Image

പുനരാഖ്യാനങ്ങൾ തെളിക്കുന്ന പുതുവഴികൾ (ദിനസരി -9: ഡോ. സ്വപ്ന. സി. കോമ്പാത്ത്)

Published on 30 May, 2020
പുനരാഖ്യാനങ്ങൾ തെളിക്കുന്ന പുതുവഴികൾ  (ദിനസരി -9: ഡോ. സ്വപ്ന. സി. കോമ്പാത്ത്)
ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകമേത്? ലോകത്തിൽ  ഏറ്റവുമധികം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമേത്? രണ്ടിനും ഒന്നാണുത്തരം. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധഗ്രന്ഥമായ ബൈബിൾ.     469 ഭാഷകളിലേക്കാണ്  ബൈബിൾ തർജമ  ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് www.ehow.co.uk എന്ന വെബ് സൈറ്റിൽ 2019 Feb 4 ന് വന്ന ലേഖനം സാക്ഷ്യപ്പെടുത്തുന്നത്.  പുതിയ വായനകൾ കൊണ്ടും ചേർത്തുവെക്കലുകൾ കൊണ്ടും ഇനിയും കാലത്തിനൊപ്പം ഏറെ ദൂരം യാത്ര  ചെയ്യാനുള്ള ധാരാളം സാധ്യതകളും  ബൈബിളിനുണ്ട്.

ബൈബിളിലെ പഴയ നിയമം  നമുക്കിടയിൽ ഇപ്പോഴത്രകണ്ട് സ്വീകാര്യമല്ലെങ്കിലും യഹൂദർ ഇന്നും  പഴയനിയമത്തിലാണത്രേ വിശ്വസിക്കുന്നത്. ഈ കാലഘട്ടത്തിന്റെ നിയമങ്ങളെ, നീതിയെ എല്ലാം അടിവേരോടെ പിഴുതുകളയുന്ന ശക്തിമത്തായ ഒരു കൊടുങ്കാറ്റിന്റെ കരുത്താണ് പഴയ നിയമത്തിനുള്ളത്.  പുരുഷാധിപത്യക്രമത്തിലുള്ള ആധുനികജീവിതത്തിന്റെ സകല വ്യവസ്ഥകളുടെയും തായ് വേരറുക്കാൻ തക്ക ശക്തിയുള്ളതാണ്,ആദിമ ഗോത്രത്തിന്റെ നൈതികതയും സദാചാരസംഹിതയും എന്ന തിരിച്ചറിവായിരിക്കണം  പഴയ നിയമത്തെ ഭയക്കുന്ന സാമൂഹ്യനീതിയ്ക്ക്  കാരണമായത്.


പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവിക സങ്കല്പങ്ങൾക്ക് വരെ വലിയ വ്യത്യാസങ്ങളുണ്ട്. " കോപിഷ്ഠനും ശിക്ഷകനും അധികാരിയുമായ ഒരു ദൈവത്തെയാണ് പഴയ നിയമത്തിൽ കണ്ടുമുട്ടാനാവുക." എന്നാൽ പുതിയ നിയമത്തിലേക്കെത്തുമ്പോൾ സാറടീച്ചറുടെ തന്നെ വാക്കുകൾ കടമെടുത്താൽ "വിമോചകനും രക്ഷകനും സമത്വവാദിയുമായ മനുഷ്യപുത്രനെ കണ്ടുമുട്ടുന്നു." ഈ കണ്ടുപിടിത്തം തന്നെയാണ് പുസ്തകത്തിന്റെ കാതലായ അംശമെന്ന്  പറയാം.

രാമായണത്തിന്റെ പുനരാഖ്യാനങ്ങളിലൂടെ സീതയെയും ശൂർപ്പണഖയെയുമൊക്കെ പുനർനിർമിച്ച അതേ ശില്പഭദ്രതയോടെയാണ് പഴയ നിയമത്തിലെ യൂനായുടെ ഭാര്യയെയും, പെൺമക്കളെയും,  സാറായിയെയും ഹാഗാറിനെയും ടീച്ചർ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള  ബൈബിൾ പുനരാഖ്യാനങ്ങളുടെ കൂട്ടത്തിൽ സവിശേഷമായൊരു സ്ഥാനം ലഭിക്കത്തക്ക കൃതിയാണ് സാറായിയുടെ മരുദേശങ്ങൾ. പുരുഷന്റെ  ചരിത്രങ്ങൾക്കൊപ്പം , അവഗണിക്കപ്പെട്ടു പോയ സ്ത്രീയുടെ  ചരിത്രം ഖനനം ചെയ്തെടുത്ത്, അവളുയർത്തിയ എന്നാൽ അവൻ മറച്ചുവെച്ചതായ  ചോദ്യങ്ങളെ ഉയർത്തിക്കാട്ടി മറ്റൊരു കോണിലൂടെ പെണ്ണിനെ നോക്കാൻ പ്രേരിപ്പിക്കുന്ന രചന.


2019 ജൂലൈയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ യൂനായുടെ ഒളിച്ചോട്ടങ്ങൾ, സാറായിയുടെ മരുദേശങ്ങൾ എന്നീ രണ്ട് ലഘു നോവലുകളാണുള്ളത്. മനുഷ്യനും ദൈവവും തമ്മിലുള്ള ആശയവിനിമയങ്ങളെ  ഏറ്റവും ഭംഗിയായി ആവിഷ്കരിക്കുന്ന പഴയ നിയമത്തിന്റെ സംവാദസാധ്യതകളെ ചേർത്തുവെക്കുകയാണ് സാറാ ജോസഫ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൂടെ യൂനയുടെ ഭാര്യ, സാറായി, ഹാഗാർ എന്നിവരുടെ ഉള്ളിലെ അപമാനത്തിന്റെ , വേദനയെ ദൈവങ്ങളുടെ സിംഹാസനങ്ങളെ ഇളക്കിമറിക്കാൻ ശക്തമായ കൊടുങ്കാറ്റാക്കി   പറത്തി വിടുന്നുണ്ടവർ.

ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത, ദൈവത്തെ ചോദ്യം ചെയ്ത യൂനായെ പരിഹസിക്കുന്നവർ  അയാളുടെ ഭാര്യയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമുണ്ടാവില്ല. എന്നാൽ രണ്ടു കാലങ്ങളിൽ ജീവിക്കുന്ന യൂനാ യെപ്പോലെ തന്നെ ഭാര്യയും യൂനായുടെ ഒളിച്ചോട്ടങ്ങളിലെ പ്രധാനകഥാപാത്രമായി വരുന്നു.. സ്വന്തം മന്ത്രകോടിയെടുത്തു നോക്കി " ദിനം തോറും ഇതിലെ നിറങ്ങൾ മങ്ങിക്കൊണ്ടിരിക്കുന്നു. ചില നിറങ്ങൾ എന്നന്നേക്കുമായി മാഞ്ഞു കഴിഞ്ഞു. ഇനിയെനിക്ക് അതു തിരിച്ചുപിടിക്കാനാവില്ല " എന്നു വിലപിക്കുന്ന യൂനായുടെ ഭാര്യ എല്ലാവരുമെതിർത്തിട്ടും  ഭർത്താവിനെ തേടിപ്പോകുന്നു.


 " ദുഷ്ടനെ പന പോലെ വളർത്തുകയും തന്നെ ഇടയ്ക്കു നിർത്തുകയും ചെയ്യുന്ന " , ദൈവത്തോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുകയും   ഒന്നിനും മറുപടി കിട്ടാതെ ഓടയിൽ കിടക്കേണ്ടി വരികയും ചെയ്യുന്ന യൂനായെ തേടി ഭാര്യയെത്തുന്നു. അവന്റെ വസ്ത്രങ്ങളിൽ പുരണ്ട ചേറും ചെളിയും ചോരയും തുടച്ചു കളഞ്ഞ് വീട്ടിലേക്കു പോകാം എന്ന് ആ കരുണാമയി പറയുമ്പോൾ പ്രത്യക്ഷ ദൈവത്തെ നമുക്കും  കാണാനാകും.

ജീവിതം മുഴുവൻ അലഞ്ഞു തിരിയേണ്ടിവന്ന സാറായിക്ക് അബ്രഹാമിനെപ്പോലെ യഹോവയുടെ വാക്കുകളിൽ വിശ്വാസം പോരാ.. അവളെപ്പോലെ വിധിയുടെ വിളയാട്ടത്തിന് പാത്രമായ ഹാഗാറിന്റെയും വേദന സാറായിക്ക്  കണ്ടറിയാനാകുന്നു. രണ്ടു സ്ത്രീകളുടെയും കണ്ണീരൊന്നായൊഴുകുന്നതു കണ്ട് ഇസ്മായേൽ പോലും അമ്പരന്നുന്നിൽക്കേ " വരാനിരിക്കുന്ന ജനതകളുടെ അമ്മേ " എന്ന് ഹാഗാറിനെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രത്തെ തിരുത്തിയെഴുതാൻ സാറ തയ്യാറാകുന്നു.

Art is the retelling of certain themes in a new light, making them accessible to the public of the moment എന്ന ജോർജ് ലൂക്കാസിന്റെ വാക്കുകളെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഭാവനാസമ്പന്നതയാണ് സാറായിയുടെ മരുദേശങ്ങളുടെ വ്യതിരിക്തത .എല്ലാ എഴുത്തിലുമെന്ന പോലെ പ്രമേയത്തിന്റെ ശക്തിയും ,പാത്രസൃഷ്ടിയിലെ സൂക്ഷ്മതയും, വാക്കുകളെ ചേരുംപടി ചേർക്കുന്നതിലെ മികവും സാറായിയുടെ മരുദേശങ്ങളുടെ ഗാംഭീര്യം വർധിപ്പിക്കുന്നു. ദിനംപ്രതി സമ്പന്നമായിക്കൊണ്ടിരിക്കുന്ന ബൈബിളിനെ ആധാരമാക്കി നിർമിക്കപ്പെട്ടതാണെങ്കിലും ഈ കൃതി കാലത്തോട് കലഹിക്കുന്നുണ്ട്. സ്ത്രീകളോടുള്ള ഉദാസീനത നിലനിൽക്കുന്നിടത്തോളം കാലം കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും." ജനതകളുടെ പിതാവായ അബ്രാഹാമേ, അങ്ങയുടെ കർത്താവായ യഹോവ സ്ത്രീയോ പുരുഷനോ?  " എന്ന  നോവലിലെ അവസാന വാചകം നിരന്തരമായ കലഹത്തിന്റെ മുന്നോടിയായുള്ള  കാഹളധ്വനിയായി സാക്ഷ്യപ്പെടുത്തപ്പെടും!

പുനരാഖ്യാനങ്ങൾ തെളിക്കുന്ന പുതുവഴികൾ  (ദിനസരി -9: ഡോ. സ്വപ്ന. സി. കോമ്പാത്ത്)പുനരാഖ്യാനങ്ങൾ തെളിക്കുന്ന പുതുവഴികൾ  (ദിനസരി -9: ഡോ. സ്വപ്ന. സി. കോമ്പാത്ത്)പുനരാഖ്യാനങ്ങൾ തെളിക്കുന്ന പുതുവഴികൾ  (ദിനസരി -9: ഡോ. സ്വപ്ന. സി. കോമ്പാത്ത്)
Join WhatsApp News
ഡോ.ടി.എച്ച്. ജിത. 2020-05-31 09:17:15
ഉദാസീനയല്ലാത്ത ഒരു സ്ത്രീയുടെ ഉഷാറുള്ള നിരൂപണം. നന്നായിരിക്കുന്നു സ്വപ്നാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക