Image

അസാധാരണമായതൊക്കെ ഇനി സാധാരണം (മീട്ടു റഹ്മത്ത് കലാം)

Published on 01 June, 2020
അസാധാരണമായതൊക്കെ ഇനി സാധാരണം (മീട്ടു റഹ്മത്ത് കലാം)
കാലീകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് മനുഷ്യജീവിതം ഇതുവരെ എത്തിനിൽക്കുന്നത്  . ഇരുപതുവർഷങ്ങൾ പുറകിലേക്ക് ചിന്തിക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാം. ഭക്ഷണരീതികളിൽ, വസ്ത്രധാരണത്തിൽ, വിനോദോപാധികളിൽ തുടങ്ങി കാഴ്ചപ്പാടുകൾ വരെ മാറിക്കഴിഞ്ഞു. കോവിഡ് കാലം മാറ്റങ്ങളുടെ വേഗത അല്പം കൂട്ടിയിരിക്കുന്നു എന്നതാണ് വ്യത്യസ്തത. ഒരു മാസം മുൻപ് അസാധാരണമായി തോന്നിയിരുന്ന പലതും ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമാണ്. മാസ്ക്കും സാനിറ്റൈസറും ഇടയ്ക്കിടെ നടത്തുന്ന വ്യക്തിശുചിത്വവും സാമൂഹിക അകലവും മനുഷ്യരെ കൂടുതൽ ഉത്തരവാദിത്തബോധം ഉള്ളവരാക്കിയിരിക്കുന്നു. തന്നിലൂടെ രോഗം മറ്റൊരാൾക്ക് പകർന്നുകൂടാ എന്ന ചിന്ത, മഹാമാരിയെ മാത്രമല്ല മറ്റുപകർച്ച വ്യാധികൾക്കും തടയിടുന്നുണ്ട്.

അടച്ചുപൂട്ടി മുറിക്കകത്തിരിക്കുന്നതോ നിഷ്കർഷിക്കുന്ന ഉപാധികൾ എല്ലാം പാലിച്ച് സാധാരണജീവിതത്തിലേക്ക് നടന്നടുക്കന്നതോ എന്നുവരെ തുടരണമെന്ന് കൃത്യമായ ഉത്തരം ഇല്ലാത്തിടത്തോളം മുൻപോട്ടുള്ള ചുവടുകൾ  ഒരുതരത്തിലും എളുപ്പമല്ല. എന്നാൽ അത് അസാധ്യമല്ല.

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾ കുറച്ചുകൂടി പാകതയോടെ കൊറോണയുടെ കാര്യത്തിൽ നിയമങ്ങൾ പാലിക്കുന്നതായി കാണാം. ഇതിൽ നിന്ന് മനസിലാക്കേണ്ടത് സാധിക്കാത്തതല്ല ശീലങ്ങളാണ് പ്രശ്നം എന്നുള്ളതാണ്. കുട്ടികളെ സംബന്ധിച്ച് അവർക്കൊരു ശീലം രൂപപ്പെട്ടുവരുന്നതേ ഉള്ളൂ. ബോധവത്കരണത്തിന്റെ ഒരു പരസ്യംപോലും അവരെ പെട്ടെന്ന് സ്വാധീനിക്കും. മുതിർന്നവർക്ക് പഴയ ഫയൽ ഡിലീറ്റ് ചെയ്തു വേണം പുതിയ കാര്യങ്ങൾ സ്റ്റോർ ചെയ്യാൻ.

ഒരേ വീട്ടിൽ കഴിയുന്ന എൺപതുകാരനും പത്തുവയസുള്ള കുട്ടിയും അനുഭവിച്ചറിയുന്ന ലോകം വ്യത്യസ്തമാണ് . പ്രായമായവർ പുതുതലമുറയുടെ താല്പര്യങ്ങൾക്കൊപ്പം പൊരുത്തപ്പെട്ട് ജീവിതസാഹചര്യങ്ങളിൽ എത്രയോ മാറ്റങ്ങൾ ഉൾക്കൊണ്ടിരിക്കാം. ആരും നിർബന്ധിച്ചതുകൊണ്ടോ പേടികൊണ്ടോ  അല്ല അവരത് ഉൾക്കൊള്ളുന്നത്. കാലത്തിന്റെ ആവശ്യമാണത്. സുഖസൗകര്യങ്ങൾക്ക് വേണ്ടിയുള്ള മാറ്റങ്ങൾ പോലെയല്ല രോഗപ്രതിരോധത്തിന്റേത് എന്നുപറയുമ്പോൾ ഓർക്കേണ്ടത് രോഗം വരാതെ ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നതിനോളം സുഖകരമായി ഈ ലോകത്ത് ഒന്നും തന്നെയില്ല എന്ന സത്യമാണ്.

മൊബൈൽ ഫോൺ ഇറങ്ങിയ സമയത്ത് എത്രകാലം കഴിഞ്ഞാലും ഞാനിത്  കൈകൊണ്ട് തൊടില്ലെന്ന് പറഞ്ഞവരൊക്കെയും ഫോൺ കയ്യിൽനിന്ന് താഴെവയ്ക്കാത്ത അവസ്ഥ യാണ്. കുട്ടികളെ ടി വി കാണിച്ചാൽ കണ്ണിന് കേടാണെന്ന് പറഞ്ഞവർ അവരുടെ പഠനം മുന്നോട്ടുപോകാൻ ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചേ തീരൂ എന്ന് വന്നപ്പോൾ അതും അനുകൂലിക്കുന്നു. മറ്റൊരു മാർഗ്ഗമില്ലെന്ന് കാണുമ്പോൾ മുൻപിൽ ഉള്ള ഏക വഴി എത്ര കുണ്ടുംകുഴിയും നിറഞ്ഞതാണെങ്കിലും അതിലൂടെ യാത്ര ചെയ്യേണ്ടിവരും. ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന പലരാജ്യങ്ങളും ഉപാധികളോടെ പഴയജീവിതത്തിലേക്ക് കടന്നതും വൈറസ് ഇല്ലാതായതുകൊണ്ടല്ല, മുൻപിൽ മറ്റുവഴിയില്ലാത്തതുകൊണ്ടാണ്. കോവിഡ് ബാധിച്ചവരുടെ കണക്ക് പരിശോധിച്ചാൽ മരണനിരക്ക് വളരെ കുറവാണ്. പണ്ടുകാലത്തെ വസൂരി പോലെയൊന്നും മരണം സുനിശ്ചിതം എന്ന അവസ്ഥയില്ല. മുൻകരുതലുകൾകൊണ്ടും ചികിത്സകൊണ്ടും ഫലം കാണുന്നുണ്ട്. ലോകമഹായുദ്ധ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ അവസ്ഥ കരകയറാൻ പ്രയാസമുള്ളതല്ല എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. സമ്പദ് വ്യവസ്ഥ  തകിടം മറിഞ്ഞ് പട്ടിണിമരണങ്ങൾ ഉണ്ടാകാനും കോവിഡിനെക്കാൾ ഭീകരമായ ദുരന്തമായി തീരാനുമുള്ള സാധ്യത  മുൻകൂട്ടിക്കണ്ടുമാണ് രാജ്യങ്ങൾ ലോക് ഡൗണിൽ ഇളവ് വരുത്തിയിരിക്കുന്നത്. അത് ജനങ്ങളുടെ ജീവനോടുള്ള കരുതലാണ്. രാജ്യം കാണിക്കുന്ന ആ കരുതലിനോട് നീതിപുലർത്തി മുൻപോട്ടുപോകാൻ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. ആവർത്തിച്ചുള്ള പകർച്ചവ്യാധികളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ മാസ്ക് ധരിക്കുന്നത് പണ്ടേ ശീലമാക്കിയതാണ്. നമുക്കുമതിന് സാധിക്കും. ക്യു നിൽക്കാൻ ക്ഷമയില്ലാതെ തിരക്കുപിടിച്ചോടിയിരുന്ന നമുക്ക് വരിയായി അകലം പാലിച്ച് കാര്യങ്ങൾ സാധിക്കുമ്പോൾ വലിയ സമയനഷ്ടം സംഭവിക്കുന്നില്ലെന്നും പിരിമുറുക്കത്തിന് അയവുണ്ടാകുന്നുണ്ടെന്നും തിരിച്ചരിച്ചറിയാം. പോസിറ്റീവ് വശങ്ങൾ മാത്രം നോക്കിക്കാണാം. സർക്കസിലൂടെ വിനോദത്തിന്റെ അവസാനവാക്കായി പത്തൊൻപതാം നൂറ്റാണ്ടിൽ അറിയപ്പെട്ടിരുന്ന P. T. Barnum പറഞ്ഞ വാക്യത്തേക്കാൾ ഉചിതമായി  ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ മറ്റൊന്നില്ല "The Show Must Go On...".
അസാധാരണമായതൊക്കെ ഇനി സാധാരണം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക