Image

കോവിഡ്‌ രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയ്ക്ക്‌ കരുത്തേകാൻ സംസ്ഥാനത്തുനിന്നുള്ള മെഡിക്കൽ സംഘം

Published on 30 May, 2020
കോവിഡ്‌ രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയ്ക്ക്‌ കരുത്തേകാൻ സംസ്ഥാനത്തുനിന്നുള്ള മെഡിക്കൽ സംഘം

തിരുവനന്തപുരം :  കോവിഡ്‌ രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയ്ക്ക്‌ കരുത്തേകാൻ സംസ്ഥാനത്തുനിന്നുള്ള മെഡിക്കൽ സംഘം. മുംബൈ നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ നൽകാനാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ എസ്‌ എസ്‌ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈക്ക്‌ തിരിച്ചത്‌. സംസ്ഥാനത്തുനിന്ന്‌ 50 ഡോക്ടർമാരുടെ സംഘത്തെ അയക്കണമെന്ന്‌ മഹാരാഷ്ട്ര സർക്കാർ ആരോഗ്യമന്ത്രി കെ കെ ശൈലജയോട്‌ അഭ്യർഥിച്ചിരുന്നു.

ആദ്യപടിയായി ഡോ. സന്തോഷ്‌ കുമാർ, ഡോ. സജീഷ്‌ എന്നിവർ മുംബൈയിലെത്തി. സന്നദ്ധ സേവനത്തിന്‌ തയ്യാറായ ഡോക്ടർമാരും നേഴ്‌സുമാരുമാണ്‌ സംഘത്തിലുള്ളത്‌. ഇവർക്കുള്ള താമസസൗകര്യം മുംബൈ കോർപറേഷൻ ഒരുക്കിയെന്ന്‌ ഉറപ്പാക്കും. അതിനുശേഷം മറ്റുള്ളവരും മുംബൈക്ക്‌ തിരിക്കും.
മഹാലക്ഷ്‌മി റേസ്‌കോഴ്‌സിൽ സജ്ജീകരിക്കുന്ന 600 കിടക്കയുള്ള കോവിഡ്‌ ആശുപത്രിയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയാണ്‌ സംഘത്തിന്റെ ലക്ഷ്യം.

കാസർകോട്‌ മെഡിക്കൽ കോളേജ്‌ അക്കാദമിക്‌ ബ്ലോക്കിൽ കോവിഡ്‌ ആശുപത്രി സജ്ജീകരിച്ചപ്പോൾ ആദ്യദിനങ്ങളിൽ പ്രവർത്തനം ഏകോപിപ്പിച്ചത്‌ ഡോ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌. മുംബൈയിലും ആരോഗ്യ പ്രവർത്തകർക്ക്‌ പരിശീലനം നൽകുക, ആശുപത്രിയുടെ ഘടന ആവശ്യമായ രീതിയിൽ പുനഃക്രമീകരിക്കുക, രോഗിയെ പ്രവേശിപ്പിക്കുന്നതുമുതൽ ഡിസ്‌ചാർജ്‌ ചെയ്യുംവരെ പിന്തുടരേണ്ട പ്രോട്ടോകോൾ നിർണയിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക