Image

പ്രവാസി വിമാനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു

Published on 02 June, 2020
പ്രവാസി വിമാനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്ന് വിവിധ സംഘടനകള്‍ ഒരുക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം വേണമെന്നും കേരളം കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശ സഹ മന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന മുഴുവന്‍ പ്രവാസികളെയും വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമാണ് എന്നാണ് കേരളം ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കേന്ദ്രത്തിന് കത്ത് ലഭിച്ചത്.

കേരളത്തിലേക്ക് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വിസുകള്‍ ഏര്‍പ്പെടുത്താനാണ് വിദേശ മന്ത്രാലയത്തിന്‍െറ ആലോചന. അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. കൂടുതല്‍ വിമാന സര്‍വിസിനുള്ള അനുവാദം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍  ആളുകളെ പരിശോധിക്കാനുള്ള പരമാവധി ശേഷി ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ഈ സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനാവില്ലെന്നും കത്തില്‍ വ്യക്തമാക്കിയതായി മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വിമാനങ്ങള്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി അയക്കേണ്ടതിന്‍െറ അനിവാര്യത കേരള സര്‍ക്കാറിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് വിദേശ സഹ മന്ത്രി പറഞ്ഞു. 160ലധികം മലയാളികള്‍ ഇതിനകം മരിച്ചു കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ധാരാളമാളുകള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് എത്രയും പെട്ടെന്ന് സംവിധാനങ്ങള്‍ ഒരുക്കുകയെന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

കേരളം മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളേ കേരളത്തിലിറങ്ങാന്‍ അനുവാദം നല്‍കൂ എന്നും  സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധമായും കേരളവുമായി ചര്‍ച്ച നടക്കുന്നുണ്ട്. പ്രവാസികള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്നത് കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി കേരളത്തിലെ പല മന്ത്രിമാരും നേരത്തെയും സൂചിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യാപനം തടയണം എന്ന നിലയിലാണ് പ്രവാസികള്‍ അധികം വരേണ്ട എന്ന തീരുമാനം കേരളം എടുത്തതെന്നാണ് താന്‍ കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക