Image

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിനിൽ മലയാളത്തിന് അവാർഡുകളുടെ തിളക്കം

എബി ആനന്ദ് Published on 30 May, 2020
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിനിൽ മലയാളത്തിന് അവാർഡുകളുടെ  തിളക്കം
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിനിൽ ഫെല്ലോഷിപ്പും അവാർഡുകളുമായി 2019-20 അധ്യയനവർഷത്തെ മലയാളം വിഭാഗത്തിന്റെ അഭിമാനമായി  6  പേർ . അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും ബിരുദതലം മുതൽ ഗവേഷണതലം വരെ ഒരു വിഷയമായി പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരേയൊരു കലാലയമാണ് യു.ടി. ഓസ്റ്റിൻ.
 
 ഈ അധ്യയനവർഷത്തെ   ഔട്ട്സ്റ്റാന്ഡിംഗ്  മലയാളം ലാംഗ്വേജ് സ്റ്റുഡന്റ് അവാർഡ് അഞ്ജിത നായർ, സിദ്ധേഷ് കൃഷ്ണൻ എന്നിവർക്ക് ലഭിച്ചു 

കംപ്യുട്ടർ സയൻസ്  പ്രധാന വിഷയമായി  ബിരുദ വിദ്യാർത്ഥിയായ അഞ്ജിത നായർ പബ്ലിക്ക് പോളിസിയും പഠിക്കുന്നു. മലയാള ഭാഷയിലും സാഹിത്യത്തിലും അതീവ താല്പര്യമുള്ള അഞ്ജിതയുടെ കുട്ടിക്കാലം മുതലുള്ള  ഇഷ്ടവിനോദങ്ങൾ മലയാളസിനിമകളും വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള വായനകളുമാണ്. 
അതു തന്നെയാണ് അമേരിക്കയിൽ കുടിയേറിയിട്ടും മലയാളഭാഷ അനായാസം കൈകാര്യംചെയ്യാൻ അഞ്ജിതക്ക് അടിസ്ഥാനമായതും.  

സിദ്ധേഷ് കൃഷ്ണനും കമ്പ്യൂട്ടർ സയൻസ്   ബിരുദ വിദ്യാർഥി. മാത്രമല്ല, UT Inventors, UTCS Ambassadors, Texas Lambda Alpha Nu എന്നീ ഓർഗനൈസേഷനുകളിൽ സജീവ പ്രവർത്തകനുമാണ്. മലയാള ഭാഷയും തന്റെ നാടിന്റെ സംസ്കാരത്തെ അറിയാനുമുള്ള താല്പര്യമാണ് സിദ്ധേഷ്  മലയാളം തന്റെ പഠനവിഷയങ്ങളിൽ ഒന്നാക്കാൻ തീരുമാനിച്ചത്. ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് ആണ്  അവാർഡ് സമ്മാനിക്കുന്നത്.

യു.എസ. ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷൻ മലയാള ഭാഷയും സംസ്കാരവും പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ഫെല്ലോഷിപ്പാണ് Foreign Language and Area Studies (FLAS) Fellowship. UT Austin ൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റിയൂട്ട് ആണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.  ഇത്തവണ ഇത് കരസ്ഥമാക്കിയത് ഒന്നാംവർഷ മലയാള വിഭാഗത്തിലെ നാല് വിദ്യാർത്ഥികളാണ് -  അഞ്‌ജലി നായർ, ഷെറീന മാത്യു, ആകാശ് നായർ, ശാരിക മേനോൻ. 

അഞ്‌ജലി നായർ സൈക്കോളജി  ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർത്ഥിയാണ്. കൂടാതെ മറ്റൊരു വിഷയമായി  ബിസിനസും  പഠിക്കുന്നു. കലകളോട് അങ്ങേയറ്റം താല്പര്യമുള്ള അഞ്ജലി കഴിഞ്ഞ പതിനാറുവർഷമായി മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ അഭ്യസിക്കുന്നുണ്ട്. മാത്രമല്ല, 'The many art forms of Kerala-discussed Mohiniyattom, Ottamthullal, Kadhakali etc' എന്ന വിഷയത്തെ കുറിച്ച് UT Austin ലെ മലയാളവിഭാഗം വിദ്യാർഥികൾക്ക് വേണ്ടി ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 

UT Austin ൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഷെറീന മാത്യുവിന്റെ ഐശ്ചിക വിഷയം Journalism ആണ്. കൂടാതെ, Computer Science and World Literature  ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആയും പഠിക്കുന്നുണ്ട്. അമേരിക്കയിൽ കുടിയേറിയെങ്കിലും തന്റെ മാതൃഭാഷ കൈമോശംവരാതെ ശ്രദ്ധിച്ചിട്ടുള്ള ഷെറീന, മലയാള സാഹിത്യ കൃതികൾ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റിയിൽ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്തത്. വായിക്കുക മാത്രമല്ല തന്റെ എഴുത്തുകൾ ഭാവിയിൽ പ്രസിദ്ധീകരിക്കണമെന്നതാണ് ഷെറീനയുടെ ആഗ്രഹം. ചെറുകഥാവായനയും  പെയിന്റിങ്ങും ആണ് ഇഷ്ടവിനോദം. 

Film പ്രധാന വിഷയമായ ബിരുദ വിദ്യാർഥിയാണ് ആകാശ് നായർ. ഫോട്ടോഗ്രാഫിയെ ഏറെ ഇഷ്ടപ്പെടുന്ന ആകാശിന്‌ തന്റെ മാതൃഭാഷാ സംസ്കാരത്തോടുള്ള ഇഷ്ടമാണ് മലയാളം ക്ലാസ്സിൽ എത്തിച്ചത്. അമേരിക്കയിൽ കുടിയേറിപ്പാർത്തുവെങ്കിലും പഠനശേഷം സ്വന്തം നാട്ടിൽ പോകണമെന്നും അവിടെ താമസിച്ചുതന്നെ മലയാളമണ്ണിന്റെ സംസ്കാരമറിഞ്ഞുള്ള യാത്രകൾ ചെയ്ത് അതൊരു ഡോകുമെന്ററി ആയി പകർത്തണമെന്നതാണ് ആകാശിന്റെ ആഗ്രഹം. സിനിമയും സ്‌കെയ്‌റ്റ്ബോർഡിങ്ങും പാചകവും ആണ് ആകാശിന്റെ പ്രധാന വിനോദങ്ങൾ. 

ശാരിക മേനോൻ Marketing ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർഥിയാണ്. അതിനു പുറമെ, Plan II Honorns ചെയ്യുന്നുണ്ട്. വളരെയേറെ കൗതുകമുളവാക്കുന്ന വളരെയേറെ മൂല്യങ്ങളുള്ളതാണ് നമ്മുടെ മലയാളഭാഷയും ഭാരതസംസ്കാരവും എന്ന് വിശ്വസിക്കുന്നു ശാരിക. തുടർന്നുള്ള തന്റെ  മലയാള സാഹിത്യ പഠനത്തിനു കിട്ടിയ FLAS ഫെല്ലോഷിപ്പിന്റെ ത്രില്ലിലാണ് ശാരിക മേനോൻ. 

കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി മലയാള ഭാഷയും സാഹിത്യവും ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് UT Austin ൽ. അമേരിക്കൻ മലയാളി സമൂഹത്തിന് എന്നും അഭിമാനമായ ഡോ. റോഡ്നി മോഗ് ആണ് മലയാളവിഭാഗത്തിന്റെ സ്ഥാപകൻ. അദ്ദേഹം വിരമിച്ച ശേഷം ഡോ. മാധവൻ ഉണ്ണിത്താൻ ആണ് മലയാള വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഡോ. ദർശന മനയത്ത് ശശിയാണ് ഇവിടെ മലയാളം പ്രൊഫസർ. 

തന്റെ വിദ്യാർഥികളുടെ നേട്ടങ്ങളിൽ അങ്ങേയറ്റം സന്തോഷത്തിലാണ് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപിക. 2017 ലും 2019 ലും Texas Foreign Language Teaching Excellence Award ന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് ഡോ. ദർശന ശശി.  UT യുടെ  Asian Studies Department ഉം South Asia Institute ഉം  മലയാളത്തിന് എല്ലാ പ്രോത്സാഹനങ്ങളും നൽകാറുണ്ടെന്നതാണ് ഏറ്റവും അനുഗ്രഹം എന്ന് ഡോ. ദർശന ശശി പറയുന്നു. മലയാളികൾക്ക് ഏറെ അഭിമാനിക്കുന്ന നേട്ടങ്ങളാണ് ഈ ആറ് വിദ്യാർഥികൾ കാഴ്ചവെച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക