Image

ഫ്‌ളോയിഡ്: വര്‍ണ്ണവെറിയുടെ നവദുരന്ത രക്തസാക്ഷി (ശ്രീനി)

Published on 31 May, 2020
ഫ്‌ളോയിഡ്: വര്‍ണ്ണവെറിയുടെ നവദുരന്ത രക്തസാക്ഷി (ശ്രീനി)
പരിഷ്കൃത ലോകത്തിന് തീര്‍ത്തും അപമാനകരമാണ് മിനിയപൊളിസിലെ ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ വംശജന്റെ നിഷ്ഠൂരമായ കൊലപാതകം. അടിമത്തവും വര്‍ണ്ണ വിവേചനവും ഈ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റി എന്നഭിമാനിക്കുമ്പോഴും ഇത്തരത്തിലുള്ള വംശീയ വിദ്വേഷം നിറഞ്ഞ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഭീതിജനകമാണ്. കള്ളനോട്ട് കൈവശം വച്ചു എന്നാരോപിച്ച് മിനിയപൊളിസ് പോലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ഡെറിക് ഷോവിന്‍ എന്ന വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് കഴുത്തിലമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോകം മുഴുവന്‍ പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ഞെട്ടലോടെയാണ് ഏവരും കണ്ടത്. ദാരുണമായ ഈ നരഹത്യയില്‍ അമേരിക്കയിലെമ്പാടും കടുത്ത പ്രതിഷേധാഗ്നി ഉയരുകയാണ്.

ഫ്‌ളോയിഡിനെ വധിച്ച പേലീസുകാരനെ അറസ്റ്റു ചെയ്യാന്‍ വൈകിയതിലും ജനരോഷം അണപൊട്ടി തുടര്‍ന്ന് ഡെറിക് ഷോവിനെയും മറ്റ് മൂന്നു പോലീസുകാരെയും സര്‍വീസില്‍ നിന്ന് പുറത്താക്കി. എട്ടു മിനിറ്റും 46 സെക്കന്റും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ന്നിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ""എനിക്ക് ശ്വാസം മുട്ടുന്നു...'' എന്ന ഫ്‌ളോയിഡിന്റെ അവസാനത്തെ നിലവിളി മുദ്രാവാക്യമാക്കിയാണ് പ്രതിഷേധം കനക്കുന്നത്. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റ് എന്നിവ പ്രയോഗിക്കുന്ന തലത്തിലേക്ക് നീങ്ങി.

വെളുത്ത വര്‍ഗ്ഗക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ കറുത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇതാദ്യത്തേതല്ല. 2001ല്‍ സിന്‍സിനാറ്റിയിലെ ഒഹായോയില്‍ 19കാരനായ തിമോത്തി തോമസ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് കൊലപ്പെടുത്തുകയുണ്ടായി. 2014ല്‍ ഫെര്‍ഗ്യൂസണില്‍ കോളേജ് വിദ്യാര്‍ത്ഥിയായ മൈക്കല്‍ ബ്രൗണ്‍ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥനാല്‍ കൊല്ലപ്പെട്ടു. ഇതേ വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ച് എറിക് ഗാര്‍നര്‍ എന്ന 24കാരനെ പോലീസ് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തി. 2015ല്‍ ബാള്‍ട്ടിമോറില്‍ പോലീസ് വാനിനുള്ളില്‍ മര്‍ദ്ദനത്തിനിരയായ ഫ്രെഡി ഗ്രേ എന്ന 25കാരന്‍ മരണപ്പെട്ടു. 2016ല്‍ ഷാര്‍ലറ്റില്‍ ഉണ്ടായ വെടിവെപ്പില്‍ കീത്ത് ലാമന്‍ഡ് സ്‌കോട്ട് കൊല്ലപ്പെട്ടു.

ഇത്തരം കൊലപാതകങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുജനങ്ങളും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും വംശീയ വിദ്വേഷത്തിന്റെ പേരില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ലോകം ഇത്രയൊക്കെ വളര്‍ന്ന് വികസിച്ചിട്ടുണ്ടെങ്കിലും ചിലരുടെയൊക്കെ മനസ്സില്‍ വര്‍ണ്ണവെറിയും മേധാവിത്വ ചിന്തയും നിലനില്‍ക്കുന്നുവെന്നാണ് ഫ്‌ളോയിഡിന്റെ കൊലപാതകം അടിവരയിടുന്നത്. ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ല. ഇവിടെ കുറ്റവാളി നിയമം നടപ്പാക്കേണ്ട ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെയും പൗരാവകാശത്തിനു വേണ്ടി സ്വന്തം ജീവന്‍ തന്നെ ഹോമിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും പോരാട്ട സ്മരണകള്‍ ദീപ്തമാവുന്നു. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള മുന്നേറ്റത്തിന്റെ മുഖ്യനായകനായിരുന്നു ഏബ്രഹാം ലിങ്കണ്‍. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി തീവ്ര നിലപാടെടുത്ത ലിങ്കന്റെ സുപ്രധാന നിയമനടപടിയാണ് 1863ലെ വിമോചന വിളംബരം. യു.എസില്‍ അടിമത്തം പൂര്‍ണമായും നിരോധിച്ച ഭരണഘടനയുടെ 13-ാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറിയത് ഈ വിമോചന വിളംബരമാണ്.

അമേരിക്കയില്‍ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന കറുത്ത വര്‍ഗ്ഗക്കാരുടെ പൗരാവകാശ സംരക്ഷണത്തിനു വേണ്ടി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ നടത്തിയ സമരമുന്നേറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1905ല്‍ നടന്ന ബഹുജന പ്രക്ഷോഭമാണ് മോണ്ട് ഗോമറി ബസ് ബഹിഷ്കരണ സമരം. കറുത്ത വര്‍ഗ്ഗക്കാരിയായ റോസ പാര്‍ക്‌സ് ഒരു വെള്ളക്കാരന് വേണ്ടി ബസില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതില്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവമാണ് 385 ദിവസം നീണ്ടു നിന്ന മോണ്ട് ഗോമറി ബസ് ബഹിഷ്കരണ സമരത്തിന് കാരണമായത്. ഇതു സംബന്ധിച്ച കേസില്‍ അലബാമയിലെ യു.എസ് ജില്ലാ കോടതി സമരക്കാര്‍ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട് ഗോമറിയിലെ ബസുകളില്‍ വെള്ളക്കാര്‍ക്ക് പ്രത്യേക സീറ്റുകള്‍ നിലവിലുണ്ടായിരുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.

ഇങ്ങനെ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എക്കാലവും അഭിമാനിക്കത്തക്കതായ ചരിത്ര സംഭവങ്ങള്‍ നിരവധി ഉണ്ട്. എന്നാല്‍ പതിറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ഫ്‌ളോയിഡിനെ പോലെയുള്ളവര്‍ തെരുവുകളില്‍ പരസ്യമായി കൊല്ലപ്പെടുന്നതിനെ ഒരിക്കലും നീതീകരിക്കാനാവില്ല.

ഒരു മനുഷ്യന്റെ വംശം നിറം എന്നിവയുമൊക്കെ അടിസ്ഥാനത്തില്‍ അവരുടെ ബുദ്ധിയിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന മൂഢ വിശ്വാസമാണ് വര്‍ണ്ണവിവേചനം. വിവിധ ജനവിഭാഗങ്ങള്‍ക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കാന്‍ കാലാകാലങ്ങളില്‍ ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ണ്ണ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് കാണിക്കുന്ന വിവേചനപരവും മനുഷ്യത്വ രഹിതവുമായ സമീപനമാണ്. ചില ഉട്ടോപ്യന്‍ വംശീയ മാതൃകകളുടെയും കപടശാസ്ത്രങ്ങളുടെയും പിന്‍ബലത്തിന്‍ ഇതിന്റെ വ്യക്താക്കള്‍ വര്‍ണ്ണവിവേചനത്തെ കണ്ണടച്ച് ന്യായീകരിക്കുന്നുണ്ട്.

അവര്‍ അവകാശപ്പെടുന്നത്, മനുഷ്യര്‍ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നുന്നാണ്. ഒരു വിഭാഗത്തിനേക്കാള്‍ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകള്‍ ജന്‍മസിദ്ധമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമത്രേ. അത്തരം സവര്‍ണ വംശങ്ങള്‍ക്ക് അവര്‍ണ വംശങ്ങളുടെ മേല്‍ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ് വര്‍ണ വിവേചനക്കാരുടെ തിയറി.

"അപ്പാര്‍ത്തൈഡ്' എന്നറിയപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളുത്തവരുമായുള്ള വിവേചനം, നാസി ജര്‍മ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വേര്‍തിരിവ്, കേരളത്തില്‍ നിലനിന്നിരുന്ന അയിത്തം തുടങ്ങിയവയിലെല്ലാം വംശമഹിമയുടെയും വര്‍ണ്ണവിവേചനത്തിന്റെയും വ്യത്യസ്ത രൂപങ്ങളാണ്. വംശീയത എന്ന പദം സാധാരണയായി അധമപദമായി, വംശീയ വേര്‍തിരിവ്, മുന്‍വിധി, വിദ്വേഷം, വെറുപ്പ്, വേര്‍തിരിവ്, വിവേചനം, അതിക്രമം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ വാക്കുകളോട് ചേര്‍ത്താണ് പ്രയോഗിച്ചുവരുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ സാര്‍വ്വദേശീയ കണ്‍വന്‍ഷന്‍ എല്ലാത്തരം വംശീയവിവചനത്തിനും എതിരെ ഇപ്രകാരം പറയുന്നു...""വംശീയ വിവേചനം അര്‍ത്ഥമാക്കുന്നത് വംശം, നിറം, പിന്‍തുടച്ച തുടങ്ങിയവയുടേയോ അല്ലെങ്കില്‍ ദേശീയമോ, പ്രാദേശികമോ ആയ ഉത്ഭവത്തിന്റെയോ അടിസ്ഥാനത്തില്‍, രാഷ്ട്രീയ, സാമഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗത്തെയോ പൊതുജീവിതത്തിലെ മറ്റേതെങ്കിലും മേഖലയിലേയോ മനുഷ്യാവകാശത്തിന്റയോ മറ്റേതെങ്കിലും അടിസ്ഥാന അവകാശങ്ങളുടെയോ സമാനതയ്ക്കായുള്ള ഏതെങ്കിലും തരത്തിലുള്ള അംഗീകാരത്തെയോ, ആസ്വാദനത്തെയോ, അനുഭവത്തെയോ, കര്‍മ്മത്തിനെയോ അസാധുവാക്കുന്നതിനോ, നിഷേധിക്കുന്നതിനെയോ ആയ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം, ഒഴിവാക്കല്‍, നിയന്ത്രണം, ഏര്‍പ്പെടുത്തുന്നതിനെ ആകുന്നു...''

ഒരു അധമന്റെ തോക്കിനാണ് എബ്രഹാം ലിങ്കണ്‍ ഇരയായത്. നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങിയാണ് മാര്‍ട്ടിന്‍ ലുഥര്‍ കിങ് ജൂനിയറും വിടചൊല്ലിയത്. ""എനിക്ക് ശ്വാസം മുട്ടുന്നു...'' എന്ന് പറഞ്ഞ് ഫ്‌ളോയിഡ് അന്ത്യ ശ്വാസം വലിച്ചപ്പോള്‍,  ""എനിക്ക് ഒരു സ്വപ്നമുണ്ട്...'' എന്ന മാര്‍ട്ടിന്‍ ലുഥര്‍ കിങ്ങിന്റെ പ്രൗഢ ഗംഭിരമായ വാഷിങ്ടണ്‍ ഡി.സി പ്രസംഗം അമേരിക്കയുടെ ആകാശത്ത് ഒരു മുന്നറിയിപ്പു പോലെ വീണ്ടും മുഴങ്ങിക്കേട്ടിരിക്കണം.

Join WhatsApp News
Kuruvilla Mathew, Chicago. 2020-05-31 16:59:17
"Trump says US will designate Antifa as a terrorist organisation" . “ANTIFA” is not an organization. This means Trump is classifying anyone who is against fascism as a terrorist. Fascism is defined as: “authoritarian ultranationalism characterized by dictatorial power, forcible suppression of opposition.” This is how Hitler happened. Thanks to all peaceful protesters. A anti protester a trumper white woman -pooped on police car & did not clean her ...... I don't know how many trump malayalees are with her. Where are they any way!
CID Moosa 2020-05-31 23:55:53
I saw all the Trump Malayalees in CNN building yesterday and now they have moved to New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക