Image

ലക്ഷ്മി (കഥ: ഡോ.എസ്.രമ)

Published on 02 June, 2020
ലക്ഷ്മി (കഥ: ഡോ.എസ്.രമ)
പശുവിനെ കറക്കാനെത്തുന്ന മീനാക്ഷിയമ്മയുടെ ഫോൺവിളിയാണന്ന്  ലക്ഷ്മിയെ  ഉണർത്തിയത്. മനോഹരമായ ഒരു പ്രഭാതസ്വപ്നം നഷ്ടപ്പെട്ടതിലുള്ള  ഇച്ഛാഭംഗം മറച്ചു വച്ചവൾ താക്കോൽ എടുത്ത് ഗേറ്റിനടുത്തേക്ക് നടന്നു. സമയം അഞ്ചര മണി....പുറത്ത്  മീനാക്ഷിയമ്മ അക്ഷമയോടെ  നിൽക്കുന്നുണ്ട്. ഗേറ്റ് തുറക്കും മുൻപേ കൂടെ ഓടിയെത്തിയ   കാവൽക്കാരൻ കൂടിയായ നായയെ  കൂട്ടിലടക്കാനവൾ മറന്നില്ല..
"താമസിച്ചു.. കുഞ്ഞേ.. പാത്രം ഇങ്ങെടുക്കൂ.. വേഗം.. "
ആ നേരത്ത് കൂടുതൽ  സംഭാഷണത്തിനു പ്രസക്തിയില്ലെന്നറിയുന്നത് കൊണ്ട്  തലേന്നേ എടുത്തു വച്ചിരുന്ന പാത്രം നീട്ടി..  കറമ്പിപശുവിന്റെ പുറം കാലുകൾ കൂട്ടികെട്ടി മീനാക്ഷിയമ്മ ജോലിയിൽ മുഴുകി....അവൾ  കറമ്പിയുടെ മൂക്കുകയറിൽ മെല്ലെ പിടിച്ചു കഴുത്തിൽ തലോടി . ജോലിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന മീനാക്ഷിയമ്മ....  ആണിന്റെ തന്റേടമുള്ള സ്ത്രീയാണവർ. ..ലേശം കറുത്ത നിറമാണെങ്കിലും  ആരോഗ്യമുള്ള ഉറച്ച ശരീരം... കൈലിയും ഷർട്ടും   ഗം ബൂട്ടുമായി   വേഷം പോലും പുരുഷൻമാരെ പോലെയാണ്. വർഷങ്ങളായി പശുക്കറവയാണ് തൊഴിൽ. പണ്ടൊക്കെ ടോർച്ചു പിടിച്ചു നടന്നുള്ള  വരവിപ്പോൾ സ്കൂട്ടറിലാണ്.ആസ്മാ രോഗിയായ ഭർത്താവ് പണ്ടേ മരിച്ചു. ഒരു മകൾ ഉള്ളതിനെ കല്യാണം കഴിപ്പിച്ചു വിട്ടു.. കരുത്തയായ തന്റേടക്കാരി.. .. പണ്ടൊരു വെളുപ്പാൻ കാലത്ത് കവലയിൽ ചായക്കട നടത്തുന്ന കുട്ടപ്പൻ അവരെ കയറി പിടിച്ചെന്നും നാഭിക്ക് കിട്ടിയ ചവിട്ടിന്റെ ആഘാതത്തിൽ ഒരാഴ്ച്ച  ആശുപത്രിവാസം അനുഭവിച്ചെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കറന്നു കഴിഞ്ഞിരിക്കുന്നു. പാൽപാത്രം അടച്ചു  മുറിയിലേക്ക്   വച്ചു.

മീനാക്ഷിയമ്മക്ക്  എന്തോ പറയാനുള്ളത് പോലെ...... അവരുടെ മുഖത്തെ  മ്ലാനതയവൾ ആദ്യമേ ശ്രദ്ധിച്ചിരുന്നു.
"എന്താ മീനാക്ഷിയമ്മേ.. "
"അത്... കുഞ്ഞിനോട്‌ എനിക്കത്   പറയാൻ വയ്യാ.. "
അവരുടെ കണ്ണുകൾ നിറഞ്ഞു.
"എന്തായാലും പറയൂ.. "
"അത്.. അത്.. നമ്മുടെ... മേലേപാടത്തെ മാധവൻ കുഞ്ഞ്.. .. "
മീനാക്ഷിയമ്മ നിർത്തി..
"മാധവേട്ടന്.. ... എന്ത് പറ്റി..." വെപ്രാളത്തോടെയവൾ ചോദിച്ചു..
"മാധവൻകുഞ്ഞ് ഇന്നലെ രാത്രി മരിച്ചു പോയി.. അറ്റാക്ക് ആയിരുന്നു..
കൊറോണക്കാലത്ത് വയ്യാഴിക വന്നാലത്തെ കാര്യം ഇങ്ങനെയൊക്കെയാ...  ആംബുലൻസു കിട്ടാൻ താമസിച്ചു.. ആശുപത്രിയിൽ ചെന്നപ്പോഴേക്കും മരിച്ചു... അവരുടെ  വീടിന് മുന്നിൽ കൂടി വന്നത് കൊണ്ടാ  അറിയാൻ  പറ്റിയത്.. "മീനാക്ഷിയമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി..

കണ്ണുകളിൽ  ഇരുട്ട് കയറും പോലെയവൾക്ക്  തോന്നി.. വീഴാതിരിക്കാൻ  തൂണിലേക്ക് ചാരി.. "മാധവേട്ടൻ പോയിരിക്കുന്നു... അവളോട്‌ ഒരു വാക്ക് പോലും പറയാതെ... ഇരുട്ട് മാറി വെട്ടം വീണു വരുന്നേയുള്ളൂ...  മുഖത്തെ ഭാവവ്യത്യാസം മീനാക്ഷിയമ്മക്ക് മനസ്സിലാവില്ലല്ലോയെന്നവൾ ആശ്വസിച്ചു... "മാധവൻകുഞ്ഞ്  ഇവിടുത്തെ ബന്ധു അല്ലിയോ? വന്നു കയറിയ ഉടനെ ചാക്കാല പറഞ്ഞു വിഷമിപ്പിക്കണ്ട ന്ന് കരുതിയാ  പറയാൻ മടിച്ചത്.. " അർത്ഥഗർഭമായ അവരുടെ നോട്ടം മനസ്സിലായില്ലെ ന്നവൾ  നടിച്ചു..
"കഷ്ടമായിപ്പോയി.. 53 വയസ്സല്ലേ ഉള്ളു..അതേതാണ്ട് പ്രായമാന്നോ.. എന്തായാലും പെൺകൊച്ചിനെ കഴിഞ്ഞ വർഷം കെട്ടിച്ചത് കാര്യമായി.. കൊച്ചന്റെ പഠിത്തം ഈ വർഷം തീരുമത്രേ.. . പെമ്പ്രന്നോത്തിക്ക് സ്കൂളിൽ ജോലി ഉള്ളത് ഭാഗ്യം... കൊച്ചന് ജോലി കിട്ടിയില്ലെങ്കിലും കട നോക്കി നടത്താമല്ലോ.. എന്തായാലും തള്ള  മുന്നേ പോയത് നന്നായി..എന്നാലും ഈ കെട്ട  കാലത്ത് പോയത് കൊണ്ട്.. ആർക്കും കാണാൻ പോലും വിധിയില്ല. ."പ്രതികരണം ഇല്ലാ ന്ന് കണ്ടിട്ടാവും.. മീനാക്ഷിയമ്മ മാസ്കിന്റെ ചരട്  ഒന്ന് കൂടി മുറുക്കി കെട്ടി..  സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു. നിറഞ്ഞ കണ്ണുകളവളുടെ കാഴ്ച മറച്ചിരുന്നു. മരണത്തിന്റെ ദുഃഖത്തിലുപരി അതിന്റെ ലാഭനഷ്ടങ്ങളെ  വിലയിരുത്തുന്ന മനുഷ്യമനസ്സിനോടവൾക്ക് പുച്ഛം തോന്നി..

തളർന്ന മനസ്സുമായി ഒന്നും ചെയ്യാനാകാതെയേറെ നേരം  തൂണിൽ ചാരിയിരുന്നു.. മനസ്സിൽ ചേർത്തു വച്ചിരുന്ന മാധവേട്ടന്റെ മരണമെങ്ങനെയാണ്  ഉൾക്കൊള്ളാനാകുന്നത് ?  അകന്ന ബന്ധത്തിലെയൊരു അപ്പച്ചിയുടെ മകനാണ് മാധവൻ..  ആ നാട്ടിലെ സമ്പന്ന കുടുംബത്തിലെ ഏകമകൻ..  ജംഗ്ഷനിൽ വസ്ത്രവ്യാപാരത്തിന്റെയും  ഹാർഡ് വെയറിന്റെതും   ഉൾപ്പെടെ രണ്ടു മൂന്നു കടകൾ.. ഏക്കറുകളിൽ പരന്നു കിടക്കുന്ന റബ്ബർ തോട്ടങ്ങൾ.. സ്കൂളിലും കോളേജിലുമൊക്കെ അവൾക്ക് മൂന്നു ക്ലാസ്സ്‌ മുകളിലായിരുന്നു അയാൾ.. വെറും ഒരു സാധാരണ കർഷകന്റെ മകൾക്ക്  അപ്രാപ്യനെന്നറിയുന്നത് കൊണ്ട് തന്നെ... അയാളോടവൾക്ക്  പ്രണയമൊന്നും തോന്നിയിട്ടില്ല... അവളെ വിവാഹം കഴിച്ച പട്ടാളക്കാരൻ അഞ്ചു വർഷം മുന്നേ അതിർത്തിയിലുണ്ടായ വെടിവപ്പിൽ കൊല്ലപ്പെട്ടു. ഏകമകൻ പുറത്ത് പഠിക്കുന്നു. അച്ഛന്റെ മരണശേഷം അമ്മക്കൊപ്പമായിരുന്നവളുടെ  താമസം. രണ്ടു വർഷം മുന്നേ അമ്മയും മരിച്ചപ്പോൾ  വീട്ടിൽ ഒറ്റക്കായി. അടുത്ത ബന്ധുക്കൾ എന്ന് പറയാൻ ആരും അടുത്തില്ല. ചുറ്റുമതിൽ ഉള്ള വീട്ടിൽ  കൂട്ട് നായയും കറമ്പി പശുവും മാത്രം.. മാസത്തിലൊരിക്കൽ മകൻ വരും...  ഓർമ്മകളുറങ്ങുന്ന ആ  മണ്ണ് വിട്ട് അവളെങ്ങോട്ടു പോകാനാണ് ...

 ജോലികൾ ധാരാളം ബാക്കി  കിടക്കുന്നു. പതുക്കെ എഴുന്നേറ്റു.  കറമ്പിക്ക് പുല്ലും വെള്ളവും കൊടുത്തു കൊണ്ടാണ് അവളുടെ ദിവസം  തുടങ്ങുന്നത്.. ജോലിക്കിടയിൽ അയാളെ പറ്റി മാത്രമായിരുന്നു ചിന്ത... അയാളുമായി കൂടുതൽ അടുത്തത്.. വീട് പണിക്കുള്ള   സാധനങ്ങൾക്ക് വേണ്ടി   കടയിൽ ചെന്നപ്പോഴാണ്.

പിന്നീട്  അമ്മയും അവളും ഉള്ള വീട്ടിൽ അയാൾ നിത്യ സന്ദർശകനായി.. മണിക്കൂറുകളോളം അയാൾ സംസാരിച്ചിരുന്നു.. നാട്ടുകാര്യങ്ങൾ.. പഴങ്കഥകൾ... എപ്പോഴോ അവളറിഞ്ഞു... അയാളുടെ വീട്ടിലെ പൊരുത്തക്കേടുകൾ... അയാൾ ഭാര്യയോട് മിണ്ടുക കൂടി ഉണ്ടായിരുന്നില്ല.. മകൾ  വിവാഹം കഴിച്ചു ഗൾഫിൽ ആണ്.. മോൻ അടുത്ത കോളേജിൽ തന്നെ ഡിഗ്രിക്ക് പഠിക്കുന്നു.

ഒരിക്കൽ   ആ സത്യം അയാൾ വെളിപ്പെടുത്തി... അയാൾക്ക് അവളെ ഇഷ്ടമായിരുന്നെന്ന്.... സാമ്പത്തിക സ്ഥിതി കുറഞ്ഞ വീട്ടിൽ നിന്നൊരു വിവാഹത്തിന് സമ്മതിക്കാത്ത  വീട്ടുകാരെ ധിക്കരിക്കാൻ പക്ഷേ  ധൈര്യം ഉണ്ടായില്ല. അവൾക്കതു പുതിയ അറിവായിരുന്നു. പക്ഷേ  ഈ വൈകിയ വേളയിൽ അയാളെ പ്രണയിക്കാനവൾക്ക് താല്പര്യമില്ലായിരുന്നു...
അയാൾ ഭാര്യയെ കുറ്റം പറയുമ്പോഴവൾ വെറുതെ കേട്ടു നിന്നു. അവരുടെ ഗന്ധം പോലും വെറുക്കുന്ന അയാളോടവൾക്ക് വെറുപ്പ് തോന്നി.. അയാൾ തന്റെ  പോരായ്‌മകൾ പലപ്പോഴും മറച്ചു വക്കുന്നുവോ എന്ന്  തോന്നി. അമ്മ മരിച്ചതിനു ശേഷവും അയാൾ ഇടക്കൊക്കെ വരുമായിരുന്നു. സദാചാരവാദികളുടെ രഹസ്യം പറച്ചിൽ പലപ്പോഴും  കണ്ടില്ലെന്ന് നടിച്ചു. കൊറോണ  ലോക്ക് ഡൌൺ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് ഏറ്റവും അവസാനം അയാൾ വന്നത്... .  ആ സംഭവം ഉണ്ടായ ദിവസം..  മോന് മാർക്ക് കുറഞ്ഞതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായതിനെ പറ്റി  പറഞ്ഞയാൾ കരഞ്ഞു. ആശ്വാസവാക്കുകൾ പറഞ്ഞടുത്തു നിന്നപ്പോൾ  അപ്രതീക്ഷിതമായാണയാളവളെ  ചേർത്ത് പിടിച്ച്  ചുംബിച്ചത്.. അവളുടെ  തോളിൽ മുഖം ചേർത്തയാൾ കരഞ്ഞു... പെട്ടെന്ന് ബോധം വീണ്ടെടുത്തയാളെ തള്ളിമാറ്റി.. "മാധവേട്ടനെന്താ കാണിച്ചത് ?  ഇങ്ങനെ പെരുമാറാനാണെങ്കിൽ ഇനി ഇവിടെ വരരുത്. "അവൾ ദേഷ്യപ്പെട്ടു..." ഇല്ല.. ഇനി ആവർത്തിക്കില്ല... മാപ്പ്... ". അയാൾ പലവട്ടം പറഞ്ഞു. അതിനു ശേഷം പിന്നെ അയാൾ വന്നിട്ടില്ല..

മാപ്പ് പറഞ്ഞു പലവട്ടം  സന്ദേശങ്ങൾ അയച്ചപ്പോൾ ക്ഷമിച്ചു.. എന്ന് പറയാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ഓർത്തപ്പോൾ  കണ്ണുകൾ വീണ്ടും നിറഞ്ഞു.. "ആന്റി.. "
കിഴക്കേ വീട്ടിലെ അമ്പിളികുട്ടിയാണ്... പാലിന് വന്നതാണ്... "ആന്റി അറിഞ്ഞോ?  മാധവൻ മാമൻ മരിച്ചു പോയി.. 3 മണിക്കാ അടക്കം ന്ന് അച്ഛൻ പറഞ്ഞു... ലോക്ക് ഡൗൺ ആയോണ്ട് ആർക്കും വരാൻ കൂടി കഴിയില്ല.."
 "ഒന്നും ചെയ്യാൻ  കഴിയില്ലല്ലോ  മോളെ?" മറുപടി കേൾക്കും മുന്നേ കുട്ടി പോയി..  തൊട്ട് പുറകെ തമിഴൻ ബാക്കി പാലിന് എത്തി. പാലിന്റെ പണം വാങ്ങി അകത്തു പോകവേ വാർഡി ലേക്ക് തയ്ച്ചു കൊടുക്കേണ്ട മാസ്കിന്റെ ജോലികൾ  ഒന്നുമായില്ലല്ലോ ന്ന്  കൂടി കിടക്കുന്ന തയ്യൽ തുണികൾ  ഓർമിപ്പിച്ചു...

മനസ്സിനൊപ്പം ശരീരവും തളർന്ന ഈ ദിവസം തനിക്കൊന്നും ചെയ്യാനാകുന്നില്ലെന്നപ്പോൾ  തിരിച്ചറിഞ്ഞു. എത്ര കോവിഡ് നിബന്ധനകൾ ഉണ്ടെങ്കിലും അയാളെ അവസാനമായി കണ്ടേ പറ്റൂ.. അവൾ തീരുമാനി ച്ചു. സ്നേഹപൂർവ്വം രണ്ടു വർഷങ്ങൾക്കപ്പുറമൊരോണത്തിന് അമ്മക്കൊപ്പം അവൾക്കയാൾ സമ്മാനിച്ച മഞ്ഞയിൽ കറുത്ത പൂക്കൾ തുന്നിയ  സാരി ധരിച്ചവൾ ഇറങ്ങി.. മെല്ലെ നടന്നു.. ഇടവഴി കഴിഞ്ഞു... പാടവരമ്പിൽ കൂടി.. നടന്നു മെയിൻ റോഡിൽ എത്തി...പോലീസ് നിൽക്കുന്നുണ്ട്.. പെട്ടെന്ന്  കയ്യിൽ കരുതിയ മാസ്ക് ധരിച്ചു . ..ലോക്ക് ഡൌൺ ഞായറാഴ്ച ആയത് കൊണ്ട് റോഡ് തീർത്തും വിജനമാണ്.. അയാളുടെ മരണത്തിലൊരു  ഉച്ചഭാഷിണി അറിയിപ്പോ.. ആദരാഞ്ജലിയുടെയൊരു  പോസ്റ്ററോ ഇല്ലല്ലോ ന്നോർത്തപ്പോൾ  സങ്കടം തോന്നി..  

ദൂരെ വച്ചേ കണ്ടു.. ഗേറ്റ് നു മുന്നിൽ "ബ്രേക്ക്‌ ദി ചെയിൻ" എഴുതിയ വീപ്പയും ഹാൻഡ് വാഷ് ഉം... കൈ കഴുകി മെല്ലെ അകത്തു കയറി.. അനാഥനെ പോലെയയാൾ...  വെള്ളത്തുണിയിൽ മൂടി. ...ഉറങ്ങും പോലെ കിടക്കുന്നു..  കണ്ണുനീർ താഴോട്ട് ഒഴുകി മാസ്ക് നനയു ന്നതറിഞ്ഞു. തൊണ്ടയിൽ നിന്ന് പുറത്തു വരാൻ പോകുന്ന തേങ്ങൽ പണിപ്പെട്ടു അടക്കി.. പത്ത്  പേരിൽ കൂടുതൽ ഇല്ല.. അവൾ എണ്ണി... മാസ്ക് ധരിച്ച മുഖങ്ങളിൽ   അയാളുടെ സഹോദരിയുടെയും വാർഡ് മെമ്പറുടെയും മുഖങ്ങൾ മാത്രം തിരിച്ചറിഞ്ഞു.  ചില കണ്ണുകളിലെ പുച്ഛം  കണ്ടില്ലെന്നവൾ  നടിച്ചു.. ..മകൻ മൊബൈലി ൽ ലൈവ് ആയി അച്ഛന്റെ മുഖം ഗൾഫിൽ ഉള്ള സഹോദരിയെ കാണിക്കുന്നുണ്ടായിരുന്നു.. ഭാര്യ അകത്തുണ്ടാവും..  മുഖം തിരിച്ചു നിന്ന പെങ്ങളുടെ അടുക്കൽ എന്തോ ചോദിച്ചെന്ന് വരുത്തി പോകാൻ തുടങ്ങിയപ്പോൾ പരികർമ്മി പറഞ്ഞു...
 "പൂവിട്ടു തൊഴണമെങ്കിൽ ആകാം "കയ്യുറ ധരിച്ച അയാളുടെ കയ്യിൽ നിന്നും പൂക്കൾ വാങ്ങി... ആദരാഞ്ജലിയുടെ ഒരു റീത്ത് പോലുമില്ലാത്ത  മൃതദേഹത്തിന്റെ  കാലിലിട്ടു  കൈകൾ കൂപ്പി.
ധാരയായി ഒഴുകുന്ന കണ്ണുനീർ തുടച്ചു തിരികെ നടക്കുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെയീ സമയമയാളെ കൊണ്ടു പോയ മരണത്തോടവൾക്ക് വെറുപ്പു തോന്നി..
ഒരുവിധത്തിലാണ്  വീട്ടിലെത്തിയത്. കുളിമുറിയിൽ ഷവറിനു താഴെ  തണുത്ത വെള്ളത്തിനൊപ്പം  കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു...

 കുളി കഴിഞ്ഞു  സ്വീകരണമുറിയിൽ കസേരയിൽ ചാരിയിരുന്നു... ഇടക്കെപ്പോഴോ  കണ്ണുകൾ അടഞ്ഞു പോയി...
അപ്പോഴാണ് അയാൾ വന്നത്...
"ലക്ഷ്മീ.. "അയാൾ വിളിച്ചു...
അവൾ അത്ഭുതത്തോടെ നോക്കി... അയാൾ മരിച്ചില്ലേ..
"ലക്ഷ്മി.. നീ എന്താ ആലോചിക്കുന്നത്? ... ഞാൻ മരിച്ചിട്ടില്ല.. ട്ടോ "അയാൾ പറഞ്ഞു.. അവൾക്ക് തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നുണ്ടായില്ല..
"എനിക്ക് നിന്നോട് യാത്ര പറയാതെ  പോകാൻ പറ്റുമോ? ... നിനക്കെന്നോട് പ്രണയം ഇല്ലെന്ന് പറഞ്ഞത്  കളവായിരുന്നല്ലെ?  ഞാനിപ്പോൾ അറിയുന്നുണ്ട്.. എല്ലാം.. കരയണ്ട നീയ്.."  കണ്ണുകൾ തുടച്ച  കയ്യിലെ തണുപ്പവൾ അറിഞ്ഞു..
"നിനക്ക് എന്നോട് ഒരു കടം ബാക്കിയുണ്ട്.. ഓർമ്മയുണ്ടോ  കവിളിൽ പതിഞ്ഞ അയാളുടെ ശ്വാസത്തിന്   മഞ്ഞിന്റെ തണുപ്പായിരുന്നു.. അയാളുടെ മുഖമവൾ വ്യക്തമായി കണ്ടു. മെല്ലെ അവളാ കവിളിൽ ചുംബിച്ചു..   ഐസ് കട്ട പോലെ  തണുത്ത കവിളുകൾ...

ഇടിമുഴക്കമാണവളെ ഉണർത്തിയത്. മാനം മൂടി കെട്ടിയിരിക്കുന്നു . കാറ്റിൽ പടരുന്ന ചിതയുടെ ഗന്ധം... വീശിയടിക്കുന്ന കാറ്റിൽ അയാളുടെ പല മുഖങ്ങൾ അവൾ കണ്ടു.പല ഭാവങ്ങളിൽ പല മുഖങ്ങളിലയാൾ..  കാറ്റിൽ പറക്കുന്ന അപ്പൂപ്പൻ താടികൾക്കൊപ്പം ദൂരേക്ക് പറന്നു പോയി.. മഴ ചാറി തുടങ്ങിയിരുന്നു.. . വാതിൽ അടച്ചവളപ്പോൾ പല നിറങ്ങളിലെ മുഖാവരണത്തിനുള്ള തുണികൾ മുറിക്കാൻ തുടങ്ങി. 

ലക്ഷ്മി (കഥ: ഡോ.എസ്.രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക