Image

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കു കൂടി കോവിഡ്, 18 പേരുടെ ഫലം നെഗറ്റീവ്

Published on 01 June, 2020
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കു കൂടി കോവിഡ്, 18 പേരുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ്19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് 18 പേര്‍ക്ക് കോവിഡ്19 ഫലം നെഗറ്റീവായി.

ഇന്ന് പോസിറ്റീവായതില്‍ 55 പേരും പുറത്തുനിന്നുവന്നവരാണ്. കാസര്‍കോട് 14 മലപ്പുറം14 തൃശ്ശൂര്‍ 9,കൊല്ലം5, പത്തനംതിട്ട 4,തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറും. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയത്: മലപ്പുറം7, തിരുവന്തപുരം3, കോട്ടയം3, പത്തനംതിട്ട1, പാലക്കാട്1, കോഴിക്കോട്1,വയനാട്1,കണ്ണൂര്‍1.

ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,246 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 65,273 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 13,470 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 13037 സാമ്പിളുകള്‍ നെഗറ്റീവാണ്. ആകെ 121 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടുത്തി.

ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്19 മൂലം മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് വിദേശത്ത് മരിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അക്ഷരാര്‍ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക