Image

വെളിപ്പാട് പുസ്തക വ്യാഖ്യാനം (ഡോ. മാർസലിൻ ജെ. മൊറയ്‌സ്)

Published on 01 June, 2020
വെളിപ്പാട്   പുസ്തക വ്യാഖ്യാനം (ഡോ. മാർസലിൻ ജെ. മൊറയ്‌സ്)
ഒരു പുസ്തകത്തിന്റെ അവതാരിക എഴുതുന്ന ആളുടെ, അവതാരകന്റെ, ദൗത്യം ആ പുസ്തകത്തെ അതിന്റെ ഗുണനിലവാരത്തേയും ന്യൂനതകളേയും ചൂണ്ടിക്കാണിച്ച് അവതരിപ്പിക്കുക എന്നതാണ്. അവതാരകന് ഗ്രന്ഥകാരന്റെ അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതു പറഞ്ഞ് കൊണ്ടു തന്നെയാണ് പുസ്തകം അനുവാചകന്റെ മുമ്പിൽ അവതരിപ്പിക്കുന്നത്.

റവ. നൈനാൻ മാത്തുള്ളയുടെ ''വെളിപ്പാടു പുസ്തക വ്യാഖ്യാനം - രഹസ്യങ്ങളുടെ ചുരുളഴിയുന്നു'' എന്ന കൃതിയ്ക്ക് അവതാരിക എഴുതാൻ ഏല്പിച്ചപ്പോൾ വളരെ സുക്ഷ്മതയോടും ഗൗരവത്തോടും കൂടിയാണ് അതിന് തുനിയുന്നത്. ''ഉപാസന'' എന്ന തന്റെ കൃതിയ്ക്കും അവതാരിക എഴുതാൻ എനിക്കു തന്നെയാണ് അവസരം ലഭിച്ചത്. അന്ന് അത് ഒരു വെല്ലുവിളിയായിരുന്നു. ഇന്ന് അന്നത്തേക്കാൾ ശ്രമകരമാണ് ഈ ദൗത്യം;  കാരണം പലതാണ്. ഒന്ന്, വിശുദ്ധഗ്രന്ഥത്തിലെ വെളിപ്പാടു പുസ്തകവ്യാഖ്യാനം വളരെ ശ്രമകരമായ ദൗത്യമാണ്; അധികമാരും അതിന് മുതിരാറില്ല. എഴുതാനെന്നല്ല വായിക്കാൻ പോലും ഒട്ടുമിക്കപേരും ശ്രമിക്കാറില്ല; ധൈര്യപ്പെടാറില്ല എന്നു പറയുന്നതായിരിക്കും ഏറെ ശരി. രണ്ട്, വിശുദ്ധഗ്രന്ഥ പണ്ഡിതന്മാർ പോലും വിരളമായേ ഈ ഗ്രന്ഥത്തിന് വ്യാഖ്യാനമെഴുതാനുള്ള സാഹസികതയ്ക്ക് ഒരുങ്ങാറുള്ളൂ. മൂന്ന്, ഏറെ വായനയും പഠനവും കഴിഞ്ഞിട്ടാണ് വ്യാഖ്യാതാക്കൾ അതിന് തുനിയാറുള്ളത്. നാല്, ഏറെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി മാത്രമേ വ്യാഖ്യാനമെഴുതുന്നതിന് ആരും സന്നദ്ധരാകുകയുള്ളൂ.

വെളിപ്പാട് പുസ്തകവ്യാഖ്യാനം അത്ര കണ്ടു ശ്രമകരമായിരിക്കെ അതിന് അവതാരിക എഴുതേണ്ടതും അതുപോലെ സൂക്ഷ്മതയോടുകൂടി വേണം. പ്രത്യേകിച്ച്, മാത്തുള്ളയുടെ ശൈലി സ്വതന്ത്രവും, വിശാലവീക്ഷണത്തോടുകൂടിയതുമാകുമ്പോൾ, തികച്ചും യാഥാസ്ഥിതിക വീക്ഷണമുള്ള അനുവാചകരുടെ മുമ്പിൽ ഈ ഗ്രന്ഥത്തെ അവതരിപ്പിക്കുന്നതിലെ സാഹസികത കുറച്ചൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് ഈ ഗ്രന്ഥത്തിന് അഭിപ്രായം എഴുതാൻ പോലും ചിലരൊക്കെ വിസമ്മതിച്ചതും.

വെളിപ്പാടു പുസ്തകത്തിന്റെ ഉള്ളടക്കം, തന്റെ ജീവിച്ചിരുന്ന അവസാനത്തെ അപ്പൊസ്തലനായ യോഹന്നാന് യേശുക്രിസ്തു അന്നത്തെ സഭകളുടെ അവസ്ഥകളും തന്റെ സഭയെ സ്വീകരിക്കാൻ താൻ മദ്ധ്യാകാശത്തിൽ വെളിപ്പെടാൻ പോകുന്നതും, എതിർക്രിസ്തുവിന്റെ മഹാപീഢനവും, തന്റെ മഹത്വപ്രത്യക്ഷതയും, ആയിരാമാണ്ടു വാഴ്ചയും, സാത്താന്യശക്തിയുടെ പരാജയവും, നിത്യതയും അടങ്ങുന്ന നിഗൂഢവും ത്രസിപ്പിക്കുന്നതും ആശ്ചര്യപരതന്ത്രവുമായ കാര്യങ്ങൾ അടങ്ങുന്നതുമാണ്.

തികച്ചും വ്യത്യസ്തമായ ആഖ്യാനശൈലിയാണ് മാത്തുള്ള ഈ വെളിപ്പാടു പുസ്തക വ്യാഖ്യാനത്തിന് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ മൂന്നായി തിരിച്ചിട്ട് - '' ചരിത്രം, നിർദ്ദേശങ്ങൾ, പ്രവചനങ്ങൾ'' - വിശുദ്ധഗ്രന്ഥത്തിലെ സംഭവങ്ങൾ പഠിക്കുന്നതിനും പ്രവചനങ്ങൾ ഗ്രഹിക്കുന്നതിനും ആ കാലഘട്ടത്തിലെ ആനുകാലിക ലോകചരിത്രം കൂടി പരതി നോക്കുന്നു. അതിൽ നിന്ന് തനിക്കുണ്ടാകുന്ന 'വെളിപ്പാടു'കളുടെ അടിസ്ഥാനത്തിലാണ് വെളിപ്പാടു പുസ്തക വ്യാഖ്യാനം നടത്തിയിരിക്കുന്നത്. തന്റെ നിഗമനത്തിൽ വെളിപ്പാടു പുസ്തക വ്യാഖ്യാനം വസ്തുനിഷ്ഠമാകണമെങ്കിൽ ''നഷ്ടപ്പെട്ടുപോയ'' 10 യിസ്രായേൽ ഗോത്രങ്ങളെയും അബ്രഹാമിന് കെതുറയിൽ ജനിച്ച പുത്രന്മാരെയും കൂടിപാർക്കാൻ അബ്രഹാം ''കിഴക്കോട്ട്'' അയച്ചവരുടെ സന്താന പരമ്പരകളെയും ഉൾപ്പെടുത്തണം.

വെളിപ്പാട് പുസ്തകം യുഗാന്ത്യസംഭവങ്ങളുടേയും നിത്യതയുടേയും ചുരുളഴിക്കുന്നതാകയാൽ, ജാതികളുടെ പിതാവായ എബ്രായനായ അബ്രഹാമിന്റെ എല്ലാ മക്കളേയും - ജാതിമതങ്ങളുൾപ്പെടെ- കണക്കിലെടുക്കേണ്ടതായുണ്ട്. നോഹയുടെ നാലാം തലമുറക്കാരനായ ഏബ്ബറിന്റെ സന്താനപരമ്പരകളാണ് എബ്രായർ. അവരിൽ യഹൂദന്മാരെക്കൂടാതെ അബ്രഹാമിന് മറ്റു ഭാര്യമാരിൽ ഉളവായ മക്കളുടെ തലമുറകളും അശ്ശൂർ സാമ്രാജ്യത്തിലെങ്ങും ചിതറിക്കപ്പെട്ട മറ്റു 10 ഗോത്രക്കാരും ഏബ്ബറിന്റെ സന്തതി പരമ്പരകളും മിശ്രിതങ്ങളും ഉൾപ്പെടും. ഇവരിലെല്ലാം പ്രകാശം എത്തിക്കേണ്ടതിന് യിസ്രായേലിനെ, (ചിതറിക്കപ്പെട്ട 10 ഗോത്രങ്ങളെ) ദൈവം ഉപയോഗിച്ചു.

യിസ്രായേൽ ഗോത്രങ്ങളിൽ നിന്ന് മുദ്രയിടപ്പെട്ടവർ 144000 പേരാണ്. ഇവരെക്കൂടാതെ എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം (വെളി. 7:9) രക്ഷ അവകാശമാക്കുന്നു. ഇപ്രകാരമുള്ള ചിന്താധാരയിലൂടെ വെളിപ്പാട് പുസ്തകത്തിന്റെ വ്യാഖ്യാനം നടത്തുക കൊണ്ട് ഇതുവരെ അനുവാചകർക്ക് പരിചയമില്ലാത്ത പലതും ഈ വ്യാഖ്യാന പുസ്തകത്തിൽ കണ്ടുവെന്നു വരാം. അവ, ചിലരെ ആശങ്കയുടെ മുൾമുനയിൽ നിർത്താം; മറ്റു ചിലരെ ജിജ്ഞാസയുടെ കൊടുമുടിയിൽ കയറ്റാം; വേറെ ചിലരെ സംശയങ്ങളുടെ ആഴക്കയത്തിലേക്ക് മുക്കിത്താഴ്ത്താം.

യേശുക്രിസ്തു ത്രിയേകദൈവത്തിന്റെ രണ്ടാം ആളത്വമായ പുത്രൻ തമ്പുരാനെന്നും, ക്രിസ്തുവിലൂടെ അല്ലാതെ മാനവരാശിക്ക് നിത്യരക്ഷയില്ലെന്നും, ക്രിസ്തുവാണ് വഴിയും സത്യവും ജീവനും എന്നും ആവർത്തിച്ച് മാത്തുള്ള ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. എങ്കിലും ക്രിസ്തുവിന് മുമ്പും പിമ്പുമുള്ള മാനവരാശിയെക്കുറിച്ചും സ്രഷ്ടാവായ ദൈവത്തിന് കരുതലുണ്ടെന്നും അവരെക്കൂടി നിത്യതയിൽ ചേർക്കാനുള്ള തന്റെ പദ്ധതിക്ക് മനുഷ്യരാരും അതിർവരമ്പുകൾ നിശ്ചയിക്കരുതെന്നും മാത്തുള്ള പറഞ്ഞു വെയ്ക്കുന്നു.

വെളിപ്പാടു പുസ്തക വ്യാഖ്യാനം, ദാനിയേൽ പ്രവചനഗ്രന്ഥത്തിലെ സ്വപ്‌നവ്യാഖ്യാത്തെക്കൂടാതെ നടത്തുക സാദ്ധ്യമല്ലല്ലോ. ദാനിയേൽ കണ്ട നാലാമത്തെ മൃഗത്തിന്റെ 10 കൊമ്പുകളും - സാമ്രാജ്യങ്ങൾ - അവകളുടെ സ്ഥാനത്ത് പിന്നെ കണ്ട മൂന്ന് കൊമ്പുകളും, പിന്നീട് മൂന്നു കൊമ്പുകളെ വേരോടെ പിഴുതെറിഞ്ഞിട്ട് മറ്റൊരു ചെറിയ കൊമ്പ് പ്രത്യക്ഷപ്പെട്ടതും മാത്തുള്ള വ്യാഖ്യാനിക്കുന്നത് തികച്ചും വ്യത്യസ്തരീതിയിലാണ്. ചെറിയ കൊമ്പ് ബ്രിട്ടീഷ് സാമ്രാജ്യമായും, അതിനെ തുടർന്നിങ്ങോട്ട് അമേരിക്ക വരെയും എത്തി നിൽക്കുന്നു, ആ വ്യാഖ്യാനത്തിന്റെ അലയടികൾ. വെളിപ്പാട് പുസ്തകത്തിലെ മഹതിയാം ബാബിലോൺ റോമാ നഗരമല്ല അമേരിക്കയുടെ തലസ്ഥാനനഗരമായ വാഷിംഗ്ടൺ ഡി.സി ആണ് എന്നുകൂടി മാത്തുള്ള പറഞ്ഞുവെയ്ക്കുമ്പോൾ അനുവാചകന് ശ്വാസം അടക്കിപ്പിടിച്ചിരുന്ന് വായിക്കാനേ കഴിയൂ.

ഒരു ആത്മീയന്റെ ആത്മീയ യാത്രയിലെ ഇരുണ്ട ഇടനാഴികളിലൂടെ യാത്ര ചെയ്ത് അവസാനം എത്തിച്ചേരുന്ന ആത്മീയ നിർവൃതിയെ, തന്റെ പ്രേമഭാജനത്തെ തടഞ്ഞു വെച്ചിരിക്കുന്ന ദുഷ്ടന്മാരുടെ കയ്യിൽ നിന്ന് പ്രാണത്യാഗത്തിലൂടെ നേടിയെടുത്ത്, ഇനി ഒരിക്കലും പിരിയാത്ത, ആത്മീയ നിർവൃതിയടയുന്ന രംഗമാണ് നിത്യതയിലെ ആരാധനയിലൂടെ മാത്തുള്ള വർണ്ണിച്ച് പുസ്തകം അടക്കുന്നത്.

അനുവാചകർക്ക് ഇന്നുവരെയും പരിചയമില്ലാത്ത ശക്തിയെയാണ് എതിർക്രിസ്തുവായും മാത്തുള്ള അവതരിപ്പിച്ചിരിക്കുന്നത്. കാണാനുള്ള പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ എന്നു പറഞ്ഞുകൊണ്ടും, മാത്തുള്ളയുടെ വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും പൂർണ്ണമായും '' ആമേൻ'' പറയാതെയും, തികച്ചും പത്രപ്രവർത്തന വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും മുറുകെ പിടിച്ചുകൊണ്ടും ഒരു എളിയ കർതൃദാസൻ എന്ന നിലയിലും അനുവാചകരുടെ മുമ്പിൽ വെളിപ്പാട് പുസ്തകത്തിന്റെ ഈ വ്യാഖ്യാനഗ്രന്ഥത്തെ പ്രാർത്ഥനയോടെ അവതരിപ്പിച്ചു കൊള്ളുന്നു. അനേകരുടെ തുടർന്നുള്ള അന്വേഷണ പഠനങ്ങൾക്കും വിശകലനത്തിനും ഈ ഗ്രന്ഥം മുഖാന്തിരമാകുമെന്നും പ്രതീക്ഷിക്കുന്നു.

 
വെളിപ്പാട്   പുസ്തക വ്യാഖ്യാനം (ഡോ. മാർസലിൻ ജെ. മൊറയ്‌സ്)വെളിപ്പാട്   പുസ്തക വ്യാഖ്യാനം (ഡോ. മാർസലിൻ ജെ. മൊറയ്‌സ്)വെളിപ്പാട്   പുസ്തക വ്യാഖ്യാനം (ഡോ. മാർസലിൻ ജെ. മൊറയ്‌സ്)
Join WhatsApp News
Binu k p 2020-06-02 05:01:51
Interested to read
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക