Image

ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി അന്തരിച്ചു

Published on 29 May, 2020
ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി അന്തരിച്ചു
റായ്പുര്‍ > ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. 

പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ ജോഗിയെ ഈ മാസം ഒന്‍പതിനാണ് ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.

ഛത്തിസ്ഗഢ് കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസ് രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ തവണ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഢ് എന്ന പാര്‍ട്ടിയുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത്.


നെഹ്‌റു ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം വിവാദങ്ങളുടെ തോഴനുമായിരുന്നു. അഴിമതി, അനധികൃത സ്വത്ത് സമ്ബാദനം, മോഷണം, കൊലപാതകം അടക്കമുള്ള ആരോപണങ്ങളും അജിത് ജോഗിക്ക് മേലുയര്‍ന്നു. ഇടക്കുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചക്ര കസേരയിലിരുന്നായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. 


2016ല്‍ മകനെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് അജിത് ജോഗിയും കോണ്‍ഗ്രസ് വിട്ടത്. എങ്കിലും ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം പോലും താന്‍ മിണ്ടില്ലെന്നായിരുന്നു ജോഗിയുടെ പ്രഖ്യാപിത നയം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക