Image

ബ്രിട്ടനില്‍ വിസിറ്റിങ് വീസയിലെത്തിയ മലയാളി സ്ത്രീ മരിച്ചു

Published on 01 June, 2020
ബ്രിട്ടനില്‍ വിസിറ്റിങ് വീസയിലെത്തിയ  മലയാളി സ്ത്രീ മരിച്ചു
ലണ്ടന്‍: മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ ബ്രിട്ടനില്‍ വിസിറ്റിങ് വീസയിലെത്തിയ മാതാവ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. എറണാകുളം മഠത്തിപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ പരേതനായ എം.സി. വില്‍സന്റെ ഭാര്യ ത്രേസ്യാമ്മ വില്‍സണ്‍ (71) ആണു മരിച്ചത്. രോഗബാധിതയായി ബ്രോംലിയിലെ കിങ്‌സ് കോളജ് ആശുപത്രിയില്‍ ഒരുമാസത്തിലേറെയായി ചികില്‍സയിലായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ത്രേസ്യാമ്മ ആഴ്ചകളായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നവംബര്‍ 13നാണു ബ്രിട്ടനില്‍ എത്തിയത്.

കടമക്കുടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലാണ് ത്രേസ്യാമ്മ. മകള്‍ ജൂലി ജേക്കബിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. ഒരു മകള്‍ ലിന്‍ഡ  നാട്ടിലാണുള്ളത്. മരുമക്കള്‍ ജേക്കബ് വടക്കേല്‍, വിനോ ജോസ് കണംകൊമ്പില്‍.

കോവിഡ് മൂലമുള്ള യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ സാധിക്കുമോ എന്നകാര്യം സംശയമാണ്. കോവിഡ് ബാധിച്ച് ഇന്നലെ ബ്രിട്ടനില്‍ 113 പേരാണ് മരിച്ചത് ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 38,489 ആയി.

പ്രതിദിനം രണ്ടുലക്ഷം ടെസ്റ്റുകള്‍ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ശനിയാഴ്ച കൈവരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹോനോക്ക് വ്യക്തമാക്കി. 205,634 ടെസ്റ്റുകള്‍ക്കുള്ള സൗകര്യം ശനിയാഴ്ച ലഭ്യമായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇന്നലെ  115,000 ടെസ്റ്റുകളാണ് ചെയ്യാനായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക