Image

എനിക്കും കിട്ടി കോവിഡ്, ഡാ വന്നു... വന്ന പോലെ പോയി

Published on 28 May, 2020
എനിക്കും കിട്ടി കോവിഡ്, ഡാ വന്നു... വന്ന പോലെ പോയി

സത്യത്തില്‍ ഇത് എഴുതണമെന്നു വിചാരിച്ചതല്ല. കോവിഡ് വന്നതും പോയതുമൊന്നും അടുത്ത സുഹ്രുത്തുകള്‍ക്ക് പോലും അറിയില്ല. ആരോടും പറഞ്ഞില്ല, ആരും അറിഞ്ഞുമില്ല.

വന്നപ്പോള്‍ അവന്‍ കുടുംബത്തോടെ വന്നു. ഭാര്യക്കു അത് അല്പം ഗുരുതരമായി. ശ്വസിക്കാന്‍ പ്രയാസമായി. ആശുപത്രിയില്‍ ഭയങ്കര തിരക്ക് ആയിരിക്കുമെന്നും ഒരു ശ്രദ്ധയും കിട്ടില്ലെന്നുമുള്ള പൊതുധാരണ കാരണം പോകാന്‍ മടിച്ചു. എങ്കിലും രകതത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതായി ഓക്‌സിമീറ്റര്‍ കാണിച്ചതൊടെ ആശുപത്രിയില്‍. അവിടെ ചെന്നപ്പോള്‍ ഒരു തിരക്കുമില്ല. നല്ല പരിചരണം

പ്രത്യേക മരുന്ന് ഇല്ല. അസിത്രൊമൈസിന്‍ എന്ന ആന്റി ബയോട്ടിക്, ന്യുമോണിയ ബാധക്കെതിരെ സ്റ്റെറോയിഡ്.. ഏതാനും ദിവസം കഴിഞ്ഞ് ഓക്‌സിജന്‍ ബോക്‌സുമായി വീട്ടില്‍ മടങ്ങിയെത്തി. ഇപ്പോളും വിശ്രമം

ഭാര്യക്കു കൊറോണ പോസിറ്റിവ് കണ്ടപ്പോള്‍ ഈയുള്ളവനും ടെസ്റ്റ് ചെയ്തു. പോസിറ്റിവ് തന്നെ. പേടി ഒന്നും തോന്നിയില്ല. ചൈനയില്‍ നിന്നു വിമാനം പിടിച്ചു വന്നവനാണ് കോവിഡന്‍. അങ്ങനെയുള്ള ബാധയുണ്ടോ വഴിയില്‍ തങ്ങൂ. പക്ഷെ അല്ലറ ചില്ലറ പനി വന്നതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. കുറെ ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്റ്റപ്പോള്‍ ആന്റിബൊഡി കണ്ടു. അതായത് കോവിഡ് വന്നു പോയതിന്റെ അടയാളം.

രണ്ടു മൂന്നു ദിവസം കുളിക്കാന്‍ തോന്നിയില്ല എന്നാതാണു കോവിഡ് ചെയ്ത ആകെ ദ്രോഹം. കോവിഡ് കഴിഞ്ഞപ്പോള്‍ കടുത്ത ക്ഷീണം എന്ന വസ്തുതയും മറച്ചു വയ്ക്കുന്നില്ല.

ഇതിപ്പോള്‍ എഴുതുന്നത് കേരളത്തെയും ഇന്ത്യയേയും കോവിഡ് ഒരു ബാധ കൂടിയ പോലെ ബാധിച്ചിരിക്കുന്നതു കാണുമ്പോഴാണ്. ഇങ്ങനെ പേടിച്ചാല്‍ ജീവിക്കാനാകുമൊ? എത്രകാലം പേടിക്കും? വൈറസ് ബാധിച്ചവര്‍ പോയ റൂട്ട് മാപ്പ് ഒക്കെ ഉണ്ടാക്കിയ വിരുത് ഓര്‍ത്ത് ഞങ്ങള്‍ ചിരിക്കുന്നു. അതു പോലെ 84 പേര്‍ക്ക് രോഗബാധ കണ്ടു എന്ന വാര്‍ത്ത വായിച്ചും ചിരിച്ചു. ഇവിടെ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ തന്നെ നിത്യേന മരണം നൂറിനടൂത്താണ് ഇപ്പോള്‍. പ്രതിദിനം 800 വരെ വന്ന ശേഷം കുറഞ്ഞതാണ്. അമേരിക്കയിലാകെ മരണം ഒരു ലക്ഷം കഴിഞ്ഞു.

ആശുപത്രികളില്‍ കോവിഡ് രോഗികളെ ശുശ്രുഷിക്കുനവര്‍, ഒരു പാട് ആളുകളുമായി ബന്ധപ്പെടുന്ന ട്രയിന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണു വ്യാപകമായി കോവിഡ് ബാധിക്കേണ്ടത്. എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്. എങ്ങും പോകാതെ വീട്ടില്‍ ഇരുന്നവര്‍ക്കാണു കൂടുതലായി രോഗം വന്നത്. ഇത് അതിശയകരമെന്ന് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ തന്നെ പറയുകയുണ്ടായി.

അമേരിക്കയില്‍ മതിയായ നിയന്ത്രണം, വേണ്ട സമയത്ത് കൊണ്ടു വരാന്‍ രാഷ്ട്രീയ നേത്രുത്വത്തിനു കഴിഞ്ഞില്ല. പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ്, ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ, ന്യു ജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി, ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ എന്നിവരൊക്കെ ഇതില്‍ പങ്കാളികളാണെന്നു ഈയുള്ളവന്‍ വിശ്വസിക്കുന്നു. പ്രസിഡന്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനെങ്കില്‍ ഇരു ഗവര്‍ണര്‍മാരും മേയറും ഡമോക്രാറ്റുകള്‍. ബി.ജെ.പിയും സി.പി.എമ്മും പോലെ നല്ല ബന്ധത്തിലാണു ഇരു പാര്‍ട്ടികളും. രണ്ടിടത്തും മലയാളികള്‍ ശൗര്യത്തോടേ വാക്‌പോരിനുണ്ട്.

ഈ നേതാക്കള്‍ ആരും വേണ്ട സമയത്ത് വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല. അവരെ മാത്രം പറഞ്ഞിട്ടും കാര്യമില്ല. വുഹാനില്‍ നിന്നു വിമാനം കയറി കോവിഡന്‍ ന്യു യോര്‍ക്കില്‍ തന്നെ വന്ന് വിളയാട്ടം നടത്തുമെന്നോ അതിന്റെ ശക്തി ഇത്ര ആയിരിക്കുമെന്നോ വിദ്ഗദര്‍ക്കും മനസിലായില്ല.

മരിച്ചത് ഭൂരിപക്ഷവും പ്രായമുള്ളവരാണെന്നത് ദുഖകരം തന്നെ. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് അന്ത്യകാലത്ത് സ്വസ്ഥമായി കഴിയമെന്നാഗ്രഹിച്ചവരെയാണു ദുരന്തം കൂട്ടത്തോടെ പിടികൂടിയത്.

ചൈനയില്‍ നിന്നു ഇറ്റലിയിലും മറ്റും താണ്ഡവമടിയ ശേഷം അവിടെ നിന്നാണു വൈറസ് അമേരിക്കയിലെത്തിയതെന്നു കരുതുന്നു. വിമാന സര്‍വീസ് നിര്‍ത്തി വയ്ക്കുകയും ന്യു യോര്‍ക്ക് സിറ്റിയിലെ സബ് വേ ട്രയിന്‍ സര്‍വീസും മറ്റും കുറച്ചു ദിവസം വേണ്ടെന്നു വയ്ക്കുകയും ചെതിരുന്നെങ്കില്‍ സ്ഥിതി മാറാമായിരുന്നു.

എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പല ആശയങ്ങളും തോന്നുമല്ലോ... അതിനാല്‍ വിധിയെ പഴിക്കുന്നു. വിധി വിഹിതമേവനും തടയാനാവില്ലെന്നു അംഗീകരിക്കുന്നു

ഇനി, കേരളത്തില്‍, ഇന്ത്യയില്‍ എന്താണു നടക്കുന്നത്? വീട്ടിലിരിക്കാനാണു രാഷ്ട്രീയ സാറന്മാര്‍ പറഞ്ഞത്.പുല്ത്തകിടി ഒക്കെ ഉള്ള വിശാലമായ വീട്ടിലിരുന്നാണൂ ആജ്ഞാപനം.നാട്ടുകാരുടെ നെഞ്ചത്തു കയറാന്‍ പോലീസിനെ കയറൂറി പിടുകയും ചെയ്തു.

വീടില്ലാത്തവര്‍ എവിടെ ഇരിക്കുമെന്ന് അവര്‍ ആലോചിച്ചില്ല. ഒരു മുറിയില്‍ പലര്‍ താമസിക്കുമ്പോള്‍ എത്ര നാള്‍ അവിടെ ഇരിക്കുമെന്നോര്‍ത്തില്ല

ഇതില്‍ ഏറേ തമാശ തോന്നിയത് പുറത്ത് ഇറങ്ങുന്നതും കാറില്‍ പോകുന്നതുമൊക്കെ തടയുന്നത് കണ്ടിട്ടാണ്. കാറില്‍ പോയാല്‍ എങ്ങനെയാണു രോഗം പരക്കുന്നത്?ഒരു പക്ഷെ പിന്നീട് ജനം കൂടുന്നത് നിയന്ത്രിക്കാന്‍ പറ്റാതെ വരുമെന്നതു കൊണ്ട് തടയുന്നു എന്നു ന്യായം പറയാം. അതില്‍ കാര്യമുണ്ടെന്നു സമ്മതിക്കുന്നു.

ന്യു യോര്‍ക്ക് സിറ്റിയിലും ആളുകള്‍ക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റാത്ത സഹചര്യം വന്നു. ഇരുപതാം നിലയില്‍ തമാസിക്കുന്ന ഒരു കുടുംബം എന്നു സങ്കല്പ്പ്പിക്കുക. അവര്‍ക്കറിയില്ല ഇടനാഴിയില്‍ കൂടി പോയ ആര്‍ക്കൊക്കെ രോഗം ഉണ്ടായിരുന്നുവെന്ന്. അതു പോലെ ലിഫ്റ്റില്‍ എന്തു വിശ്വസിച്ചു കയറും? അങ്ങനെ വീട്ടില്‍ കുടുങ്ങിയവര്‍. കോവിഡ് കഴിഞ്ഞാല്‍ അവരൊക്കെ സിറ്റി വിട്ടുള്ള പ്രദേശങ്ങളിലേക്കു വീട് മാറാന്‍ ഒരുങ്ങുകയണെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടു. പോരെങ്കില്‍ ഇപ്പോള്‍ ജോലിക്ക് ഓഫീസില്‍ ചെല്ലാതെ തന്നെ പണി നടക്കുമല്ലൊ.

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. അമേരിക്കയില്‍ നിയന്ത്രണം പോരായിരുന്നു. കേരളത്തില്‍ അത് കൂടിപ്പോയി.

കേരളത്തിലും ഇന്ത്യയിലും ജനം ആട്ടിന്‍ കുട്ടികളെ പോലെ നേതാക്കളെ അനുസരിക്കുന്നു. നേതാക്കളുടെ ജനപ്രീതി കൂടുന്നു. അതിഥി തൊഴിലാളി ചത്താലെന്ത് കെട്ടാലെന്ത്?

Join WhatsApp News
ഇന്ത്യാക്കാരെ വഴിയാധാരമാക്കി 2020-05-28 16:04:52
ലോക്ക് ടൗണിൽ ഇന്ത്യാക്കാരെ വഴിയാധാരമാക്കി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാറ്റിച്ചത് ബി.ജെ.പി സർക്കാരാണ്. അവർ നാളെ ഇന്ത്യയും മോദിയും തിളങ്ങുന്നു എന്ന് പറഞ്ഞു വരും. എതിർക്കുമ്പോൾ 70 വർഷത്തെ പുരാണം പറയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക