Image

സമാഗമം (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 29 May, 2020
സമാഗമം (കഥ: ഷാജന്‍ ആനിത്തോട്ടം)
ഇരുപത്തിമൂന്നാം തീയതിയാണ് ഡെബ്ര പീറ്റേഴ്‌സന്റെ വിവാഹം. ശനിയാഴ്ച സിറ്റിയിലെ ഏറ്റവും പുരാതനമായ ഓള്‍ സെയിന്റ്‌സ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിരുന്നുസല്‍ക്കാരം. വമ്പന്‍ ആഘോഷങ്ങളൊന്നുമില്ല; ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുള്‍പ്പെടെ ഉദ്ദേശം നൂറ്റമ്പത് പേര്‍ മാത്രം പങ്കെടുക്കുന്ന ഇടത്തരമൊരു പാര്‍ട്ടി. അമ്മിണി കലണ്ടില്‍ വീണ്ടും നോക്കി.  ഇനി രണ്ടാഴ്ച പോലുമില്ല. എന്തെല്ലാം കാര്യങ്ങള്‍ ഇനിയും ചെയ്യാനിരിക്കുന്നു! ദിവസങ്ങളടുക്കുന്തോറും അവളുടെ പരിഭ്രമവും ആശങ്കകളും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

അമ്മിണിയെ സംബന്ധിച്ചിടത്തോളം ഡെബ്ര പീറ്റേഴ്‌സണ്‍ എന്ന ഡെബ്ബി ഓഫീസിലെ വെറുമൊരു സഹപ്രവര്‍ത്തക മാത്രമല്ല; കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി പരസ്പരം പരിഗണിക്കുന്നു, ബഹുമാനിക്കുന്നു. അവര്‍ തമ്മില്‍ കൈമാറാത്ത രഹസ്യങ്ങളില്ല; പരസ്പരം ഒളിക്കാനും ഒന്നുമില്ല. പ്രധാനപ്പെട്ട എന്ത് തീരുമാനമെടുക്കുന്നതിനുമുമ്പും ഇരുവരും പരസ്പരം ചര്‍ച്ച ചെയ്യുന്നു. ഭര്‍ത്താവ് ഇട്ടൂപ്പിനേക്കാള്‍ അമ്മിണിക്ക് വിശ്വാസം തന്റെ കൂട്ടുകാരി ഡെബ്ബിയെയാണ്.

അമേരിക്കയില്‍ കാലുകുത്തി ജോലിക്കായി പല സ്ഥലത്തും അലഞ്ഞ്, ഒടുവില്‍ എയര്‍പ്പോര്‍ട്ടിലെ റെസ്റ്റോറന്റില്‍ മിനിമം വേതനത്തിന് ജോലി ചെയ്യുന്നതിനിടെയിലാണ് അവിചാരിതമായി അവളെ പരിചയപ്പെടുന്നത്; മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഡൊമസ്റ്റിക് ടെര്‍മിനലിലെ മാരിയറ്റ് ഫുഡ് കോര്‍ട്ടില്‍ കാമുകന്‍ ആന്‍ഡ്രുവിനൊപ്പം കാപ്പികുടിക്കാന്‍ ഡെബ്ര വന്നദിവസം അമ്മിണിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കോഫി ഓര്‍ഡര്‍ ചെയ്യുന്നതിനിടെ കുശലം പറയുമ്പോള്‍ മെച്ചപ്പെട്ടൊരു ജോലി തേടുന്നതിനെപ്പറ്റി വെറുതെ പറഞ്ഞതാണ്. അമ്മയുടെ "സാരിത്തുമ്പില്‍ തൂങ്ങി' നാട്ടില്‍നിന്നും വന്ന വെറുമൊരു ബി.കോം പ്ലസ് കമ്പ്യൂട്ടര്‍ ഡിപ്ലോമക്കാരിക്ക് ജീവിതത്തെപ്പറ്റി അതിരുകളില്ലാത്ത സ്വപ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും, സാന്‍ഡ്‌വിച്ചും ബിവറേജസും വിളമ്പുന്നൊരു റസ്റ്റോറന്റ് ജീവനക്കാരിയേക്കാളുമുയരണമെന്ന മോഹമുണ്ടായിരുന്നത് സ്വാഭാവികം. പിരിയാന്‍ നേരം ഫോണ്‍ നമ്പരിനോടൊപ്പം ഡെബ്ര നല്‍കിയ അഞ്ച് ഡോളര്‍ ടിപ്പ് കണ്ട് ഏറെനേരം അത്ഭുതം കൂറിയിരുന്നു; അന്നേവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ ഗ്രാറ്റുവിറ്റി! വൈകിട്ട് അഭിമാനത്തോടെ അമ്മയെ അത് കാണിച്ചപ്പോള്‍ "അത് വല്ല കള്ളനോട്ടുമായിരിക്കും'  എന്ന് അമ്മ പറഞ്ഞത് ഏറെക്കാലം ചിരിക്കാനുള്ള വകയും നല്‍കി.

ദിവസങ്ങള്‍ക്കുശേഷം ഒരവധി ദിവസം വെറുതെ അവള്‍ കൊടുത്ത നമ്പരില്‍ വിളിച്ച് നോക്കിയ അമ്മിണിക്ക് ഒരായുഷ്ക്കാലം മുഴുവനും സന്തോഷിക്കാനുള്ള വാര്‍ത്തയാണ് ഡെബ്ര നല്‍കിയത്. അവള്‍ ജോലി ചെയ്യുന്ന അക്കൗണ്ടിംഗ് കമ്പനിയില്‍ പിറ്റേ ആഴ്ച തന്നെ പോയി അപേക്ഷ സമര്‍പ്പിച്ചു. ഡെബ്ബിയുടെ ശുപാര്‍ശക്കപ്പുറം സൂപ്പര്‍വൈസര്‍ക്ക് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല. സര്‍ട്ടിഫിക്കറ്റുകളൊക്കെ ഇവാല്യുവേറ്റ് ചെയ്ത് ഈക്വവലന്‍സി  ലഭിക്കാന്‍ പോലും കാത്തിരിക്കാതെ അടുത്ത തിങ്കളാഴ്ച തന്നെ കമ്പനിയില്‍ ജോലിക്ക് കയറി. സൗഹൃദത്തിന്റെ ഒരു മഹാഗോപുരത്തിനാണ് അവിടെ തുടക്കമിട്ടത്.

ലേക്ക് മിഷഗണില്‍ അതില്‍ പിന്നെ ഒരുപാട് വെള്ളമൊഴുകി; തിരകളടിച്ചു. വര്‍ഷങ്ങള്‍ മുന്നോട്ട് പോകവേ ഇരുവരുടെയും ജീവിതത്തില്‍ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറി. അമ്മിണി നാട്ടില്‍പോയി എം.എ. ക്കാരന്‍ ഇട്ടൂപ്പിനെ കല്യാണം കഴിച്ചുകൊണ്ടുവന്നു; അവരുടെ സ്‌നേഹം പലവട്ടം പൂത്തുലഞ്ഞ് നാല് മക്കള്‍  പിറന്നുവീണു; അവരിപ്പോള്‍ അവരുടെ ഇണകളുമായി സസന്തോഷം  കഴിയുന്നു; ഇട്ടൂപ്പും അമ്മിണിയും റിട്ടയര്‍മെന്റിനെപ്പറ്റിയും സോഷ്യല്‍ സെക്യൂരിറ്റി ചെക്കും വാങ്ങി മഞ്ഞും തണുപ്പുമില്ലാത്ത ഫ്‌ളോറിഡയിലോ ടെക്‌സാസിലോ സെറ്റില്‍ ചെയ്യുന്നതിനെപ്പറ്റിയും സ്വപ്നം കണ്ട് കാലം തള്ളിനീക്കുന്നു.

"സംഭവബഹുലം' എന്ന് പറയാവുന്ന കാര്യങ്ങളാണ് ഡെബ്രയുടെ ജീവിതത്തിലും നടന്നത്. ഉദ്യോഗത്തില്‍ പല പടവുകള്‍ ചവിട്ടിക്കയറി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ വരെ അവള്‍ എത്തിയെങ്കിലും, ആ മുന്നേറ്റത്തിനിടയില്‍ സ്വാധീനംകൊണ്ടും അസാമാന്യമിടുക്കുകൊണ്ടും അര്‍ഹതപ്പെട്ട മറ്റ് പലരെയും അവള്‍ തള്ളിയിട്ടിരുന്നു. പക്ഷേ അതിനേക്കാള്‍ മാരകമായിരുന്നു അവളുടെ പ്രഹരമേറ്റ പുരുഷ സുഹൃത്തുക്കളുടെ പതനം. ആന്‍ഡ്രൂവെന്ന ആദ്യകാമുകനായിരുന്നു ഒന്നാമത്തെ ഇര. വര്‍ഷങ്ങളുടെ ഭോജനത്തിനുശേഷം അവന്റെ ശരീരവും മനസ്സും അവള്‍ക്ക് മടുത്തപ്പോള്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ അവനോട് "ഗുഡ്‌ബൈ' പറയാന്‍ ഡെബ്രക്ക് സാധിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകന്‍ "മസില്‍മാന്‍' മൈക്കിളായിരുന്നു അടുത്ത ഇര. തന്റെ ശരീരപുഷ്ടിയും, രൂപഭംഗിയും നിലനിര്‍ത്തണമെന്നതില്‍  കവിഞ്ഞ് മറ്റ് കാര്യമായ മോഹങ്ങളൊന്നുമില്ലാതിരുന്ന മൈക്കിളിന്റെ കൂടെയുള്ള സഹവാസം രണ്ട് കുട്ടികളെ ലഭിച്ചുവെന്നതിനുപരി മറ്റൊന്നിനും അവള്‍ക്ക് പ്രയോജനപ്പെട്ടില്ല. ഇടയ്‌ക്കെപ്പോഴോ തന്റെ ഉറ്റ കൂട്ടുകാരി അമ്മിണിയുടെമേല്‍ അനാവശ്യമായി അവന്റെ കണ്ണുകള്‍ പതിയുന്നുണ്ടോയെന്നും അവള്‍ സംശയിച്ചു. ""യുവര്‍  ഫ്രണ്ട് അമ്മിനി ഈസ് റീയലി ഹോട്ട്''  എന്ന് തന്നോട് ഇടയ്ക്ക് പറയാന്‍പോലും ആ കശ്മലന്‍ ധൈര്യപ്പെട്ടതോടെ ഡെബ്ര അവനെ സാവധാനം ഒഴിവാക്കി. വിവാഹം കഴിക്കാതെയുള്ള ലിവിംഗ് ടുഗതര്‍ ബന്ധം മാത്രമായതുകൊണ്ട് പിരിയാനൊട്ട് പ്രയാസവുമുണ്ടായില്ല. താമസിയാതെ "മസില്‍മാന്‍' മറ്റൊരു ജോലി കിട്ടി പോവുകയും ചെയ്തതോടെ ഡെബ്രയുടെ വഴികള്‍ വീണ്ടും സുഗമമായി.

വിഭാര്യനും രണ്ടു കുട്ടികളുടെ പിതാവുമായ റോബര്‍ട്ടിനെ വിവാഹം ചെയ്തതോടുകൂടി ഡെബ്ര അച്ചടക്കമുള്ള ഒരു വീട്ടമ്മയും അനുസരണയുള്ളൊരു ഭാര്യയുമായി മാറിയിരുന്നു. ഐറിഷ് കത്തോലിക്കനായ ബോബ് തന്റെ പുതിയ ഭാര്യയെയും അവളുടെ കുട്ടികളെയും ഏറെ സ്‌നേഹിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഡെബ്രയ്ക്ക് ആ ബന്ധവും മടുത്തുതുടങ്ങി. നാല് കുട്ടികളും തമ്മില്‍ പലപ്പോഴും അടിയും ബഹളവും; അതിനേക്കാളുപരി, പ്രായത്തില്‍ ഏറെ മുതിര്‍ന്ന ബോബ് തന്റെയടുത്ത് ബോസ് കളിക്കുന്നോയെന്ന സംശയവും. വര്‍ഷങ്ങളുടെ ശ്വാസംമുട്ടലുകള്‍ക്കൊടുവില്‍ ഔദ്യോഗികമായിത്തന്നെ അങ്ങേരോട് വിട പറഞ്ഞ് ഡെബ്രയും കുട്ടികളും സ്വതന്ത്രരായി; ഉറ്റ സഖി അമ്മിണിയുടെ ഉപദേശങ്ങള്‍ മറിച്ചായിരുന്നെങ്കിലും. ""ഐ കാണ്ട് ബീ ലൈക്ക് യൂ ഫോക്ക്‌സ്, ലിവിംഗ് ലൈക്ക് സ്ലേവ്‌സ് അമ്മൂ'' - തലയില്‍ കൈവെച്ച് ഡെബ്രയത് പറയുമ്പോള്‍ തടവറയില്‍ കിടക്കുന്നൊരു പാവം കുട്ടിയുടെ മുഖഭാവമായിരുന്നു അവള്‍ക്ക്.

മടക്കിക്കിട്ടിയ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ഡെബ്രയ്ക്ക് പിന്നീടുണ്ടായിരുന്നത്. മക്കള്‍ രണ്ടും വളര്‍ന്നുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തേടി സ്വന്തം താവളങ്ങളും ഇണകളെയും കണ്ടെത്തി അവര്‍ യാത്രയായതോടെ ഡെബ്ര വീണ്ടും ഒറ്റയ്ക്കായി. പ്രായവും പക്വതയും ഏറി വന്നതോടെ ഏകാന്തതയും അവളെ കലശലായി അലട്ടാന്‍ തുടങ്ങി. റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്തോറും അവള്‍ക്ക് ആധി ഏറിവന്നു. ആത്മസഖി  അമ്മിണിയാണ് അവള്‍ക്ക് ആശ്വാസവഴി പറഞ്ഞുകൊടുത്തത്:

""യൂ നീഡ് എ കമ്പനി ഡെബ്ബീ.... ലെറ്റ്‌സ് ഫൈന്‍ഡ് യൂ എ ഗുഡ് പാര്‍ട്ണര്‍.''

തനിക്കിനി അതിനൊക്കെയുള്ള ബാല്യമുണ്ടോയെന്ന കൂട്ടുകാരിയുടെ സന്ദേഹത്തിനുമുണ്ടായിരുന്നു അമ്മിണിക്ക് യുക്തമായ മറുപടി:

""നോ ടൈം ഫോര്‍ ലവ്.''!

എഴുപതും എണ്‍പതും വയസ്സില്‍ വിവാഹിതരാവുന്നവരുടെ കഥകള്‍ പലതും പറഞ്ഞുകേള്‍ക്കുന്നതും പത്രത്തില്‍ കാണുന്നതുമൊക്കെ അവള്‍ കൂട്ടുകാരിയെ ഓര്‍മ്മപ്പെടുത്തി. ഇരുപതു വര്‍ഷത്തോളം ഒപ്പം താമസിച്ച തന്റെ കാമുകിയെ റിട്ടയര്‍മെന്റിന് തൊട്ടുമുമ്പ് ഔദ്യോഗികമായി വിവാഹം ചെയ്ത പഴയ സഹപ്രവര്‍ത്തകന്‍ ജിമ്മിന്റെ കാര്യവും അവര്‍ ചര്‍ച്ച ചെയ്തു. മരിച്ചുപോവുമ്പോള്‍ ഭാര്യക്ക് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ വേണ്ടികൂടിയാണെങ്കിലും, വിവാഹത്തിനോ പ്രണയത്തിനോ കാലദേശഭേദങ്ങളില്ലെന്ന തത്വം ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവം ഉപകരിച്ചു. വിവാഹനാളില്‍ മുതിര്‍ന്ന മക്കളോടൊപ്പം ആവേശത്തോടെ പാര്‍ട്ടിയില്‍ പങ്കെടുത്ത് എല്ലാവരെയും അഭിവാദ്യം ചെയ്ത ജിമ്മിന്റെയും സാന്റിയുടെയും മുഖങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തിയതോടെ തനിക്കിനിയും ഒരങ്കത്തിനുള്ള ബാല്യമുണ്ടെന്ന് ഡെബ്ര ഉറപ്പിച്ചു.

തേടിയ വള്ളി കാലില്‍ ചുറ്റിയതുപോലെയായിരുന്നു യാദൃശ്ചികമായി പഴയ ബോയ്ഫ്രണ്ട് ആന്‍ഡ്രുവിനെ ഡെബ്ര കണ്ടുമുട്ടിയത്. ബിസിനസ്സ് ടൂറിന് ന്യൂയോര്‍ക്കിലേക്ക് പോയി, മടങ്ങാന്‍ ഫ്‌ളൈറ്റ് കാത്ത് എയര്‍പോര്‍ട്ട് ലോഞ്ചിലിരിക്കുമ്പോള്‍ തൊട്ടെതിര്‍വശത്തെ സോഫയില്‍ വിശ്രമിക്കുന്ന മുന്‍ കാമുകനെ അവള്‍ ആദ്യം തിരിച്ചറിഞ്ഞില്ല. ആന്‍ഡ്രുവിന് പക്ഷേ, ഡെബ്രയെ പെട്ടെന്ന് മനസ്സിലായി. കാല്‍ നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ ഇരുവരുടെയും രൂപത്തിലും ഘടനയിലുമുണ്ടായിരുന്നെങ്കിലും, ഏറെ നേരം സംസാരിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ആദ്യപ്രണയത്തിന്റെ അഗ്നി ചെറുതായെങ്കിലും തങ്ങളില്‍ അപ്പോഴും എരിയുന്നുണ്ടെന്നവര്‍ തിരിച്ചറിഞ്ഞു. അതിനോടകം പല ബന്ധങ്ങളിലും അവയുടെ തകര്‍ച്ചകളിലും മനം മടുത്ത്    വിരക്തിയുടെ കവചങ്ങളിലേക്ക് ഒതുങ്ങിയിരുന്ന ആന്‍ഡ്രുവിന് ആ കണ്ടുമുട്ടല്‍ ഡെബ്രയ്‌ക്കെന്നതുപോലെ പുതുജീവന്‍ ലഭിക്കുന്നതായിരുന്നു. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കിടയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും അവര്‍ കൂടുതല്‍ മനസ്സ് തുറന്നു; ഹൃദയങ്ങള്‍ പങ്കുവച്ചു.

അമ്മിണിയുടെ ഉറച്ച പിന്തുണകൂടിയായപ്പോള്‍ ഡെബ്ര സംശയരഹിതമായി തീരുമാനിച്ചു: ""ഹീ ഈസ് ഗോയിംഗ് ടു ബീ മൈ മാന്‍  ഫോര്‍ ദ റെസ്റ്റ് ഓഫ് മൈ ലൈഫ്!'' പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നീങ്ങിയത്. പള്ളിയിലെ കാര്യങ്ങള്‍ക്കും പാര്‍ട്ടി ഹാള്‍ ബുക്കുചെയ്യുവാനും ഡെബ്രയേക്കാള്‍ ഉത്സാഹത്തോടെ അമ്മിണി ഓടിനടന്നു. ആളുകളെ ക്ഷണിക്കുവാനും ആഘോഷങ്ങള്‍ ക്രമീകരിക്കുവാനുമായി വൈകുന്നേരങ്ങളും വീക്കെന്‍ഡുകളുമെല്ലാം അമ്മിണി മാറ്റിവെച്ചതോടെ ഇട്ടൂപ്പിന് കലിയിളകി. "വയസ്സുകാലത്ത് കെട്ടിയോന് ഇത്തിരി കഞ്ഞി കൊടുക്കാന്‍പോലും നേരമില്ലാതെ, കണ്ട മദാമ്മയുടെ കാമക്കാര്യം  നോക്കി നടക്കുന്നവള്‍', അയാള്‍ പലപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു. അവയൊക്കെയും പക്ഷേ, അവജ്ഞയോടെ തള്ളിക്കളയുകയാണ് അമ്മിണി ചെയ്തത്.

വെഡിംഗ് ഗൗണ്‍ സിലക്ട് ചെയ്യാന്‍ സിറ്റിയിലെ ഏറ്റവും മുന്തിയ മാളില്‍ ആന്‍ഡ്രുവിനൊപ്പമാണ് ഡെബ്രയും അമ്മിണിയും പോയത്. വിലയിത്തിരി കൂടുതലാണെങ്കിലും ട്രയല്‍ റൂമില്‍ ഡെബ്ര അതണിഞ്ഞുകണ്ടപ്പോള്‍ ഒരു പതിനേഴുകാരിയുടെ മുഖഭാവമായിരുന്നു അവള്‍ക്കെന്ന് അമ്മിണിക്ക് തോന്നി. അവിടെനിന്നുതന്നെ ആന്‍ഡ്രുവിനുള്ള സ്യൂട്ട് സെറ്റുമെടുത്തു. കടും നീലനിറത്തിലുള്ള വെഡ്ഡിംഗ്  ടക്‌സീഡോയണിഞ്ഞ് തന്റെ പ്രിയപ്പെട്ടവനെ കണ്ടപ്പോള്‍ ഡെബ്ര അറിയാതെ പറഞ്ഞു: ""ആന്റീ, യൂ സ്റ്റില്‍ ലുക്ക് ഹാന്‍ഡ്‌സം''!

ആത്മസുഹൃത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനുവേണ്ടിയുള്ള തന്റെ ഒരുക്കങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന തണുത്ത പിന്തുണ കുറച്ചൊന്നുമല്ല അമ്മിണിയെ വിഷമിപ്പിച്ചത്. കല്യാണത്തിന് ഒരാഴ്ച മാത്രമാണിനിയുള്ളതെന്നും പാര്‍ട്ടിയില്‍ അണിയാനുള്ള ഡ്രസ്സ് വാങ്ങണമെന്നും ഓര്‍മ്മിപ്പിച്ചപ്പോള്‍ ഇട്ടൂപ്പ് പൊട്ടിത്തെറിച്ചു:

""ഈ കോമാളിത്തരത്തിന് കൂട്ടുനില്‍ക്കാന്‍ എന്നെ കിട്ടില്ല. നീയും നിന്റെയൊരു കഴപ്പാളി മദാമ്മയും...ആയ കാലത്ത് നൂറുപേരുടെ മുതുകത്ത് കേറി നിരങ്ങി  അവരെയൊക്കെ കണ്ണീരുകുടിപ്പിച്ചിട്ട് ഇപ്പം ഒരു കല്യാണപ്പൂതീം കൊണ്ടുനടക്കുന്നു...വയസ്സുകാലത്ത് പുറം ചൊറിയാനും മിണ്ടിപ്പറയാനും ഇപ്പോള്‍ അവള്‍ക്കൊരു അന്തിക്കൂട്ടു വേണം. അതിനുവേണ്ടിയുള്ള ഗോഷ്ടികളാണിതൊക്കെ. ഞാനെന്തായാലും  പരിപാടിക്ക് വരുന്നില്ല.''

""ഇട്ടിച്ചാ, ഡോണ്ട് ബീ സോ മീന്‍.'' അമ്മിണി ഹൃദയവേദനയോടെ ഭര്‍ത്താവിനെ തിരുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കൊരു കുലുക്കവുമുണ്ടായില്ല. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കുവേണ്ടി അമ്മിണി പിന്നെയുള്ള ദിവസങ്ങളിലും ആത്മാര്‍ത്ഥമായി അദ്ധ്വാനിച്ചു. ഇട്ടിച്ചന്‍ വരുന്നില്ലെങ്കില്‍ വേണ്ട, അങ്ങേരുടെ വാശി ജയിക്കട്ടെ- അവള്‍ സമാധാനിച്ചു.

വിവാഹത്തലേന്ന് ഡെബ്രയേക്കാള്‍ ടെന്‍ഷന്‍ അമ്മിണിക്കായിരുന്നു. ഒരുക്കങ്ങളെല്ലാം അവള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തി. കത്തീഡ്രലില്‍ വിളിച്ച് ചടങ്ങുകളുടെ ക്രമവും സമയവും ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി; ഹോട്ടലില്‍ ഒരുവട്ടം കൂടി ചെന്ന് ബാന്‍ക്വറ്റ് മാനേജരുമായി സംസാരിച്ചു; ഡി.ജെ. ടീമിനെ വിളിച്ച് ക്രമീകരണങ്ങള്‍ക്ക് അവസാനവട്ട രൂപം നല്‍കി; പിറ്റേന്ന് തനിക്ക് ധരിക്കാനുള്ള ഡിസൈനര്‍ ഡ്രസ്സും മേക്കപ്പ് മെറ്റീരിയല്‍സും ഡ്രസ്സിംഗ് ടേബിളില്‍ എടുത്തുവച്ചു. പാര്‍ട്ടിക്കിടെ താന്‍ നടത്തേണ്ട ആശംസാപ്രസംഗം ഒരുവട്ടംകൂടി പ്രാക്ടീസ് ചെയ്തതിനുശേഷമാണ് അവള്‍ ഉറങ്ങാന്‍ കിടന്നത്. എല്ലാം കണ്ടുകൊണ്ട് ഒരു പരിഹാസച്ചിരിയോടെ തന്നെ നോക്കിനിന്ന ഭര്‍ത്താവിനെ അവഗണിച്ചുകൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു.

പുലര്‍ച്ചെ നിര്‍ത്താതെയടിക്കുന്ന ഫോണ്‍ ബെല്‍ കേട്ടുകൊണ്ടാണ് അമ്മിണി ചാടിയെഴുന്നേറ്റത്. അടുത്തു കിടക്കുന്ന ഇട്ടൂപ്പിനെ ശല്യപ്പെടുത്താതെ മൊബൈല്‍ ഫോണുമെടുത്തവള്‍ ബെഡ്‌റൂമിന് പുറത്തിറങ്ങി.  മറുതലയ്ക്കല്‍ ഡെബ്ബിയുടെ നിര്‍ത്താതെയുള്ള രോദനമായിരുന്നു അമ്മിണിക്ക് കേള്‍ക്കാമായിരുന്നത്. അതിനിടെ വിതുമ്പിക്കൊണ്ടവള്‍ പറയുന്നതൊന്നും വ്യക്തമാകുന്നുമില്ലായിരുന്നു.

""കൂള്‍ ഡൗണ്‍ ഡെബ്ബീ.... വാട്‌സ് ഹാപ്പനിംഗ്? ആര്‍ യു ഓക്കേ?''

"" നോ അമ്മൂ.... എവരിതിംഗ് ഈസ് ഗോണ്‍.... അയാം എ റെച്ചഡ്  വുമണ്‍...അയാം സോ അണ്‍ലക്കി...'' വിക്കി വിക്കി ഡെബ്ര വിലപിച്ചുകൊണ്ടിരുന്നു.

""ടെല്‍ മീ വാട്ട് ഹാപ്പെന്‍ഡ് ഡെബ്ബീ... യൂ ആര്‍ നോട്ട് റെച്ചഡ്.... ഡോണ്‍ണ്ട് സേ ലൈക്ക് ദാറ്റ്... അയാം വിത് യൂ...''

തന്നെക്കൊണ്ടാവുന്നതുപോലെ അമ്മിണി കൂട്ടുകാരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും എന്താണ് സംഭവിച്ചതെന്നവള്‍ക്ക് മനസ്സിലായതുമില്ല. ഒടുവില്‍ മിനിറ്റുകളുടെ ഇടവേളകള്‍കൊണ്ട്, വിതുമ്പലിന്റെ അകമ്പടിയോടെ ഡെബ്ര ആന്‍ഡ്രുവിന്റെ വിയോഗവാര്‍ത്ത അവളെ അറിയിച്ചു. കുറച്ച് മുമ്പ് മാത്രമാണ് ഹോസ്പിറ്റലില്‍ നിന്നുമുള്ള ഫോണ്‍കോള്‍ അവള്‍ക്ക് ലഭിച്ചത്. സഡന്‍ കാര്‍ഡിയാക് അറസ്റ്റായിരുന്നത്രെ.

""മൈ ആന്റി ഈസ് ഗോണ്‍ അമ്മൂ... ഹീ ഈസ് നോ മോര്‍.... അയാം ആന്‍ അണ്‍ഫോര്‍ച്ചുണേറ്റ് വുമണ്‍!'' ഡെബ്രയുടെ വിലാപം രാവിന്റെ നിശബ്ദതയില്‍ വീട്ടിലാകെ തളം കെട്ടിനിന്നു.

ബഹളം കേട്ട് ലിവിംഗ് റൂമിലേക്ക് വന്ന ഇട്ടൂപ്പിന്റെ മുഖത്തേക്ക് അമ്മിണി നോക്കി. അവിടെ വിരിഞ്ഞ സഹതാപത്തിന്റെ ദളങ്ങള്‍ കുറച്ചൊന്നുമല്ല അവള്‍ക്ക് ആശ്വാസം നല്‍കിയത്. തേങ്ങിക്കരഞ്ഞുകൊണ്ടവള്‍ ഭര്‍ത്താവിന്റെ മാറിലേക്ക് ചാഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക