Image

അരലക്ഷം കവിഞ്ഞു രോഗമുക്തി, സൗദിയില്‍ പുതിയ രോഗികള്‍ 1815 മാത്രം

Published on 28 May, 2020
 അരലക്ഷം കവിഞ്ഞു രോഗമുക്തി, സൗദിയില്‍ പുതിയ രോഗികള്‍ 1815 മാത്രം


റിയാദ്: വ്യാഴാഴ്ച മുതല്‍ കര്‍ഫ്യു നിയമങ്ങളില്‍ ഇളവു വരുത്തുകയും സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുകയും ചെയ്യുന്ന നീക്കങ്ങള്‍ക്കിടയില്‍ ബുധനാഴ്ച രോഗശമനം നേടിയ കോവിഡ് ബാധിതരുടെ എണ്ണം 51,022 ആയി.

സൗദി അറേബ്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 78,541 ആണ്. ഇതില്‍ 27094 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ബുധനാഴ്ച 14 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 425 ഇല്‍ എത്തി. മക്കയില്‍ നാലു പേരും ജിദ്ദയില്‍ ഏഴ് പേരും റിയാദില്‍ രണ്ട്, മദീന ഒന്ന് എന്നിങ്ങനെയാണ് മരണം.

പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ബുധനാഴ്ച 1815 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗബാധിതരില്‍ 65 ശതമാനം ആളുകളും രോഗമുക്തരായത് വലിയ ആശ്വാസമായാണ് ആരോഗ്യ വകുപ്പു കാണുന്നത്. മരണപ്പെട്ടവരുടെ അനുപാതവും 0.54 ശതമാനം മാത്രമാണ്. സൗദിയില്‍ ഇതുവരെയായി 7,54,268 കോവിഡ് ടെസ്റ്റുകള്‍ നടത്തി.

റിയാദില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 739 പേര്‍ക്കാണ്. ജിദ്ദ 325, മക്ക 162, ഹൊഫൂഫ് 118, ദമാം 74, അല്‍കോബാര്‍ 54, ഹായില്‍ 37, മദീന 35, ജുബൈല്‍ 29, ഖത്തീഫ് 29, ദഹറാന്‍ 26, ഖുലൈസ് 21, തബൂഖ് 18, തായിഫ് 14, അല്‍ഖര്‍ജ് 13, അല്‍ബാഹ 10 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക