ആപ്പിലായി. ഇന്നലെ (മെയ് 27) പാതിരാത്രി കഴിഞ്ഞാണ് ബെവ് ക്യു ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായത്. അതുവരെ ഉറക്കമിളച്ച് ഇരുന്നവര്‍ തെതുതെരെ ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് പടപടാന്ന് ബുക്കിങ് ആരംഭിച്ചു.

എന്നാല്‍ പലര്‍ക്കും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാനായില്ല. ചെയ്തവര്‍ക്കാവട്ടെ വണ്‍ ടൈം പാസ്‌വേഡ് (ഒ.ടി.പി) കിട്ടിയതുമില്ല. മൊബൈല്‍ സേവന ദാതാക്കളാണ് ഒ.ടി.പി നല്‍കേണ്ടത്. പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുന്നു. ആയിരക്കണക്കിനാളുകള്‍ കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്തതോടെ ആപ്പ് ഹാങ്ങ് ആയി. ബുക്ക് ചെയ്തവര്‍ അതാത് ബാറുകളിലും ബിവറേജസിന്റെ ഔട്ട്‌ലെറ്റുകളിലും ക്യൂ നില്‍ക്കാനെത്തി. രാവിലെ 9 മണിക്കാണ് മദ്യവിതരണം നിശ്ചയിച്ചിരുന്നത്. ആളുകള്‍ കാലേ കൂട്ടി തന്നെ എത്തി. എന്നാല്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് വിതരണ കേന്ദ്രങ്ങള്‍ തുറന്നത്. ബാറുകളില്‍ എക്‌സൈസുകാര്‍ സീല്‍ ചെയ്ത സ്റ്റോര്‍ അവരെത്തിയാണ് തുറക്കേണ്ടത്. അക്കാര്യത്തില്‍ തമസം നേരിട്ടു.

ഉപഭോക്താക്കളുടെ മൊബൈലിലേക്കു വന്ന ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താലേ മദ്യം ലഭിക്കൂ. പലയിടത്തും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിച്ചില്ല. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് യൂസര്‍ നെയിമും പാസ്‌വേഡും ലഭിക്കാത്തതാണ് പ്രശ്‌നമായത്. അധികൃതര്‍ ഉടന്‍ തന്നെ ആപ്പ് നിര്‍മാതാക്കളായ കൊച്ചിയിലെ ഫെയര്‍ കോഡ് ടെക്‌നോളജി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ബന്ധപ്പെട്ടു. കുഴപ്പം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനിക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയോ ക്ഷമയോ ക്യൂ നില്‍ക്കുന്നവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ക്യൂ ആര്‍ കോഡിന്റെ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം മദ്യവില്പന തുടങ്ങുകയാണുണ്ടാത്.

പുതിയ ആപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം വ്യാപകമായുണ്ടായി. കണ്ണൂര്‍ നഗരത്തിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളായ നാല് ബാര്‍ ഹോട്ടലുകള്‍ക്ക് ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള അനുമതി ലഭിച്ചത് മദ്യവിരുദ്ധരുടെ പ്രതിഷേധത്തിനിടയാക്കി. സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ കളക്ടര്‍ മദ്യവിതരണം തത്ക്കാലത്തേക്ക് നിര്‍ത്താന്‍ ഉത്തരവിട്ടു. മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ബിവറേജസിലെ ജോലിക്കാര്‍ സാനിറ്റൈസര്‍ നല്‍കുകയും ആളുകളെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തു. വിതരണ കേന്ദ്രങ്ങളുടെ മുന്നില്‍ സോപ്പും വെള്ളവും വച്ചിട്ടുണ്ടായിരുന്നു.

പനി ഉള്ളവര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ മദ്യം ലഭിക്കില്ല. പരിശോധനയില്‍ ശരീര ഊഷ്മാവ് കൂടുതലാണെങ്കില്‍ മടക്കി അയയ്ക്കും. ജീവനക്കാരുടെ ടെമ്പറേച്ചര്‍ ദിവസം രണ്ടു തവണ പരിശോധിക്കും. മാസ്കും ഗ്ലൗസും നിര്‍ബന്ധമാണ്. ബെവ് ക്യൂ ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ പറ്റിയും മദ്യം ബുക്ക് ചെയ്യുന്നതിനെ പറ്റിയും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബെവ് ക്യൂ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. ഉപഭോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാം. മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നല്‍കി ബുക്കിങ് പൂര്‍ത്തിയാക്കണം.

തുടര്‍ന്ന് ഷോപ്പുകളിലെ അനുവദനീയമായ സമയം അറിയാനാകും. ഇതനുസരിച്ച് ബുക്ക് ചെയ്യാം. ബുക്കിങ് സ്വീകരിച്ചാല്‍ ക്യു ആര്‍ കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട് ലെറ്റിന്റെ വിവരങ്ങള്‍, ഉപഭോക്താവിന് മദ്യം വിതരണം ചെയ്യുന്ന സമയം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോള്‍ ബുക്കിങ്ങിനുപയോഗിച്ച മൊബൈല്‍ ഹാജരാക്കുകയും വേണം.

കോവിഡ് കാലത്ത് മദ്യം വാങ്ങാന്‍ കൃത്യനിഷ്ട പാലിക്കണം. ടോക്കണില്‍ നല്‍കിയിട്ടുള്ള സമയത്തു തന്നെ വാങ്ങേണ്ടതാണ്. അല്ലാത്തവര്‍ക്ക് മദ്യം ലഭിക്കില്ല. പിന്നെ നാലു ദിവസം കഴിഞ്ഞേ വീണ്ടും ബുക്കിങ് അനുവദിക്കുകയുള്ളു. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്.എം.എസ് വഴിയും ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ആധാര്‍, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയാണ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍.

ഇതിനിടെ മദ്യം വിതരണം ചെയ്യുന്ന വിവരമറിഞ്ഞ് നല്ല പ്രായമുള്ളവരും ഫോണ്‍ ഇല്ലാത്തവരും ബെവ് ക്യൂ സംവിധാനത്തെ പറ്റി ഒന്നുമറിയാത്തവരും ഏറെ ആഗ്രഹത്തോടെ വിതരണ കേന്ദ്രങ്ങളിലെത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു. എന്തിനും ഏതിനും വ്യാജനെ ഇറക്കിവിടുന്ന കാലമാണല്ലോ ഇത്. കൊറോണ കാലത്ത് വ്യാജ വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ഒഴുക്ക് ഇനിയും തടയാനായിട്ടില്ല.

മദ്യം വാങ്ങാനായി ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പും പ്രചരിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് തിരുവനന്തപുരത്തുള്ള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി എടുക്കും.

ഓണ്‍ലൈന്‍ ആപ്പു വഴിയുള്ള മദ്യവിതരണം സമാധാനപരമാണെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടക്കത്തിലെ ആശയക്കുഴപ്പം ഒഴിവായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍ കാലത്തെപ്പോലെയുള്ള  തിരക്കും ബഹളവും ഒഴിവാക്കി മദ്യവിതരണം സുഗമമാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മണിക്കൂറുകള്‍ ക്യൂ നിന്ന് വലയുന്ന മദ്യപര്‍ക്കും ഈ പുതിയ സംവിധാനം ആശ്വാസകരമാണ്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള മദ്യവില്പനയില്‍ ശരാശരി 450-500 ആളുകള്‍ക്കാണ് ഒരു ദിവസം ഒരു കേന്ദ്രത്തില്‍ അവസരം  ലഭിക്കുന്നത്.

കേരളത്തിലാകെ 1168 മദ്യവില്പന കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 576 ബാറുകളുണ്ട്. 291 ബീയര്‍ വൈന്‍ പാര്‍ലറുകള്‍, 265 ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ 36 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിങ്ങനെയാണ് മറ്റുള്ളവ. എന്നാല്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടതിനാല്‍ ക്ലബുകളിലെ മദ്യവില്പന വൈകും. മിലിറ്ററി ക്യാന്റീന്‍ വഴി മദ്യം വില്‍ക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ തീരുമാനാം ഉണ്ടാകും. വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആയി ഒരു ബുക്കിങ്ങിന് 50 പൈസ വീതം ബീവറേജസ് കോര്‍പ്പറേഷന്‍ ഈടാക്കും. കണ്‍സ്യൂമര്‍ ഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ പണം ബീവറേജസ് കോര്‍പ്പറേഷന് നല്‍കണം. ഉപഭോക്താവില്‍ നിന്ന് ബുക്കിങ് ചാര്‍ജ്ജ് ഈടാക്കുകയില്ല. മദ്യകുപ്പിയില്‍ രേഖപ്പെടുത്തിയ എം.ആര്‍.പി വിലയേ നല്‍കേണ്ടതുള്ളു. അതേസമയം ഹോട്ട് സ്‌പോട്ടുകളില്‍ മദ്യവില്പന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വാല്‍ക്കഷണം

വിവറോജസ് കോര്‍പറേഷന്റെ മദ്യവിതരണ ശാലകള്‍ക്കു മുന്നില്‍ എക്കാലത്തും ചില സ്ഥിരം കുറ്റികളെ കാണാം. സ്ഥലത്തെ പ്രധാന തല്ലുകൊള്ളികളും ക്രിമിനലുകളുമാണിവര്‍. ഭയങ്കരമായ ക്യൂവില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇടിച്ചു കയറി മദ്യം വാങ്ങി കൂടിയ വിലയ്ക്ക് നല്‍കുന്ന കൂലി ക്യൂ നില്‍പ്പുകാരാണിവര്‍. ബിവറേജസുകാരുടെ ആശീര്‍വാദത്തോടെയാണ് ഇവരുടെ "കച്ചവടം' പൊടിപൊടിക്കുന്നത്. ഇതിനുള്ള കമ്മീഷന്‍ വൈകിട്ട് കട പൂട്ടുമ്പോള്‍ കീശയില്‍ വച്ചുകൊടുക്കും. ബെവ് ക്യൂ വന്നതോടെ അവരുടെ കാര്യത്തില്‍ തീരുമാനമായി. ബിവറേജുകാരുടെ "സംതിങ്ങി'നുള്ള വഴിയും ആപ്പിലായയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക