Image

യുക്മ Y6 ചലഞ്ച് 2020: ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍

Published on 31 May, 2020
യുക്മ Y6 ചലഞ്ച് 2020: ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍

ലണ്ടന്‍: ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം കുടിയേറ്റ മലയാളി വിദ്യാര്‍ഥികളെ സമര്‍ഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയില്‍ വിഖ്യാതമാണ് യുകെയിലെ ഗ്രാമര്‍ സ്‌കൂള്‍ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചെടുക്കാനും ഗ്രാമര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു കഴിയുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളികള്‍ തങ്ങളുടെ കുട്ടികളെ ധാരാളമായി ഗ്രാമര്‍സ്‌കൂള്‍ പ്രവേശനത്തിന് ചിട്ടയായി ഒരുക്കുന്നതും.

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി യുക്മ ജൂണില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിലും റീജണല്‍ തലങ്ങളിലും വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് യുക്മ സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്.

ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാന്‍ ഇത് സഹായകരമായിരിക്കും.

സൗജന്യ മത്സര പരീക്ഷകള്‍ക്ക് മുന്നോടിയായി മാതാപിതാക്കള്‍ക്കായി ഒരു വെബ് മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവര്‍ അറിയിച്ചു.

ജൂണ്‍ 6 നു (ശനി) നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ www.uukma11plus.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടര്‍ വേവ്‌സിന്റെ ബിജു ആര്‍. പിള്ളയാണ് വെബ് സെമിനാര്‍ നയിക്കുന്നത്.

തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക