Image

പീഡനം: ഹോട്ടലില്‍ നിന്ന് മലയാളികളടക്കം 9 യുവതികളെ രക്ഷപ്പെടുത്തി

Published on 31 May, 2020
പീഡനം: ഹോട്ടലില്‍ നിന്ന് മലയാളികളടക്കം 9 യുവതികളെ രക്ഷപ്പെടുത്തി
ദുബായ് : ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള 9 യുവതികളെ പൊലീസിന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രക്ഷപ്പെടുത്തി. ഇവരില്‍ 4 പേര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

ആറ് മാസം മുന്‍പാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യുഎഇയിലെത്തിയത്. വന്‍തുക ബെംഗ്ലുരുവിലെ അനധികൃത റിക്രൂട്ടിങ് ഏജന്റ് ബസവരാജ് കളസാദ് എന്നയാള്‍ക്ക് നല്‍കിയാണ് ഇവരെല്ലാം യുഎഇയിലെത്തിയത്. ഇവന്റ്‌സ് മാനേജര്‍, !ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു സന്ദര്‍ശക വീസ നല്‍കിയത്. എന്നാല്‍, ഫുജൈറയിലെ ഒരു ഹോട്ടലില്‍ എത്തപ്പെട്ട ഇവര്‍ പിന്നീട് മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായി യുവതികള്‍ പരാതിപ്പെട്ടു. മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.

ഒരാഴ്ച മുന്‍പ് തമിഴ്‌നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് എല്ലാവരുടെയം രക്ഷയ്ക്ക് കാരണമായത്. കഴിഞ്ഞ 3 മാസമായി തങ്ങള്‍ കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുന്‍പ് മൂന്ന് വയസുകാരനായ മകനെ കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള സന്ദേശം കേള്‍ക്കാനിടയായ നാഷനല്‍ ഡൊമസ്റ്റിക് വര്‍കേഴ്‌സ്–മൈഗ്രന്റ് തമിഴ്‌നാട് കോ ഓര്‍ഡിനേറ്റര്‍ വി.വളര്‍മതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക