Image

പരാതിപ്രളയത്തില്‍ മുങ്ങി ബെവ് ക്യൂ ആപ്പ്

Published on 29 May, 2020
പരാതിപ്രളയത്തില്‍ മുങ്ങി ബെവ് ക്യൂ ആപ്പ്

കൊച്ചി: തൃശൂര്‍: മദ്യവിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിനെതിരെ സര്‍വത്ര പരാതി. ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതിയാണ് സാങ്കേതിക തകരാറില്‍ കുടുങ്ങിയത്.


ബെവ്‌ ക്യൂ ആപ്പ് പലപ്പോഴായി പണിമുടക്കിയത് സംസ്ഥാനത്തെ മദ്യ വില്പന താറുമാറാക്കി. ഇന്നലെ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്നും തുടരുകയാണ്. 


ആപ്പ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 'നേരാവണ്ണം ഒരു ആപ്പ് ഉണ്ടാക്കാന്‍ അറിയില്ലേ' എന്നാണ് കമ്ബനിയോട് പലരും ചോദിക്കുന്നത്.


ഫെയര്‍കോഡ് ടെക്‌നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജില്‍ ഇട്ടിരുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ അപ്രത്യക്ഷമായി. 'പോസ്റ്റുകള്‍ മുക്കിയല്ലേ?' എന്നാണ് കമ്ബനിയുടെ പേജില്‍വന്ന് പലരും ഇപ്പോള്‍ ചോദിക്കുന്നത്. 


മേയ് 16നു ശേഷം ഫെയര്‍കോഡ് കമ്ബനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്‌ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെവരെ പോസ്റ്റുകള്‍ ഫെയ്‌സ്‌ബുക്ക് പേജിലുണ്ടായിരുന്നു.


കമ്ബനിയുടെ പഴയ പോസ്റ്റുകള്‍ക്ക് താഴെ നിരവധിപേര്‍ പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. നൂറില്‍ താഴെ കമന്റുകള്‍ ഉണ്ടായിരുന്ന കമ്ബനിയുടെ പഴയ പോസ്റ്റില്‍ ഇപ്പോള്‍ ആയിരത്തിലേറെ കമന്റുകള്‍ ഉണ്ട്. ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട പരാതികളാണ് എല്ലാ കമന്റിലും. 


സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ പരിഭവം ഫെയര്‍കോഡിനെ അറിയിക്കുകയാണ് പലരും.


അതേസമയം, ബെവ് ക്യൂ ആപ്പ് പ്രതിസന്ധിയിലായതിനു പിന്നാലെ ഫെയര്‍കോഡ് ടെക്നോളജീസ് ഉടമകള്‍ ഓഫീസില്‍ നിന്ന് സ്ഥലം വിട്ടതായി ചില മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ഓഫീസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു. 


ഇളങ്കുളം ചെലവന്നൂര്‍ റോഡിലാണ് ഓഫീസ് കെട്ടിടം. എന്നാല്‍, തങ്ങള്‍ പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിലെത്തിയതെന്നാണ് ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. 


ടോക്കണില്ലാതെ മദ്യവിതരണം നടത്തിയ ബാറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെയാണ് മദ്യവില്‍പ്പന പുനരാരംഭിച്ചത്.


 ഇ-ടോക്കണ്‍ സംവിധാനത്തിലൂടെയായിരുന്നു മദ്യവില്‍പ്പന. എന്നാല്‍, ബെവ് ക്യൂ ആപ്പ് പണിമുടക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി. ബാറുകള്‍ക്കു മുന്‍പിലും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കും മുന്‍പിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. 


വെര്‍ച്വല്‍ ക്യു സിസ്റ്റം പൂര്‍ണമായി പരാജയപ്പെട്ടെതാണ് പ്രധാന കാരണം. ക്യു ആര്‍ കാേഡ് ‌കൃത്യമായി സ്‌കാന്‍ ചെയ്യാന്‍ സാധിച്ചില്ല. പലയിടത്തും ബില്‍ എഴുതിനല്‍കേണ്ട അവസ്ഥയായി. ഇത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി.


ആദ്യദിനം 2.25 ലക്ഷം പേര്‍ ബെവ് ക്യു ആപ്പ് വഴി മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യ ദിവസത്തെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്ന് എക്‌സെെസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 


നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മികച്ച സേവനം നല്‍കാന്‍ ആപ് നിര്‍മാതാക്കള്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം.


 കോവിഡ് വാക്‌സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല- സമൂഹ മാധ്യമത്തില്‍ വന്ന ഒരു കമന്റ് ഇങ്ങനെ. ബവ് ക്യൂ ആപ്പിനായി തിരയുമ്ബോള്‍ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗണ്‍ലോഡ് ചെയ്ത് 4 വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്ബോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് കമ്ബനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഉപഭോക്താക്കള്‍ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക