Image

ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചത് കഴുത്ത് ഞെരിഞ്ഞമര്‍ന്ന്, യു.എസില്‍ കലാപം തുടരുന്നു; സൈന്യത്തെ ഇറക്കി ട്രംപ്

Published on 02 June, 2020
 ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചത് കഴുത്ത് ഞെരിഞ്ഞമര്‍ന്ന്, യു.എസില്‍ കലാപം തുടരുന്നു; സൈന്യത്തെ ഇറക്കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് (46) മരിച്ചത് കഴുത്ത് ഞെരിഞ്ഞമര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലമായി കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്ത് ഞെരിഞ്ഞ് ശ്വാസം എടുക്കാന്‍ കഴിയാതെ വരികയും ഹൃദയം സ്തംഭിച്ചു മരണം സംഭവിക്കുകയായിരുന്നു. ക്രൂരമായ നരഹത്യയാണ് നടന്നിരിക്കുന്നതെന്നും മിന്നപ്പൊലിസ് ഹെന്നെപ്പിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

ജോര്‍ജിന് ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. വേദനസംഹാരികളും മറ്റു മരുന്നുകളും ജോര്‍ജ് കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അന്തിമ തീരുമാനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിസോട്ടയിലെ നിയമമനുസരിച്ച്, മെഡിക്കല്‍ എക്‌സാമിര്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ സംവിധാനമാണ്. പ്രോസിക്യുഷന്‍, നിയമ നിര്‍വഹണ ഏജന്‍സികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതുമാണ്. 

അതിനിടെ, തുടര്‍ച്ചയായ ഏഴാം ദിവസവും അമേരിക്ക കത്തുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ സൈന്യത്തെ ഇറക്കി നേരിടുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വാഷിംഗ്ടണ്‍ അടക്കമുള്ള നഗരങ്ങളില്‍ അരങ്ങേറിയ പ്രതിഷേധം അങ്ങേയറ്റം കളങ്കം വരുത്തിവച്ചുവെന്ന് ട്രംപ് പറഞ്ഞു. കലാപവും കൊള്ളയും പൊതുമുതല്‍ നശിപ്പിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ നേരിടാന്‍ വേണ്ടിവന്നാല്‍ സായുധരായ സൈന്യത്തേയും പോലീസിനെയും ഇറക്കുമെത്തും ട്രംപ് പറഞ്ഞു. 

ഏതെങ്കിലും നഗരം പോലീസിനെ വിന്യസിക്കാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ ഇറക്കി പ്രശ്‌നം പരിഹരിക്കാന്‍ തനിക്കറിയാം. ഈ ഭീകരപ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക