Image

ലിസി സാറും കുഞ്ചിയമ്മയും (അനിൽ പെണ്ണുക്കര)

Published on 02 June, 2020
ലിസി സാറും കുഞ്ചിയമ്മയും (അനിൽ പെണ്ണുക്കര)
അഞ്ചര വയസിൽ ഒന്നാം ക്ലാസിലേക്ക് കയറി ചെന്ന എനിക്ക് ഒന്നാം ക്ലാസിലെ പാഠപുസ്തകം മന:പാഠമായിരുന്നു.അതു കൊണ്ട് ഒന്നാം ക്ലാസിലെ ക്ലാസ് ടീച്ചർ ചെല്ലമ്മ സാറിന് എന്നെ വലിയ ഇഷ്ടവുമായിരുന്നു. ഏതു പാഠം പഠിപ്പിക്കുമ്പോഴും ടീച്ചർ പാട്ടു പാടും. അപ്പോളൊക്കെ ആ പാട്ടിൻ്റെ ബാക്കി ഞാൻ പാടും. അപ്പോൾ നിങ്ങൾ വിചാരിക്കും ക്ലാസിലെ ടോപ്പ് ഞാനായിരിക്കും എന്ന്. അല്ല.. അതിന് കാരണക്കാരി എൻ്റെ ലിസി സാർ ആണ്.
പെണ്ണുക്കര മാർത്തോമ പള്ളി നടത്തിയിരുന്ന നേഴ്സറി സ്കൂളിലെ ലിസി സാർ.

എങ്ങനെ മറക്കും ലിസി സാറിനെ ..

മലയാള അക്ഷരവും എ.ബി.സി ഡിയുമൊക്കെ പഠിപ്പിച്ച ശേഷം ഒന്നാം ക്ലാസിലെ പാഠപുസ്തകം കൂടി ടീച്ചർ ഞങ്ങൾക്ക് പഠിപ്പിച്ച് തരുമായിരുന്നു.
"കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണെ .." എന്ന് ടീച്ചർ പാടുമ്പോൾ കുഞ്ചിയമ്മയേയും അഞ്ചു മക്കളേയും കുഞ്ചുവിനേയും ഒരു സിനിമ കാണുന്നതുപോലെ മനസിൽ പതിഞ്ഞങ്ങനെ നിൽക്കും..
ടീച്ചറുടെ പൊട്ടിച്ചിരിയും ,ആക്ഷനുമൊക്കെ ഒരു പ്രത്യേക താളത്തിലായിരുന്നു. ആർക്കെങ്കിലും മുള്ളാൻ മുട്ടിയാൽ പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേര് വിളിക്കും.
"ഓമന കുഞ്ചു പോയി മുള്ളിയിട്ട് വരൂ .."
ആര് ബാത്ത് റൂമിൽ പോയാലും ടീച്ചർ വാതിൽക്കൽ നിന്ന് നോക്കും. പോയവർ അൽപം താമസിച്ചാൽ ടീച്ചർ ഓടിയെത്തും.. നിക്കറിൻ്റെ ബട്ടനൊക്കെ ഇടാൻ താമസിക്കുന്നതാവും കാരണം. വൈകിട്ട് ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ ടീച്ചറിൻ്റെ വീടു വരെയുള്ള കുട്ടികളെ ഒപ്പം കൂട്ടും.പോകുന്ന വഴിയിലും പാട്ട്. ഇങ്ങനെ ഒന്നാം ക്ലാസിലെ പുസ്തകം സമ്പൂർണ്ണ പഠനം കഴിഞ്ഞാണ് നേഴ്സറിയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് ചെല്ലുന്നത്. പുസ്തകം മുഴുവൻ കാണാപാഠം. അതുമായി ബന്ധപ്പെട്ട മറ്റ് കഥകളും പാട്ടുകളുമെല്ലാം കാണാപാഠം.

ഇത്രയും എഴുതാൻ കാരണം ഇന്നലത്തെയും, ഇന്നത്തയും വിക്ടേഴ്സ് ചാനലിലെ ഒന്നാം ക്ലാസ് പഠനമാണ്. എത്ര മനോഹരമായിട്ടാണ് ടീച്ചർമാർ കുട്ടികളെ അവരുടെ സ്നേഹവലയത്തിലാക്കിയത്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കേണ്ടത് അംഗൻവാടി മുതൽ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കാണെന്ന്.

ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസവും സാംസ്കാരികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതും അവരെ അതിലേക്ക് നയിക്കുന്നതിലും ചെറിയ ക്ലാസിലെ അദ്ധ്യാപകർക്ക് വലിയ പങ്കുണ്ട്. ഇമ്പോസിഷൻ എഴുതിച്ചോ, തല്ലിയോ, ഭയപ്പെടുത്തിയോ ഒന്നുമല്ല അവരത് സാധിക്കുന്നത് ..പൂച്ചയുടെ കഥ പറയുമ്പോൾ പൂച്ചയെ കാണിച്ചും, ആനയുടെ കഥ പറയുമ്പോൾ ആനയെ കാണിച്ചും ഒക്കെ ത്തന്നെയാണ്.ഒരു കുട്ടിയുടെ ഭൗതിക സാഹചര്യം പോലും രൂപപ്പെടുത്തുന്നതിൽ ചെറിയ ക്ലാസുകളിലെ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല.

അല്പം വൈകി സംസാരിച്ചു തുടങ്ങിയ ആളാണ് എൻ്റെ മകൻ. പാട്ടിലൂടെയും കഥയിലൂടെയും വരയിലൂടെയും അവൻ്റെ ചെറിയ വാക്കുകളെ വലിയ വാക്കുകളായും വരകളായും ചിത്രങ്ങളായുമൊക്കെ വളർത്തിയെടുത്ത മൂന്ന് ടീച്ചർമാർ അംഗൻവാടിയിലെ ഷീല ടീച്ചർ, രാധ ടീച്ചർ, ഒന്നാം ക്ലാസിലെ കൃഷ്ണ കുമാരി ടീച്ചർ എന്നിവരാണ്.ഇവിടെയിരിക്കാൻ പറഞ്ഞാൽ അവിടെയിരിക്കുന്ന കുഞ്ഞുങ്ങളെ മടിയിലിരുത്തി ആനയുടേയും പൂച്ചയുടേയും കഥകൾ പറഞ്ഞ് രാവിലെ പത്ത് മുതൽ മൂന്ന് മണി വരെ അവർ കരുതുന്നത് ദൈവത്തിൻ്റെ കൈകൾ കൊണ്ടാണെന്നാണ് എൻ്റെ വിശ്വാസം.
അവർ ''കണ്ടൻ പൂച്ചേ "
എന്ന് പറയുമ്പോൾ കുഞ്ഞുങ്ങൾ അതേ പോലെ പറയും.പൂച്ചയുടെ ശബ്ദമുണ്ടാക്കാൻ പറഞ്ഞാൽ അതും ചെയ്യും.അതേ സമയം വീട്ടിലുള്ളവർ പറഞ്ഞാലോ. തോന്നിയാൽ പറയും അത്ര തന്നെ.

ചെറുപ്രായത്തിൽ കുട്ടിയും ടീച്ചറും കൂടി ഉണ്ടാക്കുന്ന ഒരു കെമിസ്ട്രി കുഞ്ഞിൻ്റെ ജീവിത വളർച്ചയുടെ ജീവനാഡിയാണെന്ന് വിശ്വസിക്കുന്ന ഒരദ്ധ്യാപകനും രക്ഷിതാവുമാണ് ഞാൻ. ഇന്നും ഒരു പരീക്ഷയ്ക്ക് മക്കൾ പോകുമ്പോൾ അംഗൻവാടിയിൽ പഠിപ്പിച്ച ടീച്ചറെക്കൂടി മനസിൽ ഓർമ്മിക്കണേ എന്ന് ഞങ്ങൾ പറയും. ആ സ്മരണ മതി അവർക്ക് ഉന്നതികൾ കീഴടക്കാൻ .

എൻ്റെ മകൻ ഈ വർഷം പത്താം ക്ലാസിലാണ്. രണ്ട് ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ എല്ലാം കൃത്യമായി അറ്റൻ്റ് ചെയ്തു.ഓരോ ക്ലാസുകളും ഒന്നിനൊന്ന് മെച്ചം എന്ന അഭിപ്രായമാണ് അവനുള്ളത്.ചില്ല ക്ലാസുകൾ അതിഗംഭീരം എന്നും അഭിപ്രായപ്പെട്ടു.

ഞാൻ ഇതിൽ നിന്നെല്ലാം മനസിലാക്കിയത് കുട്ടികൾ ഈ കോവിഡ് കാലത്തോട് പൂർണ്ണമായും സമരസപ്പെട്ടു എന്നാണ്. അവർ പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ഒന്നാം ക്ലാസിലെ കുട്ടി പഠിക്കാൻ ടിവിയുടെ മുന്നിലിരിക്കുമ്പോൾ വീട്ടിലുള്ളവർ ഒപ്പം പോയിരുന്ന് ടീച്ചർ പറയുന്നത് ഏറ്റു പറയാനും വീഡിയോ പിടിച്ച് ടിക് ടോക് ചെയ്യാനും പോകരുത്. ഒരു മഹാമാരിയെ പ്രതിരോധിക്കാൻ ഗവൺമെൻ്റ് ഒരുക്കിയ ക്ലാസ് റൂമാണത്. അവിടെ ടീച്ചറും പഠിപ്പിക്കയും കുട്ടികൾ പഠിക്കുകയുമാണ്. കൊച്ചു കുഞ്ഞുങ്ങളൊക്കെ നമ്മുടെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞു.ടി വി യും ,ഫോണുമെന്നും ഇല്ലാത്ത കുട്ടികൾക്കായി സർക്കാരും സ്കൂളുകളും സംവിധാനം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വീട്ടിലെ കുട്ടിക്ക് പഠിക്കാൻ ടി വി യൊ കമ്പ്യൂട്ടറെ ഇല്ലന്ന് അറിഞ്ഞാൽ നമുക്ക് അവരെ നമ്മുടെ വീടുകളിലേക്ക് ക്ഷണിച്ചു കൂടെ.

എൻ്റെ വീട്ടിൽ ഇന്റർനെറ്റ് സംവിധാനമുള്ള ഒരു കമ്പ്യൂട്ടറും ഒരു ടി വി യുമുണ്ട്. എൻ്റെ വീടിൻ്റെ അടുത്ത് ഈ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ക്ലാസ് സമയത്ത് എൻ്റെ വീട്ടിലേക്ക് വരാം. പഠിക്കാം.

അവർ പഠിക്കട്ടെ.
നല്ല കുഞ്ഞുങ്ങളായി വളരട്ടെ.
നമുക്ക് അവർക്കൊപ്പം നിൽക്കാം ..
നാടിനൊപ്പം നിൽക്കാം.

നാലക്ഷരം പറഞ്ഞു കൊടുക്കുന്നവരെ കളിയാക്കുന്നവർ സ്വന്തം കുട്ടികളുടെ മുഖത്തേക്ക് നോക്കിയാൽ തീരാവുന്ന കൃമികടിയെ ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയ ട്രോളുകൾക്കുളളു.

ഈ കൊറോണക്കാലത്ത് പരിമിതമായ സൗകര്യങ്ങളിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ.....,
കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുന്നത് വരെ അവരെ അവരുടെ പാഠ്യവിഷയങ്ങളിൽ ഉടക്കി നിർത്തുവാൻ തയ്യാറായ അദ്ധ്യാപകർ, സർക്കാർ സംവിധാനങ്ങൾ എല്ലാവർക്കും  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക