Image

മഹാമാരിയില്‍ മോദി സര്‍ക്കാരിന്റെ വാര്‍ഷികം(ദല്‍ഹികത്ത്: പി.വി. തോമസ് )

പി.വി. തോമസ് Published on 01 June, 2020
 മഹാമാരിയില്‍ മോദി സര്‍ക്കാരിന്റെ വാര്‍ഷികം(ദല്‍ഹികത്ത്: പി.വി. തോമസ് )
മെയ് മുപ്പതിന് രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്തു നേടി? എന്തെല്ലാം തുലച്ചു? നേട്ടങ്ങളുടെ പട്ടികയില്‍ പ്രധാനമായിട്ടും ഉളളത് സംഘപരിവാറിന്റെ അജണ്ടയാണ്. കോട്ടങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യന്‍ സാമ്പത്തീക- കാര്‍ഷിക മേഖലകളും ഭരണഘടനയും അത് നല്‍കുന്ന ഇന്‍ഡ്യ എന്ന മഹത്തായ മതേതര ജനാധിപത്യ ആശയവും ആണ്. മതേതര ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഫാസിസ്റ്റ് ജനാധിപത്യം എന്ന ആശയം അവരോധിക്കപ്പെട്ടു. വാര്‍ഷിക വേളയില്‍ ഗൃഹമന്ത്രി അമിത് ഷാ ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ആര്‍ട്ടിക്കിളിന്റെ തലക്കെട്ട് ഒരര്‍ത്ഥത്തില്‍ ഉചിതമായിരുന്നു: 'അണ്‍ഡ്യൂയിംങ്ങ് സിക്‌സ്  ഡെക്കേട്‌സ് ഇന്‍ സിക്‌സ് ഇയേഷ്‌സ്.' ആറുപതിറ്റാണ്ടുകളെ ആറുവര്‍ഷം കൊണ്ട് ശിഥിലമാക്കിയത്. ഷാ ഉദ്ദേശിച്ചത് മറിച്ചായിരിക്കാം: ആറു പതിറ്റാണ്ടുകളിലെ ദുര്‍ഭരണത്തെ ആറുവര്‍ഷം കൊണ്ട് ഇല്ലായ്മ വരുത്തിയത് പക്ഷേ വായനക്കാരില്‍ നല്ലൊരു വിഭാഗത്തിന് അത് അര്‍ത്ഥവത്തായത് ആറുപതിറ്റാണ്ടുകളിലെ ബി.ജെ.പി. ഇതര കേന്ദ്രഭരണത്തെ ആറു വര്‍ഷംകൊണ്ട് മോദിയും ഷായും ഇല്ലാതാക്കിയ സന്ദര്‍ഭത്തിലായിരിക്കാം. ആറുവര്‍ഷത്തെ ഭരണം ആണ് മോദി മെയ് 30-ന് പൂര്‍ത്തീകരിച്ചത്. പക്ഷേ, ബി.ജെ.പി. മൊത്തത്തില്‍ 12 വര്‍ഷം ഇന്‍ഡ്യ ഭരിച്ചിട്ടുണ്ട്. ബി.ജെ.പി. എന്നാല്‍ മോദി എന്നല്ല. അത് സ്വേഛാധിപത്യ പ്രവണതകൊണ്ട് പറയുന്നതാണ്. അടല്‍ ബിഹാരി വാജ്‌പേയ് എന്ന അതുല്യനായ ബി.ജെ.പി. നേതാവ് 3 പ്രാവശ്യം ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി രാജ്യം ഭരിച്ചിട്ടുണ്ട്. ആദ്യം 1996-ല്‍ 13 ദിവസത്തേക്കും രണ്ടാമത് 1998-99 കാലത്ത് 13 മാസത്തേക്കും പിന്നീട് 1999 മുതല്‍ 2004 വരെ പൂര്‍ണ്ണ കാലാവധി കാലത്തേക്കും. മൊത്തത്തില്‍ ആറു വര്‍ഷവും 43 ദിവസവും. അക്കാലവും ബി.ജെ.പി.യുടെ ഭരണകാലമായി അമിത്ഷാ ദയവായി കണക്കാക്കണം. ഒരു പക്ഷേ, അദ്ദേഹം അതിനെ അങ്ങനെ കണക്കാക്കാത്തതിന് കാരണം സര്‍വ്വര്‍ക്കും അംഗീകൃതനായ വാജ്‌പേയ് എന്ന സ്റ്റെയ്റ്റ്‌സ്മാന്റെ ഭരണം മോദി എന്ന സംഘപരിവാര്‍ പ്രചാരകന്റേതുപോലെ അല്ലാതിരുന്നതിനാല്‍ ആയിരിക്കാം.

മോദി എല്ലാ അര്‍ത്ഥത്തിലും ഒരു രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രചാരകന്‍ ആയിട്ടാണ് ഇന്‍ഡ്യ ഭരിച്ചത്. ഇതുവരെ, ഈ 6 വര്‍ഷവും. ആരാണ് തീവ്രദേശീയത ഊട്ടി വളര്‍ത്തിയത്? എന്തിനുവേണ്ടി? ദേശീയതയും ദേശസ്‌നേഹവും ഇവിടെ ആര്‍ക്കാണ് ഇല്ലാതിരുന്നത് ? ഫാസിസത്തിന്റെ സൃഷ്ടി ആയ തീവ്രദേശീയത സംഘപരിവാറിന്റെയും മോദിയുടെയും രക്ഷാകവചങ്ങള്‍ ആയി പരിണമിച്ചു ഈ ഭരണത്തില്‍. പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കിള്‍ 370-നെ  ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തതും(ജമ്മു-കാശ്മീര്‍) സംഘപരിവാറിന്റെ അജണ്ടയായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും ഇതേ അജണ്ടയുടെ ഭാഗമായിരുന്നു. ഇത് നേടിയെടുത്തത് പരമോന്നത് നീതി പീഠത്തിലൂടെയും (സുപ്രീംകോടതി) പരമോന്നത നീതിപാലകനിലൂടെയും ആയിരുന്നു(രജ്ജന്‍ ഗൊഗോയി). നീതിപാലകനെ വിധി ന്യായത്തിനും ഉടനെയുള്ള സ്ഥാന വിരമത്തിനുശേഷം ഗവണ്‍മെന്റ് രാജ്യസഭയില്‍ അംഗമായി നിയമിച്ചു. സ്വയം സേവക് സംഘിന്റെ ഒരു അജണ്ടകൂടെ അങ്ങനെ നടപ്പിലാക്കി. 'ഘര്‍വാപ്പസി'യും (ഹിന്ദുമതം ത്യജിച്ചവരെ നിര്‍ബ്ബന്ധമായി തിരികെ കൊണ്ടു വരുന്ന പ്രക്രിയ) ഗോഹത്യ നിരോധനസംഘങ്ങളുടെ ആള്‍ക്കൂട്ടകൊലയും സംഘപരിവാറിന്റെ അജണ്ടയായിരുന്നു. അത് സര്‍ക്കാര്‍ ആശീര്‍വ്വാദത്തോടെ അരങ്ങേറി. ഒട്ടേറെ ന്യൂനപക്ഷമതക്കാര്‍ അരും കൊലചെയ്യപ്പെട്ടു. ഇവക്കെല്ലാം എതിരെയുള്ള ഒട്ടേറെ ജനകീയ പ്രക്ഷോഭണങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഷഹീന്‍ബാഗിലെ പൗരത്വഭേദഗതി നിയമ വിരുദ്ധ സമരം അതില്‍ ഒന്നു മാത്രം ആയിരുന്നു. സ്വയം ഒരു ഹിന്ദുദേശീയവാദി എന്ന് തെരഞ്ഞെടുപ്പിന് മുമ്പേ(2004) പ്രഖ്യാപിച്ച മോദി അദ്ദേഹത്തിന്റെ സ്വയംസേവക് സംഘ് അജണ്ട-ഫാസിസ്റ്റ് ജനാധിപത്യം ഒന്നൊന്നായി നടപ്പിലാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്ഭവനിലൂടെ അധികാരത്തില്‍ വരുക, കുതിരക്കച്ചവടം നടത്തി നിയമസഭ സാമാജികമാരെ കോടികള്‍ കൊടുത്തു വിലക്കുവാങ്ങുക എന്നിവയെല്ലാം ഇതിന്റെ ഭാഗം ആയിരുന്നു. ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കുവാന്‍ ഉണ്ട്.

കാശ്മീരിലെ ജനനേതാക്കന്മാരെ വീട്ടുതടങ്കലില്‍ ആക്കിയതും ഗവര്‍ണ്ണറുടെ ഒത്താശയോടെ ആ സംസ്ഥാനത്തെ വിഭജിച്ച് യൂണിയന്‍ ടെറിട്ടറി ആക്കിയതും ജനാധിപത്യ വിരുദ്ധം ആയിരുന്നു. ബി.ജെ.പി. ആ സംസ്ഥാനം ഭരിച്ചപ്പോള്‍ എന്തുകൊണ്ട് അത് ചെയ്തില്ല? കോടിക്കണക്കിന് മുസ്ലീങ്ങളുടെ സമ്മതിദായക അവകാശവും പൗരത്വവും ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമവും ജനാധിപത്യ വിരുദ്ധം തന്നെ ആയിരുന്നു. അവരെ രാജ്യരഹിതരാക്കി തെരുവീഥിയിലെറിയുന്നത് എന്ത് രാജനീതിയാണ്. അതുതന്നെയല്ലേ ല്കഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും കോവിഡ് അടച്ചുപൂട്ടലില്‍ കേന്ദ്രം ചെയ്തത്? വടക്കുകിഴക്കന്‍ ദല്‍ഹിയിലെ വര്‍ഗ്ഗീയ കലാപത്തിന് ആര് ഉത്തരം പറയും? മോദിയുടെ ഭരണകാലത്തെ മനുഷ്യാവകാശ ലംഘനത്തിനും  ഭൂരിപക്ഷ മതരാഷ്ട്രീയ പ്രോത്സാഹനത്തിനു ആര് ഉത്തരം പറയും? കള്ളപ്പണം വെളുപ്പിക്കാമെന്ന വാഗ്ദാനം പാലിച്ചോ? പകരം കള്ളപ്പണക്കാരെയും കിട്ടാക്കടപുള്ളികളെയും രക്ഷപെട്ട് രാജ്യം വിട്ടു പോകാന്‍ അനുവദിച്ചു. ഒട്ടേറെ പേരുകള്‍ നിരത്തുവാന്‍ ഉണ്ട്. വിജയ്മല്ല്യയെ ലണ്ടനിലേക്ക് കടത്തിയത് ആരാണ്. ആരുടെ രാജ്യസഭ അംഗം ആയിരുന്നു മല്ല്യ? ബി.ജെ.പി.യിലെ സഹപ്രവര്‍ത്തകന്‍ ആ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് തലേന്ന് പാര്‍ലിമെന്റില്‍ വച്ച് യാത്ര ചോദിച്ചിട്ടല്ലേ അദ്ദേഹം പിറ്റെദിവസം ലണ്ടനിലേക്ക് കടന്നത്? ആര്‍ക്കാണ് ഇതൊക്കെ അറിയാത്തത്?
ഗവണ്‍മെന്റിന്റെ തൊഴില്‍ സാമ്പത്തീകം നയം കോവിഡിനു മുമ്പേ പൊട്ടിപൊളിഞ്ഞതല്ലേ? ആരാണ് അതിന് ഉത്തരവാദി? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആണോ? കോവിഡ് കാലത്തു പോലും മോദി ചങ്ങാതി മുതലാളിമാരെ സഹായിക്കുവാനല്ലെ വിവിധ മേഖലകളുടെ സ്വകാര്യ വല്‍ക്കരണത്തിലൂടെ ചെയ്തത്? പകരം കുടിയേറ്റ തൊഴിലാളികളുടെ ദുരന്തപൂര്‍ണ്ണമായ പലായനത്തിനറുതി വരുത്തുവാന്‍ മോദി എന്തു ചെയ്തു? അവസാനം സുപ്രീംകോടതി ഇടപെടേണ്ടി വന്നില്ലേ അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ശഅരമിക്ക് ട്രെയിനുകളില്‍ എത്തിച്ചുകൊടുക്കുവാന്‍. എന്നിട്ടും എത്രപേര്‍ മരിച്ചു? മോദി ഉയര്‍ത്തിപിടിച്ച വിലക്കയറ്റം എവിടെ തടഞ്ഞു? ജനങ്ങള്‍ അത് മറന്നുപോയി. കാരണം ഫലം ഇല്ല. വിദേശരംഗത്ത് എന്ത് നേട്ടം മോദി നേടി? അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായി കൈകോര്‍ത്തു നടക്കുന്നതില്‍ യാതൊരു കാര്യവും ഇല്ല. ചൈനയും പാക്കിസ്ഥാനും നേപ്പാള്‍ വരെ ഒരു സഖ്യകക്ഷിയായി ഇന്‍ഡ്യക്കെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുകയാണ്. എന്തുനേടി? അയോദ്ധ്യ കേസിലെ ജസ്റ്റീസ് ഗൊഗോയിയെപ്പോലെ തന്നെ വിവാദപുരുഷനാണ് ജനറല്‍ വിവിന്‍ റാവത്ത്. ജോലിയിലിരിക്കുന്ന ഒരു സേനാമേധാവി ഒരിക്കലും ഇടപെടരുതാത്ത രീതിയില്‍ അദ്ദേഹം കാശ്മീര്‍ വിഷയത്തില്‍ ഗവണ്‍മെന്റിനു വേണ്ടി പ്രവര്‍ത്തിച്ചു-ഔദ്യോഗികമായിട്ടല്ല. പെന്‍ഷന്‍ പറ്റിയതിന്റെ പിറ്റെ ദിവസം അദ്ദേഹത്തെ ആദ്യത്തെ മുഖ്യസര്‍വ്വസൈന്യാധിപനായി നിയമിച്ചു.

ഇവിടെ ഏത് ഭരണഘടനസ്ഥാപനം ആണ് മോദി ഭരണത്തില്‍ തച്ചുടക്കപ്പെടാത്തത് ? ജുഡീഷറിയുടെ നിഷ്പക്ഷത ചെയ്യും സ്വതന്ത്രതയെയും നശിപ്പിച്ചില്ലേ? എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും നാമാവശേഷമായില്ലേ? എത്രയെത്ര ഉദാഹരണങ്ങള്‍? രാജ്ഭവനുകള്‍ അധികാര രാഷ്ട്രീയത്തിന്റെ കളിയരങ്ങായി മാറിയില്ലേ? സായുധ സേനയെപ്പോലും കാവിയണിയിക്കുവാന്‍ ശ്രമിച്ചില്ലേ? സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് തുരങ്കം വച്ചില്ലേ? മോധി ഭരണത്തിനും കോവിഡിനും ശേഷം ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് ശരിയായ അര്‍ത്ഥത്തില്‍ ഉണ്ടാകുവാന്‍ ബുദ്ധിമുട്ടാണ്.

ഭൂരിപക്ഷ മതധ്രുവീകരണത്തിലൂടെയാണ് മോദി 2014-ലും പിന്നെ വീണ്ടും 2019 ലും അധികാരത്തില്‍ വന്നത്. അങ്ങനെയാണ് അദ്ദേഹം നിലനിര്‍ത്തുന്നതും. ഇത് രാജ്യ വിഘടനാപരം ആണ്. സങ്കര-സമ്മിശ്ര സംസ്‌ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇന്‍ഡ്യന്‍ ഭരണഘടന. അത് നിലനില്‍ക്കണം. മനുഷ്യാവകാശം ഇല്ലാത്ത ഭരണം ഫാസിസം ആണ്. അത് പാടില്ല. ജാതിമതഭിന്നതയില്ലാതെ ഏവര്‍ക്കും സംരക്ഷണവും പുരോഗതിയും സാമൂഹ്യനീതിയും നല്‍കുന്ന ഭരണം ആണ് സല്‍ഭരണം. അത് നല്‍കുന്നതില്‍ മോദി ഈ ആറ് വര്‍ഷത്തില്‍ വിജയിച്ചോ? ചിന്തിച്ച് വിശകലനം ചെയ്തു നോക്കൂ.

 മഹാമാരിയില്‍ മോദി സര്‍ക്കാരിന്റെ വാര്‍ഷികം(ദല്‍ഹികത്ത്: പി.വി. തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക